ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

ഡാലിയ എന്നെ തന്നെ അല്‍പ്പനേരം നോക്കി നിന്നു. “ചേട്ടാ, മിനി എന്റെ കൂട്ടുകാരി എന്നതൊക്കെ ശെരിയാ. അവള്‍ നല്ല കൂട്ടുകാരിയാ, അവളെ എനിക്ക് ഇഷ്ട്ടമാ. പക്ഷേ ചേട്ടൻ അവളെ സൂക്ഷിക്കണം.” എന്റെ അടുത്ത് മുട്ടുകുത്തി ഇരുന്നിട്ട് ഡാലിയ ശബ്ദം താഴ്ത്തി പറഞ്ഞു.

“അതെന്താ? നി എന്തിനാ അങ്ങനെ പറഞ്ഞത്?” ഞാൻ ചോദിച്ചു.

“അതുപിന്നെ….” ഡാലിയ ഒന്ന് മടിച്ചു. “തല്‍കാലം അതൊന്നും ചേട്ടൻ അറിയണ്ട. ചേട്ടന്റെ മേലുള്ള അവളുടെ നോട്ടം ഒന്നും ശെരിയല്ല.” അത്രയും പറഞ്ഞിട്ട് എന്നെ അവൾ പിടിച്ചെഴുനേൽപ്പിച്ചു.

ഞാൻ കൂടുതലൊന്നും പറയാതെ എഴുനേറ്റ് ബെഡ് എടുത്ത് റൂമിൽ കൊണ്ടിട്ടു. മറ്റ് രണ്ട് മുറികളും തുറന്നാണ് കിടന്നത്.

“ആരെയും കാണുന്നില്ലല്ലോ?എല്ലാവരും എവിടെ?” ഞാൻ ചോദിച്ചു.

“താഴയുണ്ട്. ഓണ സദ്യ തയ്യാറാക്കുന്ന തിരക്കിലാണ് എല്ലാവരും.” ഡാലിയ പുഞ്ചിരിയോടെ പറഞ്ഞു.

“ഓണസദ്യ ഇന്നാണോ ഉണ്ടാക്കുന്നേ..?” സംശയത്തോടെ ഞാൻ ചോദിച്ചു.

“ഇന്നു മുതൽ തിരുവോണം വരെ എന്നും ഉച്ചക്ക് ഓണ സദ്യയാണെന്ന് അമ്മയും ആന്റിയും തീരുമാനിച്ച് കഴിഞ്ഞു. ഇന്നു മുതൽ നമ്മുടെ വീട്ടില്‍ ആഘോഷം തുടങ്ങുകയാ, ചേട്ടാ.” ഡാലിയ പെട്ടന്ന് ഉത്സാഹവതിയായി.

ഡെയ്സിയുടെ അതേ ചിരി. അവളുടെ ആ ചിരി എന്നില്‍ ചെറിയൊരു നൊമ്പരം സൃഷ്ടിച്ചു.

“പത്തു മണി കഴിഞ്ഞു, കേട്ടോ.” ഡാലിയ സമയത്തെ കുറിച്ച് എന്നെ ബോധവാനാക്കി. “ചേട്ടൻ വേഗം ഫ്രെഷായി വന്നേ. ബ്രേക്ക്ഫാസ്റ്റ് ഞാൻ എടുത്തു വയ്ക്കാം.”

“ബ്രേക്ക്ഫാസ്റ്റ് ഒന്നും വേണ്ട. അത് കുഴിച്ചാല്‍ പിന്നേ ഓണ സദ്യ ഞാൻ എങ്ങനെ കഴിക്കും.”

“എന്നാ വേഗം ഫ്രെഷായി വന്നേ. താഴെ ഓരോരുത്തരും നൂറുവട്ടമെങ്കിലും ചേട്ടനെ അന്വേഷിച്ചു കഴിഞ്ഞു.” അതും പറഞ്ഞ്‌ അവൾ പോയി.

ഞാൻ കുളിച്ച് റെഡിയായി താഴെ ചെന്നു. കുട്ടികൾ ഓടി നടന്ന് അവരുടേതായ എന്തോ കളികൾ കഴിക്കുകയായിരുന്നു. എന്നെ കണ്ടതും അവർ ഓടിവന്ന് ചിരിച്ചുകൊണ്ട് എന്നെ വട്ടം ചുറ്റി കളിച്ചു. എന്നിട്ട് ഓടിക്കളഞ്ഞു. അല്‍പ്പനേരം അവരുടെ കളിയും കുസൃതികളും കണ്ടു നിന്നിട്ട് ഞാൻ കിച്ചനിൽ കേറി ചെന്നു.

കിച്ചണിൽ എല്ലാവരും ജോലി തിരക്കില്‍ ആയിരുന്നു. അങ്കിള്‍ മാത്രം ഓരോ തേങ്ങയും എടുത്ത്, അകത്ത് ബോംബ് ഉള്ളത് പോലെ, സംശയത്തോടെ കുലുക്കി നോക്കുന്നത് കണ്ടതും ചിരി വന്നു.

“ഹായ് ബ്രോ…” മസിലും പിടിച്ച് മത്തങ്ങ അരിഞ്ഞു കൊണ്ടിരുന്ന അഭിനവ് എനിക്ക് ഇളിച്ചു കാണിച്ചു.

“ഹാ, ആരാ ഇത്.” വല്യമ്മ കണ്ണുരുട്ടി. “നോക്കി നില്‍ക്കാതെ വന്ന് സഹായിക്കടാ കള്ളാ.” വാത്സല്യപൂർവം പറഞ്ഞിട്ട് വല്യമ്മ ജോലി തുടർന്നു.

എല്ലാ മുഖങ്ങളും എന്നെ നോക്കി പുഞ്ചിരിച്ചു. ഞാനും അവര്‍ക്ക് പുഞ്ചിരി തൂകി.

അന്നേരം ഷാഹിദ എന്റെ നേര്‍ക്ക് കൈ വീശി എന്റെ ശ്രദ്ധ പിടിച്ചുപറ്റി. ചിരിയടക്കാൻ ശ്രമിക്കുന്നതിനിടയിൽ അവള്‍ കണ്ണുകൾ കൊണ്ട്‌ അങ്കിള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് കാട്ടി.

കുറ്റവാളികളുടെ മനസ്സ് വായിക്കാൻ ശ്രമിക്കുന്ന ഭാവത്തോടെ കൂട്ടിയിട്ടിരുന്ന തേങ്ങയേ അങ്കിള്‍ ഉറ്റുനോക്കി നില്‍ക്കുന്നതാണ് കണ്ടത്. ആ നില്‍പ്പും ഭാവവും കണ്ട് ചിരി വന്നു. സത്യത്തിൽ തേങ്ങ എങ്ങനെ ഉടയ്ക്കണം എന്നുപോലും അങ്കിളിന് അറിയില്ല. പിന്നെയല്ലേ പത്ത് പതിനാല് തേങ്ങ പൊട്ടിച്ച് അങ്കിള്‍ ചിരകാൻ പോകുന്നത്?!

അപ്പോഴാണ് മറ്റുള്ളവരും അങ്കിളിന്റെ ആ നില്‍പ്പും ഭാവവും കണ്ടത്. അതോടെ എല്ലാവരും പൊട്ടിച്ചിരിച്ചപ്പോ അങ്കിള്‍ ഞങ്ങളെ തുറിച്ചു നോക്കി.

ചിരി നിർത്തി ഞാൻ അടുത്തേക്ക് ചെന്നു . “അങ്കിള്‍ വേറെ എന്തെങ്കിലും ചെയ്യൂ. തേങ്ങ ഞാൻ ചിരകാം.”

അങ്കിള്‍ ആശ്വാസത്തോടെ അവിടെ നിന്നു മാറി. എന്നിട്ട് അറിയാവുന്ന പണി വല്ലതുമുണ്ടോന്ന് നോക്കി. പക്ഷെ എവിടെ? പുള്ളിക്ക് ഒന്നും അറിയില്ലെന്ന് കണ്ടതും ഫ്രിഡ്ജ് തുറന്ന് സാധനങ്ങള്‍ എല്ലാം അടുക്കി ഒതുക്കി വയ്ക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടു.

“നിങ്ങളെ കുടുംബത്തെ കുറിച്ച് പറ കുട്ടികളെ..” വല്യമ്മ ഡാലിയയുടെ കൂട്ടുകാരികളോട് ആവശ്യപ്പെട്ടു.

അതോടെ പെണ്‍കുട്ടികളും അവരുടെ ഭർത്താക്കന്മാരും ചേർന്ന് അവരവരുടെ കുടുംബത്തെ കുറിച്ച് വിശദമായി പറഞ്ഞു തുടങ്ങി. അവർ പറയുന്ന കാര്യങ്ങൾ കേട്ടു കൊണ്ട്‌ ഞാൻ ഓരോ തേങ്ങയായി പൊട്ടിച്ച് ചിരകി.

അവർ പറയുന്നതൊക്കെ കേട്ടു കഴിഞ്ഞപ്പോ എല്ലാവരോടും നല്ല അടുപ്പം തോന്നി. അവരൊക്കെ ശെരിക്കും ഞങ്ങളുടെ കുടുംബമായി മാറിയത് പോലെ അനുഭവപ്പെട്ടു. സ്വന്തം കുടുംബാംഗങ്ങളായിട്ട് തന്നെ അവരെ എന്റെ മനസ്സിൽ ഞാൻ സ്ഥാപിച്ചു.

അവരുടെ ഊഴം കഴിഞ്ഞതും വല്യമ്മയും ആന്റിയും ചേര്‍ന്ന് ഞങ്ങളുടെ കുടുംബത്തെ കുറിച്ച് പറഞ്ഞു. പിന്നെ എന്റെ അമ്മയെ കുറിച്ചും, എന്റെ അച്ഛനെ കുറിച്ചും, എന്റെ ഡെയ്സിയും ഞാനുമായുള്ള ഡീപ് പ്രണയത്തെ കുറച്ചു വരെ അവർ സംസാരിച്ചു.

എന്നെയും ഡെയ്സിയേ കുറിച്ചും സംസാരിച്ചപ്പോ അവരുടെയൊക്കെ നോട്ടം ഇടക്കിടയ്ക്ക് എന്റെ മേല്‍ പാളി നീങ്ങി. ഞാൻ ആരെയും നോക്കാതെ എന്റെ ജോലി തുടർന്നു.

എന്റെ അച്ഛന്റെ ബിസിനസ്സ് കുറിച്ചും വല്യച്ചൻ അവരോട് വിശദീകരിച്ചു. അതൊക്കെ ഞാൻ നടത്താൻ തുടങ്ങിയ ശേഷം എത്രത്തോളം ഞാൻ പ്രയത്നിച്ച് അതിനെയൊക്കെ പല മടങ്ങ് വളർത്തിയെടുത്തു എന്നും, അതൊന്നും കൂടാതെ വേറെയും ഒരുപാട്‌ ബിസിനസ്സുകൾ ഞാൻ ചെയ്യുന്നു എന്നും വല്യച്ചൻ അവരോട് പറഞ്ഞപ്പോ ഞാൻ പോലും ജോലി നിർത്തി അതൊക്കെ കേട്ടു നിന്നുപോയി. എല്ലാവരുടെ കണ്ണിലും ആശ്ചര്യം നിറഞ്ഞ് എന്നെ നോക്കിയതും അസ്വസ്ഥതയോടെ ഞാൻ വേഗം അവരുടെയൊക്കെ മുഖത്ത് നിന്നും നോട്ടം മാറ്റി എന്റെ ജോലിയിലേക്ക് ചിന്ത തിരിച്ചു.

ഒടുവില്‍ ജോലി എല്ലാം കഴിഞ്ഞ് എല്ലാവരും ഹാളില്‍ കൂടിയതും വല്യച്ചനും അങ്കിളും ഞങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഒന്നു ചുമച്ചു. ഉടനെ ഞങ്ങൾ എല്ലാവരും സൈലന്റായി.

അപ്പോൾ അങ്കിളും വല്യച്ചനും അവരുടെ ഭാര്യമാരെ നോക്കി കണ്ണുകൾ കൊണ്ട്‌ എന്തോ സിഗ്നല്‍ കൊടുത്തതും പുഞ്ചിരിയോടെ അവർ തലയാട്ടി.

“എല്ലാവരും ഇവിടെ ഹാളില്‍ ഇരിക്കൂ. ഞങ്ങൾ ഇപ്പൊ വരാം.”

നിര്‍ദ്ദേശിച്ചിട്ട് വല്യമ്മയും ആന്റിയും അങ്കിളും വല്യച്ചനും കൂടി വല്യമ്മയും വല്യച്ചന്റേ ബെഡ്റൂമിലേക്ക് കേറി ചെന്നു.

അല്‍പ്പം കഴിഞ്ഞ് നാല് വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടികളെ ഹാളിലേക്ക് അവർ വലിച്ചു കൊണ്ടു വന്നതും കുട്ടികൾ അഞ്ചും കൗതുകത്തോടെ ഓടി വന്നു.

“ഇത് നിങ്ങള്‍ക്കുള്ള ഓണക്കോടികളാണ്. നിങ്ങള്‍ക്ക് ഞങ്ങൾ തരുന്ന സമ്മാനം.

ഉടനെ ആര്‍പ്പുവിളിയും ചിരിയും കൈക്കൊട്ടലും മുഴങ്ങി. ഞാനും സന്തോഷ ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി. എല്ലാ മുഖത്തും അതിരറ്റ സന്തോഷവും ഉത്സാഹവും കണ്ടു. കുട്ടികൾ പോലും കൈകൊട്ടി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *