മൃഗം – 4

പുന്നൂസ് ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന വെള്ളം കൂടി കുടിച്ച ശേഷം തുടര്‍ന്നു:

“ഇവരെ ഏറ്റവും അധികം ഉപയോഗിക്കുന്നത് രാഷ്ട്രീയക്കാരും, വന്‍ ബിസിനസുകാരും, സിനിമാക്കാരും ഒക്കെ ആണ്. അതുകൊണ്ട് തന്നെ പൊലീസിന് ഇവരുടെ കാര്യത്തില്‍ ധാരാളം പരിമിതികള്‍ ഉണ്ട്. അവര്‍ ക്രിമിനലുകള്‍ ആണെങ്കിലും അവര്‍ക്കെതിരെ വ്യക്തമായ യാതൊരു തെളിവുകളും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല.

അതുകൊണ്ട് തന്നെ അവരെ അവര്‍ക്ക് അറസ്റ്റ് ചെയ്യാനോ കേസ് ചാര്‍ജ്ജ് ചെയ്യാനോ സാധിക്കില്ല. അനാവശ്യമായി അതിന് ഏതെങ്കിലും ഓഫീസര്‍ തുനിഞ്ഞാല്‍, ആ നിമിഷം അയാളെ വേറെ എവിടേക്കെങ്കിലും ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ട് മുകളില്‍ നിന്നും ഉത്തരവിറങ്ങും… അതുകൊണ്ട് എന്തെങ്കിലും വ്യക്തമായ തെളിവോടെ സംഭവിക്കാതെ പോലീസ് അവര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ല..” ഒന്ന് നിര്‍ത്തിയിട്ട് പുന്നൂസ് തുടര്‍ന്നു:

“ഡോണ കുറെ നാളുകളായി കൊച്ചിയിലെ അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നിരന്തരം ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ അടുത്തിടെ അവളുടെ ഒരു കൂട്ടുകാരിയെ അറേബ്യന്‍ ഡെവിള്‍സ് ക്രൂരമായി ബലാല്‍സംഗം ചെയ്തു, ആ കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തു. പത്രങ്ങളില്‍ വാര്‍ത്ത വന്ന വലിയ വിവാദം ഉണ്ടാക്കിയ കേസാണ്. പൊലീസിന് ഏതോ ഒരുത്തനെ അവര്‍ പ്രതിയായി ഇട്ടുകൊടുത്തു. അവന് ആവശ്യത്തിനു പണം നല്‍കി സ്വാധീനിച്ച് കുറ്റം ഏല്‍പ്പിച്ചതാണ്. ജയിലില്‍ കിടന്നു ശീലമുള്ള അവന്‍ പണത്തിനു വേണ്ടി എന്തും ചെയ്യും. ആ പെണ്‍കുട്ടിയെ കൊട്ടേഷന്‍ നല്‍കി ആരോ ബലാല്‍സംഗം ചെയ്യിച്ചതായിരുന്നു..ഇപ്പോള്‍ ഡോണ ആ കേസിന്റെ പിന്നാലെയാണ്. പോലീസ് കേസ് തീര്‍പ്പാക്കി എങ്കിലും, അവളുടെ കൂട്ടുകാരിയുടെ മരണത്തിനു പിന്നിലെ ആളെ കണ്ടെത്താനും, അറേബ്യന്‍ ഡെവിള്‍സ് എന്ന ഭീകര സംഘടനയെ മൂടോടെ ഇല്ലാതാക്കാനും പ്രതിജ്ഞ എടുത്തിരിക്കുകയുമാണ് എന്റെ മകള്‍..”

വാസു കാര്യത്തിന്റെ ഗൌരവം മനസിലാക്കിയതുപോലെ തലയാട്ടി.

“അവളെ വധിക്കാനോ മാനഭംഗപ്പെടുത്താനോ ആണ് മുന്‍മന്ത്രി അറേബ്യന്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയിരിക്കുന്നത്. അവന്മാര്‍ അത് ചെയ്യാന്‍ ശക്തരാണ്..അതുകൊണ്ട് തന്നെ അവളുടെ ജീവന്‍ അപകടത്തിലുമാണ്. ഒപ്പം അവള്‍ അവര്‍ക്കെതിരെ തെളിവുകള്‍ തേടി അവരെ ഇല്ലാതാക്കാന്‍ പ്രതിജ്ഞ എടുത്തിരിക്കുകയും കൂടി ചെയ്തിരിക്കുന്നതോടെ പ്രശ്നം അതീവ ഗുരുതരമായി തീര്‍ന്നിരിക്കുകയാണ്..”

“ഇത് സാറ് മകളോട് പറഞ്ഞില്ലേ?” വാസു ചോദിച്ചു.
“പറഞ്ഞു..പക്ഷെ അവള്‍ ആരെയും ഭയക്കുന്ന കൂട്ടത്തിലല്ല. ആരെയും ഭയന്നു തന്റെ കര്‍ത്തവ്യത്തില്‍ നിന്നും അണുവിട മാറാന്‍ മനസില്ല എന്നാണ് അവള്‍ എന്നോട് പറഞ്ഞത്. അവളുടെ ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗ്ഗം സെക്യൂരിറ്റി ഏര്‍പ്പെടുത്തുക എന്നത് മാത്രമാണ്. പക്ഷെ അവള്‍ അതിനും തയാറല്ല. മാതമല്ല, പല അസമയത്തും ജോലി സംബന്ധമായി പോകേണ്ടി വരുന്ന അവളെ കൊച്ചിയിലുള്ള ഒരാളെയും എനിക്ക് വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റില്ല… എല്ലാം ആഭാസന്മാരാണ്..എന്റെ മകള്‍ കാണാന്‍ അതിസുന്ദരിയും…അതുകൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയില്‍ എത്തിയപ്പോള്‍ ആണ് അച്ചനെ കണ്ടൊന്നു സംസാരിച്ചാലോ എന്നെനിക്ക് തോന്നിയത്..”

വാസു തലയാട്ടി.

“അറേബ്യന്‍ ഡെവിള്‍സ് എന്നറിയപ്പെടുന്ന ഈ ഗാംഗ് യാതൊരു മനസാക്ഷിയും ഇല്ലാത്ത ക്രൂരന്മാര്‍ ആണ്.. അവരുടെ കൈയില്‍ അവള്‍ വീണാല്‍, അവരവളെ പിച്ചി ചീന്തും..എനിക്കത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. കാത്തുകാത്തിരുന്നുണ്ടായ ഏക മകള്‍ നഷ്ടമായാല്‍ പിന്നെ ഞാനോ ഭാര്യയോ ജീവിച്ചിരിക്കില്ല..എന്തിനുവേണ്ടി ഞങ്ങള്‍ ജീവിക്കണം? ഭാര്യയും ഞാനും ഈ വിവരം അറിഞ്ഞത് മുതല്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. എനിക്ക് അവളെ രക്ഷിക്കണം… അച്ചനോട് ഞാനിത് പറഞ്ഞപ്പോള്‍ നിന്റെ പേരാണ് അദ്ദേഹം പറഞ്ഞത്…അച്ചനില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമാണ്..അതുകൊണ്ട് നിനക്ക് ഇക്കാര്യത്തില്‍ എന്നെ സഹായിക്കാന്‍ പറ്റുമോ എന്നറിയാന്‍ ആണ് ഞാന്‍ വന്നത്..”

പുന്നൂസ് പറഞ്ഞു നിര്‍ത്തി പ്രതീക്ഷയോടെ അവനെ നോക്കി.

“സഹായിക്കാം..” വാസു അല്പം പോലും ആലോചിക്കാതെയാണ് മറുപടി നല്‍കിയത്. അത് പുന്നൂസിനെയും അച്ചനെയും ചെറുതായി ഞെട്ടിച്ചു.

“വാസു എന്റെ മകളുടെ ജീവന്‍ പോലെതന്നെ നിന്റെ ജീവനും ജീവിതവും എനിക്ക് വിലപ്പെട്ടതാണ്‌..ഇതിലെ അപകടം അറിഞ്ഞുകൊണ്ട് തന്നെയാണോ നീ സമ്മതം മൂളിയത്..” പുന്നൂസ് ചോദിച്ചു.

വാസു ചിരിച്ചു. പിന്നെ അയാളുടെ കണ്ണിലേക്ക് നോക്കി.

“സാറേ..എവിടെയോ ആര്‍ക്കോ ജനിച്ച ഒരു ഊര് തെണ്ടിയാണ് ഞാന്‍. ഒരു പൂജാരിയാണ്‌ എന്നെ എന്റെ വളര്‍ത്തമ്മയെ ഏല്‍പ്പിച്ചത്..എന്നെ ഈ ജീവിതത്തില്‍ ആകെപ്പാടെ സ്നേഹിച്ചിട്ടുള്ള വ്യക്തി ആ അമ്മ മാത്രമാണ്..പിന്നെ ഈ അച്ചനും…പക്ഷെ ഇന്ന് ആ അമ്മയും എന്നെ ഇഷ്ടപ്പെടുന്നില്ല…ജീവിതത്തില്‍ എനിക്ക് പ്രത്യേകിച്ച് യാതൊരു ലക്ഷ്യവും ഒരിക്കലും ഉണ്ടായിട്ടില്ല ഉണ്ടാകുകയുമില്ല….. വരുന്നത് പോലെ ജീവിക്കുക എന്നതാണ് എന്റെ തത്വം..അതുകൊണ്ട് ഏതു പണിക്കും ഞാന്‍ തയാറാണ്..ചെയ്യുന്ന പണി എനിക്കും കൂടി ഇഷ്ടമുള്ളതായിരിക്കണം എന്നുള്ള ഒറ്റ നിര്‍ബന്ധമേ ഉള്ളൂ….സാറ് പറഞ്ഞ ജോലി എനിക്ക് ഇഷ്ടമായി….അതുകൊണ്ട് ഞാനതിന് തയാറാണ്..”

അവന്റെ വാക്കുകള്‍ കേട്ട പുന്നൂസിന്റെ മനസ്സ് നിറഞ്ഞു. ആ ആശ്വാസം അയലുടെ കണ്ണുകളില്‍ സ്പഷ്ടമായിരുന്നു.

“മോനെ..നീ വലിയവനാണ്‌…നീ തോല്‍ക്കില്ല…ദൈവം നിന്റെ കൂടെയുണ്ട്..എനിക്ക് ഉറപ്പാണ്” വികാരഭരിതനായി പുന്നൂസ് പറഞ്ഞു.

“പക്ഷെ പുന്നൂസേ..മോള്‍ സെക്യൂരിറ്റി അനുവദിക്കില്ല എന്ന് പറഞ്ഞല്ലോ..പിന്നെ ഇവനെന്ത് ചെയ്യും?” അച്ചന്‍ ചോദിച്ചു.

“ഞാന്‍ അവളോട്‌ ഒന്നുകൂടി സംസാരിക്കാം. ഗുണമുണ്ട് എന്ന് തോന്നുന്നില്ല..കാരണം അവള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് നന്നായി ചിന്തിച്ചിട്ട് തന്നെയാണ്..അതുകൊണ്ട് അവളുടെ മനസ്സു മാറും എന്ന് ഞാന്‍ കരുതുന്നില്ല….” പുന്നൂസ് ആലോചനയോടെ പറഞ്ഞു.

“വേണ്ട സാറേ…സാറ് ഇക്കാര്യം മകളോട് സംസാരിക്കണ്ട..ആളെ തിരിച്ചറിയാനായി എനിക്ക് മകളെ ഒന്ന് കാണിച്ചു തന്നാല്‍ മതി…പക്ഷെ സാറ് എനിക്ക് ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി ചെയ്ത് തരണം” വാസു അയാളെ നോക്കി പറഞ്ഞു.

“എന്ത് വേണേലും ഞാന്‍ ചെയ്യാം വാസൂ..എന്റെ മോള്‍ടെ ജീവനേക്കാള്‍ വലുതല്ല എനിക്ക് വേറൊന്നും….”

“എനിക്ക് സാറിന്റെ വീടിനടുത്ത് തന്നെ താമസ സൌകര്യം നല്‍കണം. ഒപ്പം എനിക്ക് ഒരു മൊബൈല്‍ ഫോണും ഒരു വണ്ടിയും വേണം. മകള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് എപ്പോള്‍ പോയാലും ഉടന്‍ തന്നെ എന്നെ വിവരമറിയിക്കണം. വണ്ടി ഒരു ബൈക്ക് ആകുന്നതാണ് നല്ലത്..കാരണം ഏത് വഴിയിലൂടെയും എനിക്ക് പോകാന്‍ പറ്റണം..ഇത്രയും ചെയ്ത് തന്നാല്‍ മതി..ബാക്കി സാറ് എനിക്ക് വിട്ടേക്ക്…ഒരുത്തനും, ഞാന്‍ ജീവനോടെ ഉണ്ടെങ്കില്‍ ഒരു നുള്ള് മണ്ണ് സാറിന്റെ മകളുടെ ദേഹത്ത് ഇടില്ല…”

Leave a Reply

Your email address will not be published. Required fields are marked *