പ്രഹേളികഅടിപൊളി  

കുറച്ച് നേരം കൂടി അവിടെ ഇരുന്ന ശേഷം അവർ റൂമിനു പുറത്തേക്ക് നടന്നു. കൂടെ മീരയും.

“ആന്റി.. ഞങ്ങൾ ഇറങ്ങുന്നു.”

നവീൻ പറഞ്ഞത് കേട്ട് അമ്മ പെട്ടെന്ന് പറഞ്ഞു.

“ചോറ് കഴിച്ചിട്ട് പോകാം മക്കളെ.”

ഒരു പുഞ്ചിരിയോടെ കാവ്യ പറഞ്ഞു.

“വേറൊരു ദിവസമാകാം ആന്റി.”

അപ്പോഴാണ് അവിടേക്ക് ഇത്തിരി പ്രായമായ ഒരാൾ കയറി വന്നത്. കാണാൻ നല്ല പ്രൗഢി തോന്നിക്കുന്ന ഒരാൾ.

അയ്യാളെ കണ്ടതും മീര മന്ത്രിച്ചു.

“അച്ഛൻ..”

നവീൻ അത്ഭുതത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

വീടിനകത്തേക്ക് കയറി വന്ന ദിവ്യയുടെ അച്ഛൻ അവരെ കണ്ട് ആരാണ് മനസിലാകാതെ നോക്കുവായിരുന്നു.

അമ്മ പറഞ്ഞു.

“ദിവ്യയുടെ കൂട്ടുകാരാണ്.. അവളെ കാണാനായി വന്നതാണ്.”

അച്ഛൻ അവരെ നോക്കി പുഞ്ചിരിച്ചു.

“അവർ ഇറങ്ങാൻ തുടങ്ങുവായിരുന്നു.”

അത് കേട്ടപ്പോൾ അച്ഛൻ പെട്ടെന്ന് ചോദിച്ചു.

“കഴിച്ചിട്ട് ഇറങ്ങിയാൽ പോരെ?”

നവീൻ പറഞ്ഞു.

“പോയിട്ട് കുറച്ച് അത്യാവിശം ഉണ്ടായിരുന്നു.”

മീരയ്ക്ക് എന്തൊക്കെയോ ഓർമ്മ വന്നതായി നവീന് തോന്നിയിരുന്നു. അത് കേൾക്കാനുള്ള ആവേശത്തിൽ ആയിരുന്നു അവൻ അപ്പോൾ.

അച്ഛൻ പിന്നെ നിർബന്ധിക്കാൻ നിന്നില്ല. യാത്ര പറഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.. അത്രയും നേരം അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്ന മീരയും അവർക്കൊപ്പം ഇറങ്ങി.

കാറിലേക്ക് കയറുമ്പോൾ നവീൻ പറഞ്ഞു.

“കാവ്യ.. നീ ആകാശിനൊപ്പം മുന്നിൽ ഇരിക്ക്. ഞാൻ മീരയുടെ കൂടെ ഇരിക്കാം.”

കാവ്യ അത് അനുസരിച്ചു.

ഗേറ്റ് കടന്ന് കാർ റോഡിലേക്ക് ഇറങ്ങിയപ്പോൾ നവീൻ ചോദിച്ചു.

“നിനക്ക് എന്തെങ്കിലും ഓർമ്മ വന്നോ?”

പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്ന മീര പറഞ്ഞു.

“മ്മ്.. പക്ഷെ പൂർണമായി ഒന്നും ഓർക്കുന്നില്ല.”

“എന്തൊക്കെയാണ് ഓർമ്മ വന്നതെന്ന് പറ.”

നവീൻ ആ പറഞ്ഞത് കേട്ടപ്പോൾ കാവ്യയ്ക്കും ആകാശിനും മീരയ്ക്ക് എന്തൊക്കെയോ ഓർമ്മ വന്നതായി മനസിലായി. കാവ്യ തിരിഞ്ഞ് നവീന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.

“അച്ഛനെയും അമ്മയെയും എനിക്ക് കണ്ടപ്പോഴേ മനസിലായി. ഞാൻ ഒരു ഡോക്ടർ ആയിരുന്നു. ഞങ്ങളുടെ ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അധികം സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നില്ല ഞാൻ.. അതുകൊണ്ടു തന്നെ എനിക്ക് അധികം ഫ്രണ്ട്സും ഉണ്ടായിരുന്നില്ല. ബെസ്ററ് ഫ്രണ്ട് എന്ന് എനിക്ക് പറയാൻ എനിക്ക് ആകെ ഉണ്ടായിരുന്നത് വിവേക് ആയിരുന്നു. എന്റെ കൂടെ തന്നെ MBBS പഠിച്ചതാണ് വിവേക്. ഒരുപാട് നാളുകൾക്ക് ശേഷം അവനെ കാണാനായിട്ടാണ് ഞാൻ നിങ്ങളുടെ നാട്ടിലേക്ക് എത്തിയത്. പക്ഷെ അതിനു ശേഷം എന്താണ് ഉണ്ടായതെന്ന് എനിക്കറിയില്ല.”

ആകാഷയോടെ ഇരിക്കുകയായിരുന്ന കാവ്യയോടും ആകാശിനോടും നവീൻ ഈ കാര്യം പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞ ആകാശ് പറഞ്ഞു.

“അപ്പോൾ നമ്മുടെ നാട്ടിൽ ഉള്ള ഡോക്ടർ വിവേകിനെ നമുക്കിനി കണ്ടെത്തണം.”

എന്തോ ആലോചിച്ചിട്ടെന്നവണ്ണം കാവ്യ പറഞ്ഞു.

“ഡോക്ടർ വിവേക്.. ഈ പേര് എനിക്ക് കേട്ട് നല്ല പരിചയം ഉണ്ടല്ലോ.”

ആകാശ് പറഞ്ഞു.

“എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്. എന്തായാലും നമ്മുടെ നാട്ടിലല്ലേ.. രണ്ടു ദിവസം കൊണ്ട് നമുക്ക് കണ്ടെത്താവുന്നതേ ഉള്ളു.”

. . . .

ഒരു മെലഡി സോങ് ആസ്വദിച്ച് കാർ ഓടിക്കുവായിരുന്നു നവീൻ. മുൻ സീറ്റിൽ തന്നെ മീര ഇരിപ്പുണ്ട്.

മീരയുടെ വീട്ടിൽ പോയി വന്നിട്ട് രണ്ടു ദിവസം കഴിഞ്ഞിരുന്നു. കാവ്യയും ആകാശും കൂടി എവിടേയോ പോയിരിക്കുന്നതിനാൽ അവർ ഒറ്റക്കായിരുന്നു കാറിൽ ഉണ്ടായിരുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി മറഞ്ഞിരുന്ന ഭൂതകാലത്തിന്റെ ഓർമ്മകൾ തിരികെ കിട്ടിയതിനാൽ മീര നല്ല സന്തോഷത്തിലായിരുന്നു.

“തനിക്ക് വിവേകിന്റെ അഡ്രെസ്സ് കൂടി ഓർമ്മ ഉണ്ടായിരുന്നേൽ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമായേനെ.”

മീര അതുകേട്ട് ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

“പക്ഷെ ഒരു കാര്യത്തിൽ എനിക്ക് ആശ്വാസം ഉണ്ട്.”

അവൾ ആകാംഷയോടെ ചോദിച്ചു.

“എന്തിൽ?”

ഒരു ചിരിയോടെ അവൻ പറഞ്ഞു.

“തന്റെ കല്യാണം കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പായല്ലോ.”

“അതിനെന്തിനാ നീ ആശ്വാസക്കുന്നത്?”

അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു കുസൃതി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു.

അത് മനസിലായതിനാൽ അവൻ പറഞ്ഞു.

“അത് നിനക്കറിയില്ലെങ്കിൽ ഇപ്പോൾ അറിയണ്ട.”

കുറച്ച് നേരം നിശബ്ദത ആയിരുന്ന ശേഷം അവൾ ചോദിച്ചു.

“എനിക്കിനി എന്റെ ശരീരത്തിലേക്ക് തിരികെ പോകാൻ കഴിയുമോ എന്ന് പോലും എനിക്കറിയില്ല. പിന്നെ എന്ത് ഉദ്ദേശത്തിലാണ് നീ എന്ന് സ്നേഹിക്കുന്നത്.”

അതിനു വ്യക്തമായ ഒരു മറുപടി അവന്റെ കൈയിൽ ഇല്ലാത്തതിനാൽ നവീൻ ഒന്നും മിണ്ടിയില്ല.

പെട്ടെന്നാണ് എതിരെ വന്നു കൊണ്ടിരുന്ന ചുവന്ന ഇന്നോവയിൽ അവളുടെ കണ്ണ് പതിഞ്ഞത്. അവളുടെ മറവിയുടെ ഇരുളുകൾക്കിടയിലെവിടെയോ ആ ഇന്നോവയുടെ രൂപം തെളിഞ്ഞ് വന്നു.

ഇന്നോവ അവരെ മാറി കടന്നതും അവൾ ഉറക്കെ പറഞ്ഞു.

“നവീൻ, ആ ഇന്നോവയുടെ പിറകെ പോ.. ഞാനുമായി എന്തോ ബന്ധം അതിനുണ്ട്.”

നവീൻ പെട്ടെന്ന് കാർ അവിടെ വച്ച് തന്നെ തിരിച്ച് ഇന്നോവയുടെ പിന്നാലെ പാഞ്ഞു.

ഇന്നോവയ്ക്ക് നല്ല സ്പീഡ് ഉണ്ടായിരുന്നതിനാൽ നവീന് അതിനു ഒപ്പം എത്താൻ കഴിഞ്ഞിരുന്നില്ല. ഈ സമയം മീര ആ ഇന്നോവയുമായുള്ള ബന്ധം ഓർമയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിൽ ആയിരുന്നു.

സിറ്റിയിലെ ബ്ലോക്കിൽ ഇന്നോവയ്ക്ക് പിറകിലായി പോകുമ്പോൾ ഇന്നോവ അലാമാ മാളിലേക്ക് കയറുന്നത് നവീൻ ശ്രദ്ധിച്ചത്. ബ്ലോക്കിനിടയിൽ ഇഴഞ്ഞിഴഞ്ഞ് അവനും മാളിലെ പാർക്കിംഗ് ഏരിയായിൽ കാർ കൊണ്ട് നിർത്തി.

കാർ നിർത്തിയതും മീര കാറിൽ നിന്നും ഇറങ്ങി ഇന്നോവ തിരഞ്ഞ് തുടങ്ങി. കുറച്ച് നേരത്തെ തിരച്ചിലിനൊടുവിൽ തന്നെ അവൾക്ക് ഇന്നോവ കണ്ടത്താനായി. പക്ഷെ അതിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. അവളുടെ പിന്നാലെ തന്നെ ഉണ്ടായിരുന്ന നവീൻ മീരയുടെ നിരാശ നിറഞ്ഞ മുഖം കണ്ട് പറഞ്ഞു.

“നമുക്കിവിടെ വെയിറ്റ് ചെയ്യാം. അവർ തിരിച്ച് വരുമല്ലോ.. പിന്നെ കാവ്യ വിളിച്ചിരുന്നു, അവർ ഡോക്ടർ വിവേകിനെ കണ്ടെത്തിയെന്ന്. ഒരു അഞ്ചു മിനിറ്റിനുള്ളിൽ ഇവിടെ എത്തുമെന്നാണ് പറഞ്ഞത്.”

അത് കേട്ടതും നിരാശ നിറഞ്ഞിരുന്ന മീരയുടെ മുഖത്ത് വീണ്ടും പ്രത്യാശ നിറഞ്ഞു.

കാവ്യ പറഞ്ഞത് പോലെ തന്നെ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ മാളിലെ പാർക്കിംഗ് ഏരിയയിൽ എത്തി നവീനെ വിളിച്ചു.

മീരയെയും കൂട്ടി ആകാശിന്റെ കാറിലേക്ക് കയറിയ നവീൻ ആവേശത്തോടെ ചോദിച്ചു.

“വിവേകിനെ കുറിച്ച് എന്താ അറിഞ്ഞത്.”

അവന്റെ ചോദ്യം കേട്ടതും കാവ്യയുടെയും, ആകാശിന്റെയും മുഖം മ്ലാനമായി.

അവരുടെ മുഖം കണ്ടപ്പോഴേ എന്തോ കുഴപ്പം ഉണ്ടെന്ന് അവന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *