രേവതിയോടു നിലകടലയും മറ്റും കൊണ്ടുവരാൻ ആവശ്യപ്പെട്ടപ്പോൾ, ഭദ്ര ‘ഞാൻ പോകാ’മെന്നു പറഞ്ഞുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നു.
മദ്യം വിളമ്പാനായി ഒരു ടേബിളും സോഫയും എല്ലാം അയാൾ സജ്ജമാക്കിരുന്നു. ഭദ്രയുടെ വരവ് കണ്ടമാത്രയിൽ കൈകൾ വിറച്ചുകൊണ്ട് വിശ്വനാഥൻ മദ്യം ഗ്ലാസ്സിലേക്ക് പകർന്നു.
നിലക്കടല ടേബിളിലേക്ക് വെച്ചുകൊണ്ട് ഭദ്ര ‘ഞാൻ പൊയ്ക്കോട്ടേ’ എന്ന് ചോദിക്കുമ്പോൾ.
വിശ്വനാഥൻ ഒറ്റവലിക്ക് ആ ഗ്ലാസ് കുടിച്ചുകൊണ്ട് എഴുന്നേറ്റു. ഭദ്രയെ ഇരുകൈയിലും പൊക്കിയെടുത്തുകൊണ്ട് സോഫയിലേക്ക് എറിഞ്ഞപ്പോൾ, ഭദ്ര വിരൽ കടിച്ചുകൊണ്ട് വിശ്വനാഥനെ നോക്കി.
ഭദ്രയുടെ സാരിയുടെ മുന്താണി പൂപോലെ എടുത്തു മാറ്റിക്കൊണ്ട് അവളുടെ ചുവന്ന സാരിയിൽ തെറിച്ച മാമ്പഴങ്ങളെ കടിച്ചുകൊണ്ട് ഭദ്രയുടെ മുഖത്തേക്ക് വിശ്വനാഥൻ നോക്കി.
“ഞാൻ പൊയ്ക്കോട്ടേ…..?” ഭദ്ര വീണ്ടും ചോദിച്ചു.
വിശ്വനാഥൻ ഒരു നിമിഷം തന്റെ മനസിന്റെ താളം തെറ്റുന്നത് അറിഞ്ഞു. അയാൾ വീണ്ടും ഒരു ഗ്ലാസ് കട്ടക്ക് ഒഴിച്ചുകൊണ്ട് ഭദ്രയുടെ മുഖത്തേക്ക് നോക്കുമ്പോൾ ഭദ്ര പതിയെ എണീറ്റുകൊണ്ട് ബാൽക്കണിയുടെ വാതിൽ അടച്ചിട്ടു സോഫയുടെ അരികിലായി ഇരുന്നു.
“വിശ്വനാഥാ… നീ എന്റെ അമ്മയെയും അച്ഛനെയും ഇല്ലാതാക്കിയത് ഞങ്ങൾ ഒരിക്കലും അറിയില്ല എന്നാണോ കരുതിയത്?” ഉറച്ച ശബ്ദത്തിൽ ഭദ്ര ചോദിച്ചു.
ഒരു നിമിഷം ഭദ്രയുടെ കണ്ണിലെ തീ പാറുന്നത് കണ്ട വിശ്വനാഥൻ പതറികൊണ്ട് സോഫയുടെ അറ്റത്തേക്ക് യാന്ത്രികമായി നീങ്ങി.
“എന്നെയും ദീപേട്ടനെയും അനാഥമാക്കിയത് കൊണ്ട് നിനക്കെന്താണ് നേടാൻ കഴിഞ്ഞത്? മനസിനെ പിടിച്ചുകെട്ടാൻ നീ പഠിക്കാത്തതിന്റെ ഫലം. അത് നീ ഏതൊക്കെ അമ്പലത്തിൽ ഏതൊക്കെ മൂർത്തിയുടെ മുന്നിൽ ചെന്നാലും ശാന്തി ഒരിക്കലും കിട്ടില്ല. നിന്റെ ജീവിതം നീ ഇപ്പോൾ കുടിച്ച മദ്യത്തോടെ അങ്ങ് തീരും.”
ഭദ്ര അവളുടെ കർചീഫ് കൊണ്ട് കുപ്പി പിടിച്ചുകൊണ്ട് ആ കുപ്പിയിലെ ബാക്കിയുള്ള മദ്യം അടുത്തുള്ള പൂച്ചട്ടിയിലേക്ക് ഒഴിച്ചു.
“നിനക്കെന്തെങ്കിലും പറയാനുണ്ടോ?” ഭദ്ര കയ്യിലെ ഗോൾഡ് വാച്ച് നോക്കികൊണ്ട് പറഞ്ഞു. “ഇനി രണ്ടു മിനുട്ട് കൂടെയുണ്ട്. നിനക്ക് വേണമെങ്കിൽ ഒന്ന് കരയാം. അതും കൂടിയാവുമ്പോൾ നീ മുകളിലേക്ക് ചെല്ലുമ്പോൾ ഞങ്ങളുടെ അമ്മയെയും, അച്ഛനെയും കാണാൻ നിനക്ക് അത്ര ബുദ്ധിമുട്ട് കാണില്ല.”
വിശ്വൻ മലർന്നടിച്ചുകൊണ്ട് ഭദ്രയുടെ കാലിലേക്ക് വീണതും ഒരു വിറയൽ.
ഒരു നിമിഷം ആ കാഴ്ച നോക്കി നിന്നിട്ട് ഭദ്ര വാതിൽ തുറന്നു.
നിറമിഴികളോടെ…. രേവതിയമ്മ!
ഒന്നും പറയാനാവാതെ അവർ ഭദ്രയെ കെട്ടിപിടിച്ചു കരഞ്ഞു.
***
കാര്യങ്ങൾ എല്ലാം അതിവേഗം നടന്നു. നാട്ടുകാരും പോലീസുകാരും എല്ലാവരും ആ മരണത്തിൽ ഒത്തുകൂടി.
ഭർത്താവിന് ഈയിടെ മാനസിക പിരിമുറുക്കം കൂടുതൽ ആയിരുന്നുവെന്നും അതുകൊണ്ട് ആത്മഹത്യ ചെയ്തതാണെന്നും രേവതിയമ്മ മൊഴികൊടുത്തു.
വിശ്വന്റെ സഹായി ആണ്ടവനും അത് സമ്മതിച്ചു.
***
അനന്തനും രേവതിയും ആ വീട്ടിൽ തനിച്ചായി. ക്ലിനിക് മറ്റൊരു ഡോക്ടറെ ഏല്പിച്ചു.
അനന്തൻ ഡൽഹിയിലേക്ക് താമസം മാറ്റാൻ വേണ്ടി തീരുമാനിക്കുന്നത് ഭദ്ര വഴി ദീപൻ അറിഞ്ഞപ്പോൾ, അവൻ ഭദ്രയോടു പറഞ്ഞു,
“ആരോരുമില്ലാത്ത ആ അമ്മയുടെ കണ്ണീരു നമ്മൾ മറന്നു പോകരുത്. നമ്മൾ കാരണമാണ് അവരിന്നു വിഷമിക്കുന്നത്.”
“ഞാനെന്താണ് ചെയ്യണ്ടത് ഏട്ടാ?”
“നിനക്ക് അനന്തനോട് സംസാരിച്ചു കൊണ്ട് അമ്മയെ നമ്മുടെയൊപ്പം നിർത്താൻ സമ്മതം ചോദിച്ചൂടേ? പൊന്നുപോലെ നമ്മുടെ അമ്മയെപ്പോലെ നോക്കാം.”
“ഞാൻ പറഞ്ഞു നോക്കാം ഏട്ടാ …..”
ഭദ്രയുടെ ആവശ്യം അനന്തൻ കേട്ടപ്പോൾ അവനതിലും വലിയ സന്തോഷം മറ്റൊന്നുണ്ടായിരുന്നില്ല. അവന്റെ മനസ്സിൽ ഉള്ള ആഗ്രഹം ഭദ്രയെ പാണീഗ്രഹണം ചെയ്യുക എന്നതായിരുനെങ്കിലും അമ്മയ്ക്ക് ഒരു കൂട്ടു നൽകുക എന്നതാണ് ഇപ്പോഴുള്ള ആവശ്യം.
എല്ലാം മനസ്സിലാക്കിയ രേവതിയമ്മയ്ക്കും എതിരുണ്ടായില്ല. അവർക്കും രഹസ്യങ്ങൾ ഉറങ്ങുന്ന ആ വീട്ടിൽ നിന്ന് പോകണം എന്നാഗ്രഹിച്ചിരുന്നു. തന്റെ ഭർത്താവ് കാരണം അനാഥരായ രണ്ടു മക്കൾ തന്നെ ക്ഷണിച്ചപ്പോൾ അവർ മറ്റൊന്നും ചിന്തിച്ചില്ല. ഭർത്താവിന്റെ ദുഷ്:പ്രവൃത്തികൾക്ക് അത്രയെങ്കിലും പ്രായശ്ചിത്തം ആകട്ടെ എന്നും കരുതി.
