ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

“എടിയെടി…!!” ചമ്മി ചുവന്ന മുഖത്ത് പൊടിഞ്ഞ വിയർപ്പിനെ തുടച്ചു കൊണ്ട്‌ വല്യച്ചൻ എന്തോ കൂടുതൽ പറയാന്‍ ശ്രമിച്ചെങ്കിലും വാക്കുകൾ പുറത്തേക്ക്‌ വന്നില്ല.

അതുകണ്ട് ഞാനും വല്യമ്മയും പൊട്ടിച്ചിരിച്ചു.

എനിക്ക് ഓര്‍മ വച്ച കാലം തൊട്ടേ ഇവർ രണ്ടുപേരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കറുണ്ടെങ്കിലും, കാര്യമായി വഴക്കൊന്നും കൂടിയിട്ടില്ലാ. അത്ര സ്നേഹത്തോടെയാണ് പരസ്പ്പരം മനസ്സിലാക്കി ഇവര്‍ ജീവിക്കുന്നത്.

“റൂബി മോനെ…” പെട്ടന്ന് വല്യമ്മയുടെ കൈ എന്റെ തോളത്ത് അമർന്നതും ഞാൻ പുഞ്ചിരിച്ചു.

“എത്ര വര്‍ഷമായി നമ്മൾ ഒരുമിച്ച് ഡാൻസ് കളിച്ചിട്ട്. കാപ്പികുടി കഴിഞ്ഞ് നമുക്ക് ഡാൻസ് കളിച്ചാലോ?” വല്യമ്മ പ്രതീക്ഷയോടെ എന്നോട് ചോദിച്ചു.

“ശെരിയാ, നിങ്ങളുടെ ഡാൻസ് കണ്ടിട്ട് കുറെ കാലമായി. ഇന്ന്‌ നിങ്ങൾ തകര്‍ക്കണം.” വല്യച്ചനും സപ്പോര്‍ട്ട് ചെയ്തു.

“ശെരിയാ, വര്‍ഷം മൂന്ന്‌ കഴിഞ്ഞു, നമ്മള്‍ ഒരുമിച്ച് ഡാൻസ് ചെയ്യാതെ.”

വല്യയമ്മയെ പോലത്തെ ഡാൻസുകാരിയെ ഞാൻ എങ്ങും കണ്ടിട്ടില്ല. എട്ട് ഇന്ത്യൻ ക്ലാസിക് ഡാൻസുകളും വല്യമ്മക്കറിയാം. കുറെ വെസ്റ്റേണ്‍ ഡാൻസും നല്ല വശമുണ്ട്. സ്വന്തമായി ഒത്തിരി ഡാൻസ് പ്രോജക്റ്റുകളും ചെയ്തിട്ടുണ്ട്. ഇപ്പോഴും സമയം കിട്ടുന്നത് പോലെ ചെയ്യാറുണ്ട്. പിന്നെ ഡാൻസ് സ്കൂളുകളും വല്യമ്മയെ ഗസ്റ്റ് ആയിട്ടൊക്കെ ക്ഷീണിക്കാറുണ്ട്. വല്യമ്മയും ക്ഷണം സ്വീകരിച്ച് അവിടെയൊക്കെ ചെന്ന് കോച്ചിങ് കൊടുക്കും.

പിന്നെ പണ്ടു തൊട്ടേ ഇവിടെ വീട്ടില്‍ ഡാൻസ് ക്ലാസും നടത്തുന്നുണ്ട്. ഞാനും ഡെയ്സിയും ഡാലിയയുമൊക്കെ വല്യമ്മയുടെ സ്റ്റുഡൻസ് ആയിരുന്നു.

“വെറുതെ ആലോചിച്ച് നില്‍ക്കാതെ വാടാ മോനെ.” വല്യമ്മ എന്നെ ടേബിളിലേക്ക് നയിച്ചു.

ഞങ്ങൾ മൂന്നുപേരും ഞങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചു കൊണ്ടാണ് പതിയെ കഴിച്ചത്.

ശേഷം വല്യമ്മ മൊബൈലില്‍ എനിക്ക് ഇഷ്ടപ്പെട്ട പഴയ തമിഴ്‌ സോങ് പ്ലേ ചെയ്തിട്ട് എന്നെ നോക്കി. വല്യമ്മ എപ്പോഴും വീട്ടില്‍ ലൂസ് ട്രാക്ക് സ്യൂട്ട് ആണ് ധരിക്കാറുള്ളത്. അതുകൊണ്ട്‌ ഡാൻസ് ചെയ്യാൻ വേറെ ഡ്രസ് മാറേണ്ട ആവശ്യമില്ലായിരുന്നു.

55 വയസ്സിലും മുപ്പതിൽ കൂടുതൽ പ്രായം തോന്നിക്കാത്ത സൗന്ദര്യവും ശരീര പ്രകൃതവുമാണ് വല്യമ്മയ്ക്ക്. ശരീരത്തിൽ അനാവശ്യ കൊഴുപ്പില്ല. ഇപ്പോഴും നല്ല ആരോഗ്യവും നല്ല ആക്റ്റീവുമാണ്. മണിക്കൂറുകളോളം നിര്‍ത്താതെ ഡാൻസ് കളിക്കാനുള്ള സ്റ്റാമിനയും ഉണ്ട്.

അറുപത് വയസ്സായ വല്യച്ചന് ഈയിടെയായി അല്‍പ്പം തടി കൂടി വരുന്നുണ്ട്. പക്ഷേ വയറ്‌ ഇപ്പോഴും ഫ്ലാറ്റാണ്. പറമ്പില്‍ ഞാൻ തുടങ്ങി വച്ച കൃഷിയൊക്കെ വല്യച്ചൻ കാര്യമായ ശ്രദ്ധ കൊടുത്ത് നടത്തുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നും. ഇപ്പോഴും ആരോഗ്യവാനാണെങ്കിലും പുള്ളിക്ക് ചെറിയ മടിയൊക്കെ തുടങ്ങിയിട്ടുണ്ട്. പിന്നെ പുള്ളിക്ക് പാട്ടു പാടാന്‍ ഭയങ്കര ഇഷ്ട്ടമാണ്… പക്ഷേ ഇന്നേവരെ ഒരെണ്ണം പോലും ശെരിയായി പറ്റിയിട്ടില്ല. പുള്ളി അറിഞ്ഞു കൊണ്ടാണോ അതോ അറിയാതെയാണോ എന്നറിയില്ല, തെറ്റായി പാടുന്ന പാട്ടില്‍ കുറെ തെറികളും കടന്നു വരും.

“വാ, നമുക്ക് തുടങ്ങാം.” വല്യമ്മ എന്റെ കൈ പിടിച്ചു വലിച്ചതും ഞാനും തയാറായി.

എന്റെ ഭാര്യ മരിച്ചതിന് ശേഷം ആദ്യമായാണ് ഡാൻസ് കളിക്കാന്‍ പോകുന്നത്. മനസ്സിൽ തോന്നിയ വേദന അടക്കിക്കൊണ്ട് ഡാൻസ് കളിക്കാന്‍ ഞാൻ തയാറായി.

ആ സ്ലോ പാട്ടിന്‌ അനുസരിച്ച് ചെറിയ സ്റ്റെപ്പുകളിൽ ഞങ്ങൾ തുടങ്ങി. ഇടയ്ക്ക് അല്‍പ്പം സ്പീഡ് കൂടുകയും ചെയ്തിട്ട് പിന്നെയും സ്ലോ ആയി. താളത്തിനൊത്ത് വല്യച്ചൻ കൈയും തട്ടി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഭാഗ്യത്തിന്‌ പാട്ടൊന്നും പാടിയില്ല.

ഞാൻ കരുതിയത് ഒറ്റ പാട്ടില്‍ തീരുമെന്നാണ്. പക്ഷേ ഒന്നിന് പുറകെ മറ്റൊന്നായി പതിനഞ്ചു പാട്ടുകൾക്കാണ് ഞങ്ങൾ ഡാൻസ് ചെയ്തത്. മുമ്പ് ഈ പാട്ടുകള്‍ക്ക് ഞാനും വല്യമ്മയും ഡാൻസ് ചെയ്തിട്ടുള്ളതാണ്. അവസാനം, ഒരു മണിക്കൂറിന് ശേഷം ഡാൻസ് കഴിഞ്ഞതും എന്റെ മനസ്സ് ശാന്തമായി മാറി കഴിഞ്ഞിരുന്നു.

വർഷങ്ങൾക്ക് ശേഷമാണ് എന്റെ മനസ്സിന്‌ ചെറിയൊരു ആശ്വാസം കിട്ടിയത്. തലച്ചോറിൽ അനുഭവപ്പെട്ടു കൊണ്ടിരുന്ന ഭാരവും അല്‍പ്പം കുറഞ്ഞു. നല്ല ഉന്‍മേഷവും കിട്ടി.

സന്തോഷത്തോടെ ഞാൻ വല്യമ്മയും വല്യച്ചനേയും നോക്കി പുഞ്ചിരിച്ചു. അവരുടെ ആഹ്ലാദം നിറഞ്ഞ മുഖം എന്നെ കൂടുതൽ സന്തോഷിപ്പിച്ചു. കുറെ നേരത്തേക്ക് ഞങ്ങൾ മിണ്ടാതെ പുഞ്ചിരിയോടെ നിന്നു.

അല്‍പ്പം കഴിഞ്ഞ് ഡെയ്സിയുടെ ഓര്‍മകള്‍ എന്റെ മനസ്സിൽ ഉയരാൻ തുടങ്ങിയതും എന്റെ മനസ്സിലെ സന്തോഷം കെട്ടടങ്ങി. വേദനയും ദുഃഖവും പിന്നെയും നിറയാന്‍ തുടങ്ങി. എന്റെ മാറ്റം കണ്ട് വല്യമ്മയുടെ ചിരിയും മങ്ങി.

“മതി. രാത്രി ഒട്ടും ഉറങ്ങാതെ വണ്ടി ഓടിച്ചു വന്നതല്ലേ, നല്ല ക്ഷീണം കാണും. മോന്‍ ചെന്ന് റെസ്റ്റ് എടുക്ക്.” വല്യമ്മ എന്റെ കൈ പിടിച്ച് കൂട്ടിക്കൊണ്ടു പോയി. സ്റ്റെയറിനടുത്ത് വിട്ടിട്ട് കവിളത്തൊരു ഉമ്മയും തന്നു.

എനിക്ക് പെട്ടന്ന് വല്ലാത്ത സങ്കടം വന്നു. “അമ്മാ…” എന്ന് വിളിച്ചുകൊണ്ട് ഞാൻ ഒരു വിങ്ങലോടെ വല്യമ്മയൈ കെട്ടിപിടിച്ചതും വല്യമ്മ ഒന്നും മിണ്ടാതെ എന്നെ ചേര്‍ത്തു പിടിച്ച് തലയില്‍ തഴുകി.

പണ്ടു മുതലേ സഹിക്കാൻ കഴിയാത്ത വേദന തോന്നുമ്പോള്‍ മാത്രമാണ്‌ എന്റെ വല്യമ്മയെ കെട്ടിപ്പിടിച്ച് ‘അമ്മാ’ എന്ന് വല്യമ്മയെ വിളിച്ചു ഞാൻ കരയാറുള്ളത്. അത് വല്യമ്മയ്ക്കും അറിയാം.

“നിന്റെ മനസ്സിലേറ്റ മുറിവുകളുടെ വേദന എനിക്ക് മനസ്സിലാക്കാൻ കഴിയും, മോനേ. ആദ്യം നിന്റെ അച്ഛൻ, പിന്നെ നിന്റെ ഭാര്യയും കുഞ്ഞും…. പക്ഷേ അതൊക്കെ മറക്കാൻ നീ ശ്രമിക്കണം.” വല്യമ്മ സ്നേഹത്തോടെ ഉപദേശിച്ചു.

അതുകേട്ട് എന്റെ കരച്ചില്‍ കൂടി.

“നിന്നെ ഞങ്ങൾക്ക് ലഭിച്ച ശേഷം, ഞങ്ങളുടെ കുറവുകളും വേദനകളുമൊക്കെ ഞങ്ങൾ മറന്നു. നിന്നെ മതിയാവോളം സ്നേഹിക്കണം, നിന്നെ നന്നായി വളർത്തണം എന്ന ചിന്ത മാത്രമാ ഉണ്ടായിരുന്നത്. നീയാണ് ഞങ്ങൾക്ക് എല്ലാം. നീയാണ് ഞങ്ങളുടെ സന്തോഷം. നമ്മുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ഞങ്ങൾക്ക് നീ മാത്രമേയുള്ളു. ഞങ്ങളുടെ കാലം കഴിയാറായി, പക്ഷേ നിന്റെ തലമുറ നിന്നില്‍ മാത്രമായി അവസാനിക്കാന്‍ പാടില്ല മോനെ. നിന്റെ ജീവിതം ഒരുപാട്‌ ബാക്കിയുണ്ട്, കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും ഇനിയും നിനക്ക് ജീവിച്ച് തീര്‍ക്കാനുണ്ട്. അത് നീ സന്തോഷത്തോടെ ജീവിച്ച് തീര്‍ക്കണം. അതാണ്‌ ഞങ്ങളുടെ ആഗ്രഹം.” വല്യമ്മ പറഞ്ഞവസാനിപ്പിച്ച ശേഷം എന്റെ തലയില്‍ വാത്സല്യപൂർവം തഴുകി.

Leave a Reply

Your email address will not be published. Required fields are marked *