ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

“ആവശ്യത്തിന് കൂടുതൽ ഡ്രെസ്സൊക്കെ ഇവിടത്തെ നിങ്ങളുടെ റൂമിൽ തന്നെ ഉണ്ടല്ലോ.”

അത് കേട്ടതും എന്റെ ഉള്ള് നൊന്തു. എന്റെ മുഖം വലിഞ്ഞു മുറുകി. ഡെയ്സിയുടെ മരണ ശേഷം ഞങ്ങളുടെ ആ റൂമിൽ കേറിയിട്ടില്ലെന്ന് അറിയാവുന്ന ആന്റി എന്തിനാ അങ്ങനെ പറഞ്ഞതെന്ന് മനസ്സിലായില്ല.

പക്ഷേ ഇനി തര്‍ക്കിക്കാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട്‌ ഞാൻ ഒന്നും മിണ്ടിയില്ല. ഫ്രാന്‍സിസ് എന്റെ വണ്ടിയില്‍ കേറി അതിനെ ഓഫ് ചെയ്തിട്ട് ചാവി എന്റെ കൈയിൽ തന്നു.

ഞാൻ എന്റെ വീട്ടില്‍ പോണില്ലന്ന് കണ്ടതും ഡാലിയയുടെ മുഖം പ്രകാശിച്ചു. ശെരിക്കും ഡെയ്സിയെ തന്നെയാണ് അപ്പോൾ ആ മുഖത്ത് ഞാൻ കണ്ടത്. മനസ്സ് നീറിയതും പെട്ടന്ന് അവളുടെ മുഖത്ത് നിന്ന് എന്റെ നോട്ടം ഞാൻ മാറ്റി.

“എല്ലാരും വീട്ടില്‍ കേറി വാ.” ആന്റി പറഞ്ഞിട്ട് നടന്നതും എല്ലാവരും അകത്തേക്ക് പോകാൻ തയാറായി. ഞാൻ മാത്രം അനങ്ങാതെ നിന്നു.

“വാ ചേട്ടാ.” ഡാലിയ എന്റെ കൈ പിടിച്ചു വലിച്ചു.

“നീ ചെല്ല്. വല്യമ്മയ്ക്ക് കോൾ ചെയ്തിട്ട് ഞാൻ വരാം.”

ഒന്ന് മൂളിയ ശേഷം അവൾ അകത്തേക്ക് നടന്നു.

“വിളിക്കാൻ തോന്നിയല്ലോ..!.” ഞാൻ കോൾ ചെയ്തതും വല്യമ്മ സന്തോഷത്തോടെ പറഞ്ഞു.

ഞാൻ ചിരിച്ചു. “പിന്നേ വല്യച്ചൻ വന്നോ?”

“ഹൊ ചെക്കന്‍ എന്നെയും മറന്നിട്ടില്ല.” വല്യച്ചൻ പറയുന്നത് കേട്ടു. എന്നിട്ട് പുള്ളി ഒരു ഇംഗ്ലീഷ് പാട്ട് അങ്ങ് തുടങ്ങി, വെറും പൊട്ടത്തെറ്റായിരുന്നു.

ഞാനും വല്യമ്മയും ഫോണിലൂടെ കുറെ നേരം ചിരിച്ചു.

“ശെരി മോനെ അവരുടെ കൂടെ ആഘോഷിക്ക്. പിന്നെ കാണാം.” വല്യമ്മ കട്ടാക്കി.

അല്‍പ്പനേരം അവിടെതന്നെ എന്തൊക്കെയോ ഞാൻ ആലോചിച്ചു നിന്നു.

“എപ്പോഴും ഇങ്ങനെ കിളി പോയ പോലെ എന്തിനാ നില്‍ക്കുന്നേ?” ഒരു ചിരിയോടെ ചോദിച്ചിട്ട് ഡാലിയ സിറ്റൗട്ടിൽ നിന്നിറങ്ങി എന്റെ അടുത്ത് വന്നിട്ട് എന്നെ പിടിച്ചു വലിച്ച് കൊണ്ട്‌ വീട്ടില്‍ കേറി.

കുട്ടികൾ ഒഴികെ എല്ലാവരും ഹാളില്‍ ഉണ്ടായിരുന്നു. അവർ കഴിച്ചിട്ട് ഇറങ്ങിയയെന്ന് മനസിലായി.

എന്നാലും ഇത്ര പേര്‍ ഹാളില്‍ ഉണ്ടായിട്ടും ചെറിയ ശബ്ദം പോലും കേള്‍ക്കാന്‍ കഴിയാത്തതിൽ ഞാൻ അല്‍ഭുതപ്പെട്ടു . കുഷൻ കസേരകളിലും സോഫയിലുമായി എന്നെ നോക്കി അല്‍പ്പം ആശങ്കയോടെ ഇരിക്കുന്നവരെ കണ്ടിട്ട് എനിക്ക് കാര്യം മനസിലായില്ല.

അപ്പോഴാണ് ക്ലമന്റ് അങ്കിള്‍ കുഷൻ ചെയറിൽ എന്നെ തന്നെ നോക്കിയിരിക്കുന്ന കാഴ്ച ഞാൻ കണ്ടത്. അതോടെ എല്ലാവരുടെയും നിശബ്ദയുടെ കാരണം മനസ്സിലായി.

അങ്കിളിന്റെ മുഖത്ത് സങ്കടവും ദേഷ്യവും തെളിഞ്ഞു നിന്നു. കണ്ണുകള്‍ക്ക് വല്ലാത്ത ഒരു കാഠിന്യം ഉണ്ടായിരുന്നു.

“ഇനി പപ്പയുടെ വായിൽ ഉള്ളതു കൂടി ചേട്ടൻ കേള്‍ക്ക്.” ഡാലിയ എന്റെ കൈ വിട്ടിട്ട് അവളുടെ കൂട്ടുകാരികൾക്കടുത്തേക്ക് പോയി.

എടി ദ്രോഹി…!!

“അവസാനം ഞങ്ങളെയൊക്കെ കാണണമെന്ന് നിനക്ക് തോന്നി, അല്ലേ?” അങ്കിളിന്റെ ആ പരുക്കന്‍ ശബ്ദത്തില്‍ അങ്കിള്‍ ചോദിച്ചു. ആ ചോദ്യത്തിൽ കുറ്റപ്പെടുത്തൽ ഉണ്ടായിരുന്നു.

എന്തു പറയണം എന്നറിയാതെ ഞാൻ അവിടേ തന്നെ വിഷമത്തോടെ നിന്നു.

“അവിടെതന്നെ നില്‍ക്കാതെ കേറി വാടോ.” ഒടുവില്‍ അങ്കിള്‍ ശാന്തമായി പറഞ്ഞതും എന്റെ കാലുകൾ താനേ മുന്നോട്ട് ചലിച്ചു. അങ്കിളിന്റെ അടുത്ത് പോയാണ് ഞാൻ നിന്നത്.

അങ്കിള്‍ എഴുനേറ്റ് എന്റെ തോളത്ത് ഒന്ന് തട്ടി. “നീ വല്ലാതെ ക്ഷീണിച്ചു പോയല്ലോ!” അതും പറഞ്ഞ്‌ അങ്കിള്‍ ശബ്ദം താഴ്ത്തി രഹസ്യമായി പറഞ്ഞു, “ഡെയ്സിയെ നിനക്ക് മാത്രമല്ല, ഞങ്ങൾക്കും നഷ്ടപ്പെട്ടടാ മോനെ… ഇനി നീയും ഞങ്ങളെ വിട്ട് അകന്നു പോകരുത്.”

യാചന പോലെ അത്രയും പറഞ്ഞിട്ട് അങ്കിള്‍ തിരിഞ്ഞ് എല്ലാവരെയും ഒന്ന് നോക്കി. “ഇവര്‍ നാലുപേരെ കണ്ടിട്ട് എന്തോ കള്ളത്തരം മണക്കുന്നുണ്ടല്ലോ?” ഫ്രാന്‍സിസ്, അഭിനവ്, അന്‍സാര്‍, രാഹുല്‍ എന്നിവരെ നോക്കിയാണ് അങ്കിള്‍ പറഞ്ഞത്.

ഉടനെ അവർ നാലുപേരും പരുങ്ങുന്നത് കണ്ടിട്ട് സ്ത്രീകൾ എല്ലാവരും ചിരിച്ചു.

“എടോ പട്ടാളക്കാരാ..” അങ്കിള്‍ അന്‍സാറെ നോക്കി കള്ളത്തരം പിടിച്ചത് പോലെ തലയാട്ടി ചിരിച്ചു. “നീ മിലിട്ടറി സാധനം കൊണ്ട് വന്നിട്ട് എന്നെ ഒഴിവാക്കാമെന്ന് കരുതി, അല്ലേ? നിങ്ങൾ നാലും എന്റെ മരുമോനെ മാത്രം കൂട്ടുപിടിച്ച് ടെറസിൽ ചെന്ന് വെള്ളമടിക്കാൻ പ്ലാൻ ചെയ്തത് ഞാൻ അറിയില്ലെന്ന് കരുതിയോ?”

“അയ്യോ…. അങ്കിളേ ഞങ്ങൾ അങ്കിളിനെ ഒഴിവാക്കിയതല്ല. ഇവിടെ ഇതൊക്കെ അങ്കിളും ആന്റിയും അനുമതിക്കുമോ എന്നറിയാത്ത കൊണ്ടാ ഞങ്ങൾ രഹസ്യമാക്കി വച്ചത്‌.” അന്‍സാര്‍ ധൃതിയില്‍ പറഞ്ഞു. “പക്ഷേ അങ്കിള്‍ എങ്ങനെ അറിഞ്ഞു?”

“ഹും… ക്രിമിനൽ ലോയരോടാ നിങ്ങടെ കളി.” അങ്കിള്‍ ഗൗരവത്തിൽ എല്ലാവരെയും നോക്കി.

“ദേ ഇച്ചായാ, പിള്ളാർക്ക് മുന്നില്‍ വലിയ വക്കീല്‍ കളിക്കണ്ട, കേട്ടോ.” ആന്റി അങ്കിളിന് എളിയിൽ വിരൽ കൊണ്ട്‌ കുത്ത് കൊടുത്തതും അങ്കിള്‍ പൊട്ടിച്ചിരിച്ചു.

“എടാ മക്കളേ, നിങ്ങടെ ഭാര്യമാര്‍ തന്നെയാ പറഞ്ഞത്.” ആന്റി വെളിപ്പെടുത്തി. “പിന്നേ നിങ്ങൾ ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല…. പക്ഷേ കുടിച്ചിട്ട് പ്രശ്നങ്ങൾ ഒന്നും ഒണ്ടാക്കരുത്…”

“അയ്യോ ആന്റി, ഞങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ടൈപ്പ് ഒന്നുമല്ല… സത്യം.” ഫ്രാന്‍സിസ് ഉറപ്പിച്ച് പറഞ്ഞു.

“ശെരി, ശെരി. നാളെ വെളുപ്പിന് എനിക്കൊരു യാത്രയുണ്ട്. അതുകൊണ്ട്‌ പെട്ടന്ന് രണ്ടെണ്ണം വീശിയിട്ട് വേണം എനിക്ക് കിടക്കാന്‍.” അങ്കിള്‍ കൈകൾ തിരുമ്മി കൊണ്ട്‌ തിരക്കു കൂട്ടി. “വാടാ മക്കളെ നമുക്ക് തുടങ്ങാം.”

അത് കേള്‍ക്കേണ്ട താമസം അന്‍സാറും ഭാര്യക്കും കൊടുത്തിരുന്ന റൂമിലേക്ക് അന്‍സാര്‍ ഓടി. അവന്റെ ആ ഓട്ടം കണ്ട് എല്ലാവർക്കും ചിരിയാണ് വന്നത്.

“മേളിൽ ബാൽക്കനിയിൽ ഇച്ചായൻ മേശയും കസേരയും ഇട്ട് റെഡിയാക്കി വച്ചേക്കുവാ. നിങ്ങൾ മുകളില്‍ ചെല്ല്. ഞങ്ങൾ സ്ത്രീകൾ ചെന്ന് കഴിക്കേണ്ട സാധനങ്ങള്‍ ഒക്കെ എടുത്തോണ്ട് വരാം.”

സ്ത്രീകൾ എല്ലാം എന്തൊക്കെയോ പറഞ്ഞു ചിരിച്ച് കൊണ്ട്‌ കിച്ചനിൽ പോയതും ഞങ്ങൾ ആണുങ്ങള്‍ സ്റ്റെപ്പ് കേറി മുകളില്‍ ചെന്നു.

ഇതൊരു വലിയ വീടാണ്. താഴെ നാല് ബെഡ്റൂമും, വലിയ ഹാളും, ഡൈനിംഗ് റൂമും, വലിയ സ്റ്റോർ റൂമും, പ്രാർത്ഥനാ റൂമും, വലിയ കിച്ചനുമുണ്ട്. പിന്നെ മുകളില്‍ മൂന്ന്‌ ബെഡ്റൂമും ഒരു കുഞ്ഞ് ഹാളും, ഒരു ബാൽക്കനിയും ഉണ്ട്. എല്ലാ ബെഡ്റൂമിലും ബാത്റൂം അറ്റാച്ച്ഡ് ആണ്. ബാൽക്കനിയിൽ ഇരുപത് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.

ഞങ്ങൾ എല്ലാവരും ബാൽക്കനിയിൽ കേറി അറേഞ്ച് ചെയ്തിട്ടിരുന്ന കസേരകളിൽ സ്ഥാനം പിടിച്ച ശേഷമാണ് അന്‍സാര്‍ ഒരു ബാഗുമായി കേറി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *