മൃഗം – 4

“വാസുവേട്ടന്‍ പാവമാ അല്ലെ അമ്മെ..” ദിവ്യ കണ്ണുകള്‍ തുടച്ചുകൊണ്ടിരുന്ന അമ്മയോട് പറഞ്ഞു. രുക്മിണി നിറകണ്ണുകളോടെ തലയാട്ടി. ദിവ്യയുടെ ചെഞ്ചുണ്ടുകളില്‍ അതിമധുരമായ ഒരു പുഞ്ചിരി വിടര്‍ന്നു…അവളുടെ മനസ് നീലാകാശത്ത് ഒരു വര്‍ണ്ണപ്പക്ഷിയെപ്പോലെ പാറിപ്പറക്കുകയായിരുന്നു..
രാത്രി ഉറങ്ങാന്‍ കിടന്ന ദിവ്യയുടെ മനസിലേക്ക് വാസു ഒരു രാജകുമാരനെപ്പോലെ കടന്നു വന്നു. തങ്ക വസ്ത്രങ്ങള്‍ ധരിച്ചിരുന്ന അവന്‍ ഒരു സ്വര്‍ണ്ണ രഥത്തില്‍ ഏറി വന്ന് സര്‍വ്വാഭരണ വിഭൂഷിതയായ തന്നെ തന്റെ മാറോട് ചേര്‍ത്ത് അണച്ചു പിടിക്കുന്ന വര്‍ണ്ണമനോഹര ദൃശ്യം മനോമുകുരത്തില്‍ തെളിഞ്ഞപ്പോള്‍ അവള്‍ പുളകിതയായി. താന്‍ ദേവലോകത്തുള്ള ഒരു അപ്സരസ്സിനെപ്പോലെ അവന്റെ ശക്തമായ കരവലയത്തിലായിരുന്നു. തങ്ങള്‍ നീലാകാശത്ത് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ട വര്‍ണ്ണാഭമായ ഒരു ലോകത്ത് ആനന്ദനടനം ചെയ്യുകയാണ് എന്നവള്‍ക്ക് തോന്നി. ദിവ്യ കിടക്കയില്‍ ഉരുണ്ടു മലര്‍ന്നുകിടന്നു.

അവളുടെ മനസ്സില്‍ നിന്നും മറ്റു സകല ചിന്തകളും അവനെന്ന ഒരൊറ്റ വ്യക്തിക്ക് മുന്‍പില്‍ വഴിമാറിപ്പോയിരുന്നു. അവന്റെ രൂപവും ഭാവവും സംസാരവും അവളുടെ മനസിലേക്ക് വീണ്ടും വീണ്ടും ഒരു ചലച്ചിത്രത്തിലെന്നപോലെ വന്നു നിറഞ്ഞു. അവനാണ് താന്‍ മോഹിക്കുന്ന തന്റെ പുരുഷന്‍. അവന്റെ നെഞ്ചു വിരിച്ചുള്ള നടത്തവും മിന്നല്‍പ്പിണര്‍ പോലെ ശത്രുക്കളോടുള്ള ആക്രമണവും, ആരും മോഹിക്കുന്ന പൌരുഷവും കരുത്തും എല്ലാം അവളെ അവന്റെ അടിമയാക്കി മാറ്റുകയായിരുന്നു. അവനെപ്പോലെ ഒരു പുരുഷനെ തനിക്ക് ലോകത്തൊരിടത്തും കണ്ടെത്താന്‍ സാധിക്കില്ല എന്നവള്‍ക്ക് തോന്നി. അവന്റെ ശക്തമായ കരവലയത്തില്‍ ഒതുങ്ങി നിന്നുകൊണ്ട് തന്റെ തേനൂറുന്ന അധരപുടങ്ങള്‍ അവന്റെ അധരങ്ങളുടെ ഇടയിലേക്ക് കടത്തി അതിന്റെ ചാറു കുടിപ്പിക്കാന്‍ അവളിലെ പെണ്ണ് കൊതിച്ചു. അവന്റെ ശക്തമായ ശരീരം മനസ്സിലേക്ക് വന്നപ്പോള്‍ ദിവ്യയ്ക്ക് തന്റെ ശരീരം തരളിതമാകുന്നത് നിയന്ത്രിക്കാനായില്ല. ശക്തമായ അനുരാഗം അവളില്‍ പൊട്ടിവിടര്‍ന്നു. അതൊരു നദിയായി രൂപം പ്രാപിച്ച് തന്റെ ഓരോ കോശത്തിലും നിറഞ്ഞു കവിയുന്നത് അവളറിഞ്ഞു.

അടുത്ത ദിവസം രാവിലെ രുക്മിണി അടുക്കളയില്‍ ചെന്നപ്പോള്‍ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദിവ്യ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു. രാവിലെ കുളിച്ച് കുറി തൊട്ട് സുന്ദരിയായി അടുക്കളയില്‍ പ്രാതല്‍ തയാറാക്കുന്ന മകളെ കണ്ടപ്പോള്‍ രുക്മിണിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല.

“അല്ല..എന്ത് പറ്റി പെണ്ണെ നിനക്ക് ഇന്നലെമുതല്‍..നീ ആളാകെ അങ്ങ് മാറിയല്ലോ..ഇത് നീ തന്നാണോടീ?” തന്റെ അത്ഭുതം മറച്ചു വയ്ക്കാതെ അവള്‍ ചോദിച്ചു.

“എന്താ അമ്മയ്ക്ക് തോന്നുന്നില്ലേ ഇത് ഞാനാണെന്ന്?” ദിവ്യ പുഞ്ചിരിയോടെ ചോദിച്ചു.

“എന്ത് പറ്റി പെണ്ണെ? ഇതൊക്കെ സത്യമാണെന്നെനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല..”

“എന്റെ പുന്നാര അമ്മെ…കുറേക്കാലം ഞാന്‍ വേറേതോ ഇല്ലാത്ത ലോകത്താണ് ജീവിച്ചിരുന്നത്..ഇപ്പോള്‍ ഞാന്‍ ഭൂമിയിലേക്ക് ഇറങ്ങി…എന്ന് പറഞ്ഞാല്‍ എനിക്ക് ബോധം വച്ചു എന്ന്…..എന്താ വയ്ക്കണ്ടേ.?” അവള്‍ പുഞ്ചിരിയോടെ അമ്മയോട് ചോദിച്ചു.

“എന്നാലും ഇങ്ങനെയും ഒരു ബോധം വയ്ക്കല്‍ ഉണ്ടോ..പെണ്ണെ എനിക്ക് പേടി തോന്നുന്നു നിന്റെ ഈ മാറ്റത്തില്‍…”

“പേടിയോ..എന്റെ ഈശ്വരാ നല്ലത് ചെയ്താലും പ്രശ്നമാണോ..അമ്മ എന്തിനാ പേടിക്കുന്നത്..” ദിവ്യ പുട്ടിനുള്ള മാവ് നനച്ചുകൊണ്ട് ചോദിച്ചു.

“ഒരു സെക്കന്റ് കൊണ്ട് രാത്രി പകല്‍ ആയതുപോലെയുള്ള മാറ്റമല്ലേ..എങ്ങനെ ഞെട്ടാതിരിക്കും…..” രുക്മിണി മുഖത്തെ അത്ഭുതഭാവം വിടാതെ പറഞ്ഞു.

“എല്ലാറ്റിനും വാസുവേട്ടന്‍ ആണമ്മേ കാരണം..ആ മനുഷ്യനെ മനസിലാക്കാന്‍ ഞാനും അച്ഛനും കുറെ വൈകി..അതിന്റെ പ്രായശ്ചിത്തം കൂടിയാണ് ഈ മാറ്റം എന്ന് കൂട്ടിക്കോ….” ദിവ്യ അമ്മയെ നോക്കാതെ പറഞ്ഞു.

“ഉം..അവസാനം നിങ്ങള്‍ അവനെ മനസിലാക്കിയല്ലോ..അത് മതി”

“അത് മാത്രം പോരമ്മേ..ഇത്ര നാളും ആ പാവത്തിനെ അധിക്ഷേപിച്ചതിന് പത്തിരട്ടിയായി ഞാന്‍ സ്നേഹം പകരം നല്‍കും..എന്നാലെ എനിക്ക് സമാധാനം കിട്ടൂ..”

രുക്മിണി ചെറിയ സംശയത്തോടെ മകളെ നോക്കി. പിന്നെ അവള്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ മുഖം മാറ്റി ജോലിയില്‍ വ്യാപൃതയായി.

വാസു രാവിലെ കുളിച്ചു വേഷം മാറി ശങ്കരന്റെ അരികിലെത്തി. അയാള്‍ ചായ കുടിച്ചുകൊണ്ട് പത്രപാരായണത്തില്‍ മുഴുകി ഇരിക്കുകയായിരുന്നു.

“അച്ഛാ..എനിക്ക് ഒരിടം വരെ പോകണം..ഞാന്‍ അവിടുന്ന് നേരെ കടയിലോട്ടു വന്നോളാം…” അവന്‍ പറഞ്ഞു.

“എവിടെ പോകുന്നു മോനെ നീ?”

“എന്റെ ഒരു സുഹൃത്തിനെ കാണാന്‍ ആണ്..”

“എന്നാല്‍ നീ സ്കൂട്ടര്‍ എടുത്തോ..”

“വേണ്ട..ഞാന്‍ നടന്നു പൊയ്ക്കോളാം..”

“ശരി..ആ ബൈക്ക് ഇന്ന് കിട്ടിയേക്കും..ഞാന്‍ കുറച്ചു കഴിഞ്ഞ് അവന്മാരെ ഒന്ന് വിളിച്ചു നോക്കാട്ടെ” ശങ്കരന്‍ പറഞ്ഞു.

വാസു അടുക്കളയില്‍ രുക്മിണിയെ കാണാന്‍ ചെന്നപ്പോള്‍ പതിവിനു വിപരീതമായി അമ്മയെ സഹായിക്കുന്ന ദിവ്യയെ കണ്ടു ചെറുതായൊന്ന് അമ്പരന്നു. അവനെ കണ്ടപ്പോള്‍ ദിവ്യയുടെ മുഖം തുടുത്തു.

“അമ്മെ..ഞാന്‍ പോവ്വാണ്…ഒരാളെ കാണാനുണ്ട്” അവന്‍ പറഞ്ഞു.

“കഴിച്ചിട്ട് പോ മോനെ..”

“വേണ്ട..ഞാന്‍ പുറത്ത് നിന്നും കഴിച്ചോളാം…”

“കഴിക്ക് വാസുവേട്ടാ..അമ്മെ അ കറി ഇങ്ങെടുക്ക്..”

ദിവ്യ വേഗം ചൂട് പുട്ട് ഒരു പ്ലേറ്റില്‍ എടുത്ത് ഡൈനിംഗ് മുറിയില്‍ എത്തി മേശപ്പുറത്ത് വച്ചു; പിന്നാലെ കറിയും അവള്‍ തന്നെ കൊണ്ടുവന്നു അതിലേക്ക് ഒഴിച്ചു. വാസു അമ്പരന്ന് അവളെയും രുക്മിണിയെയും നോക്കി. രുക്മിണി പുഞ്ചിരിച്ചു.

“ഇരിക്ക്..” ദിവ്യ അവന്റെ കൈയില്‍ പിടിച്ച് കസേരയില്‍ ഇരുത്തി. വാസു അവിശ്വസനീയതയോടെ അവളുടെ പ്രവൃത്തി നോക്കി അന്തം വിട്ടിരിക്കുകയായിരുന്നു; അതിലേറെ രുക്മിണിയും.

“എന്താ നോക്കുന്നെ? ഇത് ഞാന്‍ തന്നാ…ഏട്ടന്‍ കഴിക്ക്..ഞാന്‍ ചായ കൊണ്ടരാം..” അന്തം വിട്ടു തന്നെ നോക്കുന്ന വാസുവിനോട് പറഞ്ഞിട്ട് അവള്‍ അടുക്കളയിലേക്ക് കയറി. വാസു പുട്ട് കടലയില്‍ കുഴച്ചു കഴിക്കാന്‍ തുടങ്ങി. ദിവ്യ ചായ കൊണ്ട് വന്നപ്പോഴേക്കും ഒരു കുറ്റി തീര്‍ന്നു കഴിഞ്ഞിരുന്നു.

“കൊണ്ടുവാ..” അവന്‍ പറഞ്ഞു.

“ഉം…” ഒരു കള്ളച്ചിരിയോടെ അങ്ങനെ മൂളിയിട്ട് അവള്‍ അടുക്കളയിലേക്ക് ചെന്ന് രണ്ട് കുറ്റി പുട്ട് കൂടി കൊണ്ടുവന്നു. വാസു അതും കഴിച്ച് ചായയും കുടിച്ചിട്ട് എഴുന്നേറ്റു. അവന്റെ തീറ്റ ദിവ്യയെ ഞെട്ടിക്കാതിരുന്നില്ല. ആണുങ്ങള്‍ അങ്ങനെ കഴിക്കണം എന്നവള്‍ മനസ്സില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *