മൃഗം – 4

വാസു നിസംഗതയോടെ അയാളെ നോക്കി.

“അച്ഛാ..അച്ഛന്‍ കരുതുന്നത് പോലെ ഒന്നുമില്ല…” ദിവ്യ ഭീതിയോടെ അയാളെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു.

“ഭ നാണം കെട്ടവളെ..മിണ്ടിപ്പോകരുത്..ലോകത്ത് ഒരച്ഛനും ആഗ്രഹിക്കില്ലടി ഇങ്ങനെ ഒരു മകളുടെ തന്ത ആകാന്‍..വൃത്തികെട്ട ജന്മം… എങ്ങനെ ഉണ്ടെടി നിന്റെ മോന്റെ കൊണം? അവന്‍ നിന്റെ മോള്‍ക്ക് വയറ്റില്‍ ഉണ്ടാക്കി കൊടുത്തേനെ ഞാനിത് കണ്ടില്ലായിരുന്നെങ്കില്‍..” ശങ്കരന്‍ ഞെട്ടിത്തരിച്ചു നില്‍ക്കുകയായിരുന്ന രുക്മിണിയോട് ആക്രോശിച്ചു.

“എന്നാലും വാസു…നീയും…..” രുക്മിണി പൊട്ടിക്കരഞ്ഞുപോയി.

“അമ്മെ..നിങ്ങള്‍ ധരിക്കുന്നത് പോലെ ഒന്നും ഇവിടെ നടന്നിട്ടില്ല..ദയവായി ഞങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള മനസ്‌ കാണിക്കൂ..” വാസു അമ്മയുടെ കരച്ചില്‍ സഹിക്കാനാകാതെ പറഞ്ഞു.

“ഭ തെണ്ടി..ഞങ്ങളോ? ആരാടാ ഈ ഞങ്ങള്‍? നിനക്ക് പറയാന്‍ ഒരുപാടു കഥകള്‍ കാണും. പക്ഷെ ഇനിയും അതൊക്കെ കേട്ടു വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ലടാ ഞാനും ഇവളും..നിന്റെ ഒരു ന്യായവും ഇനി കേള്‍ക്കണ്ട..എല്ലാം ഞങ്ങള്‍ കണ്ണുകള്‍ കൊണ്ട് കണ്ടു കഴിഞ്ഞെടാ..എല്ലാം…ഉം..ഇറങ്ങ്..നിന്റെ എന്തൊക്കെ സാധനങ്ങള്‍ ഉണ്ടോ അതെല്ലാം എടുത്ത് ഈ നിമിഷം നീ ഇവിടുന്ന് ഇറങ്ങിക്കോണം..മേലാല്‍ ഈ പരിസരത്ത് നിന്നെ കണ്ടാല്‍ നീ വിവരം അറിയും..” ശങ്കരന്‍ അവന്റെ നേരെ വിരല്‍ ചൂണ്ടി ആക്രോശിച്ചു. രുക്മിണി ശരീരം തളര്‍ന്നു പിന്നിലേക്ക് വീഴാന്‍ തുടങ്ങിയപ്പോള്‍ ദിവ്യ ഓടിച്ചെന്നു അമ്മയെ പിടിച്ചു.

“മാറി നില്‍ക്കടി പട്ടീ..തൊടരുത് അവളെ.. നീ തൊട്ടാല്‍ അവള്‍ അശുദ്ധയാകും.. “ ശങ്കരന്‍ അലറിക്കൊണ്ട് അവളെ പിടിച്ചു തള്ളിയിട്ട് രുക്മിണിയെ താങ്ങി. ദിവ്യ കട്ടിലിലേക്ക് തെറിച്ചു വീണു പോയിരുന്നു. വാസു അല്‍പനേരം അങ്ങനെ നിന്ന ശേഷം പുറത്തിറങ്ങി.

“വാസുവേട്ടാ..പോകല്ലേ..” ദിവ്യ എഴുന്നേറ്റ് നിലവിളിച്ചു.

“ഭ കഴുവര്‍ട മോളെ..അവള്‍ടെ ഒരു വാസുവേട്ടന്‍…”

ശങ്കരന്‍ പുറത്തിറങ്ങി അവളെ ഉള്ളിലാക്കി കതകടച്ച ശേഷം രുക്മിണിയെ താങ്ങി ഉള്ളിലേക്ക് കൊണ്ടുപോയി. അവള്‍ക്കുണ്ടായ മാനസികാഘാതം വളരെ വലുതായിരുന്നു. ദിവ്യ തെറ്റ് ചെയ്താലും വാസു ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് അവള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടില്ലായിരുന്നു എങ്കില്‍ അവളത് ഒരിക്കലും വിശ്വസിക്കുകയും ഇല്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ജീവിതം മൊത്തത്തില്‍ തകര്‍ന്നുപോയ മാനസികാവസ്ഥയിലായിരുന്നു അവള്‍.

ശങ്കരന്‍ അവളെ കട്ടിലിലേക്ക് കിടത്തി. ബോധരഹിതയായി കിടന്ന രുക്മിണിയെ കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അവളുടെ നിഷ്കളങ്കമായ വിശ്വാസത്തിന്‍ മേലാണ് ആ ചതിയന്‍ തീ വാരി എറിഞ്ഞിരിക്കുന്നത്. സ്വന്തം അമ്മയേക്കാള്‍ അധികം അവനെ സ്നേഹിച്ച ഇവളെ എങ്കിലും അവന്‍ ഓര്‍ക്കണമായിരുന്നു.

മുറിയില്‍ കയറിയ വാസു തന്റെ തുണികള്‍ എല്ലാം വാരി ഒരു ബാഗില്‍ വച്ചു. അവന് എടുക്കാന്‍ അധികം ഒന്നും ഉണ്ടായിരുന്നില്ല. ബാഗ് റെഡിയാക്കി മുണ്ടും ഷര്‍ട്ടും ധരിച്ച് അവന്‍ പുറത്ത് വന്നു.

“അച്ഛാ..ഞാന്‍ പോകുന്നു..എനിക്ക് അമ്മയെ ഒന്ന് കാണണം”

അവന്‍ മുറിക്കു പുറത്ത് നിന്നു പറഞ്ഞു.

“വാസുവേട്ടാ പോകല്ലേ..അച്ഛന്‍ കാര്യമായി പറഞ്ഞതല്ല..ഏട്ടന്‍ പോയാല്‍ ഈ വീട് തകര്‍ന്നു പോകും ചേട്ടാ..പ്ലീസ്..” ദിവ്യ അവളുടെ മുറിയുടെ ജനലിലൂടെ കരഞ്ഞു വിളിച്ചു പറഞ്ഞു.

“മിണ്ടാതിരിക്കെടി നായെ…”

ശങ്കരന്‍ മുറിക്കു പുറത്ത് വന്ന് അവളോട് അലറി. പിന്നെ വാസുവിന്റെ നേരെ തിരിഞ്ഞു “നിന്നെ അവള്‍ക്കിനി കാണണ്ട..മേലാല്‍ നീ ഇവിടെ വന്നു പോകരുത്..ഉം ഇറങ്ങ്…..”

വാസു അയാളെ നോക്കി അല്‍പനേരം നിന്നു. പിന്നെ തിരിഞ്ഞു ദിവ്യയെയും ഒന്ന് നോക്കി. അവള്‍ പോകല്ലേ എന്ന് കണ്ണുകള്‍ കൊണ്ട് അവനോടു യാചിക്കുന്നുണ്ടായിരുന്നു. വാസു അവളുടെ കണ്ണുകളിലേക്ക് അല്‍പസമയം നോക്കി നിന്ന ശേഷം പുറത്തേക്ക് ഇറങ്ങി. പിന്നില്‍ ദിവ്യയുടെ ഉച്ചത്തിലുള്ള കരച്ചില്‍ അവന്‍ കേട്ടു. കൂരിരുട്ടിലേക്ക് അവന്‍ അനാഥനെപ്പോലെ ഇറങ്ങി. തന്റെ പിന്നില്‍ ആ വീടിന്റെ വാതില്‍ ശക്തമായി അടയുന്നത് അവന്‍ കേട്ടു. എങ്ങോട്ടെന്നില്ലാതെ ഇരുട്ടിലൂടെ വാസു നടന്നു.

തകര്‍ന്ന മനസോടെ ദിവ്യ കട്ടിലിലേക്ക് വീണുകിടന്ന് ഏങ്ങലടിച്ചു. അവളുടെ കണ്ണീര്‍ വീണ് തലയണ കുതിര്‍ന്നു. കരഞ്ഞുകരഞ്ഞ്‌ മനസിലെ ദുഃഖം ഒട്ടൊന്ന് അടങ്ങിയപ്പോള്‍ അവള്‍ എഴുന്നേറ്റ് മുഖം കഴുകി. ഉറക്കം അവളെ പാടെ വിട്ടുപോയിരുന്നു. അച്ഛന്റെ മുറിയില്‍ ലൈറ്റ് അണഞ്ഞത് അവള്‍ കണ്ടു. അവളും ലൈറ്റ് അണച്ച് വന്നു കിടന്നു. പാവം വാസുവേട്ടന്‍! താന്‍ കാരണം ഈ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. ഈ രാത്രി ഏട്ടന്‍ എവിടെപ്പോകുമെന്നെങ്കിലും അച്ഛനൊന്ന് ചിന്തിക്കണമായിരുന്നു. എത്ര വേഗമാണ് ഏട്ടനോടുണ്ടായ സ്നേഹം അച്ഛന് നഷ്ടമായത്. എല്ലാം താന്‍ കാരണമാണ്. താന്‍ ഏട്ടനെ മുറിയിലേക്ക് വിളിക്കേണ്ടിയിരുന്നില്ല. പിന്നെ എപ്പോഴെങ്കിലും സൗകര്യം പോലെ പറഞ്ഞാല്‍ മതിയായിരുന്നു. ഇനി പറഞ്ഞിട്ടെന്തു ഗുണം. സംഭവിച്ചത് മായ്ച്ചു കളയാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ.

എങ്കിലും അവള്‍ക്ക് മനസ്സില്‍ ആശ്വാസം തോന്നി. തന്റെ മനസ്‌ വാസുവേട്ടനെ അറിയിക്കാന്‍ തനിക്ക് സാധിച്ചു. ഏട്ടന്‍ അത് മനസിലാക്കുകയും ചെയ്തു. തന്നെ ഏട്ടന്‍ സ്നേഹിക്കുന്നു എന്ന് ആ നാവില്‍ നിന്നു കേട്ട നിമിഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം. താനൊരു മോശം പെണ്‍കുട്ടിയാണ് എന്ന് വേറാരെക്കാളും അധികമായി അറിയാവുന്ന ആളാണ്‌ വാസുവേട്ടന്‍. എന്നിട്ടും തന്നോട് ക്ഷമിക്കുകയും തന്റെ സ്നേഹം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. ഈ ലോകത്തിലേക്കും ഏറ്റവും വലിയ ഭാഗ്യവതി താനാണ്! ജീവിതത്തില്‍ താനല്ലാതെ വേറൊരു പെണ്ണ് ജീവിതത്തില്‍ ഉണ്ടാകില്ല എന്ന് ഏട്ടന്‍ പറഞ്ഞ ആ വാക്കുകള്‍ മാത്രം മതി തനിക്കിനി ജീവിക്കാന്‍. തന്റെ മുന്‍പോട്ടുള്ള ജീവിതത്തിന്റെ മൊത്തം ഊര്‍ജ്ജവും ആ വാക്കുകളാണ്. തനിക്കും ഈ ജീവിതത്തില്‍ ഇനി വേറൊരു പുരുഷനില്ല. എന്റെ മനസും ശരീരവും ജീവിതവും ഇനി വാസുവേട്ടന് മാത്രം സ്വന്തം. ഇവിടെ നിന്നും ഇറക്കി വിട്ടെങ്കിലും ഏട്ടന്‍ തോല്‍ക്കില്ല. ഈ ലോകം വെട്ടിപ്പിടിക്കാനുള്ള കരുത്തും തന്റേടവും തന്റെ വാസുവേട്ടനുണ്ട്..ആ വാസുവേട്ടന്റെ പെണ്ണാണ്‌ താന്‍. ഇല്ല..താന്‍ കരയില്ല. ജീവിക്കും..ശക്തയായി താന്‍ ജീവിക്കും.
“എന്റെ ഭഗവാനെ എന്റെ വാസുവേട്ടന് ഒരാപത്തും വരുത്തല്ലേ…” ദിവ്യ മനമുരുകി ദൈവത്തോട് പ്രാര്‍ഥിച്ചു. മെല്ലെ അവള്‍ ഉറക്കത്തിലേക്ക് വഴുതി വീണു.

Leave a Reply

Your email address will not be published. Required fields are marked *