“ആയിക്കോട്ടെ..”
“ആട്ടെ പേരെന്താണ്? നിങ്ങൾ എവിടെന്നു വരുന്നു?”
“കേശവൻ…. തഞ്ചാവൂര് നിന്നും.”
അയാൾ പാട്ടുപുര ലക്ഷ്യമാക്കി നടക്കുമ്പോൾ ഒരോർമ്മ അയാളെത്തേടിയെത്തി..
എല്ലാത്തിന്റെയും തുടക്കം..
അന്ന് രാത്രി താൻ പാട്ടുപുരയിലെ നൃത്തം ചെയ്യുന്നവരുടെ ചമയത്തിനും അലങ്കാരത്തിനും മുന്നിൽ നില്കുമ്പോൾ കറന്റ് ഒരു നിമിഷത്തേക്ക് പോയതും ഗൗരി അപ്പോൾ അലറിയതും, മുറിയിൽ നിന്നും ഒരാൾ ഓടുമ്പോൾ അവനെ പിടിച്ചു ആഞ്ഞൊരടി ഈ കൈകൊണ്ട് കൊടുത്തതുമെല്ലാം.
പക്ഷെ അന്ന് അവനെ വെറുതെ വിടാതെ ദേവനും ഗൗരിയും ഒപ്പം അന്ന് രാത്രി നൃത്തത്തിന് വന്ന നർത്തകിമാരുടെയും മുന്നിൽ അപമാനിച്ചു വിട്ടപ്പോൾ അവൻ പ്രതികാരം ചെയ്യുമെന്ന് താനോ ഗൗരിയോ ദേവനോ കരുതിയതല്ല.
എല്ലാം വിധിയാണ്. ഗൗരിയോടുള്ള മോഹം കൊണ്ടാണ്, അവനന്നു ചമയമുറിയിൽ കടന്നവളെ പിടിച്ചത്, പക്ഷെ അന്നവനേറ്റ നാണക്കേട് അവളോടുള്ള മോഹം മുഴുവനും പകയായി മാറി….
6 മാസങ്ങൾക്ക് മുൻപ് തന്നെ കാണാൻ വന്ന അവൻ പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്.
ഗൗരിയുടെ മകൾ ഭദ്ര; അമ്മയേക്കാൾ സുരസുന്ദരിയായ അവളെ മരുമകളായി വീട്ടിൽ കൊണ്ടുവരുമെന്നും തന്റെ 20 വർഷത്തെ അഭിനിവേശം ഭദ്രയിലൂടെ നടത്തുമെന്നും.
വിശ്വനാഥൻ!!
അതെ അവൻ ഇപ്പോഴും ആനയുടെ പകയും ശക്തിയുമാണ്. പക്ഷെ ഭദ്രയെ എങ്ങനെയും രക്ഷിക്കണമെന്ന ആഗ്രഹം കൊണ്ടാണ് തഞ്ചാവൂര് നിന്നും താൻ തിടുക്കപ്പെട്ടു ഇങ്ങോട്ടേക്ക് വരുന്നത്.
ഒരുപക്ഷെ ഗൗരിയുടെയും ദേവന്റെയും അനുഗ്രഹം കൊണ്ടാവാം നഷ്ടപ്പെട്ട തന്റെ സ്വരം തിരിച്ചു കിട്ടിയതും.
എന്തായാലും തന്റെ ഈ ജന്മം തീരും മുൻപ് ഭദ്രയോടു ദീപനോടും ഈ കാര്യമെല്ലാം പറഞ്ഞിട്ടേ പോകുന്നുള്ളൂ.
“ആരാ എവിടുന്നാ…?”
“ഞാൻ.. കേശവൻ. മുൻപ് ഇവിടെ….”
അതുപറയുമ്പോ പാട്ടുപുരയുടെ ചുവരിൽ തൂക്കിയിട്ടിരിക്കുന്ന ദേവന്റെയും ഗൗരിയുടേം ഫോട്ടോ കണ്ടപ്പോൾ കേശവന്റെ കണ്ണ് നിറഞ്ഞു.
“ഞാൻ ഗൗരിയുടെയും ദേവന്റെയും കാർ ഓടിച്ചിരുന്ന കേശവൻ.”
“എന്റെ വൈക്കത്തപ്പാ… കേശവാ… നീയിത്രയും നാള് എവ്ടെയായിരുന്നു? നീ അവരോടൊപ്പം മരിച്ചെന്നാണ് ഞങ്ങൾ എല്ലാം വിശ്വസിച്ചിരുന്നത്.”
“മരിച്ചു പോയേനെ, മഹാദേവ.. ആട്ടെ എനിക്ക് അത്യാവശ്യമായി ഭദ്രയേയും ദീപനെയും കാണണം.”
“ദീപൻ, ഇന്ന് കാലത്തു ടൌൺ വരെ പോകുവാണ് പറഞ്ഞു. അവൻ ഊണിനു മുൻപ് എത്തേണ്ടതാണ്.
“പിന്നെ ഭദ്ര. അവൾക്ക് വിശ്വനാഥന്റെ മകന്റെ ക്ലിനിക്കിൽ ആണ് ജോലി. അവിടെ ആൽത്തറയുടെ നേരെ കാണുന്ന ആ കെട്ടിടത്തിൽ.”
അതുകേട്ടതും കേശവന്റെ മനസ് ഒന്ന് പിടച്ചു.
വിശ്വനാഥന്റെ മകൻ, ഇനി അവനും അച്ഛന്റെ സ്വഭാവമാണോ എന്ന് ആലോചിച്ചു പതറികൊണ്ട് കേശവൻ വേഗത്തിൽ ക്ലിനിക്കിലേക്ക് നടന്നു.
ദീപൻ ടൗണിൽ നിന്നും വരുന്ന വഴി രേവതിയമ്മയുടെ വീടിനു മുന്പിൽ വണ്ടിയൊന്നു നിർത്തി, അവർക്ക് മുട്ടുവേദനയ്ക്കുള്ള മരുന്ന് ടൗണിൽ പോകാൻ നേരം വാങ്ങാൻ കാലത്തു അമ്പലത്തിൽ വെച്ച് കണ്ടപ്പോൾ പറഞ്ഞിരുന്നു.
അത് കൊടുക്കാൻ നേരം, രേവതിയമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ദീപന് ചെറിയ വിഷമം തോന്നി.
മിക്കപ്പോഴും അവരത് പറയാറുമുണ്ട് ഒരു മകൾ ഇല്ലാത്തതിന്റെ വിഷമം, രേവതിയമ്മയ്ക്ക് നടക്കാൻ ചെറിയ ബുദ്ധിമുട്ടും ഒപ്പം പ്രമേഹത്തിനു മരുന്നും. എല്ലാം അവർ തന്നെയാണ് ഈ പ്രായത്തിൽ നോക്കുന്നത്. ഒപ്പം വീട്ടിലെ ജോലിയെല്ലാം ഇപ്പോഴും അവർ ഒറ്റയ്ക്കു തന്നെയാണ് ചെയുന്നത്.
യാദൃശ്ചികമായാണ് ഭദ്രയെ അവരുടെ മകന് തന്നൂടെ എന്ന് എടുത്തടിച്ചമാതിരി ചോദിച്ചതും, അന്നാട്ടിലെ പ്രമാണിയും ആഢ്യനും ആയ വിശ്വനാഥന്റെ വീട്ടിലേക്ക് തന്റെ എല്ലാമെല്ലാമായ പെങ്ങളെ തരാം എന്ന് സമ്മതിച്ചതും.
പക്ഷെ അതിനിടയിൽ തന്റെ ജീവന്റെ ജീവനെ നഷ്ടപെടുത്തുമ്പോൾ ഉള്ള വേദന തനിക്ക് ചിരപരിചതമായ കണ്ണീരിൽ അലിഞ്ഞു ഇല്ലാതാകുന്നതിനെ കുറിച്ചൊന്നും ദീപന് ആലോചിക്കാൻ തോന്നിയില്ല.
രേവതിയമ്മ ദീപനോട് ചായ കുടിക്കാൻ പറഞ്ഞപ്പോൾ, കുറച്ചു നേരം അവരുടെയൊപ്പം ഇരിക്കണം എന്ന് ദീപനു തോന്നി.
