ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

ഹാളില്‍ കുട്ടികൾ ഓടി കളിക്കുന്നത് കണ്ടു ഞാൻ പുഞ്ചിരിച്ചു.

“ഇന്നും ഐസ്ക്രീം വാങ്ങി തരില്ലേ, അങ്കിള്‍?” അശ്വതിയുടെ മോള് കീര്‍ത്തി എന്നെ കണ്ടതും ചോദിച്ചു.

“വാങ്ങി തരാമല്ലോ.” അവളുടെ കവിളിൽ എന്റെ വിരൽ കൊണ്ട്‌ പതിയെ ഞാൻ തൊട്ടതും അവള്‍ കുണുങ്ങി ചിരിച്ചു.

ഞാൻ അഞ്ചു കുട്ടികളെയും കുസൃതിയോടെ നോക്കി. “നിങ്ങൾ അഞ്ചു പേരും ഒരുപോലെ രണ്ടു കൈയും രണ്ടു പ്രാവശ്യം പൊക്കി താഴ്ത്തണം . രണ്ട് തവള ചാട്ടം ചാടണം. എന്നിട്ട് രണ്ട് ഇടുപ്പിലും കൈകള്‍ കുത്തി, ഒരു കാല്‍ പൊക്കി പിടിച്ചിട്ട്, ഐസ്ക്രീം വേണമെന്ന് ഉറക്കെ പറയണം.” അങ്ങനെ ചെയ്താല്‍ ഐസ്ക്രീം മാത്രമല്ല നിങ്ങളെ ഞാൻ കൊണ്ടു പോകുന്ന ബേക്കറിയിലുള്ള എന്തു കാണിച്ചാലും അതൊക്കെ ഞാൻ വാങ്ങിത്തരും.

കുട്ടികൾ അഞ്ചും ഒരു മടിയും കൂടാതെ ചിരിച്ചു കൊണ്ട്‌ രണ്ടു പ്രാവശ്യം കൈകൾ പൊക്കുകയും താഴ്ത്തുകയും ചെയ്തു…. രണ്ട് തവള ചാട്ടവും ചാടി…. അവസാനം, രണ്ടു കൈകളും അവർ ഇടുപ്പിൽ കുത്തിപ്പിടിച്ചു, ഓരോ കാലുകള്‍ ഉയർത്തി പിടിച്ചു. “ഞങ്ങൾക്ക് ഐസ്ക്രീം വേണം…” അവർ വിളിച്ചു കൂവി.

അപ്പോൾ വീട്ടു നടയില്‍ നിന്നും ഭയങ്കര പൊട്ടിച്ചിരി കേട്ട് ഞാൻ നോക്കി. ഡാലിയയും, കൂട്ടുകാരികളും, അവരുടെ ഭർത്താക്കന്മാരും എല്ലാം പൊട്ടിച്ചിരിക്കുന്നു. ഞാൻ ചമ്മലോടെ അവരെ നോക്കി നിന്നു.

“കുട്ടികളെ കൊണ്ട്‌ എന്തൊക്കെയാ ചെയ്യിച്ചത്….!!” ഒടുവില്‍ ചിരി നിര്‍ത്തി ഗായത്രി എന്റെ അടുത്തു വന്നു. “ഞാനും അതുപോലെ ചെയ്താല്‍ എനിക്കും വാങ്ങിച്ചു തരുമോ?” കുസൃതിയോടെ അവൾ ചോദിച്ചതും വീണ്ടും പൊട്ടിച്ചിരി ഉണ്ടായി. ഇത്തവണ ഞാനും ചിരിച്ചു.

ഒടുവില്‍ ഡാലിയ ചിരി നിര്‍ത്താതെ തന്നെ കിച്ചണിൽ പോയി.

“ഗുഡ് മോണിങ് ബ്രോ…!!” ചിരി എല്ലാം നിന്നതും അന്‍സാര്‍ വിഷ് ചെയ്തു. ഞാനും അവനെ വിഷ് ചെയ്തു.

അവന്‍ കുറെ നേരത്തേക്ക് എന്നെ തന്നെ നോക്കി നിന്നു. “ബ്രോന് സ്ട്രോങ് മനസ്സാണ്. ഒരിക്കലും തളരരുത്.” ഒടുവില്‍ അവന്‍ പറഞ്ഞതും ഞാൻ പുഞ്ചിരിച്ചു.

“അങ്കിള്‍ ഞങ്ങളെ ബേക്കറിയിൽ എപ്പോ കൊണ്ടുപോകും?”

“ഓടി വന്ന് വണ്ടിയില്‍ കേറിയാല്‍ ഇപ്പൊ തന്നെ കൊണ്ടു പോകും.” അതും പറഞ്ഞ്‌ ഞാൻ പുറത്തേക്ക്‌ സ്പീഡിൽ നടന്നു. കുട്ടികളും ചിരിച്ചു കൂവിക്കൊണ്ട് പിന്നാലെ ഓടി വന്നു.

“റൂബി ചേട്ടന്റെ കാര്യം. ഈ കുഞ്ഞുങ്ങളേക്കാൾ കൂടുതൽ കുസൃതി ചേട്ടനാണ്.” അശ്വതി ചിരിക്കുന്നത് കേട്ടു.
*****************

ബേക്കറിയിൽ കുട്ടികളെ കൂട്ടിക്കൊണ്ടു പോയി അവർ ചോദിച്ച എല്ലാം വാങ്ങിച്ചു കൊടുത്ത ശേഷമാണ് തിരികെ വന്നു. കുടിക്കാനുള്ളതും കഴിക്കാനുള്ളതും എല്ലാം ഒരുപാട്‌ വാങ്ങി.

ഞാനും കുട്ടികളും വീട്ടില്‍ കേറി. കുട്ടികൾ വാങ്ങിയ സാധനങ്ങള്‍ എല്ലാം എടുത്തു കൊണ്ട്‌ അവരുടെ അമ്മമാരുടെ അടുത്തേക്ക് ഓടി.

“എന്റെ ബ്രോ, ഞങ്ങൾ തിരികെ പോകുമ്പോ കുട്ടികൾ ഞങ്ങൾക്കൊപ്പം വരുമോ എന്നാ എന്റെ സംശയം.” അന്‍സാര്‍ ചിരിയോടെ പറഞ്ഞിട്ട് തലയാട്ടി.

“അതുതന്നെയാ എന്റെയും സംശയം.” അഭിനവും ചിരിച്ചു.

“ഓഹ്.. അവരൊക്കെ വന്നോളും.” ഞാൻ പുഞ്ചിരിച്ചു.

“ചേട്ടാ, കോഫി.” അന്നേരം ഡാലിയ മുന്നില്‍ വന്ന് പുഞ്ചിരിയോടെ കുപ്പി ഗ്ലാസ്സ് എന്റെ നേര്‍ക്ക് നീട്ടി.

“ആന്റി എവിടെ?” അവളുടെ കൈയിൽ നിന്ന് കോഫീ വാങ്ങിയ ശേഷം ഞാൻ ചോദിച്ചു.

“അമ്മ സൂസന്‍ ആന്റിയെ കാണാന്‍ പോയി.”

“ചേട്ടൻ വാ. വന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്ക്. ചേട്ടൻ ഉണരാത്തത് കൊണ്ട്‌ ഞങ്ങൾ എല്ലാവരും ഒന്‍പത് മണിക്ക് കഴിച്ചു.”

“ബ്രേക്ക്ഫാസ്റ്റ് എനിക്ക് വേണ്ട. ഞാൻ വീട്ടില്‍ പോകുവാ.” കോഫീ കുടിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

“അയ്യോ ബ്രോ, ബ്രോ ഇവിടെ ഉള്ളതാണ് രസം. പോകല്ലേ പ്ലീസ്.”

“അതേ, ബ്രോ പോയാല്‍ ശെരിയാവില്ല.”

“ഞങ്ങളൊക്കെ ഇവിടെ നിന്ന് പോകുന്നത് വരെ ചേട്ടനും ഇവിടെ നിന്നൂടേ?”

ഞാൻ പോകുന്ന കാര്യം പറഞ്ഞതും എല്ലാവരും വിഷമിച്ച് ഓരോന്ന് പറയാൻ തുടങ്ങി.

“ഹാ, ഞാൻ അങ്ങ് നീലഗിരിയിൽ പോകുന്ന കാര്യമല്ല പറഞ്ഞത്. നാല് വീട് കഴിഞ്ഞ് അപ്പുറത്തുള്ള എന്റെ വീട്ടില്‍ പോകുന്ന കാര്യമാ പറഞ്ഞത്.” ചിരിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞപ്പോൾ അവർ എല്ലാവരും ചമ്മലോടെ ചിരിച്ചു. “പിന്നേ, ഇത് ഇന്നലെ ഇട്ട ഡ്രെസ്സാ, അതൊക്കെ മുഷിഞ്ഞു. എനിക്ക് കുളിക്കണം, ഡ്രസ് മാറണം, കുറച്ച് കോളുകൾ ചെയ്യണം. പിന്നെ പ്രധാനമായി എന്റെ വല്യമ്മയെ എനിക്ക് കാണണം.”

“ഓക്കെ.. ഓക്കെ. ബ്രോ പോയിട്ട് തിരികെ ഇങ്ങോട്ട് വന്നാൽ മതി.” രാഹുല്‍ പറഞ്ഞു.

“ഞാൻ വരാം. പക്ഷേ നിങ്ങള്‍ക്കും അവിടെ വരാം, കേട്ടോ. വല്യമ്മയും വല്യച്ചനും നിങ്ങളെയൊക്കെ പ്രതീക്ഷിച്ച് ഇരിക്കുന്നുണ്ടാവും.” ഞാൻ ക്ഷണിച്ചതും എല്ലാ മുഖങ്ങളും തെളിഞ്ഞു.

“ഞങ്ങൾ തീര്‍ച്ചയായും വരാം. ചേട്ടന്റെ വല്യമ്മേം വല്യച്ചനേം ഒക്കെ ഞങ്ങള്‍ക്കും കാണണം.” ഷാഹിദ പറഞ്ഞു.

“വൈകിട്ട് ഇവരെ ഞാൻ അങ്ങോട്ട് കൂട്ടിക്കൊണ്ടു വരാം, ചേട്ടാ .” ഡാലിയ വാക്ക് പറഞ്ഞു.

അങ്ങനെ കോഫീയും കുടിച്ചിട്ട് ഞാൻ ഇറങ്ങി. വീട്ടില്‍ വണ്ടി നിർത്തി ഇറങ്ങിയപ്പോ വല്യമ്മയും ആന്റിയും വല്യച്ചനും സിറ്റൗട്ടിൽ ഇരുന്ന് എന്തോ കാര്യമായി സംസാരിക്കുന്നത് കണ്ടു. എന്നെ കണ്ടതും അവർ തമ്മിലുള്ള സംസാരം നിർത്തി.

വല്യമ്മയുടെ കണ്ണുകള്‍ ആശങ്കയോടെ എന്നെ ഉഴിഞ്ഞു. സങ്കടം ഒളിപ്പിക്കാൻ ശ്രമിക്കുന്നതും എനിക്ക് മനസ്സിലായി. അവരുടെ ചര്‍ച്ചാ വിഷയം ഞാൻ ആയിരുന്നു എന്ന് മനസ്സിലായി.

“പുതിയ കൂട്ടുകാരെ കിട്ടിയതും ഞങ്ങളെ മറന്നു എന്നാ കരുതിയത്.” ഒടുവില്‍ സങ്കടം മറച്ച് വല്യമ്മ ചിരിച്ചു.

“ആരേ മറന്നാലും എന്റെ സൂസി കുഞ്ഞിനെ ഞാൻ മറക്കുമോ?”

“പോടാ അവിടന്ന്.” വല്യമ്മ പൊട്ടിച്ചിരിച്ചു. കൂടെ വല്യച്ചനും ആന്റിയും ചിരിച്ചു. “ഞാൻ അവന്റെ കുഞ്ഞ് പോലും.” ഞാൻ കേറി ചെന്നതും വല്യമ്മ എന്റെ കവിളിൽ സ്നേഹത്തോടെ നുള്ള് തന്നു.

“പിന്നേ വല്യമ്മേ, വൈകിട്ട് ഡാലിയയും കൂട്ടുകാരും ഇങ്ങോട്ട് വരുന്നുണ്ട്, കേട്ടോ.”

“അത് നന്നായി. അവരൊക്കെ ഇങ്ങോട്ട് വരാത്തതെന്തേന്ന് ഇവളോട് ഞാൻ ചോദിച്ചതാ.”

“ഇപ്പൊ തന്നെ അവരെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരാമായിരുന്നില്ലേ?”

“വേണ്ട എഡ്വിന്‍ ഏട്ടാ. ഉച്ചയ്ക്കുള്ള ഭക്ഷണമൊക്കെ റെഡിയാക്കി വച്ചിട്ടാ ഞാൻ വന്നത്. അത് വേസ്റ്റായി പോകും. വൈകിട്ട് എല്ലാവർക്കും ഇവിടെ കൂടാം.” ആന്റി പറഞ്ഞു.

അവർ മൂന്നുപേരേയും അവരുടെ പാടിന് വിട്ടിട്ട് ഞാൻ വീട്ടില്‍ കേറി. സമാധാനമായി കുളിച്ചിട്ട് ഡ്രസ്സും മാറി കുറെ അത്യാവശ്യ കോളുകൾ ഞാൻ ചെയ്തു.

ശേഷം ഞാൻ താഴെ ചെന്നു. ആന്റി അവിടെ ഇല്ലായിരുന്നു. ഞാനും വല്യമ്മയും വല്യച്ചനും ഒരുമിച്ചിരുന്ന് ഊണ്ണ് കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *