ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

അത്രയും പറഞ്ഞ് എന്റെ കഥ ഞാൻ അവസാനിപ്പിച്ചു. അപ്പോൾ കഥ കേട്ടിരുന്നവർ നിരാശയോടെ പരസ്പ്പരം നോക്കി.

“പക്ഷേ ചേട്ടാ…” ഷാഹിദ എഴുനേറ്റ് നിന്നു. “ചേട്ടൻ കഥ ഫുള്ളായി പറഞ്ഞില്ലല്ലോ?”

അത് കേട്ടതും എന്റെ ഹൃദയം നീറി. വല്ലാത്ത വേദനയും ദുഃഖവും ഉള്ളില്‍ നിറഞ്ഞു.

“ഇനി എന്താണ് നിങ്ങള്‍ക്ക് അറിയേണ്ടത്..” ഞാൻ ദേഷ്യത്തില്‍ ചോദിച്ചു. “എന്റെ ഡെയ്സി —” എന്റെ ഹൃദയം പൊള്ളി തൊണ്ട ഇടറിയതും ഒന്ന് നിർത്തിയിട്ട് ഞാൻ ദേഷ്യത്തില്‍ തുടർന്നു. “വിവാഹം നടന്ന് വെറും രണ്ടു വര്‍ഷം കഴിഞ്ഞ് ഡെലിവറി സമയത്ത്‌ ഡെയ്സിയും ഞങ്ങളുടെ കുഞ്ഞും എന്നെ ഈ ലോകത്ത് തനിച്ചാക്കീട്ട് പോയി —” പെട്ടന്ന് എന്റെ ശബ്ദം ഉയർന്നു കൊണ്ടേ പോയി. “അവളെ ഞാൻ സ്നേഹിച്ചത് സത്യമാണെങ്കിൽ, എന്റെ അച്ഛനെ പോലെ ജീവിതം വെറുത്ത് ഞാനും ആത്മഹത്യ ചെയ്യരുത് എന്നായിരുന്നു അവളുടെ അവസാനത്തെ വാക്കുകൾ. ആ വാക്കുകളിലൂടെ എന്നെ ഈ നശിച്ച ലോകത്ത് ബന്ധിച്ചിട്ടാണ് എന്റെ ഡെയ്സി എന്നെ വിട്ടു പോയത്. നീറി നീറി ജീവിക്കാൻ എന്നെ തനിച്ചാക്കിയിട്ട് അവള്‍ പോയി. ഞങ്ങളുടെ കുഞ്ഞിനെയും കൊണ്ടു പോയി.”

എന്റെ കണ്ണുകൾ നിറഞ്ഞ് നീറാൻ തുടങ്ങി. ഉള്ളിലെ വേദന വര്‍ധിച്ച് ഉയർന്ന് കൊണ്ടിരുന്നു. കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട്‌ ഞാൻ ഉള്ളില്‍ വിലപിച്ചു. കണ്ണുനീര്‍ അടങ്ങി നില്‍ക്കാതെ പുറത്തേക്ക്‌ ഒഴുകി വന്നു.

“ബ്രോ….” ആരോ വിഷമത്തോടെ വിളിച്ചത് കേട്ടു.

“അവളില്ലാത്ത ഈ ലോകം എനിക്ക് നരകമായി മാറിയത് അവളുണ്ടോ അറിയുന്നു?” ഞാൻ ഉറക്കെ ദേഷ്യത്തില്‍ ആരോടെന്നില്ലാതെ ചോദിച്ചു. “എന്റെ ഹൃദയം ഇപ്പോഴും അവളുടെ പേര് പറഞ്ഞാണ് കരഞ്ഞു തുടിക്കുന്നതെന്ന് അവൾ അറിയുന്നുണ്ടോ? കുഞ്ഞിക്കാലം തൊട്ട് ഞങ്ങൾ ഒരുമിച്ച് ജീവിച്ച ഈ നാടും ഞങ്ങളുടെ വീടുമൊക്കെ എന്റെ കല്ലറയായി മാറി എന്നെ ശ്വാസംമുട്ടിക്കുന്നത് വല്ലതും അവള്‍ അറിയുന്നുണ്ടോ? എന്തിനാണ് അവൾ എന്നെ വിട്ടിട്ട് പോയത്..??? അവളും ഞങ്ങളുടെ കുഞ്ഞും പോയ ഇടത്ത് എന്തുകൊണ്ട്‌ എന്നെയും കൊണ്ട്‌ പോയില്ല…?”

വേദന കാരണം എന്നെയും അറിയാതെ ഞാൻ അലറുകയായിരുന്നു. ഒടുവില്‍ എന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ കണ്ണുകൾ ഇറുക്കി അടച്ചു.

ഇനി ഇവിടെ ഇരുന്നാല്‍ ആരെയെങ്കിലും കൂടുതൽ വേദനിപ്പിക്കുന്ന തരത്തിൽ ഞാൻ ചിലപ്പോ എന്തെങ്കിലും പറഞ്ഞു പോകും. അതുകൊണ്ട്‌ പുറത്തു പോകാൻ ഞാൻ തീരുമാനിച്ചു.

എന്റെ കണ്ണുകൾ തുറന്നു ഞാൻ നോക്കി. എല്ലാവരും എഴുനേറ്റ് നില്‍ക്കുകയായിരുന്നു. എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നതും ഞാൻ കണ്ടു.

ഞാൻ എഴുനേറ്റ് ബാൽക്കനിയിൽ നിന്നും പുറത്തേക്ക്‌ നടന്നു. ബാൽക്കനി വാതില്‍ക്കല്‍ ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഡാലിയയെ അപ്പോഴാണ് ഞാൻ കണ്ടത്. ചുവന്നു കലങ്ങിയ കണ്ണുകളുമായി അങ്കിളും ആന്റി ഡാലിയയ്ക്ക് പുറകില്‍ തന്നെ നില്‍പ്പുണ്ടായിരുന്നു.

ഒന്നും മിണ്ടാതെ ഞാൻ വേഗം പടികളിറങ്ങി താഴെ ചെന്നു. വീടിനകത്തിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ വാതിൽ തുറന്ന് ഞാൻ പുറത്തിറങ്ങി. വാതിൽ ചാരിയ ശേഷം മുറ്റത്ത് ഞാൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.

മുറ്റത്ത്‌ മണിക്കൂറുകളോളം നടന്നിട്ടും മനസ്സ് ശാന്തമായില്ല. ഒടുവില്‍ സിറ്റൗട്ടിൽ കേറി നിലത്തിരുന്നിട്ട് ഭിത്തിയിലേക്ക് ഞാൻ ചാരി.

അല്‍പ്പം കഴിഞ്ഞ് ആരോ പുറത്തേക്ക്‌ വരുന്ന ഒച്ച കേട്ടു. വെറുതെ ചാരിയിട്ടിരുന്ന വാതില്‍ തുറന്ന് ആന്റി പുറത്തേക്ക്‌ വന്ന് ഭിത്തിയിൽ ചാരി എന്നോട് ചേര്‍ന്നിരുന്നു.

“കഴിഞ്ഞ ദിവസം നിന്റെ വീട്ടില്‍ വച്ച് ഞാൻ ദേഷ്യപ്പെട്ടതിന് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ, മോനേ?” സങ്കടത്തോടെ ആന്റി ചോദിച്ചു.

“ഇല്ല ആന്റി. എനിക്ക് ആരോടും ദേഷ്യമില്ല. എല്ലാവരുടെ മനസ്സും എനിക്കറിയാം. നമ്മൾ എല്ലാവർക്കും പ്രിയപ്പെട്ടവർ നഷ്ട്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്‌ നമ്മൾ ചിലപ്പോ അറിയാതെ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകുന്നതല്ലേ.”

അതിന്‌ മറുപടിയായി ആന്റി ഒന്നും പറഞ്ഞില്ല. കുറെ നേരം ഞങ്ങൾ മിണ്ടാതിരുന്നു.

“സമയം രണ്ട് കഴിഞ്ഞു മോനെ. നി ചെല്ല്… ചെന്ന് നിങ്ങളുടെ റൂമിൽ കിടക്ക്.”

മുകളില്‍ ഞാനും ഡെയ്സിയും ഉപയോഗിച്ചിരുന്ന റൂമിനെയാണ് ആന്റി ഉദേശിച്ചത്. ഡെയ്സി മരിച്ച ശേഷം ആ റൂമിൽ ഞാൻ കേറിയിട്ടില്ല. ആ മുറിയില്‍ കേറിയാല്‍ എന്റെ പിടിവള്ളി പൊട്ടി ദുഃഖത്തിന്റെ അഗാധങ്ങളിൽ മുങ്ങി പോകുമെന്ന് അറിയാം. അതുകൊണ്ടാണ് വല്യമ്മയുടെ വീട്ടിലും ആന്റിയുടെ വീട്ടിലുമുള്ള ഞങ്ങളുടെ മുറിയില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ഞാൻ കേറാത്തത്. നീലഗിരിയിൽ ഞാനും ഡെയ്സിയും ജീവിച്ചിരുന്ന കോട്ടേജ് പോലും ഇപ്പോഴും പൂട്ടിയാണ് കിടക്കുന്നത്.

“ആ മുറി എനിക്ക് വേണ്ട, ആന്റി.” ഞാൻ പറഞ്ഞതും മറുപടി പറയാൻ കഴിയാതെ ആന്റി വിഷമിച്ചു.

“അല്‍പ്പം കൂടി ഞാൻ ഇവിടെ ഇരുന്നോട്ടെ. പിന്നീട് ഞാൻ ഹാളില്‍ കിടന്നോളാം.”

ആന്റി ഒന്നും മിണ്ടിയില്ല. അല്‍പ്പനേരം എന്റെ കൂടെ ഇരുന്നിട്ട് ആന്റി എഴുനേറ്റ് പോയി.

ആന്റി പോയതും ഡാലിയ പുറത്തേക്ക്‌ വന്ന് എന്റെ മുന്നില്‍ നിന്നു. ഞാൻ അവളെ നോക്കാതെ അങ്ങനെതന്നെ ഇരിക്കുന്നത് കണ്ടിട്ട് ഡാലിയ കുനിഞ്ഞ് എന്റെ കൈ പിടിച്ചു വലിച്ചു.

“ഇങ്ങനെ ഇരുന്നത് മതി. ചേട്ടൻ വന്നേ.” അവൾ പിന്നെയും പിടിച്ചു വലിച്ചു.

“ഞാൻ ഇവിടെ ഇരുന്നോളാം.” ഞാൻ വാശിപിടിച്ചു.

“പ്ലീസ് ചേട്ടാ.” ദയനീയമായി അവള്‍ കെഞ്ചി.

ഡെയ്സിയുടേയും ഡാലിയയുടെ വോയ്സ് പോലും സെയിമാണ്. അവരുടെ നടത്തവും സംസാരവും പെരുമാറ്റവും പോലും ഒരുപോലെ ഇരിക്കും.

ഇപ്പോൾ ഡെയ്സിയുടെ പോലുള്ള ശബ്ദത്തില്‍ ഡാലിയയുടെ കെഞ്ചൽ കേട്ടപ്പോ എനിക്ക് വേദന സഹിച്ചില്ല… അവളെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ പതിയെ എഴുനേറ്റു.

ഡാലിയ എന്നെ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. അനുസരണയുള്ള കുട്ടിയെ പോലെ ഞാനും കൂടെ നടന്നു.

ഡാലിയ എന്നെ അവളുടെ മുറിയിലാണ് കൂട്ടിക്കൊണ്ടു പോയത്.

“ചേട്ടൻ ഇവിടെ കിടന്നോ. ഞാൻ നിങ്ങളുടെ മുറിയില്‍ കിടന്നോളാം.” സങ്കടം നിറഞ്ഞ ഒരു പുഞ്ചിരിയോടെ ഡാലിയ പോയി.

ഞാൻ ഡാലിയയുടെ ബെഡ്ഡിൽ കിടന്നു. ചിന്തകൾ പിന്നെയും ഡെയ്സിയിലേക്ക് തിരിഞ്ഞെങ്കിലും ഉറങ്ങാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

രാവിലെ പതിനൊന്ന് മണി കഴിഞ്ഞാണ് ഞാൻ ഉണര്‍ന്നത്. ബാത്റൂമിൽ കേറി ഫ്രെഷായി പുറത്ത് വന്നിട്ട് കുറെ നേരം വെറുതെ ബെഡ്ഡിലിരുന്നു.

പുറത്തേക്ക്‌ പോകാൻ ഒരു മടി പോലെ. പക്ഷേ എത്ര നേരം ഇങ്ങനെ ഇരിക്കും. ഒടുവില്‍ എഴുനേറ്റ് ഞാൻ പുറത്തു വന്ന് ഞാനും ഡെയ്സിയും ജീവിച്ചിരുന്ന റൂമിന് മുന്നില്‍ നിന്നു. വാതിൽ തുറന്നാണ് കിടന്നത്. ഞാൻ എത്തി നോക്കി. ഡാലിയ ഇല്ലായിരുന്നു. അല്‍പ്പനേരം മടിച്ചു നിന്ന ശേഷം ഞാൻ താഴേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *