ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

എന്റെ അച്ഛനെപ്പോലെ ഞാനും ആത്മഹത്യ ചെയ്യുമോ എന്ന സംശയവും ഭയവും വല്യച്ചന്റെ കണ്ണുകളില്‍ ഞാൻ കണ്ടു.

“എന്റെ അച്ഛനെ പോലെ ഞാൻ അരുതാത്തതൊന്നും ചെയ്യില്ല, വല്യച്ചാ.” ഞാൻ ചുണ്ട് കോട്ടി.

“ക്ഷീണിച്ച് വന്നു കേറിയ എന്റെ കുട്ടിയോട് അതുമിതും പറയാതെ ഒന്ന് പോയേ.” വല്യമ്മ വല്യച്ചനോട് ദേഷ്യപ്പെട്ടു. എന്നിട്ട് എന്റെ കൈയും പിടിച്ച് അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

“നീ ചെന്ന് ഫ്രെഷായി വാ മോനെ. അപ്പോഴേക്കും കാപ്പി റെഡിയാക്കാം.” മുകളിലത്തേ നിലയില്‍ കേറാനുള്ള പടിക്കെട്ടിന് നേരെ എന്നെ പതിയെ തള്ളി വിട്ടിട്ട് വല്യമ്മ കിച്ചനിൽ കേറി പോയി.

ഞാൻ താഴേ തന്നെ നിന്ന് എന്നിട്ട്, ഞാനും ഡെയ്സിയും ഉപയോഗിച്ചിരുന്ന ആ റൂമിന്റെ അടഞ്ഞു കിടന്ന വാതിലിൽ നോക്കി. ഡെയ്സി മരിച്ചതിന് ശേഷം ആ റൂമിൽ ഞാൻ കേറിയിട്ടില്ല.

“റൂബിന്‍….”

വല്യച്ചൻ മടിച്ചു മടിച്ച് വിളിച്ചതും ഞാൻ ആ വാതിലിൽ നിന്നും നോട്ടം മാറ്റി.

“ജീവിതം ഇങ്ങനെയാണ് കുഞ്ഞേ. നഷ്ടങ്ങള്‍ ഉണ്ടാവും. പക്ഷേ നഷ്ട്ടങ്ങളെ ചിന്തിച്ച് ജീവിതം പാഴാക്കരുത്. നഷ്ട്ടപ്പെട്ടതൊക്കെ മറക്കണം. എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറി നില്‍ക്കാതെ മറ്റൊരു നിധി അന്വേഷിച്ച് സ്വന്തമാക്കി സന്തോഷമായി നീ ജീവിക്കണം.” വല്യച്ചൻ ഉപദേശിച്ചു.

“എന്റെ ഡെയ്സിയേക്കാൾ വിലപ്പെട്ട നിധിയെ എനിക്ക് കിട്ടില്ല, വല്യച്ചാ. മറ്റൊരു നിധിയെ അന്വേഷിച്ച് സ്വന്തമാക്കാനും എനിക്ക് താല്പര്യമില്ല.”

വല്യച്ചന്റെ കണ്ണില്‍ നോക്കി ഞാൻ അങ്ങനെ പറഞ്ഞതും ആ മുഖം വാടി. വല്യച്ചൻ ഒന്നും പറയാതെ നിന്നു.

“പക്ഷേ ഇത്രയും മാസം നിങ്ങളില്‍ നിന്നൊക്കെ അകന്നു നിന്നതിൽ എനിക്ക് കുറ്റബോധമുണ്ട്. ഇനി അങ്ങനെ സംഭവിക്കില്ല.”

സാവധാനം പുഞ്ചിരിയോടെ പറഞ്ഞിട്ട് തിരിഞ്ഞ് പടി കേറുമ്പോൾ വല്യമ്മ അടുക്കള നടയില്‍ വിഷമിച്ച് നിന്ന് എന്നെയും വല്യച്ചനെയും മാറിമാറി നോക്കുന്നത് കണ്ടു.

എന്റെ റൂമിൽ കേറി ഷവറിന് താഴെ നിൽക്കുമ്പൊ, എപ്പോഴും ഞാനും ഡെയ്സിയും ഷവറിന് താഴെ കെട്ടിപ്പിടിച്ചു നിന്ന് കുളിക്കാറുള്ള കാര്യം ഓര്‍ത്തു പോയി. പിന്നെയും മനസ്സിൽ വേദന നിറഞ്ഞു.

ഡെയ്സി മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് അവള്‍ പറഞ്ഞ കാര്യത്തെ പിന്നെയും ഞാൻ ഓര്‍ത്തു.

“ഞാനും റൂബി ചേട്ടന്റെ അമ്മയെ പോലെ പ്രസവത്തിനിടെ മരിച്ചാല്‍ ചേട്ടൻ ഒരിക്കലും ചേട്ടന്റെ അച്ഛനെ പോലെ മാറരുത്, കേട്ടല്ലോ..!!” എന്റെ മടിയില്‍ എന്നെയും കെട്ടിപിടിച്ച് ഇരിക്കുമ്പോഴാണ് ഡെയ്സി പെട്ടന്ന് അങ്ങനെ പറഞ്ഞത്.

അവളുടെ വാക്കുകൾ ഒരു പ്രഹരമായിട്ടാണ് എന്റെ ഹൃദയത്തിൽ കൊണ്ടത്. എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞതും ഡെയ്സി വേവലാതിപ്പെട്ട് എന്നെ കൂടുതൽ മുറുകെ ചേർത്തു പിടിച്ചു. “ഞാൻ ഭയങ്കര സീരിയസായിട്ടാ പറഞ്ഞത്.” അവളുടെ സ്വരം ഇടറിയിരുന്നു.

പ്രസവത്തിനിടയ്ക്ക് അവള്‍ മരിക്കുമെന്ന് ഉള്‍വിളി ലഭിച്ചു കാണും. അതുകൊണ്ടാവാം അവൾ ജീവിച്ചിരുന്ന അവസാനത്തെ ആ ആഴ്ച മുഴുവനും അവളെനിക്ക് ഒരുപാട്‌ ഉപദേശങ്ങള്‍ തന്നത്. ആ അവസാനത്തെ ആഴ്ച്ച എന്റെ ശരീര ഭാഗം പോലെ എന്നോട് പറ്റിച്ചേർന്നാണ് അവള്‍ ജീവിച്ചത്. ആ ഒരു ആഴ്ചയും അവള്‍ ഇരിക്കുന്നത് എന്റെ മടിയില്‍ മാത്രവും, കിടക്കുന്നത് എന്റെ മാറിൽ മാത്രവും ആയിരുന്നു. ഭക്ഷണം പോലും ഞാൻ വാരി കൊടുക്കണമെന്ന് ശാഠ്യം പിടിച്ചിരുന്നു. അവളുടെ എന്ത് ആവശ്യവും സന്തോഷത്തോടെ തന്നെ നിറവേറ്റി ഞാൻ കൊടുത്തിരുന്നു.

അവസാനം, ഒരാഴ്ച കഴിഞ്ഞ് എന്റെ ഡെയ്സി എന്നെ വിട്ടു പോകുക തന്നെ ചെയ്തു, ഒപ്പം ഞങ്ങളുടെ കുഞ്ഞും. എന്നെന്നേക്കുമായി അവർ രണ്ടുപേരും എന്നെ വിട്ടു പോയി.

ഷവറിൽ നിന്നും ചീറ്റുന്ന തണുത്ത വെള്ളത്തിന് വേദനയില്‍ പൊള്ളുന്ന എന്റെ മനസ്സിനെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല. എന്റെ കണ്ണുനീര്‍ ആ തണുത്ത വെള്ളത്തിൽ അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരുന്നു.

“മരണം നിന്നെ കീഴ്പ്പെടുത്താൻ പോകുന്നുവെന്ന് ശെരിക്കും നിനക്കറിയാമായിരുന്നു, അല്ലേ?” കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ വേദനയോടെ ചോദിച്ചു.

പക്ഷേ മറുപടി തരേണ്ട ദൂരത്തല്ലായിരുന്നു അവള്‍.

“മോനെ…?” വല്യമ്മ ബാത്റൂം വാതിലിൽ മുട്ടി സ്നേഹത്തോടെ വിളിച്ചു. “ഒരു മണിക്കൂറായി മേളിൽ നീ വന്നിട്ട്. കുളി കഴിഞ്ഞില്ലേ?”

“കഴിഞ്ഞു, വല്യമ്മേ. വേഗം ഞാൻ താഴോട്ട് വരാം.” സങ്കടം ഉള്ളിലൊതുക്കി ഞാൻ വിളിച്ചു പറഞ്ഞതും ഒരു മൂളല്‍ മാത്രമാണ് കേട്ടത്.

ഞാൻ വേഗം കുളിച്ച് പുറത്ത്‌ വന്നു.

ഞങ്ങളുടെ വിവാഹം കഴിഞ്ഞ്, ആദ്യമായി ഡെയ്സി എനിക്ക് സമ്മാനിച്ച ടീ ഷര്‍ട്ടും കാർഗോ പാന്റും എടുത്തിട്ടിട്ട് റൂമിന് പുറത്ത്‌ വന്നപ്പോ, പാട്ടും പാടി പടിക്കെട്ടിലിരുന്ന് പത്രവും വായിച്ചു കൊണ്ടിരുന്നു വല്യച്ചനെയാ കണ്ടത്.

ഞാൻ വാരുന്ന ശബ്ദം കേട്ട് പുഞ്ചിരിയോടെ പുള്ളി എഴുനേറ്റ് തിരിഞ്ഞ് നോക്കി. പക്ഷേ എന്റെ വസ്ത്രം കണ്ടതും ചെറിയൊരു ദുഃഖം ആ മുഖത്ത് മിന്നി മറഞ്ഞു.

“വാ, കഴിക്കാം.” വല്യച്ചൻ വിളിച്ചു. ഞാൻ നാല്‌ പടികള്‍ ഇറങ്ങി വല്യച്ചൻ നില്‍ക്കുന്ന സ്റ്റെപ്പിൽ എത്തിയതും വല്യച്ചൻ എന്റെ തോളത്ത് കൈയിട്ടു.

“നിനക്ക് എന്നെക്കാൾ ഉയരം ഉണ്ടെന്ന അഹങ്കാരം അല്ലേടാ നിന്റെ കണ്ണില്‍ ഞാൻ കാണുന്നത്?” പുരികം ഉയർത്തി എന്റെ ചന്തിക്കിട്ട് ഒരടി തന്നതും ഞാൻ ചിരിച്ചുപോയി. അതോടെ മനസ്സിന്‌ ഒരു ആശ്വാസം കിട്ടി.

ഞങ്ങൾ ഒരുമിച്ച് ബാക്കി പട്ടികളും ഇറങ്ങി ഡൈനിംഗ് ഭാഗത്തേക്ക് നടന്നു.

“വല്യച്ചാ?”

“എന്താ മോനെ?”

“പാട്ടും പാടി, അതേ സമയത്ത്‌ വല്യച്ചൻ എങ്ങനെയാ പത്രവും വായിച്ചേ?”

“പത്രം വായന വെറും ഷോ ആയിരുന്നടാ. പാട്ടില്‍ ആയിരുന്നു എന്റെ ശ്രദ്ധ. പാടുമ്പോ സകലതും ഞാൻ മറക്കും. കഴിഞ്ഞ ജന്മത്ത് ഞാൻ ഗാന ഗന്ധര്‍വന്‍ ആയിരുന്നു.”

“പക്ഷേ വല്യച്ചൻ പാടിയത് വെറും തെറ്റായിരുന്നല്ലോ? ഇടക്ക് തെറി വാക്കുകളും കേട്ടല്ലോ?!”

ഞാൻ വല്യച്ചനെ തല്ലിയത് പോലെ വല്യച്ചൻ പെട്ടന്ന് നിന്നിട്ട് തല ചെരിച്ച് എന്നെ മിഴിച്ചു നോക്കി. “നീ പോയേ. ഞാൻ ശരിയായി തന്നെയാ പാടിയത്.” അതും പറഞ്ഞ്‌ വല്യച്ചൻ മുഖവും വീർപ്പിച്ച് പിന്നെയും നടന്നു.

“എന്റെ കുഞ്ഞിനെ വിളിച്ചോണ്ട് വരാൻ പോയ ആ പെണ്ണ് പിടിയനയും കാണുന്നില്ലല്ലോ!” ഡൈനിംഗ് ടേബിളില്‍ എല്ലാം നിരത്തുന്നതിനിടയ്ക്ക് വല്യമ്മ പിറുപിറുക്കുന്നത് കേട്ട് ഞാൻ അന്തിച്ച് പോയി. എന്നിട്ട് വല്യച്ഛനെ നോക്കി.

പുള്ളി ചമ്മലോടെ തല ചൊറിഞ്ഞു.

“വല്യച്ചനേയാണോ പെണ്ണ് പിടിയൻ എന്ന് വിളിച്ചത്?” ചിരിയോടെ ഞാൻ ചോദിച്ചതും വല്യമ്മ തിരിഞ്ഞു നിന്ന് സ്വന്തം ഭർത്താവിനെ നോക്കി കണ്ണുരുട്ടി.

“കേട്ടോ മോനെ, കഴിഞ്ഞ കുറേ നാളായി ഒരാൾ വെളുപ്പിന് എഴുനേറ്റ് പൊഴിക്കരയിലേക്ക് ഒറ്റ പോക്കാണ്. ഈ പുതിയ ശീലത്തെ കുറിച്ച് ഞാൻ ചോദിച്ചപ്പോ, രാവിലെ കുറച്ചുനേരം നീന്തി കുളിക്കണം പോലും. രണ്ടു ദിവസം മുമ്പ് ഇങ്ങേര് പോയ ശേഷം നമ്മുടെ കാറും എടുത്ത് ഞാനും പൊഴിയിൽ പോയി നോക്കി. അപ്പോ ദേ, ഇങ്ങേര് വെള്ളത്തില്‍ നിന്നുകൊണ്ട് രണ്ട് മൂന്ന്‌ മദാമമാരെ മാറിമാറി കൈയിൽ കിടത്തി, നീന്തല്‍ പഠിപ്പിക്കുന്ന പേരില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. അപ്പോ ഇങ്ങേരെ പെണ്ണുപിടിയൻ എന്നല്ലാണ്ട് എന്തു വിളിക്കും.”

Leave a Reply

Your email address will not be published. Required fields are marked *