എന്റെ അമ്മയ്ക്ക് ഒരു ചേച്ചി ഉണ്ട്. അവര്‍ക്ക് കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് എന്റെ വല്യമ്മയും അവരുടെ ഭർത്താവും എന്റെ അച്ഛനോട് എന്നെ അവര്‍ക്ക് കൊടുക്കാന്‍ യാചിച്ചു.
ആദ്യമൊന്നും അച്ഛൻ സമ്മതിച്ചില്ല. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്ന് അച്ഛന് അറിയില്ലായിരുന്നു. ഒടുവില്‍ എന്റെ നന്മയെ കുരുതി അച്ഛൻ എന്നെ അവര്‍ക്ക് കൊടുത്തു. അങ്ങനെ എന്റെ വല്യമ്മ, സൂസന്‍, എന്റെ സ്വന്തം അമ്മയായി മാറി. അവരുടെ ഭർത്താവ് എഡ്വിന്‍, എന്റെ വല്യച്ചൻ, എന്റെ സ്വന്തം അച്ഛനുമായി. അങ്ങനെയാണ് ഞാൻ കേരളത്തില്‍ വളര്‍ന്നത്.
പെട്ടന്നുണ്ടായ റിങ് ടോണാണ് എന്റെ ചിന്തകളില്‍ നിന്നും എന്നെ ഉണര്‍ത്തിയത്.
സ്ക്രീനില്‍ “ഡാലിയ” എന്ന പേര് കണ്ടതും ഞാൻ പുഞ്ചിരിച്ചു. എന്റെ ഭാര്യയുടെ ഇരട്ട സഹോദരിയാണ് ഡാലിയ. ആഴ്‌ചയില്‍ പത്തു പ്രാവശ്യമെങ്കിലും അവളെന്നെ വിളിച്ച് എന്തെങ്കിലുമൊക്കെ സംസാരിക്കും. പിന്നെ ഓരോ കുഞ്ഞ് കാര്യങ്ങൾ പറഞ്ഞ് നൂറുകണക്കിന് വാട്സാപ് മെസേജും അവള്‍ അയക്കും.
ഡാലിയക്ക് 26 വയസ്സായി. തിരുവനന്തപുരത്ത് ഒരു ഐ. ടി. കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അവളുടെ അച്ഛനും അമ്മയും എത്ര നിര്‍ബന്ധിച്ചിട്ടും ഇതുവരെ വിവാഹം കഴിക്കാന്‍ അവള്‍ സമ്മതിച്ചിട്ടില്ല. ഞാനും ഡാലിയയും നല്ല അടുപ്പത്തിലാണെങ്കിലും ഞാൻ വലുതായി അവളുടെ പേഴ്സണല്‍ കാര്യങ്ങളില്‍ ഒന്നും ഇടപെടാറില്ല. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ടല്ലോ, അവരവരുടെ ജീവിതം എങ്ങനെ വേണമെന്ന് സ്വയം തീരുമാനിക്കട്ടെ.
ഞാൻ കോൾ എടുത്തു.
“കേരളത്തിലെ സുന്ദരി പൂവിന്റെ സുഗന്ധം ഇങ്ങ് തമിഴ് നാട്ടിലേക്ക് പടര്‍ന്നു വീശാനുള്ള കാരണം എന്താണാവോ!” ഫോൺ എടുത്ത് ഞാൻ ചോദിച്ചതും, എന്റെ വാക്കുകളെ ആസ്വദിച്ച പോലെ ഡാലിയേടെ ഇമ്പമുള്ള ചിരി ഒഴുകിയെത്തി.
“ആഴ്‌ചയില്‍ അന്‍പത് വട്ടം ചോദിക്കുന്ന ചോദ്യം തന്നെയാ ഇപ്പോഴും ചോദിക്കാൻ വിളിച്ചത്.”
“എന്തു ചോദ്യം?” അറിയാത്ത പോലെ ഞാൻ ചോദിച്ചു.
“കളിക്കല്ലേ ചേട്ടാ.” അവൾ ദേഷ്യപ്പെട്ടു.
“ഓക്കെ, ഞാൻ കളിക്കില്ല. ഇനി കാര്യം പറ.”
“ഈ ചേട്ടൻ.” അവള്‍ ചിരിച്ചു. “റൂബി ചേട്ടൻ എന്നാ നാട്ടിലേക്ക് വരുന്നേ?”
“എന്നെങ്കിലും വരാൻ നോക്കാം….” ഞാൻ പറഞ്ഞു.
“എത്ര മാസം ആയെന്നറിയോ ചേട്ടൻ നാട്ടില്‍ വരാതെ?” ചെറിയ രോഷം അവളുടെ സ്വരത്തില്‍ കടന്നുകൂടി. “അടുത്ത ആഴ്ച ഓണം ആണെന്ന ചിന്തയെങ്കിലുമുണ്ടോ?”
“ആഹാ, ഇന്ന് നല്ല ദേഷ്യത്തിലാണല്ലോ?”
“പിന്നേ ദേഷ്യപ്പെടാണ്ട്?” അവള്‍ കൂടുതൽ ഗൗരവത്തിലായി. “ചേട്ടന്റെ വല്യമ്മയും വല്യച്ഛനും ചേട്ടന്റെ മൂക്ക് ഇടിച്ചു പൊട്ടിക്കാൻ എനിക്ക് കൊട്ടേഷൻ തന്നേക്കുവാ.”
“അയ്യോ, എന്നോട് ദയ തോന്നി കൊട്ടേഷൻ ഒന്നും ഏറ്റെടുക്കല്ലേ…” എന്റെ ശബ്ദത്തില്‍ വിറയൽ വരുത്തി ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു.
“അല്ല പിന്നെ. കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്ക് വന്നു പോയിട്ട് ഇപ്പൊ ഏഴു മാസമായില്ലേ, അപ്പോ പിന്നെ അവര്‍ക്ക് ദേഷ്യം വരാണ്ടിരിക്കുമോ?” അവള്‍ ചോദിച്ചു. “എനിക്ക് പോലും ദേഷ്യം വരുന്നുണ്ട്.”
അവളുടെ ചോദ്യവും പറച്ചിലും എന്നെ അസ്വസ്ഥനാക്കി. ഒരു നെടുവീര്‍പ്പോടെ എന്റെ നെഞ്ച് ഞാൻ തടവി.
എന്റെ ഭാര്യ ഡെയ്സി മരിച്ചതിന് ശേഷം നാടും നാട്ടിലെ വീടുമൊക്കെ കാണുന്നത് തന്നെ എനിക്ക് വേദനയാണ് . നാട്ടില്‍ പോകുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴേ എന്റെ ഹൃദയം വേദനിക്കും, എന്റെ മനസ്സ് തകരും. അതുകൊണ്ടാണ് കഴിഞ്ഞ മൂന്ന് വർഷത്തിൽ വെറും നാല് പ്രാവശ്യം മാത്രം നാട്ടിലേക്ക് പോയത്, ഓരോ തവണയും മൂന്ന് ദിവസത്തില്‍ കൂടുതൽ ഞാൻ നാട്ടില്‍ നിന്നിട്ടുമില്ല.
എന്നും ഞാൻ വീട്ടില്‍ വിളിച്ച് വല്യമ്മയും വല്യച്ഛനോടും സംസാരിക്കാറുണ്ട്. അത് മാത്രം ഞാൻ മുടക്കിയിട്ടില്ല. ഞാൻ നാട്ടില്‍ പോകുന്നില്ല എന്ന് കഴിഞ്ഞ ആറു മാസമായി വല്യമ്മയും വല്യച്ചനും എന്നോട് പരാതിയും വിഷമവും പറഞ്ഞുകൊണ്ടെ ഇരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓണത്തിനും ഞാൻ നാട്ടില്‍ പോയിട്ടില്ല.
