ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

“ഇച്ചായാ, കഴിച്ചിട്ട് നിങ്ങൾ രണ്ടും മാര്‍ക്കറ്റ് വരെ പോണം. വാങ്ങാനുള്ള സാധനത്തിന്റെ ലിസ്റ്റ് ഞാൻ തരാം. വൈകിട്ട് ഒന്നാന്തരം വിരുന്ന് ഒരുക്കാനുണ്ട്.”

അങ്ങനെ സാധനങ്ങള്‍ വാങ്ങാൻ ഞാനും വല്യച്ചനും മാർക്കറ്റിൽ പോയി.

എല്ലാം വാങ്ങി മൂന്ന്‌ മണിക്കാണ് വീട്ടില്‍ എത്തിയത്. വീട്ടില്‍ വന്നപ്പോ ഡാലിയയും കൂട്ടുകാരും കുട്ടികളും പിന്നേ അങ്കിളും ആന്റിയും എല്ലാം ഉണ്ടായിരുന്നത് കണ്ടിട്ട് വല്യച്ചന് ഭയങ്കര സന്തോഷമായി.

“ഹാഹാ…” ഒരു കുഞ്ഞിനെ പോലെ വല്യച്ചൻ എന്നെ ഒറ്റക്ക് വിട്ടിട്ട് ഓടി. ഓടി ചെന്നത് ആ അഞ്ച് കുട്ടികളുടെ ഇടയിലേക്കാണ്.

ആ കുട്ടികൾ ആദ്യം ഒന്ന് പകച്ചു നിന്നെങ്കിലും വല്യച്ചന്റെ ചിരിയും, സന്തോഷവും, സൗമ്യമായ പെരുമാറ്റവും, ഇടയ്ക്കിടയ്ക്ക് ഏതെങ്കിലും കുഞ്ഞിനെ തൂക്കിയെടുത്ത് ഇക്കിളിപ്പെടുത്തി ചിരിപ്പിച്ചിട്ട് ഇറക്കി വിടുന്നതുമൊക്കെ ആയപ്പോ, കുട്ടികൾ വല്യച്ചന്റെ പിന്നാലെ കൂടി.

ഇതൊക്കെ ആ കുട്ടികളുടെ അച്ഛനമ്മമാർ ആശ്ചര്യത്തോടും കൗതുകത്തോടും നോക്കി നിന്നുപോയി.

കുട്ടികളെ കാണുമ്പോള്‍ പരിസരം മറക്കുന്ന വല്യച്ചനെ കുറിച്ച് ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ട്‌ ഞാനും വല്യമ്മയും ഡാലിയയും ആന്റിയും അങ്കിളുമെല്ലാം ചെറു ചിരിയോടെ നിന്നു.

“ബ്രോടെ വല്യച്ചനും ഒരു കുട്ടിയാണല്ലോ!! ഇതില്‍ കുട്ടികൾ ഏതാ വലിയച്ഛന്‍ ഏതാന്ന് എങ്ങനെ തിരിച്ചറിയും?” എല്ലാം കണ്ട് അല്‍ഭുതം മാറാതെ രാഹുല്‍ പറഞ്ഞതും ഒരു കൂട്ടച്ചിരി ഉയർന്നു.

അപ്പോഴും കൈയിൽ കുറെ കിറ്റുകളുമായി ഹാള്‍ വാതില്‍ക്കല്‍ നില്‍ക്കുന്ന എന്റെ അടുത്തേക്ക് ഡാലിയയും കൂട്ടുകാരികളും വേഗത്തിൽ വന്ന് അതൊക്കെ എന്റെ കൈയിൽ നിന്നും വാങ്ങി.

“വണ്ടി നിറച്ചും സാധനങ്ങള്‍ ആണല്ലോ, ബ്രോ?” പുറത്തു നില്‍ക്കുന്ന എന്റെ വണ്ടിയില്‍ നോക്കി അന്‍സാര്‍ ചോദിച്ചു.

“കുറച്ച് ദിവസത്തേയ്ക്ക് നമ്മൾ എല്ലാവരും ഒറ്റ കുടുംബമായി ഇവിടെയാണ് കൂടാൻ പോകുന്നത്. അതിന്റെ ഒരുക്കങ്ങളാണ്.” വല്യമ്മയും ആന്റിയും നടന്ന് അടുത്തുവന്നു നിന്നിട്ട് അന്‍സാറോട് പറഞ്ഞു.

“അടിപൊളി…” ഇതുകേട്ട് നിന്ന ഫ്രാന്‍സിസ് ഒന്ന് കൂവി. എന്നിട്ട് എല്ലാ പല്ലുകളും കാണിച്ച് ഇളിച്ചു .

“എടാ രാഹുല്‍, അഭിനവ്, ഫ്രാന്‍സിസ്, ഇങ്ങു വന്നേ. ബ്രോടെ വണ്ടിയിലുള്ള സാധനങ്ങള്‍ ഒക്കെ എടുത്ത് വീട്ടിലാക്കണം.” അന്‍സാര്‍ വിളിച്ചു പറഞ്ഞു.

അതോടെ ഞങ്ങൾ അഞ്ച് പേരും ചേര്‍ന്ന് സാധനങ്ങൾ എല്ലാം ആദ്യം തരം തിരിച്ചു. സ്റ്റോര്‍ റൂമിൽ ആക്കേണ്ടത് സ്റ്റോർ റൂമിലും, പിന്നെയുള്ളത് കിച്ചനിലും ഫ്രിഡ്ജിലും ആക്കിയ ശേഷം, റൂം എല്ലാം ഞങ്ങൾ അറേഞ്ച് ചെയ്തു.

“എടാ മക്കളെ, ആകെ ആറ് റൂമുകളേയുള്ളു… എല്ലാവരും അഡ്ജസ്റ്റ് ചെയ്യണേ..!” എല്ലാവരുടെ ജോലിയും കഴിഞ്ഞ് രാത്രി ഏഴുമണിക്ക് ഹാളില്‍ ഒത്തുകൂടിയ സമയത്താണ് വല്യച്ചൻ എല്ലാവരോടുമായി പറഞ്ഞത്.

“ഞങ്ങളെ ഓര്‍ത്ത് ടെൻഷനൊന്നും വേണ്ട അങ്കിള്‍. ഓണം കഴിഞ്ഞ് പോകുന്നത് വരെ ഞങ്ങൾ പത്തുപേരും ഇവിടെ ഹാളില്‍ അല്ലെങ്കിൽ ടെറസിൽ ആയിരിക്കും ഉറങ്ങുക. അതൊക്കെ ഞങ്ങൾ നേരത്തെ തീരുമാനിച്ചു കഴിഞ്ഞു.” മിനി ഉത്സാഹത്തോടെ പറഞ്ഞു.

“ശെരിയാ, കുട്ടികൾ അഞ്ചും ഒറ്റ റൂമിൽ കിടന്നോളും. വല്യച്ചനും വല്യമ്മയ്ക്കും ഒരു റൂം. അങ്കിളും ആന്റിക്കും മറ്റൊരു റൂം. പിന്നെയും ഉണ്ടല്ലോ മൂന്ന്‌ മുറികള്‍ ബാക്കി. ഞങ്ങൾക്ക് ഫ്രെഷാവാനും, ഡ്രസ് മാറാനും, വല്ലപ്പോഴും റസ്റ്റ് എടുക്കാനും അതൊക്കെ ധാരാളം.” ഷാഹിദ ഉത്സാഹത്തോടെ പറഞ്ഞു.

അങ്ങനെ എല്ലാത്തിനും തീരുമാനമായി. അന്‍സാര്‍ ഇടക്ക് വല്യച്ഛനേയും അങ്കിളേയും വിളിച്ചു കൊണ്ടുപോയി ഒരു കുപ്പി ബ്രാണ്ടി അവര്‍ക്ക് സമ്മാനിച്ചു.

സന്ധ്യ കഴിഞ്ഞപ്പോ ഞാനും ഡാലിയയും, പിന്നെ അവളുടെ കൂട്ടുകാരികളും ഭർത്താക്കമ്മാരും ചേര്‍ന്ന് സിറ്റി വരെ പോയി ചില സാധനങ്ങളും വാങ്ങിയാണ് തിരികെ വന്നത്. പക്ഷേ അതൊക്കെ വണ്ടിയില്‍ തന്നെ സുരക്ഷിതമായി വച്ചു.

അങ്ങനെ രാത്രി ഭക്ഷണവും ആഘോഷപൂര്‍വ്വം കഴിഞ്ഞു. കുട്ടികൾ ഉറങ്ങുകയും ചെയ്തു. ഞങ്ങൾ മുതിര്‍ന്നവർ മാത്രം ഹാളില്‍ ഇരുന്നു.

വല്യച്ചൻ ഓണപ്പാട്ട് പാടിയതും എല്ലാവരും പൊട്ടിച്ചിരിച്ചു. വല്യമ്മ ചിരിച്ചുകൊണ്ട് വല്യച്ചന്റെ തുടയിൽ അടി കൊടുത്തു. എന്റെ അടുത്തിരുന്ന ഡാലിയ ഒരു ചിരിയോടെ എന്റെ തോളിന് പുറകില്‍ മുഖം ഒളിപ്പിച്ചു.

“അയ്യേ….. വല്യയച്ചാ……” രാഹുല്‍ എങ്ങനെയോ ചിരി അടക്കി. “ ‘മാവേലി നാടു വാണിടും കാലം’എന്നാണ്. അല്ലാതെ ‘മാവേലി വാണ–ടിക്കും കാലം’ എന്നല്ല.”

അതോടെ ഞങ്ങളുടെ ചിരി ഭയങ്കരമായി ഉയർന്നു. വല്യച്ചൻ കള്ളച്ചിരിയോടെ എല്ലാവരും ചിരിക്കുന്നതും നോക്കിയിരുന്നു.

പിന്നീട് ഞങ്ങൾ പാട്ട് മത്സരം നടത്തിയും, കഥകൾ പറഞ്ഞുമിരുന്നു. വല്യച്ചന്റെ പാട്ടുകൾ കേട്ട് ചിരിച്ച് എല്ലാവരും ഒരു പരുവത്തിലായിരുന്നു.

ഒരുപാട്‌ നേരം കഴിഞ്ഞ് ഫ്രാന്‍സിസ് ഒരു ആഗ്രഹം പറഞ്ഞു. “ഞങ്ങൾക്ക് വല്യമ്മയുടെ ഡാൻസ് കാണണം.”

ഉടനെ അവനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട്‌ മറ്റുള്ളവരും ഡാൻസ് വേണമെന്ന് പറഞ്ഞു.

ഒരു മടിയും കൂടാതെ വല്യമ്മ എഴുനേറ്റ് എന്നെ നോക്കി. ഇത്രയും പേരുടെ മുന്നില്‍ ഡാൻസ് ചെയ്യാൻ എനിക്ക് മടി തോന്നി.

“അയ്യോ, ഞാനില്ല.” ഒഴിഞ്ഞുമാറാൻ ഞാൻ ശ്രമിച്ചു.

“നീ മാത്രമല്ല, റൂബി. ഇവിടെയുള്ള എല്ലാവരും എന്റെ കൂടെ ജോടി ചേര്‍ന്ന് ഡാൻസ് കളിക്കും. ആദ്യം എന്റെ കൂടെ ജോടി ചേരുന്നത് നീയാണെന്ന് മാത്രം.”

“എനിക്ക് ഡാൻസ് അറിയില്ല, വല്യമ്മേ. പക്ഷേ ഡാൻസ് കളിക്കാന്‍ ഞാൻ റെഡിയാണ്.” അഭിനവ് വല്യമ്മയോട് പറഞ്ഞു. അവനെ പോലെ മറ്റുള്ളവരും ഉത്സാഹം കാട്ടി ഡാൻസ് കളിക്കാന്‍ സമ്മതം അറിയിച്ചു.

“ക്ലമന്റ് ഏട്ടൻ എന്തിനാ ഭൂതത്തെ കണ്ടത് പോലെ പേടിച്ചിരിക്കുന്നേ?” അങ്കിളിന്റെ പേടിച്ചുള്ള ഇരിപ്പ് കണ്ടിട്ട് വല്യമ്മ ചോദിച്ചു.

“വല്ല കേസും തന്നാൽ ഞാൻ വാദിക്കാം. പക്ഷേ എന്നെക്കൊണ്ട് ഡാൻസ് മാത്രം ചെയ്യിക്കരുത്…. ഡാൻസ് എനിക്കറിയില്ല. എന്നെ നാറ്റിക്കരുത്, ഞാൻ കളിക്കില്ല.” ദയനീയമായി അങ്കിള്‍ പറഞ്ഞപ്പോ ഞങ്ങൾ എല്ലാവരും ചിരിച്ചു.

“അതൊന്നും പറ്റില്ല. എല്ലാവരും എന്റെ കൂടെ ഡാൻസ് കളിക്കണം.” വല്യമ്മ തറപ്പിച്ച് പറഞ്ഞിട്ട് വീണ്ടും എന്നെ നോക്കി വലതു കൈ നീട്ടി.

ഇനി രക്ഷയില്ലെന്ന് മനസ്സിലായി. ഞാൻ എഴുനേറ്റ് ചെന്നു.

“വല്യമ്മേ, ഞങ്ങൾക്ക് വെസ്റ്റർൻ ഡാൻസും വേണം, കേട്ടോ.” ഷാഹിദ ആവശ്യപ്പെട്ടു.

ഉടനെ ഒരു പുഞ്ചിരിയോടെ വല്യമ്മ മൊബൈലില്‍ ചെയ്തു വച്ചിരിക്കുന്ന ഒരുപാട്‌ വർക്കുകളിൽ നിന്നും ഒരു മ്യൂസിക് എടുത്ത് പ്ലേ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *