ട്വിൻ ഫ്ലവർസ് – 1 30അടിപൊളി  

അച്ഛൻ ഇതൊക്കെ ചെയ്യുന്നത് കണ്ട് എന്തോ പന്തികേട് തോന്നിയതും അച്ഛന്റെ ഉദ്ദേശത്തെ ഞാൻ ചോദ്യം ചെയ്തു.

പക്ഷേ അച്ഛൻ അതിന്റെ മറുപടി തന്നില്ല. എന്നാൽ, എന്നെ ചേര്‍ത്തു നിർത്തി മറ്റൊരു കാര്യം പറഞ്ഞു, “ഡെയ്സി നല്ല കുട്ടിയാണ്. അവള്‍ എനിക്ക് മരുമകളായി വരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. എന്റെ അനുഗ്രഹം എപ്പോഴും നിങ്ങള്‍ക്ക് ഉണ്ടാകും” എന്ന്.

ആ ഒരാഴ്ച്ച കാലം അച്ഛൻ ചെയ്തതും പറഞ്ഞതിന്റെയും കാരണങ്ങൾ ഒന്നും എനിക്ക് മനസ്സിലായിരുന്നില്ല. ഒടുവില്‍ എല്ലാം എന്റെ പേരിലേക്ക് മാറ്റി കഴിഞ്ഞതും അച്ഛൻ എന്നെ നിര്‍ബന്ധപൂര്‍വ്വം വല്യമ്മയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. അതിനു ശേഷമാണ് അച്ഛൻ ആത്മഹത്യ ചെയ്തത്.

അങ്ങനെ എന്റെ അച്ഛന്റെ ബിസിനസ്സ് എല്ലാം ഞാൻ ഏറ്റെടുത്തു നടത്താൻ തുടങ്ങി. അച്ഛൻ ജീവിച്ചിരുന്ന അത്രയും കാലം കൊണ്ട്‌ ആവശ്യത്തിലധികം സ്വത്തുക്കള്‍ അച്ഛൻ സമ്പാദിച്ചു കൂട്ടിയിരുന്നു, അതെല്ലാം എനിക്ക് തന്നിട്ട് പോയെങ്കിലും, വാശിയോടെയാണ് ഞാൻ ബിസിനസ്സ് ചെയ്ത് എന്റെ സ്വന്തമായ സാമ്രാജ്യം ഞാൻ പടുത്തുയർത്തിയത്.

നീലഗിരിയിൽ ജില്ലയിലായി ഇപ്പോൾ എനിക്ക് പതിനാല് ലോഡ്ജുകളുണ്ട്. അച്ഛൻ എനിക്ക് തന്നതിന്റെ നാലിരട്ടി ടൂറിസ്റ്റ് കാറുകളും എനിക്കുണ്ട്. അച്ഛൻ തന്നത് കൂടാതെ, വേറെയും പതിനേഴ്‌ ഫാമിലി കോട്ടേജുകൾ പണിത്, അതിൽ ചിലതൊക്കെ വാടകയ്ക്ക് ഞാൻ വിട്ടിട്ടുണ്ട്. പിന്നെ രണ്ട് സ്ഥലങ്ങളിലായി രണ്ട് ഇടത്തരം കരാട്ടേ ഡോജോ എനിക്കുണ്ട്. ആഴ്‌ചയില്‍ മൂന്ന്‌ ദിവസങ്ങള്‍ മാത്രമേ ഞാൻ എന്റെ രണ്ട് ഡോജോയിലും പ്രാക്ടീസ് കൊടുക്കാറുള്ളു. ബാക്കി ദിവസങ്ങളില്‍ പഠിപ്പിക്കാന്‍ വേറെ മാസ്റ്റേസിനെ ഞാൻ നിയമിച്ചിട്ടുണ്ട്.

അതൊക്കെ കൂടാതെ വേറെയും കുറെ ബിസിനസ്സുകളും എനിക്കുണ്ട്.

പക്ഷേ എന്തൊക്കെയായാലും സന്തോഷം എന്ന സാധനം മാത്രം എനിക്കില്ല. ശപിക്കപ്പെട്ട ജന്മമായിരിക്കും എന്റേത്.

പ്രേമിച്ച് കെട്ടിയ എന്റെ അച്ഛന്‌ ആറ് വർഷത്തിൽ എന്റെ അമ്മയെ നഷ്ടപ്പെട്ടു. ശേഷം വേദനയും ദുഃഖവും കാരണം നരകിച്ച് ജീവിച്ച്, ജീവിതം തുടരാൻ ആഗ്രഹിക്കാത്ത അച്ഛൻ ആത്മഹത്യയും ചെയ്തു.

ഇപ്പോൾ എന്റെ അച്ഛന്റെ അതേ അവസ്ഥയാണ് എനിക്കും. അച്ഛന്‌ ലഭിച്ച അതേ ശാപം തന്നെയാണ് എനിക്കും കിട്ടിയത്…. വളരെ കുഞ്ഞ് പ്രായം തൊട്ടേ ഡെയ്സിയും ഞാനും പ്രണയിച്ച് തുടങ്ങിയിരുന്നു. പതിമൂന്ന്‌ കൊല്ലം പ്രേമിച്ചാണ് വിവാഹിതരായത്. പക്ഷേ വെറും രണ്ടു വര്‍ഷം മാത്രമെ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞുള്ളു.

എന്റെ അമ്മയെ പോലെ കുഞ്ഞിന്‌ ജന്മം നല്‍കുമ്പോഴാണ് ഡെയ്സിയും മരിച്ചത്. ഞങ്ങളുടെ പെൺകുഞ്ഞ് പോലും രക്ഷപ്പെടില്ല. പണ്ട്‌ എന്റെ അച്ഛന്‍ ജീവിച്ച പോലെ ഞാനും ഇപ്പൊ ഭ്രാന്തമായ വേദനയിലാണ് ജീവിക്കുന്നത്. ആത്മഹത്യ ചെയ്താലോ എന്നുവരെ ഞാനും പലപ്പോഴും ചിന്തിച്ചതാണ്.. പക്ഷേ അങ്ങനെ ചെയ്താല്‍ എന്റെ ഡെയ്സിയുടെ ആത്മാവ് എന്നോട് പൊറുക്കില്ല.

“ചേട്ടാ……?” ഫോണിലൂടെ ഡാലിയ വിളിച്ചു കൂവി.

“ഹാ… എന്റെ ചെവി പൊട്ടി.” ചെവിയില്‍ നിന്നും മൊബൈൽ ഞാൻ മാറ്റി പിടിച്ചു. ചെവി ഒന്ന് ഉഴിഞ്ഞ ശേഷം പിന്നെയും ചെവിയോട് ചേര്‍ത്തു.

“പത്ത് മിനിറ്റ് വിളിച്ചിട്ടും പൊട്ടനെ പോലെ പ്രതികരിക്കാതെ അവിടെ എന്തെടുക്കുവാ?” പിണങ്ങിയ പോലെ ഡാലിയ ചോദിച്ചു.

“ഞാൻ… ഞാൻ എന്തൊക്കെയോ ആലോചിച്ചിരുന്നു പോയി.” പതിഞ്ഞ ശബ്ദത്തില്‍ ഞാൻ പറഞ്ഞു.

എന്റെ ഉള്ളിലുള്ള വേദനയും വിഷമവും എന്റെ ശബ്ദത്തില്‍ കലര്‍ന്നിരുന്നു. അത് ഡാലിയയും മനസ്സിലാക്കിയെന്ന് തോന്നി. കാരണം കുറച്ചുനേരത്തേക്ക് അവള്‍ മിണ്ടിയില്ല.

“കുറച്ച് പണിയുണ്ട്, ഞാൻ വെച്ചോട്ടേ?” അല്‍പ്പം കനത്ത ശബ്ദത്തിലാണ് ആ ചോദ്യം പുറത്തേക്ക്‌ വന്നത്. ഡാലിയ മൂളി. ഞാൻ വേഗം കോൾ കട്ടാക്കി കസേരയിലേക്ക് ചാഞ്ഞു.

നാട്ടില്‍ പോണം. ഞാൻ തീരുമാനിച്ചു.
***************

തിരുവനന്തപുരം ജില്ലയില്‍ പൂവാർ എന്ന സ്ഥലത്തിനടുത്താണ് വല്യമ്മയുടെ വീട്. കടല്‍ തീരത്ത് നിന്ന് വെറും അര കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു. ബാക് വാട്ടറും പെഴിയും ഒക്കെയുള്ള സ്ഥലം.

നീലഗിരിയിൽ നിന്നും രാത്രി പത്തരയോടെയാണ് തിരിച്ചത്. എട്ടു മണിക്കൂര്‍ യാത്ര ചെയ്ത് രാവിലെ ആറു മണിക്ക് നാട്ടിലെത്തി. തുറന്നു കിടന്ന ഗേറ്റും കടന്ന് വല്യമ്മയുടെ വീട്ട് മുറ്റത്ത്‌ എന്റെ കാര്‍ കൊണ്ടു നിര്‍ത്തി.

“എടാ മരക്കഴുതേ …!!” കാര്‍ നിർത്തി പുറത്തിറങ്ങിയ നിമിഷം വല്യമ്മ അലറിവിളിച്ചു കൊണ്ട്‌ പുറത്തേക്ക്‌ ഓടി വന്നു. ദേഷ്യവും സങ്കടവും എല്ലാം ആ മുഖത്ത് മാറിമാറി പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.

വല്യമ്മ ദേഷ്യത്തില്‍ എന്റെ രണ്ട് കവിളും നുള്ളി പിച്ചു വലിച്ചു. എന്റെ തോളത്തും കൈയിലും കുറെ അടിച്ചു.

“അയ്യോ… വല്യമ്മേ… നോവുന്നു.” വല്യമ്മയുടെ കൈയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഒടുവില്‍ എന്റെ രണ്ടു ചെവിയും പിച്ചു തിരുമ്മി നോവിച്ച ശേഷം വല്യമ്മ മുഖം വീർപ്പിച്ചു നിന്നു.

എനിക്ക് അടിയും നുള്ളും തന്നതും പോരാഞ്ഞിട്ട്, ഇപ്പൊ വല്യമ്മയെ ഞാനാണ് ഉപദ്രവിച്ചത് പോലത്തെ നില്‍പ്പ് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി. പക്ഷേ ഇപ്പൊ ചിരിച്ചാൽ പുള്ളിക്കാരിക്ക് ദേഷ്യം കൂടും. അതുകൊണ്ട്‌ ഒന്നും മിണ്ടാതെ പിണങ്ങി നില്‍ക്കുന്ന വല്യമ്മയെ ഞാൻ കെട്ടിപിടിച്ചു. പക്ഷേ വല്യമ്മ പ്രതികരിക്കാതെ കൈയും താഴ്ത്തി ദേഷ്യത്തില്‍ മറ്റെങ്ങോ നോക്കി നിന്നു.

“എന്റെ സൂസി, ഇത്രമാത്രം നോവിച്ചതിന് അവനാ മുഖം വീർപ്പിച്ചു നില്‍ക്കേണ്ടത്..!! പക്ഷെ നീയാണല്ലോ ദേഷ്യത്തില്‍ ബലം പിടിച്ചു നില്‍ക്കുന്നേ..!” വല്യച്ചൻ മുഴങ്ങുന്ന ചിരിയോടെ വീട്ടില്‍ നിന്നും പുറത്തേക്ക്‌ വന്നു.

“ദേ ഇച്ചായാ, നിങ്ങളാണ് ഇളക്കം കൊടുത്ത് ഇവനെ ഇത്രക്ക് വഷളാക്കിയത്.” ദേഷ്യം പിടിച്ച് വല്യമ്മ വല്യച്ചനെ കുറ്റപ്പെടുത്തി.

“എന്റെ സൂസി, ഞാൻ വെറും പാവമല്ലേ. എന്നോട് ഇങ്ങനെ പിണങ്ങല്ലേ.” സൂസന്‍ വല്യമ്മയെ കൂടുതൽ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

“എടാ ചെറുക്കാ, എന്നെ പേര് പറഞ്ഞു വിളിക്കാൻ ഞാൻ നിന്റെ അനിയത്തിയാണോടാ?” വല്യമ്മ ചിരിച്ചു കൊണ്ടാണ് ചോദിച്ചത്‌.

“വല്യയമ്മയെ കണ്ടാൽ എന്റെ പ്രായം പോലും തോന്നിക്കില്ല.” പറഞ്ഞിട്ട് കവിളത്ത് ഒരു ഉമ്മയും കൊടുത്തു.

ഉടനെ വല്യമ്മ എന്നെ ചേര്‍ത്തു പിടിച്ചു. എനിക്കും കവിളത്ത് ഉമ്മ തന്നിട്ട് മാറി നിന്ന് എന്നെ സൂക്ഷിച്ചു നോക്കി.

“നി ഒത്തിരി ക്ഷീണിച്ച് പോയല്ലോ?” വല്യച്ചന്റെ കുറ്റപ്പെടുത്തുന്ന നോട്ടം എന്റെ മേല്‍ തറച്ചു. “ഇടയ്ക്കൊക്കെ അരുളിനെ വിളിച്ച് ഞാൻ കാര്യങ്ങൾ ചോദിക്കാറുണ്ട്… നേരാംവണ്ണം നി കഴിക്കുന്നില്ല, ഉറക്കവും കുറവ്, സ്വയം ശ്രദ്ധിക്കുന്നില്ല, എന്നൊക്കെയാ അറിഞ്ഞത്.” വല്യച്ചന്റെ കണ്ണുകളില്‍ കാഠിന്യം വര്‍ധിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *