പ്രഹേളിക 3അടിപൊളി  

“എനിക്ക് എന്തെങ്കിലും കാര്യത്തിൽ വഴി മുട്ടി നിൽക്കുമ്പോൾ അവളാണ് എനിക്ക് മുന്നോട്ടുള്ള മാർഗ്ഗനിർദ്ദേശം തരുന്നത്. ഇവിടെയും നമുക്ക് അവളെ ആശ്രയിക്കാം.”

മീര പെട്ടെന്ന് തന്നെ പറഞ്ഞു.

“അത് വേണ്ട നവീൻ. തനിക്ക് എന്നെ കാണാൻ കഴിയുന്നത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കി. കാവ്യയുടെ കാര്യം അങ്ങനല്ല. നവീൻ പറയുന്നത് കാവ്യാ വിശ്വസിക്കണമെന്നില്ല. ചിലപ്പോൾ തനിക്ക് വട്ടാണെന്ന് അവൾ വിചാരിക്കും.”

“ഇല്ല മീര.. എനിക്ക് അവളെ…”

നവീൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് കാവ്യ ഡോർ തള്ളിത്തുറന്നു അവന്റെ റൂമിലേക്ക് വന്നു.

“നീയെന്താടാ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്?”

കാവ്യയുടെ പെട്ടെന്നുള്ള കടന്നു വരവിൽ നവീന്റെ മുഖം എന്തോ കള്ളത്തരം ചെയ്തിരുന്നപോലെ വിളറിവെളുത്തു.

“പ്ളീസ് നവീൻ.. എന്നെക്കുറിച്ച് ഒന്നും കാവ്യയോട് പറയരുത്.”

മീരയുടെ ശബ്‌ദം അവന്റെ കാതുകളിൽ പതിച്ചു. അതെ സമയം തന്നെ കാവ്യാ ചോദിച്ചു.

“എന്താടാ നിന്റെ മുഖം ഒരുമാതിരി ഇരിക്കുന്നെ?”

അവൻ പെട്ടെന്ന് പറഞ്ഞു.

“ഒന്നുമില്ല.. ഫോൺ സൈലന്റ് ആയിരുന്നു.”

കാവ്യാ അവന്റെ കൈയിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു.

“നീ വാ നമുക്കൊന്ന് ഷോപ്പിങ്ങിനു പോകണം. എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കണം.”

“ഇപ്പോഴോ?”

“അഹ്.. നിനക്ക് പ്രതേകിച്ച് പണിയൊന്നും ഇല്ലല്ലോ.”

കാവ്യാ അവനെയും പിടിച്ച് വലിച്ച് റൂമിനു പുറത്തേക്ക് നടന്നു. നവീൻ പെട്ടെന്ന് ഒന്ന് നിന്ന ശേഷം റൂമിലേക്ക് തിരിഞ്ഞ് നോക്കി തന്നെ നോക്കി നിൽക്കുന്ന മീരയോട് കൂടെ വരാൻ തലകൊണ്ട് ആംഗ്യം കാണിച്ചു.

അത് കണ്ടപ്പോൾ മീരയുടെ മുഖമൊന്നു തെളിഞ്ഞു.

“നീ എന്താടാ തിരിഞ്ഞ് റൂമിലേക്ക് നോക്കി നിൽക്കുന്നത്?”

അവൻ കാവ്യയുടെ മുഖത്തേക്ക് നോക്കി ചിരിച്ച ശേഷം അവളുടെ കൈയും പിടിച്ച് പടികൾ ഇറങ്ങി. അവരുടെ തൊട്ടു പിറക്കേ മീരയും.

നവീൻ കാർ ഡ്രൈവ് ചെയ്യുമ്പോൾ കാവ്യാ വാ തോരാതെ ഓരോന്ന് സംസാരിക്കുന്നുണ്ടായിരുന്നു. നവീൻ അതിനൊക്കെ എന്തൊക്കെയോ മറുപടി നൽകുമ്പോഴും അവന്റെ ശ്രദ്ധ പിന്നിലിരിക്കുന്ന മീരയിലായിരുന്നു.

കുറച്ച് നേരത്തെ യാത്രക്കൊടുവിൽ അവർ ടെസ്റ്റൈൽസിൽ എത്തിയപ്പോൾ കാവ്യാ അവനെയും കൂട്ടികൊണ്ടു പോയത് പെൺകുട്ടികളുടെ ജീൻസും ടോപ്പും സെലക്ട് ചെയ്യുന്നിടത്തേക്കാണ്. മീരയും അവരുടെ പിന്നാലെ പോയി.

കാവ്യാ ഓരോ ടോപ് എടുത്തു നോക്കി അഭിപ്രായങ്ങൾ പറയുമ്പോഴും നവീൻ മനസ് പൂർണമായും അവിടൊന്നും അല്ലാത്തതിനാൽ മൂളുക മാത്രം ചെയ്തു കൊണ്ടിരുന്നു.

പെട്ടെന്ന് കടുത്ത സ്വരത്തിൽ കാവ്യാ ചോദിച്ചു.

“നീ എന്താ എന്ത് ചോദിച്ചാലും മൂളുക മാത്രം ചെയ്യുന്നത്. എന്തെങ്കിലും ഒരു അഭിപ്രായം പറ.”

നവീൻ എന്ത് പറയണമെന്ന് അറിയാതെ അവളെ തന്നെ മിഴിച്ച് നോക്കി നിന്നപ്പോൾ അവന്റെ അവസ്ഥ മനസിലായ മീര പറഞ്ഞു.

“അവളോട് മഞ്ഞ കളർ ടോപ് എടുക്കാൻ പറ. അത് അവൾക്ക് നന്നായി ചേരും.”

നവീൻ പെട്ടെന്ന് തന്നെ കാവ്യയോട് പറഞ്ഞു.

“ആ മഞ്ഞ കളർ എടുക്കു. അത് നിനക്ക് ചേരും.”

കാവ്യാ അവിടെ കിടന്ന മഞ്ഞ കളർ ടോപ്പെടുത്തു ശരീരത്തോട് ചേർത്ത് വച്ച് നോക്കി.

“മ്മ്.. ഇത് കൊള്ളാം.. ഇനി നമുക്ക് ജീൻസ്‌ എടുക്കാം.”

ടോപ് സെയിൽസ് ഗെർളിനെ ഏൽപ്പിച്ച ശേഷം ജീൻസിന്റെ സെക്ഷനിലേക്ക് അവൾ നടന്നു.

നവീൻ അവളുടെ പിന്നാലെ പോകാതെ ആളൊഴിഞ്ഞ ഒരിടത്തേക്ക് പെട്ടെന്നു മാറി നിന്നു. മീരയും അവനൊപ്പം ചെന്നു.

അവൻ ശബ്‌ദം താഴ്ത്തി പറഞ്ഞു.

“മീര.. ഈ കാര്യം കാവ്യയോട് പറഞ്ഞില്ലെങ്കിൽ ശരിയാകില്ല..”

“പക്ഷെ നവീൻ പറയുന്നത് അവൾ വിശ്വസിക്കില്ല.”

“അവളെ എങ്ങനെ വിശ്വസിപ്പിക്കണം എന്ന് എനിക്കറിയാം.”

“പക്ഷെ നവീൻ..”

അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് അവൻ പറഞ്ഞു.

“മീര… നീ കുറച്ചു ദിവസമായി എന്റെ കൂടെ ഉണ്ട്. നീ തന്നെ കണ്ടതല്ലേ അവൾ എപ്പോഴും എന്റെ കൂടെ തന്നെ കാണും. അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാതെ നമുക്ക് നിന്നെ കുറിച്ചുള്ള അന്വേഷണം മുന്നോട്ട് കൊണ്ട് പോകാനാകില്ല.”

Leave a Reply

Your email address will not be published. Required fields are marked *