കാവ്യ അവന്റെ മുന്നിൽ കൈകൾ ഉയർത്തിയപ്പോൾ അവൻ രണ്ടു കക്ഷത്തും പെർഫ്യൂം അടിച്ചു കൊടുത്തു. അവന്റെ കൈയിൽ നിന്നും കമ്മലും വാങ്ങി അവൾ കണ്ണാടിയുടെ മുന്നിലേക്ക് പോയി.
പെർഫ്യൂം ബെഡിലേക്ക് ഇട്ടുകൊണ്ട് അവൻ ചോദിച്ചു.
“ഇന്നിത്തിരി ഓവർ ആയിട്ടാണല്ലോ ഒരുക്കം.”
“ഒരു കല്യാണത്തിന് പോകുവല്ലേ.. അപ്പോൾ ഇത്തിരി ഒരുങ്ങിയൊക്കെ ഇറങ്ങേണ്ട?”
“ഓഹോ.. അല്ലാതെ കാമുകനെ കാണാൻ പോകുന്നതിന്റെ അല്ല.”
എതിർത്ത് വല്ലോം പറയാൻ പോയാൽ നവീന്റെയിൽ നിന്നും കണക്കിന് കളിയാക്കൽ കേൾക്കേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ അവൾ നിശബ്തത പാലിച്ചു.
“അതേ, ഈ കളി അധികം നീട്ടികൊണ്ടു പോകാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പച്ചി ഇന്നും നമ്മുടെ കല്യാണക്കാര്യം എടുത്തിട്ടു.”
അവൾ അതിനു മറുപടി ഒന്നും പറയാതെ ഹാൻഡ്ബാഗ് കൈലെടുത്തുകൊണ്ടു പറഞ്ഞു.
“നമുക്കിറങ്ങാം.”
കാറിൽ പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ നവീൻ പറഞ്ഞു.
“കാവ്യ.. ഞാൻ നേരത്തെ സീരിയസ് ആയി പറഞ്ഞതാണ്.”
“എന്ത്?”
“വീട്ടിൽ നിന്ന് എപ്പോൾ നല്ല പ്രെഷർ ഉണ്ട് നമ്മുടെ കല്യാണം ഇത്രേം പെട്ടെന്ന് നടത്താനായി.”
അവളൊന്നു മൂളിയ ശേഷം പുറത്തേക്ക് നോക്കികൊണ്ടിരുന്നു. മുഖത്ത് ചെറുതായി ഗൗരവം കടന്നു കൂടിയിട്ടുണ്ട്.
“നീ എന്താ ഒന്നും പറയാത്തത്.”
“നമ്മൾക്ക് അങ്ങനെ ഒരു റിലേഷനിൽ താല്പര്യം ഇല്ലെന്ന് അറിയുമ്പോൾ വീട്ടിലുണ്ടാക്കുന്ന പൊട്ടിത്തെറിയെ കുറിച്ച് ആലോചിക്കുവായിരുന്നു ഞാൻ. മാത്രമല്ല ആകാശേട്ടന്റെ കാര്യം കൂടി ഞാൻ വീട്ടിൽ പറയുമ്പോൾ എല്ലാം പൂർണമാകും.”
നവീനും അതിനെ കുറിച്ച് ബോധവാനായിരുന്നു.
താഴ്ന്ന സ്വരത്തിൽ അവൻ പറഞ്ഞു.
“നമ്മൾ ഇത് വളരെമുമ്പു തന്നെ വീട്ടിൽ പറയേണ്ടതായിരുന്നു.”
കാവ്യയുടെ കൈ ഗിയറിലിരുന്ന നവീന്റെ കൈത്തണ്ടയിൽ മുറുകി.
ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു.
“എനിക്കും ആകാശേട്ടനും വേണ്ടിയിട്ടാണ് നീ ഇത് ഇത്രയും നാൾ വീട്ടിൽ പറയാതിരുന്നതെന്ന് എനിക്കറിയാം. ഒരു വൺ ഇയർ കൂടി എനിക്ക് വേണ്ടി നീ ക്ഷമിക്ക്. അപ്പോഴേക്കും ആകാശേട്ടൻ ഒരു വിധം സെറ്റിൽ ആകും.”
ഒരു നിമിഷം നിർത്തിയ ശേഷം അവൾ പറഞ്ഞു.
“ഗായത്രിയെ കെട്ടിച്ച് വിട്ടതിന്റെ കടങ്ങളൊക്കെ ആകാശേട്ടൻ ഇപ്പോൾ തീർത്തേ ഉള്ളു. ഇപ്പോൾ ചെയ്തു കൊണ്ടിരുന്ന പ്രൊജക്റ്റ് രണ്ടു ദിവസം മുൻപാണ് തീർന്നത്. അതിൽ നല്ലൊരു തുക കിട്ടിയിട്ടുണ്ട്. ഇനിയൊരു മൂന്നു മാസത്തേക്ക് പുള്ളിക്കാരൻ പുതിയ പ്രൊജക്റ്റ് ഒന്നും എടുക്കുന്നില്ലെന്നാണ് പറഞ്ഞത്. കഴിഞ്ഞ രണ്ടു വർഷമായി ഫുൾ ടൈം വർക്കിൽ തന്നെ ആയിരുന്നല്ലോ. നീ ഈ ഒരു വര്ഷം കൂടി എനിക്ക് വേണ്ടി വീട്ടിൽ എന്തെങ്കിലും പറഞ്ഞു പിടിച്ച് നിൽക്ക്. അപ്പോഴേക്കും ആകാശേട്ടൻ നല്ലൊരു ബാങ്ക് ബാലൻസ് ഉണ്ടാക്കിയിരിക്കും. വീട്ടുകാർ സമ്മതിക്കാതെ ഞാൻ ഇറങ്ങി ചെന്നാലും പുള്ളിക്ക് പിടിച്ച് നിൽക്കാനുള്ള അവസ്ഥയിലാകാനുള്ള സമയം നമ്മൾ കൊടുക്കണമല്ലോ.”
നവീന്റെ അടുത്ത കൂട്ടുകാരനാണ് ആകാശ്. കോളേജിൽ പഠിക്കുന്ന ടൈമിൽ ആണ് ആകാശിന്റെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിക്കുന്നത്. പിന്നെ അവനു ആകെ ഉണ്ടായിരുന്നത് അനിയത്തി ഗായത്രി മാത്രമാണ്. പഠിത്തത്തിൽ മുന്നിൽ തന്നെ ആയിരുന്ന ആകാശ് കഠിനമായ പരിശ്രമത്തിലൂടെ തന്നെയാണ് തന്റെ കരിയർ ഉയർത്തിക്കൊണ്ടു വന്നത്. ഇതിനിടയിൽ എപ്പോഴോ അറിയാതെ തന്നെ കാവ്യയും ആകാശും തമ്മിൽ ഇഷ്ട്ടത്തിലായി. ആകാശിനെ അടുത്തറിയാവുന്നതിനാലും അവന്റെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നതിനാലും നവീൻ ആ ബന്ധത്തിന് എതിര് നിന്നില്ല. ഒന്നര വർഷം മുൻപായിരുന്നു ഗായത്രിയുടെ വിവാഹം. ആരുടേയും സഹായം കൂടാതെ നല്ല രീതിയിൽ തന്നെയാണ് അവൻ ഗായത്രിയെ വിവാഹം ചെയ്തയച്ചത്.
കാരയ്ക്കാമുക്ക് കാർ പാസ് ചെയ്തപ്പോഴേക്കും അത്രയും നേരം ഗൗരവത്തിൽ ആയിരുന്ന കാവ്യയുടെ മുഖം ചെറുതായി തെളിഞ്ഞത്. നവീൻ അത് ശ്രദ്ധിക്കുക്കുകയും ചെയ്തു. അവന്റെ മുഖത്തു ചെറുതായി ചിരി പടർന്നു.