പ്രഹേളിക 3അടിപൊളി  

അവരുടെ സംസാരം കുറച്ച് നേരം കൂടി നീണ്ടു നിന്നു.

അവസാനം മീരയ്ക്കും മനസിലായി കാവ്യാ എപ്പോഴും അവന്റെ കൂടെ ഉള്ളതിനാലും അവളെ അകറ്റി നിർത്താനാകാത്തതിനാലും കാവ്യയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയേ പറ്റുകയുള്ളെന്ന്.

പെട്ടെന്ന് നവീന്റെ തോളിൽ ഒരു കൈ പതിഞ്ഞു. അവൻ ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അത് കാവ്യാ ആയിരുന്നു.

“ഞാൻ നിന്നെ എവിടെയൊക്കെ നോക്കി. നീ ആരോടാ എവിടെ സംസാരിച്ച് നിന്നത്.”

നവീൻ ആരോടോ സംസാരിക്കുകയാണെന്ന് അവൾക്ക് മനസ്സിലായിരുന്നു. പക്ഷെ അവന്റെ മുന്നിൽ ആരും ഇല്ലാഞ്ഞത് അവളെ ആശയക്കുഴപ്പത്തിലാക്കി.

“അത്.. ഞാൻ…. ഫോണിൽ സംസാരിക്കുകയായിരുന്നു.”

അവന്റെ കൈയിലിരിക്കുന്ന ഫോണിലേക്ക് നോക്കികൊണ്ട്‌ അവൾ ചോദിച്ചു.

“അതിനു നീ ഫോൺ ചെവിയിൽ വച്ചിട്ടില്ലായിരുന്നല്ലോ.”

“ലൗഡ്‌സ്‌പീക്കർ ഇട്ടേക്കുവായിരുന്നു.”

കാവ്യാ ഒന്ന് അമർത്തി മൂളിയ ശേഷം ക്യാഷ് കൗണ്ടറിലേക്ക് നടന്നു.

“ഇതിങ്ങനെ പോകുവാണേൽ ഞാൻ സത്യാവസ്ഥ പറയുന്നതിന് മുൻപ് തന്നെ എനിക്ക് വട്ടാണെന്ന് അവൾ കരുതും.”

അവന്റെ ആ പറച്ചിൽ കേട്ട് മീരയുടെ മുഖത്ത് അറിയാതെ ചിരി നിറഞ്ഞു പോയി.

കാറിലേക്ക് കയറിയ കാവ്യ കവർ ബാക്ക് സീറ്റിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു.

“നമുക്ക് ആകാശേട്ടന്റെ വീട്ടിലേക്ക് പോയല്ലോ?”

കാർ സ്റ്റാർട്ട് ചെയ്തുകൊണ്ട് നവീൻ പറഞ്ഞു.

“എന്തോ എനിക്കിന്നൊരു മൂഡ് ഇല്ല. നമുക്ക് എന്റെ വീട്ടിലേക്ക് തിരികെ പോയാൽ പോരെ”

കുറച്ച് നേരം നിശ്ശബ്ദതയായ ശേഷം കാവ്യ പറഞ്ഞു.

“എനിക്കും തോന്നി നിനക്കെന്തൊ പറ്റിയിട്ടുണ്ടെന്ന്. നമുക്ക് വീട്ടിലേക്ക് പോകാം.”

കാർ റിവേഴ്‌സ് എടുക്കുന്നതിനിടയിൽ അവൻ പിന്നിലെ സീറ്റിലിരുന്ന മീരയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം തികച്ചും മ്ലാനമായിരുന്നു.

കാർ ഒടുക്കുന്നതിനിടയിൽ നവീൻ തികച്ചു നിശബ്തനായി ഇരിക്കുന്നത് കണ്ട് കാവ്യ ചോദിച്ചു.

“എന്താ ഇപ്പോൾ നിന്റെ പ്രോബ്ലം. നീ ഇപ്പോൾ മൂഡോഫ് ആകാൻ എന്താ ഇപ്പോൾ ഉണ്ടായേ?”

“എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാനുണ്ട്. പക്ഷെ നീ അത് എങ്ങനെ മനസിലാക്കുമെന്ന് എനിക്കറിയില്ല.”

“നീ ആദ്യം കാര്യം പറ. എന്നിട്ട് ഞാൻ തീരുമാനിക്കാം എങ്ങനെ മനസ്സിലാക്കണമെന്ന്.”

“ഞാൻ മാന്ധ്രാ കുന്നിൽ വച്ച് കണ്ട പെൺകുട്ടിയെ പിന്നും ഇടക്കിടക്ക് കാണാറുണ്ടെന്ന് പറഞ്ഞില്ലായിരുന്നോ?”

അവൾ ആകാംഷ നിറഞ്ഞ സ്വരത്തിൽ മൂളി.

“ആ പെൺകുട്ടിയെ എനിക്ക് മാത്രമേ കാണാനാകുള്ളൂ. അവൾ ഇപ്പോൾ ഈ കാറിൽ ഉണ്ടെന്ന് പറഞ്ഞാൽ നീ എന്ത് വിചാരിക്കും.”

കാവ്യ കുറച്ച് നേരം അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നിട്ട് പറഞ്ഞു.

“നിനക്ക് വട്ടാണെന്ന് വിചാരിക്കും. മനുഷ്യനെ പറ്റിക്കാൻ ഓരോ അടവുമായി ഇറങ്ങിക്കോളും.”

നവീൻ പിന്നെ ഒന്നും പറഞ്ഞില്ല. പിന്നിലിരുന്ന മീര പറഞ്ഞു.

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ കാവ്യ ഇതൊന്നും വിശ്വസിക്കാൻ പോകുന്നില്ലെന്ന്.”

നവീൻ അപ്പോഴും നിശബ്തത തുടർന്നു.

വീട്ടിലെത്തിയ അവർ നേരെ നവീന്റെ റൂമിലേക്കാണ് നടന്നത്. അവൻ റൂമിന്റെ ഡോർ തുറന്നതും കാവ്യ പറഞ്ഞു.

“നീ ഇവിടെ നിൽക്ക് ഞാൻ വാങ്ങിയ ഡ്രസ്സ് ഒന്ന് ഇട്ടു നോക്കട്ടെ.”

കാവ്യ റൂമിലേക്ക് കയറി ഡോറടച്ചതും നവീൻ ശബ്‌ദം താഴ്ത്തി മീരയോട് പറഞ്ഞു.

“നീ റൂമിലേക്ക് കയറി കാവ്യ എന്തൊക്കെ ആണ് ചെയ്യുന്നതെന്ന് എന്നോട് വന്ന് പറ.”

മീര നവീനെ മിഴിച്ച് നോക്കി.

“അവൾ ഡ്രസ്സ് മാറും അല്ലാതെന്ത് ചെയ്യാനാണ്.”

“നീ ഞാൻ പറയുന്നത് കേൾക്ക്, അവളെ നമുക്ക് വിശ്വസിപ്പിക്കണ്ടേ.”

മനസില്ല മനസോടെ മീര അടച്ചിട്ടിരിക്കുന്ന വാതിലിലൂടെ റൂമിനകത്തേക്ക് കടന്നു. നവീൻ അക്ഷമനായി പുറത്ത് കാത്ത് നിന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ മീര പുറത്തേക്ക് വന്നു. എന്നിട്ട് കുറച്ച് ജാള്യതയോടെ അകത്തെ കാര്യങ്ങൾ അവനു പറഞ്ഞു കൊടുത്തു.

“ഡാ.. അകത്തേക്ക് കയറി വാ.”

കാവ്യയുടെ വിളി കേട്ടതും നവീൻ ലോക്ക് ചെയ്തിട്ടില്ലായിരുന്ന ഡോർ തുറന്ന് അകത്തേക്ക് ചെന്നു.

കാവ്യ കണ്ണാടിയിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *