ഭദ്രദീപം [EXTENDED EDITION] 28അടിപൊളി 

“ശരിയാണ്, രേവതി.. അവൾക്ക് നല്ല ഐശ്വര്യമുള്ള മുഖം, തന്നെ.”

പിറകിൽ നിന്നും വിശ്വേട്ടാ എന്ന് വിളിച്ചുകൊണ്ട് ദീപൻ സ്വർണക്കര മുണ്ടു താഴ്ത്തിയിട്ടു.

“താൻ വരച്ച പെയിന്റിംഗ് അല്ലെ കാണിച്ചുള്ളൂ.. ഞങ്ങൾ ഒന്ന് നേരിട്ട് കാണാൻ ഇറങ്ങിയതാണെടോ..”

“ദീപാ, പക്ഷെ നേര് പറഞ്ഞാൽ ആ പെയിന്റിംഗ് ആണ്, കൂടുതൽ ഭംഗി.” രേവതി കൂട്ടിച്ചേർത്തു.

അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോ നഴ്സിന്റെ യൂണിഫോം മാറ്റി, ഭദ്ര ചുവന്ന പട്ടുസാരിയിൽ ക്ലിനിക്കിൽ നിന്നും ഇറങ്ങിവന്നപ്പോൾ വിശ്വനും രേവതിയും കണ്ണ് തുറന്നു ആ ദേവിരൂപത്തെ മതി മറന്നു നോക്കി.

“മോളെ, ഇതാണ് അനന്തൻറെ അച്ഛനും, അമ്മയും – വിശ്വനാഥൻ, രേവതി.”

“നമസ്‍കാരം അമ്മെ..” ഭദ്ര രേവതിയുടെ കാൽ തൊട്ടു വന്ദിക്കുമ്പോൾ അടുത്തുള്ള അമ്പലത്തിലെ ശംഖൊലി മുഴങ്ങി.

ഇരുവരും സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ ദീപൻ ഭദ്രയോടു ചോദിച്ചു,

“മോളെ അനന്തൻ എങ്ങനെയുണ്ട്? സംസാരിച്ചോ?”

“ഏട്ടാ.. സംസാരിച്ചു. ആളൊരു പാവമാണ്. പെട്ടന്ന് ദേഷ്യം വരത്തൊന്നും ഇല്ല. ഞാൻ ഇങ്ങോട്ടു വരും മുൻപ് സ്വല്പം പേടിച്ചിരുന്നു.”

അന്ന് ഭദ്ര ഇടിച്ചക്ക തോരനും കഞ്ഞിയും രാത്രി ഏട്ടന് ഉണ്ടാക്കി കൊടുത്തു. ഇരുവരും ഒന്നിച്ചു മുഖത്തോടു മുഖം നോക്കി കഴിക്കുമ്പോ.

“ഏട്ടൻ ഞാനില്ലാത്തപ്പോ വരക്കുന്ന ചിത്രമൊക്കെ എന്തെ എന്നെ കാണിക്കാത്തത്…”

“കാണിക്കാം മോളെ.. ഒരൂസം.”

“ഏട്ടാ…”

“എന്താ മോളെ..”

“എന്നെ എപ്പോഴാ വരച്ചു തരിക..?”

“തരാല്ലോ മോളെ..”

ഭദ്ര ചിരിച്ചുകൊണ്ട് കഞ്ഞികുടി പൂർത്തിയാക്കി കിണറ്റിന്റെ കരയിലിരുന്നു പാത്രമൊക്കെ മോറിവെച്ചുകൊണ്ട് മുറിയിലേക്ക് കിടക്കാൻ ചെന്നു.

ഭദ്ര ഉറങ്ങികാണും എന്ന് വിചാരിച്ചുകൊണ്ട് ഗോവണി കയറി മുകളിലത്തെ മുറിയിൽ കയറി. ഒരു വലിയ പെയിന്റിംഗ് അത് ഒരാൾപൊക്കം ഉണ്ട്. അതെടുത്തു താഴെ കൊണ്ട് വന്നു.

പൂർത്തിയാകാത്ത ഒരു പെയിന്റിംഗ് ആണ്. ചുവന്ന സാരിയുടുത്തു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ രൂപം ആണ് പാതിയിൽ വരച്ചു നിർത്തിയിരിക്കുന്നത്.

രാവിലെ ആയപ്പോൾ, ഭദ്ര ദീപന്റെ മുറി തട്ടി വിളിച്ചു.

ദീപൻ വാതിൽ തുറന്നപ്പോൾ ഭദ്ര ആദ്യം കണ്ടത് ആ പെയിന്റിംഗ് ആയിരുന്നു.

ദീപനു താൻ അത് എടുത്തു വെക്കാൻ മറന്നു പോയത് പിന്നെയാണ് മനസിലായത്. ഭദ്രയുടെ വിവാഹത്തിന് സമ്മാനമായി കൊടുക്കാൻ കരുതിവെച്ച പെയിന്റിംഗ് ആയിരുന്നു അത്.

ഭദ്ര അത് കണ്ടു കണ്ണിമയ്ക്കാതെ നോക്കി. തനിക്ക് ഇത്രയും സൗന്ദര്യമുണ്ടോ എന്നവൾ അതിശയിച്ചു.

ഭദ്രയെ വിവാഹത്തിന് ആശ്ച്ചര്യപെടുത്താൻ ഉള്ള അവസരം നഷ്ടപ്പെട്ടതിൽ തെല്ലു നിരാശയോടെ ദീപൻ ഭദ്രയുടെ അരികിൽ നിന്നു.

‘എന്റെ പൊന്നുമോളുടെ വിവാഹജീവിതം, എന്നും നിറമുള്ളതായിരിക്കട്ടെ!!’ എന്ന് അതിന്റെ താഴെ ചെറിയ അക്ഷരത്തിൽ എഴുതിയത് കണ്ടപ്പോൾ, ഭദ്ര ഒരല്പം സന്ദേഹത്തോടെ ദീപനെ നോക്കിയപ്പോൾ ദീപൻ പറഞ്ഞു തുടങ്ങി.

“വിശ്വേട്ടനും രേവതിയമ്മയ്ക്കും മോളെ മരുമകളായി കിട്ടാൻ താത്പര്യമുണ്ടെന്ന് പറഞ്ഞിരുന്നു, മൂന്നു മാസം മുൻപ്.”

“അത്…. ഏട്ടാ….” കണ്ണ് ചുവന്നു നനഞ്ഞുകൊണ്ട് ഭദ്ര കൈ മുഷ്ടി മടക്കി.

“എന്താ മോളെ?”

“എനിക്കീ വിവാഹം വേണ്ട!”

“മോളെ… നീയെന്താ ഈ പറയുന്നത്, അവർ ഈ ഞായറാഴ്ച നിന്നെ കാണാൻ ഇങ്ങോട്ട് വരുന്നുണ്ട്.”

“ഏട്ടാ… എന്തൊക്കെയാ പറയുന്നേ? എന്റെ സമ്മതം ഏട്ടൻ ചോദിച്ചോ?”

“മോളെ… ഞാൻ…”

“ഞാൻ കരുതി…. എന്റെയിഷ്ടം മോള്ടെയും ഇഷ്ടമായിരിക്കുമെന്നു!”

“അത്… അങ്ങനെ തന്നെയായിരിക്കും എന്നും. പക്ഷെ… എന്നോട് ഒരുവാക്ക്… ചോദിക്കാമായിരുന്നില്ലേ എന്റെ ഏട്ടാ?”

“മോളെ… തെറ്റാണു, ഞാൻ ചെയ്തത്. ചോദിക്കാതെ… മോൾടെ ഇഷ്ടം നോക്കാതെ…” ദീപൻ വിതുമ്പാൻ തുടങ്ങിയപ്പോൾ ഭദ്ര ഏട്ടന്റെ മാറിൽ ചാഞ്ഞോണ്ട് പറഞ്ഞു.

“പ്ലീസ്..ഏട്ടാ….അവരോടു വരല്ലേന്നു പറ…”

ദീപന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഭദ്രയുടെ കവിളിൽ ഒറ്റി.

“മോൾക്ക്… ആരേലും ഇഷ്ടമാണോ….? ഏട്ടൻ അറിയാതെ അങ്ങനെ എന്തേലും ഉണ്ടോ…? പറ…” ദീപൻ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *