അവള്‍ക്കും എന്നോട് ദേഷ്യം ഉണ്ടെന്ന് കേട്ടപ്പോ ഉള്ളില്‍ വിഷമമുണ്ടായി.
“പക്ഷേ ചേട്ടന്റെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ട് ആ ദേഷ്യമങ്ങു മാറി.” ഡാലിയ എന്നെ നോക്കി പറഞ്ഞു.
ഡാലിയക്ക് എന്നോട് ദേഷ്യം ഇല്ലെന്ന് അറിഞ്ഞതും ആശ്വാസത്തോടെ അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു.
“എന്നാൽ ഞാനും പോണു, ആന്റി.” ഡാലിയ വല്യമ്മയോട് പറഞ്ഞു. “പിന്നെ, നമ്മുടെ വീട്ടില്‍ വരാൻ ചേട്ടൻ മറക്കേണ്ട.” അതും പറഞ്ഞ് അവളും പോയി.
ഡാലിയ പോയി മറയുന്നത് വരെ ഞാൻ നോക്കി നിന്നു.
അന്നേരം വായിൽ തോന്നിയ പോലെ തെറ്റു തെറ്റായി ഏതോ ഹിന്ദി പാട്ടും പാടി വല്യച്ചൻ ഗേറ്റ് കടന്നു വന്നു. ചില വാക്കുകളൊക്കെ പച്ച തെറിയായിരുന്നു, അതിനെ കാര്യമാക്കാതെ വല്യച്ചൻ പാടിക്കൊണ്ടു വന്നു.
ഞാനും വല്യമ്മയും മുഖാമുഖം നോക്കി. ചിരി അടക്കാൻ എത്ര ശ്രമിച്ചിട്ടും ഞങ്ങൾക്ക് കഴിഞ്ഞില്ല. ഒടുവില്‍ ഞങ്ങൾ പൊട്ടിച്ചിരിച്ചതും വല്യച്ചൻ പാട്ട് നിർത്തി അവിടെതന്നെ നിന്നു. എന്നിട്ട് ഞങ്ങൾ പുള്ളിയെ അപമാനിച്ചത് പോലെയാണ് അദ്ദേഹം ഞങ്ങളെ മാറിമാറി നോക്കിയത്. അത് കൂടി ആയപ്പോ ഞങ്ങളുടെ ചിരി ഭയങ്കരമായി കൂടി. ഒടുവില്‍ വല്യച്ചൻ മുഖവും വീർപ്പിച്ചാണ് അകത്തേക്ക് നടന്നു പോയത്.
ശെരിക്കും ഇവിടെ ലഭിക്കുന്ന ഈ സന്തോഷങ്ങളെ മറന്നാണല്ലോ ഞാൻ മാസങ്ങളോളം നാട്ടിലേക്ക് വരാതിരുന്നതെന്ന് ഓർത്തപ്പോൾ എനിക്ക് ഏതോ പോലെയായി. ഇനി മാസത്തിൽ രണ്ടു പ്രാവശ്യമെങ്കിലും നാട്ടില്‍ വന്നിട്ട് പോകണമെന്ന് ഞാൻ തീരുമാനിച്ചു.
******************
ഉച്ച മൂന്നുമണി കഴിഞ്ഞ് വീട്ടില്‍ നിന്നിറങ്ങി ഞാൻ നടന്നു.
“മോന്‍ എങ്ങോട്ടാ?” നടന്ന് ഗേറ്റ് എത്തിയതും വാതില്‍ക്കല്‍ നിന്നുകൊണ്ട് വല്യമ്മ വിളിച്ചു ചോദിച്ചു.
“സോഫിയ ആന്റിയെ കാണാന്‍.”
“നന്നായി. വേഗം ചെല്ല്.”
മൂളിയ ശേഷം ഞാൻ വേഗം നടന്നു. നാല് വീട് കഴിഞ്ഞ്, പകുതി തുറന്നിട്ടിരുന്ന ഗേയ്റ്റിലൂടെ നടന്ന് സോഫിയ ആന്റിയുടെ വീട്ട് മുറ്റത്ത് ചെന്നു നിന്നു. അവിടെ നിന്നുകൊണ്ട് വീടും പരിസരവും ഞാൻ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു. വീട്ട് വാതില്‍ അടഞ്ഞാണ് കിടന്നത്. എന്റെ നോട്ടം പതിയെ രണ്ടാം നിലയിലേക്ക് നീങ്ങി. ഡെയ്സിയും ഞാനും ഉപയോഗിച്ചിരുന്ന റൂമിന്റെ ജനാലയ്ക്കൽ കണ്ണുകൾ ഉടക്കി നിന്നു.
എന്റെ ഉള്ളില്‍ അടങ്ങി കിടന്നിരുന്ന ഒത്തിരി ഓര്‍മകള്‍ തല പൊക്കി തുടങ്ങിയതും വാതില്‍ തുറന്ന് സോഫിയ ആന്റിയും ഡാലിയയും ധൃതിപിടിച്ച് പുറത്തേക്ക് വന്നു.
“എന്താ അവിടെതന്നെ നിന്നു കളഞ്ഞത്?” ചോദിച്ചു കൊണ്ട് സോഫിയ ആന്റി ഇറങ്ങിവന്ന് എന്റെ കൈ പിടിച്ച് അകത്തേക്ക് നയിച്ചു. ഇപ്പൊ ആന്റിയുടെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു.
ഡാലിയേടെ കണ്ണുകള്‍ക്ക് തിളക്കം കൂടി. അവള്‍ പുഞ്ചിരിയോടെ തുറന്നു കിടന്ന വാതിൽ ചാരിയിട്ടിട്ട് വന്നു.
“നി ജോലി ചെയ്യുന്ന കമ്പനി എല്ലാ വര്‍ഷവും മൂന്ന് ദിവസത്തെ ലീവല്ലേ തരാറുള്ളത്? ഈ വര്‍ഷം പത്ത് ദിവസവും ലീവാണോ?” ഒരു കുഷൻ ചെയറിൽ ഇരുന്ന ശേഷം ഡാലിലയോട് ഞാൻ ചോദിച്ചു.
എന്റെ ചോദ്യം അവളെ വിഷമിപ്പിച്ച പോലെ ഡാലിയ അവളുടെ അമ്മയെ നോക്കി.
“ആ കമ്പനി അവള്‍ക്ക് ഇഷ്ട്ടപ്പെടുന്നില്ലെന്നും പറഞ്ഞ് അവള്‍ ജോലി ഉപേക്ഷിച്ചു. ജോലി കളഞ്ഞിട്ട് ഇന്നേക്ക് ആറ് ദിവസമായി.” ആന്റി പറഞ്ഞു.
എന്നും ഒത്തിരി മെസേജ് എനിക്ക് അയക്കുന്ന ഡാലിയ ഇക്കാര്യം മാത്രം എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല?
പെട്ടന്ന് എന്റെ കണ്ണുകൾ കുറുകി. കമ്പനിയില്‍ വല്ലവനും ഡാലിയയെ ഉപദ്രവിക്കാൻ ശ്രമിച്ചു കാണുമോ? അങ്ങനെ വല്ലതുമാണെങ്കിൽ അവന്റെ കാല്‍ ഞാൻ തല്ലിയൊടിക്കും.
“നിന്നെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചോ?” എന്റെ കണ്ണുകൾക്ക് കാഠിന്യമേറി. “ജോലി ഉപേക്ഷിക്കാന്‍ ശരിക്കുള്ള കാരണം എന്താ?”
“അതൊന്നും ചോദിച്ചിട്ട് അവള്‍ പറയുന്നില്ല. ആ ജോലി ഇനി വേണ്ട പോലും. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നോടെങ്കിലും പറയണ്ടേ. ഇപ്പൊഴൊക്കെ ഒരു കാര്യവും ഇവള്‍ എന്നോട് പറയാറില്ല.” ആന്റി അവളെ തുറിച്ചു നോക്കി. “നീയെങ്കിലും ഇവളോട് കാര്യം ചോദിക്ക്, മോനേ.. ഇവളെയൊന്ന് ഉപദേശിക്ക്.”
