പ്രഹേളികഅടിപൊളി  

ഒരു മൂന്നു മിനിറ്റോളം അവരുടെ കാറും ഇന്നോവയും തമ്മിൽ അധിക അകാല വ്യത്യാസം ഇല്ലാതെ മുന്നോട്ടു പോയി. അപ്പോഴേക്കും അവർ മാന്ധ്രാ ജംഗ്ഷൻ എത്തിയിരുന്നു.

തൊട്ടടുത്ത വളവു എത്തിയതും കാവ്യ പെട്ടെന്ന് പറഞ്ഞു.

“ഡാ എനിക്ക് ഒന്നും കാണാൻ വയ്യ.”

മുന്നോട്ട് നോക്കിയ നവീനും ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. ആ വളവിൽ നല്ല രീതിയിൽ മൂടൽ മഞ്ഞ് താങ്ങി നിൽപ്പുണ്ടായിരുന്നു. കാവ്യയുടെ കാലുകൾ അറിയാതെ തന്നെ ബ്രേക്കിൽ അമർന്നു. അതേ സമയം തന്നെ പിന്നിൽ ഉണ്ടായിരുന്ന ഇന്നോവ അവരുടെ കാറിനെ ഇടിച്ചതും ഒരുമിച്ചായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നവീന്റെ കാർ മുന്നോട്ട് പോയി റോഡരികിലെ പാറക്കെട്ടിൽ ഇടിച്ച് നിന്നു.

ഒരു നിമിഷം നവീന്റെ കണ്ണിലേക്ക് ഇരുട്ടു കയറി. തൊട്ടടുത്ത നിമിഷം തന്നെ തല കുടഞ്ഞ് കൊണ്ട് കാറിൽ നിന്നും പുറത്തിറങ്ങിയ നവീൻ കാണുന്നത് കാറിനടുത്തേക്ക് ഓടിവരുന്ന ഒരുത്തനെയാണ്. മീരയും ഈ സമയം കാറിൽ നിന്നും പുറത്തിറങ്ങി.

കാറിന്റെ ബോണറ്റിൽ കൈ ഊന്നി ഒരു ചാട്ടത്തിനു കാറിന്റെ മറു സൈഡിൽ എത്തിയ നവീൻ കാറിനടുത്തേക്ക് ഓടി വന്നവനെ ഒരു ചവിട്ടിനു റോഡിലേക്ക് തെറിപ്പിച്ചു.

ഈ സമയം കൊണ്ട് ഇന്നോവയിൽ ബാക്കി ഉണ്ടായിരുന്ന നാലുപേരും പുറത്തേക്കിറങ്ങി. അവരെ ഇങ്ങനെ നേരിടണമെന്ന് നവീന് യാതൊരു രൂപവും ഉണ്ടായിരുന്നില്ല. കാവ്യയും കാറിൽ നിന്നും പുറത്തിറങ്ങി. തല സ്റ്റിയറിങ്ങിൽ ഇടിച്ചതിനാൽ അവളുടെ നെറ്റിയുടെ സൈഡിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു.

ഈ സമയം ജെറിയുടെ കൂട്ടാളികളിൽ ഒരുവൻ നവീന് നേരെ ഓടി അടുത്തു. നവീൻ പെട്ടെന്ന് ഒഴിഞ്ഞ് മാറി അവനെ പിന്നിലേക്ക് തള്ളിയിട്ട് തിരിയുമ്പോഴേക്കും ജെറിയുടെ കൈയിൽ ഉണ്ടായിരുന്ന കത്തി നവീന്റെ വയർ ലക്ഷ്യമാക്കി അടുത്തിരുന്നു.

ഇത് കണ്ടു മീര ഉറക്കെ നിലവിളിച്ചു. മീരയെ പോലെ തന്നെ നവീനും ആ കത്തി തന്റെ വയർ തുളച്ച് കയറി എന്ന് തന്നെ ഉറപ്പിച്ചു.

കണ്ണുകൾ ഇറുക്കി അടച്ച് തുറന്ന നവീൻ കാണുന്നത് കത്തിയിൽ മുറുകെ പിടിച്ചിരിക്കുന്ന കാവ്യയെ ആണ്. അവളുടെ കൈയിൽ നിന്നും ചോര ചീറ്റുന്നുണ്ടായിരുന്നു. ഈ സമയം തന്നെ അവൻ മറ്റൊരു കാഴ്ചയും കണ്ടു. കാവ്യയുടെ പിന്നിൽ ഉണ്ടായിരുന്ന മീര അന്തരീക്ഷത്തിലേക്ക് മാഞ്ഞ് പോകുന്നത്.

നവീൻ ജെറിയുടെ വയറ്റിലേക്ക് ആഞ്ഞ് ചവിട്ടി. അവൻ കത്തിയുമായി റോഡിലേക്ക് തെറിച്ച് വീണു. കത്തി കൈയിലുലൂടെ ചീന്തി പോയതും കാവ്യയുടെ നിലവിളി അവിടെ ഉയർന്നിരുന്നു.

റോഡിൽ നിന്നും എഴുന്നേൽക്കാൻ തുനിഞ്ഞ ജെറി പെട്ടെന്ന് കുറെ ഹോണടികളും പിള്ളേരുടെ ഒച്ചയും കേട്ട് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നുപോയി.

നിമിഷ നേരം കൊണ്ട് തന്നെ മൂന്നു കാറിലും അനേകം ബൈക്കുകളിലുമായി വന്നിറങ്ങിയ പിള്ളേര് ജെറിയെയും കൂട്ടരെയും വളഞ്ഞു.

കാറിൽ നിന്നും ഇറങ്ങിയ രവി മാമൻ നവീന്റെ കൈയിൽ കിടക്കുന്ന കാവ്യയുടെ അടുത്തേക്ക് ഓടുമ്പോൾ പിള്ളേരുടെ ഇടയിൽ പെട്ട ജെറിക്കും കൂട്ടർക്കും ഒരു കീഴടങ്ങളല്ലാതെ മറ്റൊരു വഴി ഇല്ലായിരുന്നു.

. . . .

പിറ്റേന്നത്തെ ന്യൂസ് ചാനൽ മൊത്തം ജെറിയുടെ അറസ്റ്റും, ദീപയുടെയും വിവേകിന്റെയും കൊലപാതക വിഡിയോസും കൊണ്ടുള്ള ആഘോഷം ആയിരുന്നു. ആകാശ് പറഞ്ഞത് പ്രകാരം അവരുടെ പേര് ചാനൽ പുറത്ത് വിട്ടിരുന്നില്ല.

രണ്ടു കൈയിലും മുറുവിലെ കെട്ടുമായി ക്ഷീണം നിറഞ്ഞ മുഖഭാവത്തോടെ കിടക്കുന്ന കാവ്യയുടെ നെറ്റിയിൽ നവീൻ തലോടി.

കൈയിലെ മുറിവ് അത്ര ആഴത്തിലൊന്നും അല്ലായിരുന്നു. എങ്കിലും കുറെ രക്തം വാർന്ന് പോയതിന്റെ ക്ഷീണം അവളിൽ ഉണ്ടായിരുന്നു.

ഹോസ്പിറ്റലിൽ നിന്നും ട്രിപ്പൊക്കെ ഇട്ടു കഴിഞ്ഞ് രാവിലെ തന്നെ കാവ്യയെ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു. ന്യൂസ് സ്റ്റുഡിയോയിൽ നിന്നും നേരെ ഹോസ്പിറ്റലിലേക്ക് എത്തിയ ആകാശ് കാവ്യയെ വീട്ടിൽ എത്തിച്ച ശേഷം ആണ് അവിടെ നിന്നും പോയത്.

അവളുടെ മുറിവിന്റെ കെട്ടിലൂടെ കൈ ഓടിച്ച് കൊണ്ട് നവീൻ ചോദിച്ചു.

“നീ എന്തിനാ ആ കത്തിയിൽ കയറി പിടിച്ചത്.”

ബെഡിൽ ഇരിക്കുകയായിരുന്ന അവന്റെ മടിയിലേക്ക് തല ഉയർത്തി വെച്ച കൊണ്ട് അവൾ ചോദിച്ചു.

“ഞാൻ പിന്നെ ആ കത്തി നിന്റെ വയറ്റിൽ കയറുന്നത് നോക്കി നിൽക്കണമായിരുന്നോ?”

അവൻ ഒന്നും മിണ്ടിയില്ല.

അവർക്കിടയിൽ ഉണ്ടായിരുന്ന അന്തരീക്ഷത്തിന്റെ ലാഘവം കുറയ്ക്കാനായി അവൾ പറഞ്ഞു.

“അതേ.. നിനക്ക് വേണ്ടിയാ എന്റെ കൈ രണ്ടും ഈ അവസ്ഥയിൽ ആയത്. അതുകൊണ്ട് ഇപ്പോഴും എന്റെ കൂടെ തന്നെ നിന്നു എനിക്ക് വേണുന്നതൊക്കെ ചെയ്തു തന്നേക്കണം. ചോറൊക്കെ വാരി തരണം കേട്ടോ..”

ഒരു ചിരിയോടെ അവൻ ചോദിച്ചു.

“ഡ്രെസ്സും ഞാൻ മാറ്റി ഇട്ട് തരേണ്ടി വരുമോ?”

“ആ ഇട്ടു തരേണ്ടി വരും. എന്തെ പറ്റില്ലേ?”

“ഓഹോ.. എങ്കിൽ ഈ ഡ്രസ്സ് നമുക്ക് ഇപ്പോൾ തന്നെ മാറിയേക്കാം.”

നവീൻ അവളുടെ ടോപ് വലിച്ചുയർത്തി അവളുടെ മാറിടത്തിന് തൊട്ടു താഴെ വരെ കൊണ്ട് വന്നു. പക്ഷെ അവൾക്ക് യാതൊരു ഭാവ മാറ്റവും ഉണ്ടായിരുന്നില്ല.

ടോപ് താഴേക്കിട്ട് നഗ്നമായ വയർ മറച്ച് കൊണ്ട് അവൻ പറഞ്ഞു.

“നാണം ഇല്ലാത്ത ജന്തു.”

അത് കേട്ടതും ഒരു ചിരിയോടെ അവൾ പറഞ്ഞു.

“നീ എവിടം വരെ പോകുമെന്ന് എനിക്കറിയാല്ലോ.”

അവനൊന്ന് ചിരിച്ച ശേഷം വിദൂരതയിലേക്ക് നോക്കി ഇരുന്നു.

അവന്റെ മുഖഭാവം മാറിയത് കണ്ടു കാവ്യ ചോദിച്ചു.

“മീരയെ പിന്നെ ഇതുവരെയും നീ കണ്ടില്ലല്ലേ?”

“ഇല്ല.. മാന്ധ്രാ കുന്നിലും ഞാൻ പോയി നോക്കിയിരുന്നു, അവിടെയും അവളില്ല.”

“ഇനി നീ എന്ത് ചെയ്യാൻ പോകുന്നു?”

“ഞാൻ ഇന്ന് തന്നെ കോട്ടയത്ത് അവളുടെ വീട്ടിലേക്ക് പോകും. അവൾക്ക് എന്ത് പറ്റിയെന്ന് എനിക്കറിയണം.”

കാവ്യ പെട്ടെന്ന് പറഞ്ഞു.

“ഞാനും വരും നിന്റെ കൂടെ.”

“നിനക്ക് ഈ അവസ്ഥയിൽ യാത്ര ചെയ്യാൻ പറ്റുമോ?”

“ഇല്ല.. പക്ഷെ നാളെ ഉറപ്പായും എന്റെ ക്ഷീണമൊക്കെ മാറും. നമുക്ക് നാളെ പോകാമെടാ.”

നവീൻ ആകെ വിഷമാവസ്ഥയിലായി.

“കാവ്യ, അവൾക്ക് എന്ത് പറ്റിയെന്നറിയാതെ എനിക്കൊരു സമാധാനം കിട്ടില്ല.”

“നവീൻ.. നിന്നെ ഒറ്റയ്ക്ക് അവിടേക്ക് വിടാൻ എനിക്കാവില്ല.. എനിക്ക് വേണ്ടി ഇന്ന് ഒരു ദിവസം നിനക്ക് ക്ഷമിച്ചൂടെ.. പ്ളീസ്.”

അവളെ വിഷമിപ്പിക്കുവാൻ നവീന് കഴിയുമായിരുന്നില്ല.

ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു.

“നമുക്ക് നാളെ രാവിലെ തന്നെ പോകാം.”

അത് കേട്ടതും കാവ്യയുടെ മുഖത്ത് ചിരി തെളിഞ്ഞു.

“അവിടെ പോകുന്നതിനു മുൻപ് എനിക്ക് കുറച്ച് കാര്യങ്ങളിൽ തീരുമാനം ആക്കാനുണ്ട്.”

അവൾ ആകാംഷയോടെ ചോദിച്ചു.

“എന്ത് കാര്യത്തിൽ?”

“അതൊക്കെ ഉണ്ട്.”

അവൻ ഫോണെടുത്തു അമ്മയെയും അച്ഛനെയും ആകാശിനെയും അവളുടെ വീട്ടിലേക്ക് വരാൻ ആവിശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *