ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

കുറെ നേരം മൗനമായി ഞാൻ കരഞ്ഞു. ഒടുവില്‍ മനസ്സിന്‌ ആശ്വാസം ലഭിച്ചതും ഞാൻ വല്യമ്മയ്ക്ക് കവിളിൽ ഉമ്മ കൊടുത്തിട്ട് മാറി നിന്ന് പുഞ്ചിരിച്ചു.

“നിങ്ങൾ രണ്ടുപേരുടെ കാലമൊന്നും കഴിയാറായിട്ടില്ല.” ഞാൻ പറഞ്ഞതും വല്യമ്മ പുഞ്ചിരിച്ചു. “വല്യമ്മയ്ക്ക് മുപ്പത് പോലും തോന്നിക്കില്ല. പക്ഷേ വല്യച്ചന് പെണ്ണ് പിടി കൂടിയത് കൊണ്ട്‌ വല്യച്ചനെ കളഞ്ഞിട്ട് വല്യമ്മ വേറെ—”

“എടാ…. ഡാ…. നിന്നെ സ്നേഹിച്ച് വളര്‍ത്തിയ എന്നോട് തന്നെ നീ ഈ ചതി കാണിക്കണം..!!” പുറകില്‍ നിന്ന് വല്യച്ചന്റെ വിലാപം ഉയർന്നത് കേട്ട് ഞാൻ ഇളിച്ചു കാണിച്ചതും വല്യമ്മ പൊട്ടിച്ചിരിച്ചു.

“ശെരി ചെല്ല്. നല്ലതുപോലെ ഒന്ന് ഉറങ്ങി എണീക്ക്.” വല്യമ്മ എന്റെ തോളില്‍ തട്ടി പറഞ്ഞതും എന്റെ ക്ഷീണം ഒന്നുകൂടി വര്‍ധിച്ചു. ഞാൻ മെല്ലെ പടികള്‍ കയറി മുകളിലേക്ക് ചെന്ന് ബെഡ്ഡിൽ വീണത് മാത്രമേ ഓര്‍മയുള്ളു.
******************

ഡെയ്സി എന്നെ വിട്ടു പോയത് മുതൽ, എന്റെ മനസ്സിന്റെ വേദനയും, ഹൃദയ ഭാരവും, തുടർച്ചയായുള്ള അസ്വസ്ഥതയും, വേദനിപ്പിക്കുന്ന സ്വപ്നങ്ങളും കാരണം, കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നു ഞാൻ പ്രശ്‌നങ്ങള്‍ കൂടാതെ നല്ലോണം ഉറങ്ങി.

നല്ല ഉന്മേഷവാനായിട്ടാണ് ഞാൻ എഴുന്നേറ്റത്. പക്ഷേ സമയം നോക്കിയപ്പഴാ ഞെട്ടിയത്.

“ഇരുപത്തിയേഴ് മണിക്കൂറുകൾ ഞാൻ ഉറങ്ങി യോ?!” വെറുതേയല്ല മനസ്സിന്‌ തെളിച്ചവും ശാന്തതയും ഉണര്‍വ്വും ലഭിച്ചിരിക്കുന്നത്.

ഞാൻ എഴുനേറ്റ് അല്‍പ്പനേരം ഇരുന്നു. നാളെ അത്തമാണ്, ഓണത്തിന്റെ തുടക്കം. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി എനിക്ക് ഓണാഘോഷമൊന്നും ഇല്ലായിരുന്നു. പക്ഷേ എല്ലാവരുമൊത്ത് ഈ ഓണം ശെരിക്കും ആഘോഷിക്കണം.

ഞാൻ എഴുനേറ്റ് കുളിച്ച് ഡ്രസ് മാറി താഴെ വന്നപ്പോൾ ആരെയും കണ്ടില്ല. അപ്പോ പുറത്തുനിന്നും കലപില ശബ്ദങ്ങള്‍ കേട്ടതും ഞാൻ അങ്ങോട്ട് ചെന്നു.

പൂമുഖത്ത് വന്ന് മുറ്റത്തേക്ക് നോക്കിയ ഞാൻ വലുതായി പുഞ്ചിരിച്ചു. മധ്യവയസ്ക്കരായ സ്ത്രീകളും, പെണ്‍കുട്ടികളും, ചെറിയ കുട്ടികളുമടക്കം മുപ്പതോളം പേര്‍ ചേര്‍ന്ന് മുറ്റത്ത്‌ പൂക്കളം ഒരുക്കുന്നതാണ് കണ്ടത്. കൂട്ടത്തില്‍ വല്യമ്മയും സോഫിയ ആന്റിയും ഉണ്ടായിരുന്നു. എന്നാല്‍ ആണായി ഒരു കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല.

അവസാനം, എന്റെ ഭാര്യയുടെ ഐഡൻഡിക്കൽ ട്വിന്നായ ഡാലിയയെ കണ്ടതും എന്റെ ശ്വാസം നിലച്ചത് പോലെയായി. അവളുടെ രൂപസാദൃശ്യം കാരണമല്ല… ഞാൻ ഇഷ്ട്ടപ്പെട്ട് ഡെയ്സിക്ക് എടുത്തു കൊടുത്ത ആഷ് കളർ കുർത്തിയും സ്കൈ ബ്ലൂ പല്ലാസോ പാന്റുമാണ് ഡാലിയ ധരിച്ചിരുന്നത്. അത് കണ്ടപ്പോഴാ എന്റെ ശ്വാസം നിലച്ചത്.

എന്റെ ഭാര്യയുടെ അതേ ചിരി, അതേ ഭംഗി, അതേ ശരീര പ്രകൃതം, അതേ കേശ സ്റ്റൈലും ഭംഗിയും നീളവും … പെട്ടന്ന് എന്റെ ഹൃദയം നീറി പുകഞ്ഞു.

നിറഞ്ഞു പോയ കണ്ണുകളെ ഞാൻ പെട്ടന്ന് തുടച്ചു. ഇമ വെട്ടാതെ ഞാൻ ഡാലിയയെ നോക്കി നിന്നു. ദൈവം എന്നോട് ഇത്ര വലിയ ക്രൂരത കാണിക്കരുതായിരുന്നു.

പൂക്കളം ഒരുക്കുന്ന തിരക്ക് കാരണം ഇതുവരെ ഞാൻ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. അവരുടെയൊക്കെ കളി പറച്ചിലും, ചിരിയും, അഭിപ്രായങ്ങളും ഒന്നുംതന്നെ എന്റെ ചെവിയില്‍ വീണില്ല. എന്റെ ചിന്ത മുഴുവനും ഡെയ്സി ആയിരുന്നു. നോട്ടം ഡാലിയയുടെ മേലും.

ഒരുപാട്‌ നേരം കഴിഞ്ഞാണ് ഡാലിയ എന്നെ കണ്ടത്. ഉടനെ വിശ്വസിക്കാനാവാത്ത പോലെ അവൾ കണ്ണുകൾ തിരുമ്മി പിന്നെയും നോക്കി. ഞാൻ അവിടെതന്നെ ഉണ്ടെന്ന് കണ്ടതും അവള്‍ എന്റെ അടുക്കലേക്ക് ഓടി വന്ന് മുന്നില്‍ നിന്നു. ഡാലിയ ഓടിയത് കണ്ടിട്ടാണ് മറ്റുള്ളവരുടെ ശ്രദ്ധയിലും ഞാൻ പെട്ടത്.

മുറ്റത്ത്‌ കൂടിയിരിക്കുന്ന ചില ചെറിയ കുട്ടികളെ ഒഴിച്ച് മറ്റെല്ലാവരേയും എനിക്കറിയാം. അവർ എല്ലാവരും എനിക്കൊരു പുഞ്ചിരി തന്നിട്ട് അവരുടെ ജോലിയിൽ മുഴുകി. വല്യമ്മ പുഞ്ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. സോഫിയ ആന്റി അതിശയത്തോടെ എന്നെ നോക്കി നിന്നു. ചിലപ്പോ, ഞാൻ നാട്ടിലേക്ക് വരുമെന്ന് അവർ പ്രതീക്ഷിച്ചു കാണില്ല. അവര്‍ക്ക് ഞാനൊരു പുഞ്ചിരി നല്‍കി. പക്ഷേ പെട്ടന്ന് ദേഷ്യവും സങ്കടവും ആ മുഖത്ത് നിറഞ്ഞു. ഉടനെ ആന്റി മുഖം വെട്ടി തിരിച്ചു.

ആന്റിക്ക് എന്നോട് ദേഷ്യമാണെന്ന് മനസ്സിലായി.

വല്യച്ചനേയും, ഡാലിയയുടെ പപ്പ ക്ലെമന്റ് അങ്കിളേയും മാത്രം എങ്ങും കാണാന്‍ കഴിഞ്ഞില്ല. ക്ലമന്റ് അങ്കിള്‍ ക്രിമിനൽ ലോയറാണ്. ചിലപ്പോ തിരക്കായിരിക്കും.

എന്റെ മുന്നില്‍ വന്നു നിന്ന ഡാലിയയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ച ശേഷം നോട്ടം വേഗം മാറ്റി. കൂടുതൽ നേരം ആ മുഖത്തേക്ക് നോക്കാന്‍ എനിക്ക് ബുദ്ധിമുട്ട്‌ തോന്നി. എന്റെ ഭാര്യ മരിച്ചതിനു ശേഷമാണ് ഡാലിയയുടെ മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ട് തോന്നി തുടങ്ങിയത്‌.

ഞാൻ പൂക്കളം നോക്കി നിന്നു. ഒടുവില്‍ പൂക്കളം പൂര്‍ത്തിയായതും അവരൊക്കെ വല്യമ്മയോടും സോഫിയ ആന്റിയോടും കുശലം പറഞ്ഞിട്ട് പിരിഞ്ഞു പോയി.

“എന്റെ മുഖത്ത് നോക്കാന്‍ എന്താ ഇത്ര ബുദ്ധിമുട്ട്?” ഡാലിയ ദേഷ്യപ്പെട്ടു.

“എന്തു ബുദ്ധിമുട്ട്.” ഞാൻ അവളെ നോക്കി.

എന്റെ ഭാര്യയുടെ അതേ കണ്ണുകൾ. അതേ തേജസുള്ള മുഖം. അവളുടെ മുഖത്തെ കോരി പിടിക്കാന്‍ തോന്നിയതും ഞാൻ വേഗം എന്റെ ചിന്തകളെ നിയന്ത്രിച്ചു.

എന്നിട്ട് കുസൃതിയോടെ ചോദിച്ചു, “നീയെന്താ തുണിയില്ലാതെ നില്‍ക്കുന്ന യെക്ഷിയാണോ എനിക്ക് ബുദ്ധിമുട്ട്‌ തോന്നാന്‍?”

ഡാലിയ ഉടനെ ചിരിച്ചു. ഒരു കുഞ്ഞ് നാണവും ആ കണ്ണില്‍ കണ്ടു. “യക്ഷികള്‍ തുണിയില്ലാതെ നില്‍ക്കുമെന്ന് ആരാ പറഞ്ഞെ?”

“ഞാൻ വെറുതെ ഊഹിച്ചു.”

“ഓഹോ!! ശെരി ചേട്ടൻ എപ്പഴാ എത്തിയേ!?”

“ഇന്നലെ. രാവിലെ ആറു മണിക്കെത്തി.”

“ഇന്നലെ എത്തിയോ? എന്നിട്ടും ഞാൻ അറിഞ്ഞില്ലല്ലോ?!” ഉടനെ കുറ്റപ്പെടുത്തും പോലെ ഞങ്ങൾക്ക് നേരെ നടന്നടുക്കുന്ന എന്റെ വല്യമ്മയേ തുറിച്ചു നോക്കിയ ശേഷം ഡാലിയ പിന്നെയും എന്റെ മുഖത്തേക്ക് നോക്കി.

“ഇത്ര നേരവും ആന്റി ഞങ്ങടെ കൂടെ ഉണ്ടായിരുന്നു. എന്നിട്ടും ആന്റി ഒന്നും പറഞ്ഞില്ല.” അവള്‍ മുഖം വീർപ്പിച്ചു. “ഇന്നലെ വന്നിട്ട് ചേട്ടനും അങ്ങോട്ട് വന്നില്ലല്ലോ!!” ഡാലിയ എന്നോട് പിണങ്ങി.

അന്നേരം വല്യമ്മയും സോഫിയ ആന്റിയും താഴ്ന്ന ശബ്ദത്തില്‍ എന്തൊക്കെയോ സംസാരിച്ചു കൊണ്ട്‌ ഞങ്ങളുടെ അടുക്കലെത്തി.

“ഹാ, പിണങ്ങല്ലടി മോളെ.” വല്യമ്മ വിരൽ കൊണ്ട്‌ അവളുടെ കവിളിൽ പതിയെ ഒരു കുത്ത് കൊടുത്തതും ഡാലിയ ചിരിച്ചു. “അവന്‍ ശെരിക്കും ക്ഷീണിച്ചാ വന്നു കേറിയത്. ഇന്നലെ കാപ്പിയും കുടിച്ച് കിടന്നതാ, പിന്നേ ഞാൻ പോലും അവനെ ഇപ്പോഴാ കാണുന്നേ.”

Leave a Reply

Your email address will not be published. Required fields are marked *