പ്രഹേളിക 3അടിപൊളി
“നമ്മുടെ ശരീരത്തു ഉള്ള ഉർജ്ജങ്ങളുടെ ഒരു മിശ്രിതമാണ് ഈ ആത്മാവ് എന്നതാണ് എന്റെ ഒരു വിശ്വാസം. ആ ഊർജ മിശ്രിതത്തിന് ശരീരത്തിൽ നിലനിൽക്കാനാകാതെ വരുമ്പോൾ ശരീരം വിട്ടകലും.”
നവീൻ ചോദിച്ചു.
“സാറിന് എങ്ങനെ ആണ് അത്തരത്തിലുള്ള ഒരു ഊർജം ഇവിടെ ഉണ്ടോ ഇല്ലയോ എന്നറിയാൻ കഴിയുന്നത്.”
ഒന്ന് പുഞ്ചിരിച്ച ശേഷം രാമ മൂർത്തി പറഞ്ഞു.
“തനിക്ക് മാത്രം മീരയെ എങ്ങനെ കാണാൻ കഴിയുന്നു എന്നതിന് ഒരു ഉത്തരം ഇല്ലല്ലോ. അത് പോലെ എനിക്കെങ്ങനെ ഇതിനു കഴിയുന്നു എന്നതിന്റെയും ഉത്തരം ഞാൻ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.”
അവർ രാമ മൂർത്തിയോട് യാത്ര പറഞ്ഞ് അവിടെ നിന്നും നേരെ പോയത് മാളിലേക്കായിരുന്നു.
മാളിലെത്തിയ അവർ കാവ്യയുടെ നിർദ്ദേശ പ്രകാരം നേരെ പോയത് ഫുഡ് കോർട്ടിലേക്കായിരുന്നു.
അവിടേക്ക് നടക്കുന്നതിനിടയിൽ കാവ്യ ചോദിച്ചു.
“ഇനി എന്താണ് നമ്മുടെ അടുത്ത നീക്കം?”
ആകാശാണ് അതിനു മറുപടി നൽകിയത്.
“മീര ആരാണെന്ന് കണ്ടെത്തണം.”
നവീൻ ചോദിച്ചു.
“പക്ഷെ എങ്ങനെ?”
“ഞാൻ ഒന്ന് ആലോചിക്കട്ടെ. എന്തെങ്കിലും വഴി ഉണ്ടാകും.”
ഫുഡ് കോർട്ടിൽ എത്തിയ അവർ കഴിക്കാനായി ഇരുന്നു. മൂന്നു പേരും ഇരുന്നു കഴിഞ്ഞപ്പോൾ നവീൻ ഒരു കസേര വലിച്ചിട്ടുകൊണ്ടു മീരയോട് പറഞ്ഞു.
“നീ ഇവിടേക്ക് ഇരിക്ക്.”
അവരുടെ അടുത്ത ടേബിളിൽ ഉണ്ടായിരുന്നവർ നവീനെ ഒന്ന് പാളി നോക്കി. നവീൻ അന്തരീക്ഷത്തിൽ നോക്കി സംസാരിക്കുന്നതായാണ് അവർക്ക് തോന്നിയത്.
കാവ്യ പെട്ടെന്ന് എഴുന്നേറ്റ് നവീൻ നീക്കിയിട്ട കസേരയിൽ അവനടുത്തായി വന്നിരുന്നുകൊണ്ടു ശബ്‌ദം താഴ്ത്തി പറഞ്ഞു.
“ഒരുമാതിരി മണ്ടത്തരം കാണിക്കരുത്. ബാക്കി ഉള്ളവർക്കൊക്കെ നീ ഒരുമാതിരി വായുവിൽ നോക്കി സംസാരിക്കുന്നതായാണ് തോന്നുന്നത്.”
ഇത് കേട്ട മീര നവീനെ നോക്കി ചിരിച്ചുകൊണ്ട് കാവ്യ എഴുന്നേറ്റ് മാറിയ സീറ്റിലേക്ക് ഇരുന്നു.
നവീൻ ആകാശിനെ നോക്കിയപ്പോൾ അവനും കളിയാക്കി ചിരിക്കുകയാണ്.
പെട്ടെന്ന് നവീന്റെ ശ്രദ്ധ മീരയിലേക്ക് തിരിഞ്ഞു്. അവളുടെ മുഖം ആകെ ഭയം നിറഞ്ഞത് പോലെ. ഒരു നിമിഷം കൊണ്ട് തന്നെ അവൾ അവിടെ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.
നവീൻ ഉറക്കെ വിളിച്ചു.
“മീര.. മീര..”
കാവ്യ അവന്റെ കൈയിൽ കയറി പിടിച്ചു.
“എന്താടാ.. എന്ത് പറ്റി?”
“അവളിവിടെ ഇല്ല.. അവൾ പെട്ടെന്ന് മാഞ്ഞു പോയി.”
ആകാശും കാവ്യയും ആശ്ചര്യത്തോടെ അവനെ നോക്കി.
നവീൻ കസേരയിൽ നിന്നും എഴുന്നേറ്റ് ചുറ്റും നോക്കി അവളുടെ പേര് ഉറക്കെ വിളിച്ചു.
അപ്പോഴേക്കും അവിടെ ഉള്ളവർ അവനെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
“കാവ്യ.. ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്. നമുക്കിവിടന്ന് പോകാം.”
ആകാശിന്റെ വാക്കുകൾ കേട്ട കാവ്യ നവീന്റെ കൈയിൽ ബലമായി പിടിച്ച് വലിച്ച് പുറത്തക്ക് നടന്നു.അവളോടൊപ്പം നടക്കുമ്പോഴും അവന്റെ കണ്ണുകൾ ചുറ്റും മീരക്കായി പരതുകയായിരുന്നു.
കാവ്യക്കൊപ്പം കാറിലേക്ക് കയറുമ്പോൾ കണ്ണുകൾ നിറഞ്ഞു പേടിയും സങ്കടവും നിറഞ്ഞ ഒരു മുഖഭാവത്തിൽ ആയിരുന്നു അവൻ.
ഇടറിയ സ്വരത്തിൽ അവൻ അവരോടു ചോദിച്ചു.
“അവൾക്ക് എന്താകും സംഭവിച്ചിട്ടുള്ളത്?”
“ഒന്നെങ്കിൽ മീര അവളുടെ ശരീരത്തിലേക്ക് തിരികെ പോയിട്ടുണ്ടാകും. അല്ലെങ്കിൽ…”
പാതി വഴിയിൽ വാക്കുകൾ നിർത്തിയ ആകാശിനെ നോക്കി നവീൻ ചോദിച്ചു.
“അല്ലെങ്കിൽ?”
“അവൾ മരിച്ചിട്ടുണ്ടാകും.”
നവീൻ മരവിച്ച അവസ്ഥയിൽ ഒരു നിമിഷം ആകാശിന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പെട്ടെന്ന് പറഞ്ഞു.
“ഡാ.. കാർ മാന്ധ്രാ കുന്നിലേക്ക് ഓടിക്ക് നീ.”
നവീന്റെ വാക്കുകൾ കേട്ട ആകാശിന്റെ കണ്ണുകൾ ഒരു നിമിഷം വിടർന്നു. അവൻ കാർ പെട്ടെന്ന് റിവേഴ്‌സ് എടുത്തു തിരിച്ച് മാന്ധ്രാ കുന്നിലേക്ക് ഓടിച്ചു. കാവ്യ നവീന്റെ കൈ അവനെ സമാധാനിപ്പിക്കാനെന്നവണ്ണം മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു.
ഇരുപത് മിനിറ്റ് കൊണ്ട് അവർ മാന്ധ്രായിൽ എത്തി. ആകാശ് രമേശന്റെ കടയ്ക്ക് മുന്നിൽ കാർ നിർത്തിയപ്പോഴേക്കും നവീൻ കാറിൽ നിന്നും ഇറങ്ങി കുന്നിന്റെ മുകളിലേക്ക് ഓടി. അവന്റെ തൊട്ടു പിന്നാലെ കാവ്യയും. അവന്റെ കൂടെ എത്താൻ കാവ്യ നന്നേ കഷ്ട്ടപെടുന്നുണ്ടായിരുന്നു.
