അത്രയും പറഞ്ഞ് എന്റെ കഥ ഞാൻ അവസാനിപ്പിച്ചു. അപ്പോൾ കഥ കേട്ടിരുന്നവർ നിരാശയോടെ പരസ്പ്പരം നോക്കി.
“പക്ഷേ ചേട്ടാ…” ഷാഹിദ എഴുനേറ്റ് നിന്നു. “ചേട്ടൻ കഥ ഫുള്ളായി പറഞ്ഞില്ലല്ലോ?”
അത് കേട്ടതും എന്റെ ഹൃദയം നീറി. വല്ലാത്ത വേദനയും ദുഃഖവും ഉള്ളില്‍ നിറഞ്ഞു.
“ഇനി എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത്..” ഞാൻ ദേഷ്യത്തില്‍ ചോദിച്ചു. “എന്റെ ഡെയ്സി —” എന്റെ ഹൃദയം പൊള്ളി തൊണ്ട ഇടറിയതും ഒന്ന് നിർത്തിയിട്ട് ഞാൻ ദേഷ്യത്തില്‍ തുടർന്നു. “വിവാഹം നടന്ന് വെറും രണ്ടു വര്‍ഷം കഴിഞ്ഞ് ഡെലിവറി സമയത്ത് ഡെയ്സിയും ഞങ്ങളുടെ കുഞ്ഞും എന്നെ ഈ ലോകത്ത് തനിച്ചാക്കീട്ട് പോയി —” പെട്ടന്ന് എന്റെ ശബ്ദം ഉയർന്നു കൊണ്ടേ പോയി. “അവളെ ഞാൻ സ്നേഹിച്ചത് സത്യമാണെങ്കിൽ, എന്റെ അച്ഛനെ പോലെ ജീവിതം വെറുത്ത് ഞാനും ആത്മഹത്യ ചെയ്യരുത് എന്നായിരുന്നു അവളുടെ അവസാനത്തെ വാക്കുകൾ. ആ വാക്കുകളിലൂടെ എന്നെ ഈ നശിച്ച ലോകത്ത് ബന്ധിച്ചിട്ടാണ് എന്റെ ഡെയ്സി എന്നെ വിട്ടു പോയത്. നീറി നീറി ജീവിക്കാൻ എന്നെ തനിച്ചാക്കിയിട്ട് അവള്‍ പോയി. ഞങ്ങളുടെ കുഞ്ഞിനെയും കൊണ്ടു പോയി.”
എന്റെ കണ്ണുകൾ നിറഞ്ഞ് നീറാൻ തുടങ്ങി. ഉള്ളിലെ വേദന വര്‍ധിച്ച് ഉയർന്ന് കൊണ്ടിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് ഞാൻ ഉള്ളില്‍ വിലപിച്ചു. കണ്ണുനീര്‍ അടങ്ങി നില്‍ക്കാതെ പുറത്തേക്ക് ഒഴുകി വന്നു.
“ബ്രോ….” ആരോ വിഷമത്തോടെ വിളിച്ചത് കേട്ടു.
“അവളില്ലാത്ത ഈ ലോകം എനിക്ക് നരകമായി മാറിയത് അവളുണ്ടോ അറിയുന്നു?” ഞാൻ ഉറക്കെ ദേഷ്യത്തില്‍ ആരോടെന്നില്ലാതെ ചോദിച്ചു. “എന്റെ ഹൃദയം ഇപ്പോഴും അവളുടെ പേര് പറഞ്ഞാണ് കരഞ്ഞു തുടിക്കുന്നതെന്ന് അവൾ അറിയുന്നുണ്ടോ? കുഞ്ഞിക്കാലം തൊട്ട് ഞങ്ങൾ ഒരുമിച്ച് ജീവിച്ച ഈ നാടും ഞങ്ങളുടെ വീടുമൊക്കെ എന്റെ കല്ലറയായി മാറി എന്നെ ശ്വാസംമുട്ടിക്കുന്നത് വല്ലതും അവള്‍ അറിയുന്നുണ്ടോ? എന്തിനാണ് അവൾ എന്നെ വിട്ടിട്ട് പോയത്..??? അവളും ഞങ്ങളുടെ കുഞ്ഞും പോയ ഇടത്ത് എന്തുകൊണ്ട് എന്നെയും കൊണ്ട് പോയില്ല…?”
വേദന കാരണം എന്നെയും അറിയാതെ ഞാൻ അലറുകയായിരുന്നു. ഒടുവില്‍ എന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.
ഇനി ഇവിടെ ഇരുന്നാല്‍ ആരെയെങ്കിലും കൂടുതൽ വേദനിപ്പിക്കുന്ന തരത്തിൽ ഞാൻ ചിലപ്പോ എന്തെങ്കിലും പറഞ്ഞു പോകും. അതുകൊണ്ട് പുറത്തു പോകാൻ ഞാൻ തീരുമാനിച്ചു.
എന്റെ കണ്ണുകൾ തുറന്നു ഞാൻ നോക്കി. എല്ലാവരും എഴുനേറ്റ് നില്‍ക്കുകയായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നതും ഞാൻ കണ്ടു.
ഞാൻ എഴുനേറ്റ് ബാൽക്കനിയിൽ നിന്നും പുറത്തേക്ക് നടന്നു. ബാൽക്കനി വാതില്‍ക്കല്‍ ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഡാലിയയെ അപ്പോഴാണ് ഞാൻ കണ്ടത്. ചുവന്നു കലങ്ങിയ കണ്ണുകളുമായി അങ്കിളും ആന്റി ഡാലിയയ്ക്ക് പുറകില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു.
ഒന്നും മിണ്ടാതെ ഞാൻ വേഗം പടികളിറങ്ങി താഴെ ചെന്നു. വീടിനകത്തിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങി. വാതിൽ ചാരിയ ശേഷം മുറ്റത്ത് ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
മുറ്റത്ത് മണിക്കൂറുകളോളം നടന്നിട്ടും മനസ്സ് ശാന്തമായില്ല. ഒടുവില്‍ സിറ്റൗട്ടിൽ കേറി നിലത്തിരുന്നിട്ട് ഭിത്തിയിലേക്ക് ഞാൻ ചാരി.
അല്‍പ്പം കഴിഞ്ഞ് ആരോ പുറത്തേക്ക് വരുന്ന ഒച്ച കേട്ടു. വെറുതെ ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് ആന്റി പുറത്തേക്ക് വന്ന് ഭിത്തിയിൽ ചാരി എന്നോട് ചേര്‍ന്നിരുന്നു.
“കഴിഞ്ഞ ദിവസം നിന്റെ വീട്ടില്‍ വച്ച് ഞാൻ ദേഷ്യപ്പെട്ടതിന് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ, മോനേ?” സങ്കടത്തോടെ ആന്റി ചോദിച്ചു.
“ഇല്ല ആന്റി. എനിക്ക് ആരോടും ദേഷ്യമില്ല. എല്ലാവരുടെ മനസ്സും എനിക്കറിയാം. നമ്മൾ എല്ലാവർക്കും പ്രിയപ്പെട്ടവർ നഷ്ട്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നമ്മൾ ചിലപ്പോ അറിയാതെ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകുന്നതല്ലേ.”
