പ്രഹേളിക 3അടിപൊളി  

കുറച്ച് സമയങ്ങൾ കൂടി കഴിഞ്ഞപ്പോൾ ആകാശ് തിരികെ വന്ന് കാറിലേക്ക് കയറി.

മൂന്നു പേരുടെ മുഖത്തും ആകാംഷ നിറഞ്ഞിരുന്നു. അതിനു വിരാമമിട്ടുകൊണ്ട് അവൻ പറഞ്ഞു.

“മീരയുടെ ശരിക്കുമുള്ള പേര് ദിവ്യ എന്നാണ്.”

മീര അവളുടെ പേര് സ്വയം ഒന്ന് ഉരുവിട്ടു.

“മീര ഒരു മാസത്തോളം കോമ സ്റ്റേജിൽ ഇവിടെ ഉണ്ടായിരുന്നു. രണ്ടു മാസം മുൻപാണ് അതേ അവസ്ഥയിൽ തന്നെ മീരയുടെ വീട്ടുകാർ അവളെ ഇവിടെ നിന്നും കൊണ്ട് പോയത്. ഇപ്പോഴത്തെ അവസ്ഥ എന്താന്ന് അറിയില്ല.”

നവീൻ ആകാംഷയോടെ ചോദിച്ചു.

“എവിടാ മീരയുടെ സ്ഥലം.”

“അഡ്രെസ്സ് ഞാൻ ഒപ്പിച്ചിട്ടുണ്ട്. കോട്ടയത്താണ്‌ മീരയുടെ വീട്.”

കാവ്യ ആത്മഗതം എന്നവണ്ണം പറഞ്ഞു.

“അപ്പോൾ നമ്മൾ കോട്ടയത്ത് പോകേണ്ടി വരും.”

കുറച്ച് നേരം നിശബ്തനായി ഇരുന്ന ശേഷം ആകാശ് പറഞ്ഞു.

“ശരിക്കുമുള്ള കാര്യം ഇനിയാണ് പറയാനുള്ളത്. മീരയെ ചുറ്റിപറ്റി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്.”

മൂന്നുപേരും ആകാശിനെ തുറിച്ച് നോക്കി.

“ആക്സിഡന്റ് നടന്ന അന്ന് രാത്രി ഒരാൾ മീരയുടെ ബ്രദർ ആണെന്നും പറഞ്ഞു വരുകയും അവളുടെ മൊബൈൽ ഹോസ്പിറ്റൽ സ്റ്റാഫിന്റെ കൈയിൽ നിന്നും വാങ്ങി കൊണ്ട് പോവുകയും ചെയ്തു. പക്ഷെ മീരക്ക് അങ്ങനെ ഒരു ബ്രദർ ഇല്ല.”

കാവ്യ ചോദിച്ചു.

“മീരയുടെ മൊബൈൽ എന്തിനായിരിക്കും ഒരാൾ കള്ളം പറഞ്ഞ് കൈക്കലാക്കിയത്.”

ആ ചോദ്യത്തെ അവഗണിച്ച് കൊണ്ട് ആകാശ് പറഞ്ഞു.

“മറ്റൊരു ദിവസം മീരയെ ഹോസ്പിറ്റലിൽ വച്ച് കൊല്ലാനും ഒരു ശ്രമം നടന്നു. അതോടു കൂടിയാണ് ഇവളുടെ ഫാമിലി മീരയെ കോട്ടയത്തേക്ക് കൊണ്ട് പോയത്. കോട്ടയത്തെ ജെ. ആർ ഹോസ്പിറ്റൽ മീരയുടെ അച്ഛന്റേതാണ്.”

നവീൻ മീരയുടെ മുഖത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു.

“ആദ്യം മൊബൈൽ പോകുന്നു പിന്നാലെ കൊലപാതക ശ്രമം. ഇതിൽ നിന്നും എന്താണ് നമ്മൾ മനസിലാക്കേണ്ടത്.”

സീറ്റിലേക്ക് ചാരി ഇരുന്നു കൊണ്ട് കാവ്യ പറഞ്ഞു.

“മീര എന്തോ ഒന്നിന്റെ സാക്ഷി ആണ്. അതിന്റെ തെളിവുകൾ ആ മൊബൈലിൽ ഉണ്ടായിരുന്നു.”

മീരയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട്‌ നവീൻ ചോദിച്ചു.

“എന്തായിരിക്കും മീര കണ്ടിട്ടുണ്ടാകുക.”

അതിനുള്ള ഉത്തരം അവളുടെ കൈയിലും ഉണ്ടായിരുന്നില്ല.

നവീൻ തന്റെ ബെഡിൽ മുകളിലേക്ക് നോക്കി കിടക്കുകയായിരുന്നു. അവന്റെ അരികിൽ തന്നെ കാവ്യ ഇരിപ്പുണ്ട്.

ഇരുവർക്കും നവീന്റെ ‘അമ്മ വിളക്ക് കത്തിച്ച സന്ധ്യ നാമം ചൊല്ലുന്നത് കേൾക്കാമായിരുന്നു. അമ്മയുടെ സന്ധ്യ നാമം ആ വീട്ടിൽ പതിവാണ്.

“ഡാ.. നാളെ അപ്പോൾ നമ്മൾ കോട്ടയത്തേക്ക് പോകും അല്ലെ.”

“മ്മ്.. രാവിലെ തന്നെ ഇറങ്ങണം.”

കാവ്യയും അവന് അരികിലായി മുകളിലേക്ക് നോക്കി കിടന്നു.

“മീര ഇപ്പോൾ ഈ റൂമിൽ ഉണ്ടോടാ?”

“ഇല്ല.. അവളിപ്പോൾ താഴേക്ക് എവിടെയോ പോയേക്കുവാണ്.”

“ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?”

നവീൻ തല ചരിച്ച് കാവ്യയെ നോക്കി.

“എന്താടി?”

“നിനക്ക് മീരയെ ഇഷ്ടമാണോ?”

അവൻ ഒന്നും പറഞ്ഞില്ല. കാവ്യ അവന്റെ മുഖത്തേക്ക് നോക്കി.

“അവളെ കാണാതായപ്പോൾ ഇന്ന് നീ കാണിച്ച് കൂട്ടിയതൊക്കെ ഞാൻ കണ്ടതാണ്. അതുകൊണ്ട് ഉള്ള സത്യം നീ തുറന്നു പറഞ്ഞോ.”

“ഇഷ്ട്ടം ആണെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴും എനിക്ക് വ്യക്തമായിട്ടറിയില്ല അവളോട് തോന്നുല്ല ഫീലിംഗ് എന്താണെന്ന്.”

കാവ്യ കുറച്ച് നേരത്തേക്ക് നിശ്ശബ്ദതയായി കിടന്നു. ഈ സമയത്താണ് മീര ആ റൂമിലേക്ക് കയറി വന്നത്. പക്ഷെ ആ കാര്യം അവൻ കാവ്യയോട് പറഞ്ഞില്ല.

കാവ്യ പെട്ടെന്ന് ചോദിച്ചു.

“മീരയെ കാണാൻ സുന്ദരി ആണോ?”

കാവ്യയുടെ ചോദ്യം കേട്ട മീര പെട്ടെന്ന് നവീന്റെ മുഖത്തേക്ക് നോക്കി. അവന്റെ നോട്ടവും മീരയുടെ മുഖത്തായിരുന്നു.

“അഹ്.. സുന്ദരി ആണ്.”

പെട്ടെന്ന് തന്നെ കാവ്യയുടെ അടുത്ത ചോദ്യം വന്നു.

“എന്നെക്കാളും സുന്ദരി ആണോ?”

കാവ്യയുടെ കുശുമ്പ് നിറഞ്ഞ ചോദ്യം കേട്ട് മീരയുടെ ചുണ്ടിൽ ചിരി നിറഞ്ഞിരുന്നു.

കാവ്യയെ ഒന്ന് കളിപ്പിക്കാനായി നവീൻ പറഞ്ഞു.

“അങ്ങനെ ചോദിച്ചാൽ… നിന്നെക്കാളും ഇച്ചിരി സൗന്ദര്യം കൂടുതലാണ്.”

Leave a Reply

Your email address will not be published. Required fields are marked *