ഭദ്രദീപം [EXTENDED EDITION] 28അടിപൊളി 

അത് കാരണം ഈ നാലു വർഷ കാലയളവിൽ അവൾ സ്വയം നിയന്ത്രിച്ചു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടും, ദൈവാനുഗ്രഹം കൊണ്ടും, അവളുടെ ഏട്ടന്റെ പ്രാർത്ഥനയുടെ ഫലമായും എ,ഴുതിയ ഒരു പേപ്പറും കിട്ടാതിരുന്നിട്ടില്ല.

സ്വന്തം രക്ഷിതാക്കളറിയാതെ ആർത്തുല്ലസിച്ചു നടക്കാൻ, മണിക്കൂറുകൾക്ക് ശരീരത്തിന് വിലയിട്ടു നടക്കുന്ന കൂട്ടുകാരികൾ, പലകുറി അവളെയും ക്ഷണിക്കാറുണ്ട്.

ഇവിടെ നമ്മുടെ ഈ പഠിപ്പിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളൊന്നും നാട്ടിലെ ഒരു പൂച്ചക്കുട്ടി പോലും അറിയില്ല എന്നു പറഞ്ഞു ഒന്ന് ഉല്ലസിച്ചു നടക്കാൻ ഒരു പാട് നിർബന്ധിക്കാറുണ്ട്.

അവളുടെ ആ പട്ടിക്കാട്ടിലെ ഡ്രെസ്സൊക്കെ മാറ്റി മോഡൽ ഡ്രെസ്സിൽ തിളങ്ങി നടക്കാൻ പറയാറുണ്ട്.

കൂട്ടുകാരൊക്കെ അടിച്ചു പൊളിച്ചു നടക്കുമ്പോൾ അവളുടെ മനസ്സിലും ആഗ്രഹങ്ങളും മോഹങ്ങളും ഇല്ലാഞ്ഞിട്ടല്ല.

ഒരു നേരം വരെ പാടത്തും പറമ്പിലും കൊത്തിക്കിളക്കുന്ന ഏട്ടന്റെ പഴയ പോളിസ്റ്റർ കുപ്പായങ്ങൾ മനസ്സിൽ തെളിയുമ്പോയും, പൊരി വെയിലത്ത് ഉരുകി ഒലിച്ചുണ്ടാക്കുന്ന തുച്ഛമായ വരുമാനം സ്വരുക്കൂട്ടി അയച്ചു തരുന്ന പണത്തിലേക്ക് നോക്കുമ്പോൾ, താനേ ആ ഏട്ടന്റെ കുഞ്ഞനിയത്തി ആയി മാറിപ്പോകും അവൾ.

ഇന്നീ യാത്രയിൽ ഇനി ഒരു തിരിച്ചു വരവില്ല. ഇനിയുള്ള കാലം ഏട്ടനെയും പരിചരിച്ചു നാട്ടിൽ തന്നെ ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ ജോലി തേടണം അതാണ് അവളുടെ ലക്ഷ്യം. എന്നിട്ട് നാലുവർഷം നേരിട്ടു കിട്ടാത്ത ആ സ്നേഹം ആവോളം അനുഭവിക്കണം.

ഓരോന്ന് ആലോചിച്ചു കൊണ്ട് വിൻഡോയിലൂടെ വരുന്ന പാതിരാ കാറ്റേറ്റ് അവൾ മെല്ലെ കണ്ണുകൾ അടച്ചു നിദ്രയിലേക്ക് ഊളിയിട്ടു.

പെട്ടെന്ന് ഫോൺ അടിച്ചപ്പോഴാണ് അവൾ ഉറക്കിൽനിന്നും ഉണർന്നത്. സ്‌ക്രീനിൽ ‘ഏട്ടൻ’ എന്ന് തെളിഞ്ഞു കണ്ടപ്പോൾ അവൾ ഒന്നു ഉഷാറായി. ഫോണെടുത്തു ചെവിയിൽ വെച്ചപ്പോൾ തന്നെ ‘എവിടെത്തി മോളേ?’ എന്നുള്ള ചോദ്യമാണ് അവൾ കേട്ടത്.

സ്റ്റാന്റിലെലെത്തുന്ന സമയം കഴിഞ്ഞല്ലോ എന്ന് പറഞ്ഞപ്പോഴാണ് ഭദ്ര പുറത്തെ കടകളുടെ ബോർഡുകളിലേക്ക് നോക്കുന്നത്. ‘ഇവിടെ അടുത്തെത്തി ഏട്ടാ, അരമണിക്കൂറിനുള്ളിൽ സ്റ്റാൻഡിൽ എത്തു’മെന്ന് പറഞ്ഞു കൊണ്ട് അവൾ ഫോൺ കട്ടാക്കി.

അവൾ പ്രതീക്ഷിച്ചതു പോലെ തന്നെ ഏട്ടൻ ചേതക്കുമായി സ്റ്റാന്റിന്റെ മുമ്പിൽ തന്നെയുണ്ടായിരുന്നു. നാട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു ഏട്ടന് ഫോൺ വിളിച്ചാൽ പിന്നെ അവിടുന്ന് ബസ്സിൽ കയറിയാൽ ഒരു സമാധാനമാണ്.

ഏത് അസമയത്തും ഏട്ടൻ തന്നെ വീട്ടിലേക്കു കൂട്ടി കൊണ്ടു പോകാൻ സ്റ്റാന്റിൽ ഉണ്ടാകുമെന്നുള്ളത് അവൾക്ക് ഒരു ധൈര്യമാണ്.

ബസ്സിൽ നിന്നിറങ്ങി ഏട്ടനെ ഒന്ന് കെട്ടിപ്പിടിച്ചു കുശലം ചോദിച്ചു.

ഈ പാതിരായ്ക്ക് ഉറക്കവുമൊഴിച്ചു കാത്തിരിക്കേണ്ട എന്ന് പറഞ്ഞതല്ലേ എന്ന് അവൾ ഒരു പരിഭവത്തിൽ പറയുമ്പോൾ ആ ഏട്ടനൊരു ചിരിച്ചു കൊണ്ട് മറുപടിയുണ്ട്.

“നട്ടപ്പാതിരക്ക് നിന്നെ ഞാൻ വല്ല ചെന്നായ്ക്കൾക്കും പിച്ചിച്ചീന്താൻ ഇട്ടുകൊടുക്കാം, അല്ല പിന്നേ. എനിക്കിതല്ലാതെ എന്താ പെണ്ണേ പണി?”

“അതേ.. എനിക്ക് ആണായിട്ടും പെണ്ണായിട്ടും ഒന്നേയുള്ളൂ, അവൾക്ക് വേണ്ടി ഉറക്കമൊഴിക്കുന്നതോണ്ട് എനിക്കൊരു ചുക്കും വരാൻ പോകുന്നില്ല.പിന്നെ എനിക്കും ഒരു കാത്തിരിപ്പിന്റെ സുഖമൊക്കെ അറിയണ്ടേ കൊച്ചേ……”

“സമയം കളയാതെ കേറിയിരി കൊച്ചേ..”

ഈ വാക്കുകളാണ് അവളെ ആ ഏട്ടന്റെ പെങ്ങളായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. തനിച്ചുവരുന്ന പെങ്ങൾക്ക് വേണ്ടി നാമജപം ചൊല്ലി കാത്തിരിക്കുന്ന ആ ഏട്ടന്റെ തഴമ്പിച്ച ഉള്ളം കയ്യിലും, സ്നേഹിക്കാൻ മാത്രമറിയുന്ന ആ മനസ്സും, ചുറ്റും സംരക്ഷണം ഉറപ്പു വരുത്തുന്ന പൂച്ചക്കണ്ണിലും ഉള്ള സുരക്ഷിതത്വവും, കരുതലും, ഒരു കാമുകന്റെയും ഉള്ള് പൊള്ളയായ കാറ്റുനിറച്ചു വീർപ്പിച്ചു നടക്കുന്ന മസിലുകൾക്കും നൽകാനാകില്ല എന്ന ഒരു വിശ്വാസമാണ് ആ ഏട്ടന്റെ പിറകിലിരിക്കുമ്പോൾ ആ ഏട്ടന്റെ അരക്കെട്ടിൽ മുറുകുന്ന അവളുടെ കൈകൾ കൊണ്ടുള്ള ആ കെട്ടിപ്പിടിത്തം.

Leave a Reply

Your email address will not be published. Required fields are marked *