ട്വിൻ ഫ്ലവർസ് – 1 51അടിപൊളി  

“കുട്ടികളെ കൊണ്ട്‌ എന്തൊക്കെയാ ചെയ്യിച്ചത്….!!” ഒടുവില്‍ ചിരി നിര്‍ത്തി ഗായത്രി എന്റെ അടുത്തു വന്നു. “ഞാനും അതുപോലെ ചെയ്താല്‍ എനിക്കും വാങ്ങിച്ചു തരുമോ?” കുസൃതിയോടെ അവൾ ചോദിച്ചതും വീണ്ടും പൊട്ടിച്ചിരി ഉണ്ടായി. ഇത്തവണ ഞാനും ചിരിച്ചു.

ഒടുവില്‍ ഡാലിയ ചിരി നിര്‍ത്താതെ തന്നെ കിച്ചണിൽ പോയി.

“ഗുഡ് മോണിങ് ബ്രോ…!!” ചിരി എല്ലാം നിന്നതും അന്‍സാര്‍ വിഷ് ചെയ്തു. ഞാനും അവനെ വിഷ് ചെയ്തു.

അവന്‍ കുറെ നേരത്തേക്ക് എന്നെ തന്നെ നോക്കി നിന്നു. “ബ്രോന് സ്ട്രോങ് മനസ്സാണ്. ഒരിക്കലും തളരരുത്.” ഒടുവില്‍ അവന്‍ പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു.

“അങ്കിള്‍ ഞങ്ങളെ ബേക്കറിയിൽ എപ്പോ കൊണ്ടുപോകും?”

“ഓടി വന്ന് വണ്ടിയില്‍ കേറിയാല്‍ ഇപ്പൊ തന്നെ കൊണ്ടു പോകും.” അതും പറഞ്ഞ്‌ ഞാൻ പുറത്തേക്ക്‌ സ്പീഡിൽ നടന്നു. കുട്ടികളും ചിരിച്ചു കൂവിക്കൊണ്ട് പിന്നാലെ ഓടി വന്നു.

“റൂബി ചേട്ടന്റെ കാര്യം. ഈ കുഞ്ഞുങ്ങളേക്കാൾ കൂടുതൽ കുസൃതി ചേട്ടനാണ്.” അശ്വതി ചിരിക്കുന്നത് കേട്ടു.
*****************

ബേക്കറിയിൽ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി അവർ ചോദിച്ച എല്ലാം വാങ്ങിച്ചു കൊടുത്ത ശേഷമാണ് തിരികെ വന്നു. കുടിക്കാനുള്ളതും കഴിക്കാനുള്ളതും എല്ലാം ഒരുപാട്‌ വാങ്ങി.

ഞാനും കുട്ടികളും വീട്ടില്‍ കേറി. കുട്ടികൾ വാങ്ങിയ സാധനങ്ങള്‍ എല്ലാം എടുത്തു കൊണ്ട്‌ അവരുടെ അമ്മമാരുടെ അടുത്തേക്ക് ഓടി.

“എന്റെ ബ്രോ, ഞങ്ങൾ തിരികെ പോകുമ്പോ കുട്ടികൾ ഞങ്ങൾക്കൊപ്പം വരുമോ എന്നാ എന്റെ സംശയം.” അന്‍സാര്‍ ചിരിയോടെ പറഞ്ഞിട്ട് തലയാട്ടി.

“അതുതന്നെയാ എന്റെയും സംശയം.” അഭിനവും ചിരിച്ചു.

“ഓഹ്.. അവരൊക്കെ വന്നോളും.” ഞാൻ പുഞ്ചിരിച്ചു.

“ചേട്ടാ, കോഫി.” അന്നേരം ഡാലിയ മുന്നില്‍ വന്ന് പുഞ്ചിരിയോടെ കുപ്പി ഗ്ലാസ്സ് എന്റെ നേര്‍ക്ക് നീട്ടി.

“ആന്റി എവിടെ?” അവളുടെ കൈയിൽ നിന്ന് കോഫീ വാങ്ങിയ ശേഷം ഞാൻ ചോദിച്ചു.

“അമ്മ സൂസന്‍ ആന്റിയെ കാണാന്‍ പോയി.”

“ചേട്ടൻ വാ. വന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്ക്. ചേട്ടൻ ഉണരാത്തത് കൊണ്ട്‌ ഞങ്ങൾ എല്ലാവരും ഒന്‍പത് മണിക്ക് കഴിച്ചു.”

“ബ്രേക്ക്ഫാസ്റ്റ് എനിക്ക് വേണ്ട. ഞാൻ വീട്ടില്‍ പോകുവാ.” കോഫീ കുടിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

“അയ്യോ ബ്രോ, ബ്രോ ഇവിടെ ഉള്ളതാണ് രസം. പോകല്ലേ പ്ലീസ്.”

“അതേ, ബ്രോ പോയാല്‍ ശെരിയാവില്ല.”

“ഞങ്ങളൊക്കെ ഇവിടെ നിന്ന് പോകുന്നത് വരെ ചേട്ടനും ഇവിടെ നിന്നൂടേ?”

ഞാൻ പോകുന്ന കാര്യം പറഞ്ഞതും എല്ലാവരും വിഷമിച്ച് ഓരോന്ന് പറയാൻ തുടങ്ങി.

“ഹാ, ഞാൻ അങ്ങ് നീലഗിരിയിൽ പോകുന്ന കാര്യമല്ല പറഞ്ഞത്. നാല് വീട് കഴിഞ്ഞ് അപ്പുറത്തുള്ള എന്റെ വീട്ടില്‍ പോകുന്ന കാര്യമാ പറഞ്ഞത്.” ചിരിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞപ്പോൾ അവർ എല്ലാവരും ചമ്മലോടെ ചിരിച്ചു. “പിന്നേ, ഇത് ഇന്നലെ ഇട്ട ഡ്രെസ്സാ, അതൊക്കെ മുഷിഞ്ഞു. എനിക്ക് കുളിക്കണം, ഡ്രസ് മാറണം, കുറച്ച് കോളുകൾ ചെയ്യണം. പിന്നെ പ്രധാനമായി എന്റെ വല്യമ്മയെ എനിക്ക് കാണണം.”

“ഓക്കെ.. ഓക്കെ. ബ്രോ പോയിട്ട് തിരികെ ഇങ്ങോട്ട് വന്നാൽ മതി.” രാഹുല്‍ പറഞ്ഞു.

“ഞാൻ വരാം. പക്ഷേ നിങ്ങള്‍ക്കും അവിടെ വരാം, കേട്ടോ. വല്യമ്മയും വല്യച്ചനും നിങ്ങളെയൊക്കെ പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ടാവും.” ഞാൻ ക്ഷണിച്ചതും എല്ലാ മുഖങ്ങളും തെളിഞ്ഞു.

“ഞങ്ങൾ തീര്‍ച്ചയായും വരാം. ചേട്ടന്റെ വല്യമ്മേം വല്യച്ചനേം ഒക്കെ ഞങ്ങള്‍ക്കും കാണണം.” ഷാഹിദ പറഞ്ഞു.

“വൈകിട്ട് ഇവരെ ഞാൻ അങ്ങോട്ട് കൂട്ടിക്കൊണ്ടു വരാം, ചേട്ടാ .” ഡാലിയ വാക്ക് പറഞ്ഞു.

അങ്ങനെ കോഫീയും കുടിച്ചിട്ട് ഞാൻ ഇറങ്ങി. വീട്ടില്‍ വണ്ടി നിർത്തി ഇറങ്ങിയപ്പോ വല്യമ്മയും ആന്റിയും വല്യച്ചനും സിറ്റൗട്ടിൽ ഇരുന്ന് എന്തോ കാര്യമായി സംസാരിക്കുന്നത് കണ്ടു. എന്നെ കണ്ടതും അവർ തമ്മിലുള്ള സംസാരം നിർത്തി.

വല്യമ്മയുടെ കണ്ണുകള്‍ ആശങ്കയോടെ എന്നെ ഉഴിഞ്ഞു. സങ്കടം ഒളിപ്പിക്കാൻ ശ്രമിക്കുന്നതും എനിക്ക് മനസ്സിലായി. അവരുടെ ചര്‍ച്ചാ വിഷയം ഞാൻ ആയിരുന്നു എന്ന് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *