“നീയാണോ മുസ്തഫ?” വാസു മുണ്ട് മടക്കിക്കുത്തി മുസ്തഫയുടെ മുന്‍പില്‍ നിവര്‍ന്നു നിന്നു ചോദിച്ചു.
“അതെ..നീ എന്റെ കടേല്‍ കേറി കളിച്ചു അല്ലെ..സാരമില്ല…പയ്യനല്ലേ..ഞാന്‍ ക്ഷമിച്ചേക്കാം..അവിടുന്നെടുത്ത കാശ് ഇങ്ങെടുക്ക്….” അവന്റെ പക്കല്‍ നിന്നും പണം വാങ്ങിയ ശേഷം മതി പണി എന്നാലോചിച്ചുകൊണ്ട് മുസ്തഫ പറഞ്ഞു.
“എന്റെ അച്ഛന്‍, ശങ്കരന്‍, നിനക്ക് രണ്ടുവര്‍ഷം മുന്‍പ് നല്‍കിയ പണം ചോദിക്കാനാണ് ഞാന്‍ വന്നത്..ഇരുപത് രൂപ നിന്റെ അനിയന്റെ കൈയില്‍ നിന്നും വാങ്ങി…ബാക്കി ഒന്ന് എണ്‍പത്..എപ്പോള്‍ തരും?” വാസു ചോദിച്ചു.
“അപ്പൊ നീ കാശ് വാങ്ങിക്കാന്‍ വന്നതാ അല്യോ?” മുസ്തഫ ചിരിച്ചു.
“അതെ..തന്നാല്‍ ഉടനെ അങ്ങ് പോയേക്കാം..”
“തരാല്ലോ..ഇന്നാ പിടിച്ചോ..”
പറഞ്ഞതും മുസ്തഫയുടെ വലതുകാല്‍ അവന്റെ നെഞ്ചിനു നേരെ ഊക്കോടെ ഉയര്‍ന്നു. നിമിഷനേരം കൊണ്ട് ഇടത്തേക്ക് ചുവടു വച്ചു മാറിയ വാസു ഇടതുകാല്‍ ഉയര്‍ത്തി അവന്റെ നെഞ്ചില്‍ ചവിട്ടി. മുസ്തഫ ബൈക്ക് മറിച്ചിട്ടുകൊണ്ട് നിലത്തേക്ക് വീണു.
“കള്ളക്കഴുവേറി..വീട്ടുമുറ്റത്ത് കേറി പോക്രിത്തരം കാണിക്കുന്നോടാ?”
സംഗതി പ്രശ്നമാണ് എന്ന് കണ്ട രവീന്ദ്രന്‍ കോപത്തോടെ വാസുവിന്റെ നേരെ ചീറിയടുത്തു. വാസു കടുവയെപ്പോലെ പിന്നിലേക്ക് പതുങ്ങി. കോപാധിക്യത്തോടെ പാഞ്ഞടുത്ത രവീന്ദ്രന്‍ അവന്റെ കഴുത്തിനു പിടിക്കാനായി മുന്‍പോട്ട് ആഞ്ഞപ്പോള്‍ വാസു വലത്തേക്ക് തെന്നി മാറി തിരിഞ്ഞ് പുറം കൈ കൊണ്ട് അയാളുടെ കരണത്ത് തന്നെ പ്രഹരിച്ചു. കണ്ണില്‍ നിന്നും തീപ്പൊരി പറക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. കണ്ണില്‍ ഇരുട്ടുകയറിയ രവീന്ദ്രന്‍ തപ്പിത്തടഞ്ഞപ്പോള്‍ വാസുവിന്റെ കാല്‍ അയാളുടെ നെഞ്ചില്‍ ശക്തമായി പതിഞ്ഞു. അയാള്‍ മലര്‍ന്നടിച്ചു നിലത്തേക്ക് വീണു.
ഇതിനിടെ എഴുന്നേറ്റ് വന്ന മുസ്തഫയുടെ കാലില്‍ ബൈക്കിന്റെ സൈലന്‍സര്‍ കൊണ്ട് പൊള്ളി കുടുര്‍ന്നിരുന്നു. വേദനയും പകയും സഹിക്കാനാകാതെ അലറിക്കൊണ്ട് മുസ്തഫ വാസുവിന് നേരെ ചാടി വീണു. ഒഴിഞ്ഞുമാറിയ വാസു അയാളെ കൈകൊണ്ട് തട്ടി നിലത്തിട്ടു മുഖത്ത് ശക്തമായി ചവിട്ടി. മുസ്തഫയുടെ നാല് മുന്‍പല്ലുകള്‍ ഇളകി അയാളുടെ വായില്‍ വീണു. വാസു വീണ്ടും കാല്‍ ഉയര്‍ത്തിയതോടെ ഭയന്നു വിറച്ചു പോയ മുസ്തഫ കൈകൂപ്പി.
“അരുതേ..എന്നെ കൊല്ലല്ലേ..അയ്യോ എന്നെ ഒന്നും ചെയ്യല്ലേ….” അയാള്‍ ഉറക്കെ കരഞ്ഞു. അയാളുടെ വായില്‍ നിന്നും ചോരയൊഴുകി.
ഉള്ളില്‍ ഇത് കണ്ടു നില്‍ക്കുകയായിരുന്ന ദിവ്യ അന്തം വിട്ടു വായ പിളര്‍ന്നു പോയി. വാസു ആള് തല്ലും പിടിയും കൂടുന്നവനാണ് എന്നവള്‍ക്ക് അറിയാമായിരുന്നു എങ്കിലും അവന്‍ ഇത്രയ്ക്ക് ഭീകരനാണ് എന്നവള്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. ഈ മനുഷ്യനെ ആണ് താന്‍ ഭയമില്ലാതെ എന്നും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടിരുന്നത്. ഓര്‍ത്തപ്പോള്‍ അവളുടെ നട്ടെല്ലിലൂടെ തണുപ്പ് അരിച്ചു കയറുന്നത് പോലെ തോന്നി. അവളെക്കാള്‍ ഭയന്നു ആലില പോലെ വിറയ്ക്കുകയായിരുന്നു രതീഷ്.
“എണീക്കടാ…”
വാസു മുസ്തഫയോട് ആജ്ഞാപിച്ചു. മുസ്തഫ വായില്‍ നിന്നും ചോര തുടച്ചു കളഞ്ഞ് ഇളകിപ്പോയ പല്ലുകള്‍ തുപ്പി കളഞ്ഞിട്ട് പ്രയാസത്തോടെ എഴുന്നേറ്റു.
“എന്റെ അച്ഛന്റെ പക്കല്‍ നിന്നും വാങ്ങിയ പണം എടുക്കടാ..കൃത്യം ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ..ഉം…” വാസു കൈനീട്ടി.
മുസ്തഫ അവന്റെ ബാഗിലേക്ക് കൈയിട്ട് അതിലുള്ള പണം മൊത്തം അവനു നല്‍കി.
“എത്രയുണ്ടെടാ ഇത്?”
“അറിയില്ല..എണ്ണി നോക്കിക്കോ..ബാക്കി ഇന്ന് തന്നെ തരാം.” മുസ്തഫ വിറച്ചുകൊണ്ട് പറഞ്ഞു.
വാസു പണം എടുത്ത് എണ്ണി.
“ഇത് എഴുപതിനായിരം..ബാക്കി ഒന്ന് പത്ത് എപ്പോള്‍ തരും?”
“കടേല്‍ വന്നാല്‍ മതി..ഇന്നുതന്നെ തരും..”
“ശരി..ഉച്ചയ്ക്ക് ഒരുമണിക്ക് ഞാന്‍ എത്തും..”
“ഉവ്വ്..”
“എന്നാല്‍ നീ പോ..”
മുസ്തഫ വേഗം തന്നെ ബൈക്ക് നിവര്‍ത്താന്‍ ശ്രമിച്ചു. സാധിക്കാതെ വന്നപ്പോള്‍ വാസു അവനെ സഹായിച്ചു. ബൈക്ക് നേരെയാക്കി സ്റ്റാര്‍ട്ട് ചെയ്ത് അവന്‍ പറപറന്നു. നിലത്ത് മലര്‍ന്നു വീണ രവീന്ദ്രന്‍ ഉരുണ്ടുപിരണ്ട് എഴുന്നേറ്റു. അയാളുടെ മുഖം കോപം കൊണ്ട് കത്തി.
