പ്രഹേളികഅടിപൊളി  

അവന്റെ ഉള്ളിൽ പെട്ടെന്ന് ഭയം നിറഞ്ഞു. വിളറിയ മുഖത്തോടെ അവൻ പിന്നിലേക്ക് പോയി.

അവന്റെ മുഖത്തെ ഭയം കണ്ട അവൾ പറഞ്ഞു.

“നവീൻ പേടിച്ച് നിലവിളിക്കരുത്. എനിക്ക് തന്നെ ഉപദ്രവിക്കാനാകില്ല. എനിക്ക് തന്നെ സ്പർശിക്കാൻ പോലും ആകില്ല,”

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതൊക്കെ തന്റെ സ്വപ്നമോ തോന്നലോ ആണോ എന്നൊന്നും അവനു മനസിലാക്കാനായില്ല. എങ്കിലും അവൻ ധൈര്യം സംഭരിച്ച് ചോദിച്ചു.

“താൻ ആരാണ്.. പ്രേതമാണോ?”

അവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് ചിരിച്ചു. എന്നിട്ട് സാവധാനം നടന്ന് ചെന്ന് അവന്റെ ബെഡിലേക്ക് ഇരുന്നു.

“ഞാൻ ആരാണെന്ന് എനിക്കറിയില്ല. ഞാൻ പ്രേതമാണോ എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. എന്നെ കുറിച്ച് ഞാൻ മനസിലാക്കിയ കാര്യങ്ങൾ ഞാൻ നവീന് പറഞ്ഞു തരാം. ഇവിടേക്ക് വന്നിരിക്ക്.”

കുറച്ച് പേടിയോടെ ആണെങ്കിലും അവൻ അവളുടെ അരികിലായി ബെഡിൽ ഇരുന്നു.

“ഞാൻ ആരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. സ്വന്തം പേരുപോലും അറിയില്ല. ഒരു നീണ്ട ഉറക്കത്തിൽ നിന്നെന്നപോലെ ഞാൻ എഴുന്നേൽക്കുമ്പോൾ നമ്മൾ അന്ന് കണ്ട കുന്നിനരികിൽ ആയിരുന്നു ഞാൻ. ഒന്നും ഓർമ്മയില്ലാതെ.”

ഒരു നിമിഷം നിർത്തിയ ശേഷം അവൾ തുടർന്നു.

“പതുക്കെ ഞാൻ മനസിലാക്കി എന്നെ ആർക്കും കാണാൻ കഴിയില്ല. എന്റെ ശബ്‌ദം ആർക്കും കേൾക്കാനും കഴിയില്ല. ആരെയും സ്പര്ശിക്കാനും കഴിയില്ല. ഇനി എന്ത് എന്നറിയാതെ ദിവസങ്ങൾ തള്ളി നീക്കുമ്പോഴാണ് ഇയ്യാളെ ഞാൻ ആ കുന്നിൽ വച്ച് കാണുന്നത്. തനിക്ക് എന്നെ കാണാനാകില്ല എന്നുള്ള വിശ്വാസത്തിലാണ് ഞാൻ അന്ന് തന്റെ അരികിൽ വന്നു നിന്നത്. പക്ഷെ എന്നെ അത്ഭതപ്പെടുത്തികൊണ്ടു നവീന് എന്നെ കാണാൻ കഴിഞ്ഞു. ഞാൻ സംസാരിക്കുന്നത് കേൾക്കാൻ കഴിഞ്ഞു. അവിടെ വച്ച് ഇയ്യാളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിയില്ല എന്നുള്ളത് കൊണ്ട് അന്ന് മുതൽ ഞാൻ നവീന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.”

അവൻ അത്ഭുതത്തോടെ ചോദിച്ചു.

“എന്റെ കൂടെയോ?”

ഒരു ചിരിയോടെ അവൾ പറഞ്ഞു.

“അതെ.. തന്റെ കാറിൽ ഞാൻ അന്ന് മുതൽ കൂടെ തന്നെ ഉണ്ടായിരുന്നു. ഇയ്യാൾക്ക് എന്നെ കാണാൻ കഴിയുന്നതിനാൽ കാറിനുള്ളിൽ ഇരിക്കാതെ കാറിന്റെ ഡിക്കിയിൽ ആയിരുന്നെന്ന് ഉള്ളു.”

അത് കേട്ട നവീൻ അപ്പോഴത്തെ സാഹചര്യം മറന്ന് അറിയാതെ ചിരിച്ച് പോയി.

അവന്റെ ചിരി അപ്പോഴുണ്ടായിരുന്ന ചുറ്റുപാടിൽ ഒരു അയവു വരുത്തിയാൽ അവളും അവന്റെ ചിരി ആസ്വദിച്ച ശേഷം പറഞ്ഞു.

“എനിക്ക് ജീവനുള്ള ഒന്നിലും തൊടാനാകില്ല. പക്ഷെ ജീവനില്ലാത്ത വസ്തുക്കളിൽ തൊടാനുമാകും അതേസമയം അതിലൂടെ കടന്നുപോകാനും കഴിയും. അതിനാലാണ് എനിക്കിപ്പോൾ ഈ ബെഡിൽ ഇരിക്കാൻ കഴിയുന്നത്.”

“അപ്പോൾ തനിക്ക് ഈ ജീവനില്ലാത്ത വസ്തുക്കളെയൊക്കെ കൈയിൽ എടുക്കാൻ കഴിയുമോ?”

“ഏയ്.. അതൊന്നും കഴിയില്ല. ചുമ്മാ സ്പര്ശിക്കാം. അനക്കാനൊന്നും ആകില്ല. നമ്മൾ ഈ ഭിത്തിയിലൊക്കെ തൊടില്ലേ.. അതുപോലെ. ഇപ്പോൾ തന്നെ ഞാൻ ഈ ബെഡിൽ ഇരുന്നിട്ട് ബെഡ് താഴ്ന്നതൊന്നും ഇല്ലല്ലോ.”

ചെറിയൊരു ആശങ്കയോടെ അവൻ ചോദിച്ചു.

“അപ്പോൾ ആഹാരം എന്താ കഴിക്കുന്നേ?”

അവളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.

“ഇയ്യാള് പേടിക്കണ്ട ഞാൻ ബ്ലഡ് ഒന്നും കുടിക്കില്ല. എനിക്ക് ആഹാരം കഴിക്കേണ്ട ആവിശ്യം ഇല്ല.”

അവളുടെ മറുപടി കേട്ട അവൻ ഒന്ന് ചിരിച്ച ശേഷം ചോദിച്ചു.

“അപ്പോൾ തനിക്ക് തന്നെക്കുറിച്ച് ഒന്നും തന്നെ അറിയില്ല.”

“അതെ.. അതിനൊക്കെ ഉള്ള ഉത്തരം കണ്ടെത്താൻ നവീൻ എന്നെ സഹായിക്കണം. ഞാൻ ആരാണ്, ഞാൻ ജീവനോടെ ഉണ്ടോ.. അതോ മരിച്ച ആരുടെയെങ്കിലും പ്രേതമാണോ എന്നൊക്കെ നമുക്ക് കണ്ടെത്തണം.”

അത് പറയുമ്പോൾ അവളുടെ സ്വരം പതറിയിരുന്നു.

“എനിക്കിപ്പോഴും മനസിലാകാത്ത ഒരു കാര്യം ആർക്കും കാണാൻ കഴിയാത്ത തന്നെ എനിക്കെങ്ങനെയാണ് കാണാൻ കഴിയുന്നത്?”

“അതിനുള്ള ഉത്തരവും നമ്മൾ കണ്ടെത്തേണ്ടിയിരിക്കുന്നു. നമ്മളെ തമ്മിൽ കണക്ട് ചെയ്യിക്കുന്ന എന്തോ ഒന്ന് നമുക്കിടയിൽ ഉണ്ട്.”

നവീൻ കുറച്ച് നേരം ആലോചിച്ച ശേഷംപറഞ്ഞു.

“ഇപ്പോൾ നടക്കുന്നതൊക്കെ സ്വപ്നമാണോ എന്റെ തോന്നലുകൾ ആണോ എന്നെനിക്കറിയില്ല. നാളെ രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴും നീ എന്റെ കൂടെ ഉണ്ടെങ്കിൽ നിന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നമ്മൾ അന്വേഷിക്കും.”

തന്റെ മുന്നിലുള്ള രൂപം സത്യമാണോ അല്ലയോ എന്നുള്ള ചിന്തയിൽ അവൻ ബെഡിലേക്ക് കണ്ണടച്ച് കിടന്നു. ഉറക്കം വരാതെ ഇടക്കൊക്കെ കണ്ണ് തുറന്നു നോക്കുമ്പോഴും അവന്റെ ഉറക്കം കെടുത്തിയ ആ രൂപം അവനെ നോക്കികൊണ്ട്‌ ബെഡിൽ തന്നെ ഉണ്ടായിരുന്നു. അർധരാത്രിക്ക് ശേഷം എപ്പോഴോ അവൻ നിദ്രയിലേക്കാണ്ടു.

ബ്രേക്ഫാസ്റ് കഴിച്ചുകഴിഞ്ഞു നേരെ ബെഡ്റൂമിലേക്ക് വന്ന നവീന്റെ നോട്ടം ആദ്യം പോയത് തന്റെ ബെഡിലേക്കാണ്. അവനെയും പ്രതീക്ഷിച്ചിട്ടെന്നവണ്ണം ആ പെൺകുട്ടി ബെഡിൽ ഇരിക്കുകയാണ്.

എന്ത് ചെയ്യണമെന്ന് നവീന് ഒരു എത്തുംപിടിയും കിട്ടുന്നില്ലായിരുന്നു. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോഴും ഇന്നലെ നടന്നതൊക്കെ ഒരു സ്വപ്നം ആണെന്ന ചിന്തയിൽ ആയിരുന്നു അവൻ. പക്ഷെ അവനെ ഞെട്ടിച്ച് കൊണ്ട് ആ പെൺകുട്ടി റൂമിൽ തന്നെ ഉണ്ടായിരുന്നു.

എന്തെങ്കിലും ഒരു തുടക്കമിടണമല്ലോ എന്നുള്ള ചിന്തയിൽ അവൾക്കൊപ്പം ബെഡിൽ വന്നിരുന്ന നവീൻ പറഞ്ഞു.

“തനിക്ക് തന്റെ പേരുപോലും അറിയില്ലെന്നല്ലേ പറഞ്ഞത്.”

അവൾ നവീന്റെ മുഖത്ത് നോക്കി അതെ എന്ന അർഥത്തിൽ മൂളി.

“അപ്പോൾ ആദ്യം തന്നെ എനിക്ക് വിളിക്കാനായി തനിക്കൊരു പേര് കണ്ടെത്തണം.”

അവൾ ഒന്നും മിണ്ടാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

“മീര.. തനിക്ക് ഇഷ്ടപ്പെട്ടോ ഈ പേര്.”

അവൾ ഒരു പുഞ്ചിരിയോയോട് കൂടി ഇഷ്ട്ടപെട്ടു എന്നുള്ള അർഥത്തിൽ തല കുലുക്കി.

“അപ്പോൾ മീര.. തന്നെക്കുറിച്ച് അന്വേഷിക്കാൻ നമുക്ക് മീരയുടെ ശരിക്കുള്ള പേരറിയില്ല, തന്റെ ഒരു ഫോട്ടോ പോലും എടുക്കാനും കഴിയില്ല.”

അവൾ ദയനീയമായ സ്വരത്തിൽ ചോദിച്ചു.

“അപ്പോൾ എന്നെക്കുറിച്ച് ഒന്നും കണ്ടെത്താൻ കഴിയില്ല എന്നാണോ?”

“അങ്ങനെ ഞാൻ പറയില്ല. എല്ലാത്തിനും ഒരു ഉത്തരം കാണുമല്ലോ. മീരയുടെ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ എനിക്ക് ഈ കാര്യങ്ങൾ ഒരാളോട് പറയണം.”

“കാവ്യയോടാണോ?”

ഒരു ചിരിയോടെ അവൻ പറഞ്ഞു.

“കുറച്ച് ദിവസമായി മീര എന്റെ പിറകെ ആയതിനാൽ കാവ്യയെ അറിയാമായിരിക്കും. അവൾ എന്റെ മുറപ്പെണ്ണാണ്. ഞങ്ങളെ തമ്മിൽ കെട്ടിക്കാനാണ് വീട്ടുകാരുടെ പ്ലാൻ. പക്ഷെ അത് നടക്കില്ല. അവൾക്ക് ഒരു ബോയ്‌ഫ്രണ്ട്‌ ഉണ്ട് ആകാശ്. മാത്രമല്ല ഞാനും അവളും ബെസ്ററ് ഫ്രണ്ട്സും ആണ്, ശരിക്കും പറഞ്ഞാൽ എന്റെ ക്രൈം പാർട്ണർ എന്ന് പറയാം.”

Leave a Reply

Your email address will not be published. Required fields are marked *