ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

“ബാക്കി പറ ചേട്ടാ?” അശ്വതി എന്റെ അടുത്ത് വന്നിരുന്നു.

“ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കുന്ന കാര്യം വാക്കുകൾ കൊണ്ട്‌ പരസ്പ്പരം പറഞ്ഞില്ലെങ്കിലും, അതിന്റെ ആവശ്യം ഇല്ലായിരുന്നു. ഞങ്ങൾ രണ്ടുപേര്‍ക്കും നല്ലോണം അറിയാമായിരുന്നു. ചെറുപ്പത്തിലേ അത്രത്തോളം ഞങ്ങൾ പരസ്പ്പരം മനസ്സിലാക്കി കഴിഞ്ഞിരുന്നു. വാക്കുകൾ ഉപയോഗിക്കാതെ, വെറും നോട്ടത്തിലൂടേയും സ്പര്‍ശനം കൊണ്ട്‌ പോലും, പരസ്പരം മനസ്സിലുള്ളത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന തലത്തിലേക്ക് ഞങ്ങളുടെ പ്രണയം എത്തി. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പെട്ടന്നാണ് കടന്നു പോയത്. ഞങ്ങളുടെ പ്രണയത്തിന്റെ വേരുകൾ ഞങ്ങളെ പരസ്പ്പരം ബന്ധിപ്പിച്ച്, അളക്കാൻ കഴിയാത്ത അഗാധത്തിലേക്കും ആ വേരുകൾ ആഴ്ന്നിറങ്ങി ഉറച്ചു കഴിഞ്ഞിരുന്നു.”

പെട്ടന്ന് നിറഞ്ഞു വന്ന കണ്ണീരിനെ കണ്ണുകൾ ചിമ്മി ഞാൻ വറ്റിച്ചു. എന്നിട്ട് ഒരു സിപ്പ് കൂടി ഞാൻ എടുത്ത ശേഷം എന്റെ കണ്ണുകൾ ഞാൻ അടച്ചു.

“പ്ലീസ് ചേട്ടാ… ബാക്കി പറയൂന്നേ…!!” ഷാഹിദ കെഞ്ചിയതും ഞാൻ കണ്ണുകൾ തുറന്ന് കൈയിലുള്ള ഗ്ളാസിനെ നിരീക്ഷിച്ചു.

“ഡെയ്സി അന്ന് പത്തില്‍ പഠിക്കുന്ന സമയം, അന്നാണ് ആദ്യമായി ഡെയ്സി എന്റെ ഹൃദയത്തിന് മുകളില്‍ ചെവി ചേര്‍ത്തു പിടിച്ചത്. എന്നിട്ട് അവള്‍ പറഞ്ഞു, “ചേട്ടന്റെ ഹൃദയം ഡെയ്സി – ഡെയ്സി എന്ന് എന്റെ പേര് പറയുന്നത് എനിക്ക് കേൾക്കാം. അപ്പോ ചേട്ടൻ എന്റെ മാത്രമാണ്. ഞാൻ ചേട്ടന്റെ മാത്രവും. എന്റെ ജീവനില്‍ ചേട്ടൻ എപ്പോഴോ അലിഞ്ഞ് ചേര്‍ന്നു കഴിഞ്ഞിരിക്കുന്നു. ചേട്ടൻ ഇല്ലെങ്കില്‍ ഡെയ്സി വാടി കൊഴിഞ്ഞ് നശിച്ചു പോകും. ഈ ഹൃദയം നിലച്ചാൽ എന്റെ ശ്വാസവും നിലച്ചു പോകും. ചേട്ടൻ ജീവിച്ചിരിക്കുന്ന അത്രയും കാലം മാത്രം എനിക്കും ജീവിച്ചാൽ മതി.””

അത്രയും പറഞ്ഞിട്ട് വീണ്ടും കണ്ണുകൾ അടച്ചു പിടിച്ചിട്ട് നീറി പുകയുന്ന എന്റെ നെഞ്ചില്‍ ഞാൻ തടവി. “അന്നാണ് എന്റെ ഡെയ്സിയെ ആദ്യമായി ഞാൻ കവിളിൽ ചുംബിച്ചത്. അന്നാണ് എന്റെ ഡെയ്സിയേ ആദ്യമായി ഞാൻ എന്നോട് ചേര്‍ത്തു പിടിച്ചത്. എന്റെ ഡെയ്സി ഇല്ലെങ്കില്‍ എനിക്ക് എങ്ങനെ ജീവിക്കാൻ കഴിയുമെന്ന ഭയം അന്നാണ് ആദ്യമായിട്ട് ഉണ്ടായത്. അന്നാണ് എന്റെ കണ്ണുകൾ ആദ്യമായി നിറഞ്ഞത്.”

ഒരു നെടുവീര്‍പ്പോടെ അല്‍പ്പം മദ്യം കൂടി ഞാൻ സിപ്പ് ചെയ്തു. എന്നിട്ട് മെല്ലെ തല ഉയർത്തി അവരെ നോക്കി.

“ഡെയ്സി അങ്ങനെയൊക്കെ പറഞ്ഞപ്പോ ചേട്ടൻ അവളോട് എന്താ പറഞ്ഞത്?” അശ്വതി ചോദിച്ചു.

അന്ന് ഡെയ്സിയോട് ഉച്ചരിച്ച അതേ വാക്കുകൾ എന്റെ നാവില്‍ നിന്ന് വീണ്ടും പിറന്നു “നി ഇല്ലെങ്കില്‍ ഞാനും ഉണ്ടാവില്ല, ഡെയ്സി. എന്റെ ജീവിതത്തില്‍ നിന്നും നി അസ്തമിച്ചാൽ ഞാൻ ഒരിക്കലും ഉദിക്കില്ല. ആ നിമിഷം ഞാനും നിനക്കൊപ്പം അസ്തമിക്കും.” പറഞ്ഞിട്ട് ഞാൻ തലയും താഴ്ത്തിയിരുന്നു. എന്നില്‍ നിന്നും ഒരു ചെറിയ തേങ്ങൽ പുറത്തു വന്നു.

“ബ്രോ….” അഭിനവും ഫ്രാന്‍സിസും ചാടി എഴുനേറ്റ് എന്റെ മുന്നില്‍ വന്നു നിന്നെങ്കിലും എന്താണ്‌ പറയേണ്ടത് എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.

“പക്ഷേ മൂന്ന്‌ കൊല്ലം മുമ്പ്‌ എന്റെ ഡെയ്സി അസ്തമിച്ചിട്ടും ഞാൻ ഇപ്പോഴും ഉദിച്ചു നില്‍ക്കുന്നത് കണ്ടില്ലേ.” വെറുപ്പോടെ ഞാൻ എന്നെ സ്വയം ശപിച്ചു.

“ചേട്ടാ…!!” മിനി പെട്ടന്ന് എഴുനേറ്റ് അടുത്തുവന്നു വിഷമത്തോടെ നിന്നു.

കുറെ കഴിഞ്ഞ് ഞാൻ തല ഉയർത്തി പുഞ്ചിരിച്ചതും എല്ലാവരും ആശ്വാസത്തോടെ പരസ്പരം ഒന്ന് നോക്കി.

അപ്പോൾ ഞാൻ തുടർന്നു, “ഞാൻ പ്ലസ് ടു കഴിഞ്ഞതും നേരിട്ട് എം ബി എ പഠിക്കാൻ തീരുമാനിച്ചു. എന്റെ മൂന്നാം വര്‍ഷം തുടങ്ങിയപ്പോ ഡെയ്സിയും ഡാലിയയും പ്ലസ് ടു കഴിഞ്ഞ് കോളേജില്‍ കേറി. ആ സമയത്താണ് ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ഞങ്ങൾ ഞങ്ങളുടെ വീടുകളില്‍ പറഞ്ഞത്.”

“പറഞ്ഞപ്പോ എതിര്‍പ്പ് ഉണ്ടായോ ബ്രോ?” രാഹുല്‍ വെപ്രാളപ്പെട്ട് ചോദിച്ചു.

“ഇല്ല. ആരും എതിർത്തില്ല.” ഞാൻ പുഞ്ചിരിച്ചു. “എല്ലാവർക്കും ഞങ്ങളുടെ ബന്ധം ഇഷ്ടമായിരുന്നു. സത്യത്തിൽ, ഞങ്ങളുടെ ബന്ധത്തെ കുറിച്ച് എല്ലാവർക്കും പണ്ടേ അറിയാമായിരുന്നു എന്ന് അവർ പറഞ്ഞപ്പോ ഞാനും ഡെയ്സിയുമാണ് ഞെട്ടിയത്.”

“പിന്നേ എന്തു സംഭവിച്ചു?” ഫ്രാന്‍സിസ് ചോദിച്ചു. “ബ്രോടെ ഇരുപത്തി നാലാമത്തെ വയസ്സില്‍ ബ്രോയും ഡെയ്സിയും വിവാഹിതരായി എന്നാ ആന്റി പറഞ്ഞത്.” അത്ര നേരത്തെ വിവാഹം കഴിക്കാന്‍ എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടായോ?”

ഫ്രാന്‍സിസിന്റെ ആ ചോദ്യം എന്നെ സങ്കടപ്പെടുത്തി… എന്നെ കോപകുലനാക്കി… വേദനാജനകനാക്കി. എന്റെ മനസ്സ് നീറി പുകഞ്ഞു. എന്റെ ഹൃദയം വിണ്ടുകീറിയത് പോലെ വേദനിച്ചു. ദേഷ്യവും സങ്കടവും കരച്ചിലും എല്ലാം ഉള്ളില്‍ നുരഞ്ഞുയരാൻ തുടങ്ങി.

“എന്റെ ഇരുപത്തി മൂന്നാം വയസില്‍ സ്വത്തുക്കള്‍ എല്ലാം എന്റെ പേരില്‍ എഴുതി തന്നിട്ട് എന്റെ അച്ഛൻ ആത്മഹത്യ ചെയ്തു. അച്ഛന്റെ മരണം എന്റെ മനസ്സിനെ തകർത്തെങ്കിലും, അച്ഛൻ ആത്മഹത്യ ചെയ്തു എന്ന ചിന്തയാണ് എന്നെ മാനസികമായി അങ്ങേയറ്റം തകര്‍ത്തത്.”

എന്റെ ഉള്ളില്‍ പെട്ടന്ന് പൊള്ളുന്ന ഓര്‍മകള്‍ നിറഞ്ഞ് എന്നെ ശ്വാസം മുട്ടിച്ചു.

ഞാൻ പറഞ്ഞത് കേട്ട് ചിലരൊക്കെ ശ്വാസം ആഞ്ഞെടുക്കുന്ന ശബ്ദം ഞാൻ കേട്ടു. ഞെട്ടലും വിഷമവും എല്ലാം അവരുടെ മുഖത്ത് ഞാൻ കണ്ടു. അപ്പോ എന്റെ അച്ഛൻ ആത്മഹത്യ ചെയ്തു എന്ന് ആന്റിയോ ഡാലിയയോ അവരോട് പറഞ്ഞിരുന്നില്ല എന്ന് മനസ്സിലായി.

എല്ലാം സഹിച്ചു കൊണ്ട്‌ ഞാൻ തുടർന്നു, “അച്ഛന്റെ ആത്മഹത്യ എന്നെ മാനസികമായി തകർത്തു എങ്കിലും, നീലഗിരിയിലുള്ള അച്ഛന്റെ ബിസിനസ്സ് എല്ലാം ഞാൻ നോക്കി നടത്താൻ ആരംഭിച്ചു. എല്ലാ ആഴ്ചയും ഞാൻ നാട്ടില്‍ വന്ന് രണ്ടു ദിവസം നിന്നിട്ട് പോയി. പക്ഷേ ബാക്കിയുള്ള അഞ്ച് ദിവസം പരസ്പരം കാണാതെ ഞങ്ങൾക്ക് ജീവിക്കാൻ കഴിഞ്ഞില്ല. ഭ്രാന്ത് പിടിക്കുന്ന ഒരു അവസ്ഥ ആയിരുന്നു ഞങ്ങൾക്ക്. അതോടെ എന്റെ കൂടെ വരണമെന്ന് ഡെയ്സി എന്നും വാശിപിടിച്ച് കരയാനും വീട്ടില്‍ ഏതു നിമിഷവും പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടുമിരുന്നു. അങ്ങനെയാണ് അച്ഛൻ മരിച്ചു ഒരു വര്‍ഷം കഴിഞ്ഞതും ഞങ്ങൾ വിവാഹിതരായത്…. അങ്ങനെ പതിമൂന്ന്‌ വര്‍ഷം പ്രണയിച്ച് എന്റെ ഇരുപത്തി നാലാം വയസ്സില്‍ എന്റെ ഡെയ്സിയെ ഞാൻ വിവാഹം കഴിച്ചു. ഞാനും അവളും നീലഗിരിയിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. ഇവിടെ നിര്‍ത്തിയ പഠനം അവള്‍ അവിടെ തുടർന്നു. ഞങ്ങളുടെ എല്ലാ തിരക്കിനിടയിലും എല്ലാ ആഴ്ചയും ഞങ്ങൾ നാട്ടില്‍ വന്നിട്ട് പോകുമായിരുന്നു. ഞങ്ങൾ സന്തോഷമായി ജീവിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *