ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

ഞാൻ കോൾ എടുത്തു.

“കേരളത്തിലെ സുന്ദരി പൂവിന്റെ സുഗന്ധം ഇങ്ങ് തമിഴ്‌ നാട്ടിലേക്ക് പടര്‍ന്നു വീശാനുള്ള കാരണം എന്താണാവോ!” ഫോൺ എടുത്ത് ഞാൻ ചോദിച്ചതും, എന്റെ വാക്കുകളെ ആസ്വദിച്ച പോലെ ഡാലിയേടെ ഇമ്പമുള്ള ചിരി ഒഴുകിയെത്തി.

“ആഴ്‌ചയില്‍ അന്‍പത് വട്ടം ചോദിക്കുന്ന ചോദ്യം തന്നെയാ ഇപ്പോഴും ചോദിക്കാൻ വിളിച്ചത്.”

“എന്തു ചോദ്യം?” അറിയാത്ത പോലെ ഞാൻ ചോദിച്ചു.

“കളിക്കല്ലേ ചേട്ടാ.” അവൾ ദേഷ്യപ്പെട്ടു.

“ഓക്കെ, ഞാൻ കളിക്കില്ല. ഇനി കാര്യം പറ.”

“ഈ ചേട്ടൻ.” അവള്‍ ചിരിച്ചു. “റൂബി ചേട്ടൻ എന്നാ നാട്ടിലേക്ക് വരുന്നേ?”

“എന്നെങ്കിലും വരാൻ നോക്കാം….” ഞാൻ പറഞ്ഞു.

“എത്ര മാസം ആയെന്നറിയോ ചേട്ടൻ നാട്ടില്‍ വരാതെ?” ചെറിയ രോഷം അവളുടെ സ്വരത്തില്‍ കടന്നുകൂടി. “അടുത്ത ആഴ്ച ഓണം ആണെന്ന ചിന്തയെങ്കിലുമുണ്ടോ?”

“ആഹാ, ഇന്ന്‌ നല്ല ദേഷ്യത്തിലാണല്ലോ?”

“പിന്നേ ദേഷ്യപ്പെടാണ്ട്?” അവള്‍ കൂടുതൽ ഗൗരവത്തിലായി. “ചേട്ടന്റെ വല്യമ്മയും വല്യച്ഛനും ചേട്ടന്റെ മൂക്ക് ഇടിച്ചു പൊട്ടിക്കാൻ എനിക്ക് കൊട്ടേഷൻ തന്നേക്കുവാ.”

“അയ്യോ, എന്നോട് ദയ തോന്നി കൊട്ടേഷൻ ഒന്നും ഏറ്റെടുക്കല്ലേ…” എന്റെ ശബ്ദത്തില്‍ വിറയൽ വരുത്തി ഞാൻ പറഞ്ഞതും അവള്‍ ചിരിച്ചു.

“അല്ല പിന്നെ. കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്ക് വന്നു പോയിട്ട് ഇപ്പൊ ഏഴു മാസമായില്ലേ, അപ്പോ പിന്നെ അവര്‍ക്ക് ദേഷ്യം വരാണ്ടിരിക്കുമോ?” അവള്‍ ചോദിച്ചു. “എനിക്ക് പോലും ദേഷ്യം വരുന്നുണ്ട്.”

അവളുടെ ചോദ്യവും പറച്ചിലും എന്നെ അസ്വസ്ഥനാക്കി. ഒരു നെടുവീര്‍പ്പോടെ എന്റെ നെഞ്ച് ഞാൻ തടവി.

എന്റെ ഭാര്യ ഡെയ്സി മരിച്ചതിന് ശേഷം നാടും നാട്ടിലെ വീടുമൊക്കെ കാണുന്നത് തന്നെ എനിക്ക് വേദനയാണ് . നാട്ടില്‍ പോകുന്നതിനെ കുറിച്ച് ചിന്തിക്കുമ്പോഴേ എന്റെ ഹൃദയം വേദനിക്കും, എന്റെ മനസ്സ് തകരും. അതുകൊണ്ടാണ് കഴിഞ്ഞ മൂന്ന്‌ വർഷത്തിൽ വെറും നാല് പ്രാവശ്യം മാത്രം നാട്ടിലേക്ക് പോയത്, ഓരോ തവണയും മൂന്ന്‌ ദിവസത്തില്‍ കൂടുതൽ ഞാൻ നാട്ടില്‍ നിന്നിട്ടുമില്ല.

എന്നും ഞാൻ വീട്ടില്‍ വിളിച്ച് വല്യമ്മയും വല്യച്ഛനോടും സംസാരിക്കാറുണ്ട്. അത് മാത്രം ഞാൻ മുടക്കിയിട്ടില്ല. ഞാൻ നാട്ടില്‍ പോകുന്നില്ല എന്ന് കഴിഞ്ഞ ആറു മാസമായി വല്യമ്മയും വല്യച്ചനും എന്നോട് പരാതിയും വിഷമവും പറഞ്ഞുകൊണ്ടെ ഇരിക്കുന്നു. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി ഓണത്തിനും ഞാൻ നാട്ടില്‍ പോയിട്ടില്ല.

വല്യമ്മയുടെ വീട്ടീന്ന് നാല്‌ വീട് മാറിയാണ് ഡെയ്സിയുടെ വീട്. എന്റെ വല്യമ്മയും സോഫിയ ആന്റിയും (ഡെയ്സിയുടെ അമ്മ) അവരുടെ കുട്ടിക്കാലം തൊട്ടേ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. പണ്ടേ അവരുടെ ആ സൗഹൃദം അവരുടെ രണ്ട് കുടുംബത്തിനകത്തേക്കും പടർന്നു വളര്‍ന്നിരുന്നു.

വല്യമ്മക്കും വല്യച്ചന്നും സ്വന്തമായി ഞാൻ മാത്രമേയുള്ളു. സോഫിയ ആന്റിക്ക് ഇരട്ടക്കുട്ടികളായ രണ്ട് പെൺകുട്ടികൾ ആയിരുന്നു. ഡെയ്സിയും ഡാലിയയും. അവർ എന്നെക്കാൾ മൂന്ന്‌ വയസ്സിന് ഇളയതാണ്. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് കളിച്ചു വളര്‍ന്നത്.

ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലം തൊട്ടെ എനിക്ക് കരാട്ടേയും കളരിയും മര്‍മ്മ ശാസ്ത്രത്തോടും ഹരമായിരുന്നു. അതുകൊണ്ട്‌ എന്റെ വല്യച്ചൻ അപ്പോഴേ അതൊക്കെ പഠിക്കാനുള്ള സാഹചര്യം എനിക്ക് ഒരുക്കിത്തന്നിരുന്നു. സ്കൂളും, കളരിയും, കരാട്ടേ ക്ലാസും, മര്‍മ്മ ശാസ്ത്ര പഠനവും, കവിത എഴുത്തും കൂടാതെ… വീടിന്‌ പുറകിലത്തെ ഞങ്ങളുടെ പറമ്പില്‍ പല തരത്തിലുള്ള കൃഷി പരീക്ഷണങ്ങൾ നടത്തിയും, ഡാൻസ് ടീച്ചറായ വല്യമ്മയിൽ നിന്ന് ഡാൻസ് പഠിച്ചും, വല്യമ്മയ്ക്കൊപ്പം ഡാൻസ് കളിച്ചും,, അപ്പോഴേ തിരക്കു പിടിച്ച ജീവിതമായിരുന്നു എന്റേത്.

എന്റെ വല്യമ്മയും വല്യച്ചനും ഞാനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ വിവരിക്കണം എന്നറിയില്ല. വല്യമ്മ എന്റെ അമ്മയും ചേച്ചിയും അനിയത്തിയും മോളും കൂട്ടുകാരിയും ഒക്കെയാണ്. ചെറിയ പെണ്‍കുട്ടിയെ പോലെ വല്യമ്മ ഉത്സാഹത്തോടെ എന്റെ കൂടെ കൃഷി സ്ഥലങ്ങളില്‍ ഓടി ചാടി വരുന്നത് കാണുമ്പോ എനിക്ക് ചിരിയും, പക്ഷേ അതിലേറെ സന്തോഷവും തോന്നാറുണ്ട്. വല്യമ്മയെ കണ്ടാൽ ഇപ്പോഴും ചെറുപ്പക്കാരി എന്നെ പറയൂ. എന്റെ കൂടെ ഡാൻസ് കളിക്കുന്നത് വല്യമ്മയ്ക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്കും ഇഷ്ട്ടമാണ്. ഞാൻ വല്യമ്മയുടെ പ്രാണനും, ഡാൻസ് വല്യമ്മയുടെ ശ്വാസവുമാണ്.

വല്യച്ചനും ഒരുപാട്‌ കാര്യങ്ങൾ എനിക്ക് പറഞ്ഞും പഠിപ്പിച്ചും തന്നിട്ടുണ്ട്. കൂട്ടുകാരനെ പോലെ എന്റെ കൂടെ നടന്നിട്ടുണ്ട്. അദ്ദേഹം കേ.എസ്.ഇ.ബി യില്‍ ചീഫ് എന്‍ജിനീയര്‍ ആയിരുന്നു. രണ്ട് കൊല്ലം മുന്‍പാണ് റിട്ടയരായത്.

പിന്നേ ഡെയ്സി……. ചെറു പ്രായത്തില്‍ തന്നെ ഞാനും ഡെയ്സിയും പ്രണയബന്ധരായി കഴിഞ്ഞിരുന്നു. ഡെയ്സി എന്റെ ജീവനാണെന്ന പോലെ ഞാൻ അവള്‍ക്ക് പ്രാണനായിരുന്നു.

എന്റെ അമ്മ മരിച്ച ശേഷം അച്ഛൻ ശെരിക്കും തകർന്ന് പോയിരുന്നു. പക്ഷേ എന്നിട്ടും അച്ഛൻ എന്നെ കാണാന്‍ എപ്പോഴും കേരളത്തിലേക്ക് വരുമായിരുന്നു. അച്ഛനെയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. അച്ഛന്‌ എന്നെ ജീവനുമാണ്. ഇടയ്ക്കിടയ്ക്ക് അച്ഛൻ എന്നെ തമിഴ്‌നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി, അച്ഛന്റെ ബിസിനസ്സിനെ കുറിച്ചൊക്കെ പറഞ്ഞു തരുമായിരുന്നു. അച്ഛന്റെ ഒരുപാട്‌ വിഐപി സുഹൃത്തുക്കളെയും എനിക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ടായിരുന്നു.

അച്ഛന് ഞാൻ ജീവ നായിരുന്നു . പക്ഷേ എന്നിട്ടും അമ്മ മരിച്ചതിനു ശേഷം അച്ഛന്‌ ജീവിക്കാനുള്ള ആഗ്രഹവും അസ്തമിച്ചിരുന്നു. സ്വന്തം ആരോഗ്യം നോക്കാതേയും, ജീവിതത്തെ അതിന്റെ പോക്കിന് വിട്ടുകൊടുത്തും, ദിവസങ്ങളോളം ഉറക്കമിളച്ചും, ഭക്ഷണം കഴിക്കാതേയും, അസുഖം ചികില്‍സിക്കാതേയുമാണ് അച്ഛൻ ജീവിച്ചത്. അച്ഛനെ ഉപദേശിക്കാനും സഹായിക്കാൻ ശ്രമിച്ചവരേയും അച്ഛൻ അടുപ്പിച്ചിട്ടില്ല. എന്റെ ഉപദേശം കേള്‍ക്കാന്‍ പോലും അച്ഛൻ തയ്യാറായിരുന്നില്ല.

ഒടുവില്‍ ജീവിച്ച് മതിയായെന്ന് തോന്നിയതും വിഷം കഴിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു. ഞാൻ എം.ബി.എ. കഴിഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു അത്.

ആത്മഹത്യ ചെയ്യും മുന്‍പ് അവസാനമായി അച്ഛൻ എന്നെ നീലഗിരിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു. നീലഗിരിയിലുള്ള അച്ഛന്റെ വലിയ ലോഡ്ജും, പതിനൊന്ന് കാറുകളും, ആറ് ഏക്കറോളം വരുന്ന തേയില തോട്ടവും, പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന കുറെ കോട്ടേജുകളും, അത് കൂടാതെ മറ്റും ചിലതുമൊക്കെ എന്റെ പേരില്‍ അച്ഛൻ മാറ്റിയെഴുതുകയുണ്ടായി. അച്ഛന്റെ ബാങ്ക് ബാലന്‍സ് പോലും മൊത്തമായി എന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫറും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *