മൃഗം – 4

കുറച്ച് കഴിഞ്ഞ് ഒന്നുകൂടി പോയി നോക്കിയ ശേഷം ശങ്കരന്റെ വീട്ടിലേക്ക് പോകാനായിരുന്നു മുസ്തഫയുടെ നിര്‍ദ്ദേശം.
ഗുണ്ടാ നേതാവ് സുലൈമാന്‍ മുസ്തഫയുടെ അടുത്തെത്തി.
“ഇക്കാ..ഞങ്ങള്‍ ഒന്നൂടെ പോകട്ടെ? അതോ രാത്രീല്‍ നേരെ അവന്റെ വീട്ടിലേക്ക് പോയാ മതിയോ..” അവന്‍ രഹസ്യമായി ചോദിച്ചു.
“ഇങ്ങള് തല്ക്കാലം അവന്റെ കടേല്‍ ഒന്നൂടെ നോക്ക്..അവനവിടെ ഇല്ലെങ്കില്‍ രാത്രി വീട്ടില്‍ കേറി നോക്കാം” ആളുകള്‍ കേള്‍ക്കാതെ അവന്‍ പറഞ്ഞു.
“ശരി..എന്നാ ഞങ്ങളു പോയേച്ചു വരാം”
അവന്‍ പുറത്തേക്ക് ഇറങ്ങിക്കൊണ്ട് പറഞ്ഞു. അപ്പോഴാണ്‌ പൊടിപറത്തി ഒരു പോലീസ് വാഹനം അവിടേക്ക് കുതിച്ചെത്തി ബ്രെക്കിട്ടത്. ആ വെള്ള ബോലെറൊയില്‍ നിന്നും എസ് ഐ പൌലോസും സംഘവും പുറത്തിറങ്ങി. സുലൈമാന്‍ ഞെട്ടലോടെ മുസ്തഫയെ നോക്കി. മാറിക്കൊളാന്‍ മുസ്തഫ ആഗ്യം കാട്ടി.
“അവനെ ഇങ്ങു വിളിച്ചോണ്ട് വാടോ” പൌലോസ് രവീന്ദ്രനോട്‌ ആജ്ഞാപിച്ചു.
രവീന്ദ്രന്‍ മടിച്ചുമടിച്ച് മുസ്തഫയുടെ അരികിലെത്തി.
“മുസ്തഫെ..ശങ്കരന്‍ പരാതി നല്‍കി..നിന്നെ എസ് ഐ വിളിക്കുന്നു.”
രവീന്ദ്രന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. മുസ്തഫ കത്തി താഴെ വച്ച ശേഷം ചെന്നു കൈ കഴുകി രവീന്ദ്രന്റെ ഒപ്പം ചെന്നു. മൊയ്തീനും ഇറച്ചി വെട്ടു നിര്‍ത്തി കൈ കഴുകി പോലീസിന്റെ അരികിലേക്ക് നീങ്ങി. മുസ്തഫ പൌലോസിന്റെ മുന്‍പിലെത്തി അയാളെ നോക്കി.
“എന്താ സാറെ കാര്യം?”
“നീ ശങ്കരന്റെ കടയില്‍ ആളെ വിട്ട് അയാളെ ഭീഷണിപ്പെടുത്തിയോ?”
“ങാ ചെയ്തു..അതിനിപ്പോ എന്തോ വേണം?”
പൌലോസ് ചിരിച്ചു.
“സി ഐ എന്നെ വിളിച്ചിരുന്നു..നിന്റെ ആളുകള്‍ ഇങ്ങനെ ചില പ്രശ്നം ഉണ്ടാക്കുമെന്നും അതില്‍ ഇടപെടണ്ട എന്നും.” അയാള്‍ പറഞ്ഞു.
“അതൊക്കെ അറിഞ്ഞോണ്ട്‌ പിന്നെന്തിനാ സാറ് പാഞ്ഞു പറിച്ച് ഇങ്ങോട്ട് വന്നത്..ശങ്കരന്റെ മോന്‍ വാസു ഇവിടെ കേറി മേഞ്ഞതിനു സാറ് വല്ലോം ചെയ്തോ? ഇല്ലല്ലോ..ഇനി ഞങ്ങള്‍ക്കറിയാം എന്ത് ചെയ്യണമെന്ന്..സാറ് പോയാട്ടെ”
മുസ്തഫ പുച്ഛത്തോടെ പറഞ്ഞു. രവീന്ദ്രന്റെ മുഖത്തെ ഗൂഡമായ ചിരി പൌലോസ് ശ്രദ്ധിച്ചു. സി ഐ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന് കേട്ടപ്പോള്‍ സുലൈമാന്‍ ധൈര്യത്തോടെ എസ് ഐയുടെ അടുത്തേക്ക് എത്തി.

“എന്താ സാറേ പ്രശ്നം..” അവന്‍ വികൃതമായ ഒരു ചിരിയോടെ ചോദിച്ചു. അവന്റെ അരയിലെ കത്തിയുടെ ഉറ പൌലോസ് കണ്ടു.

“നീ ആരാടാ?” അയാള്‍ അവനോടു ചോദിച്ചു.

“ഞാനാ ശങ്കരന്റെ കടേല്‍ പോയത്…സാറിനു വല്ലോം ചെയ്യാനൊണ്ടോ?” അവന്‍ കൂസലില്ലാതെ പൌലോസിന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. ആളുകള്‍ മെല്ലെ അവിടേക്ക് അടുത്ത് കാഴ്ച കാണാന്‍ തുടങ്ങി.

“നിങ്ങള് വണ്ടിയെ കേറ്….” പൌലോസ് ഒപ്പം ഉണ്ടായിരുന്ന പോലീസുകാരോട് പറഞ്ഞു. അവര്‍ പരസ്പരം നോക്കിയ ശേഷം വണ്ടിയില്‍ കയറി.

“അതാ സാറേ നല്ലത്..വെറുതെ മാര്‍ക്കറ്റില്‍ കിടന്നു നാറണ്ട..പിള്ളേര് കേറി മേയും….” സുലൈമാന്‍ അവര്‍ തിരികെ പോകാന്‍ ഒരുങ്ങിയത് കണ്ടു വിജയിയെപ്പോലെ പറഞ്ഞു.

പൌലോസ് തൊപ്പി ഊരി വണ്ടിയില്‍ വച്ചു.

“സി ഐ വിളിച്ചു പറഞ്ഞത് കൊണ്ട് അവരിതില്‍ ഇടപെടണ്ട..സുപ്പീരിയര്‍ ഓഫീസറെ അനുസരിക്കാതെ ഇരുന്നതിന്റെ പണീഷ്മെന്റ് വെറുതെ വാങ്ങേണ്ട കാര്യമില്ലല്ലോ..പക്ഷെ എനിക്ക് ശമ്പളം തരുന്നത് നിന്റെ സി ഐ അല്ലടാ മുസ്തഫെ..
കേരള സര്‍ക്കാര്‍ ആണ്..എന്ന് പറഞ്ഞാല്‍ ഇവിടുത്തെ പൊതുജനം. അവരില്‍ ഒരാള്‍ക്കൊരു പ്രശ്നം ഉണ്ടായാല്‍, അത് പരിഹരിക്കാന്‍ പൌലോസിന് കഴിഞ്ഞില്ല എങ്കില്‍, ഇതൂരി വച്ചിട്ട് ഞാന്‍ ചെരയ്ക്കാന്‍ പോകുമെടാ കഴുവര്‍ട മോനെ…..”

പറഞ്ഞതും പൌലോസിന്റെ വലതുകാല്‍ സുലൈമാന്റെ അടിവയറ്റില്‍ ശക്തമായി പതിഞ്ഞതും ഒരേ സമയത്തായിരുന്നു. ഒരു അലര്‍ച്ചയോടെ അവന്‍ ദൂരേക്ക് തെറിച്ചു വീണു.

അവന്റെ കണ്ണുകള്‍ മുകളിലേക്ക് മറിയുന്നതും അവന്‍ ബോധം കെട്ടു വീണതും മുസ്തഫ കണ്ടു. ഒരു നിമിഷം എല്ലാം നിശ്ചലമായ ഒരു പ്രതീതി അവിടെയുണ്ടായി.

“അടിക്കടാ അവനെ..”

മുസ്തഫ അലറി.

സുമോകളില്‍ ഇരുന്നവന്മാര്‍ ആയുധങ്ങളുമായി ചാടിയിറങ്ങി. അലര്‍ച്ചയോടെ തന്റെ നേരെ കുതിച്ചെത്തിയ മൊയ്തീനെ ഒഴിഞ്ഞുമാറിയ പൌലോസ് അവന്റെ വാരിയെല്ലുകളില്‍ ശക്തമായി ഇടിച്ചു. അവന്‍ പോലീസ് വാഹനത്തിന്റെ മുന്‍പില്‍ തലയടിച്ചു താഴേക്ക് വീണു. അനുജന്‍ വീഴുന്നത് കണ്ട മുസ്തഫ ഉച്ചത്തില്‍ അലറിക്കൊണ്ട്‌ നേരെ കടയിലേക്ക് ഓടിക്കയറി വെട്ടുകത്തി എടുത്തു. അപ്പോഴേക്കും പന്ത്രണ്ടോളം ഗുണ്ടകള്‍ പൌലോസിനെ വളഞ്ഞു കഴിഞ്ഞിരുന്നു.

“അങ്ങേരുടെ തെളപ്പ് ഇന്ന് തീരും…”

രവീന്ദ്രന്‍ സ്വയം പിറുപിറുത്തു.

“എടൊ സാറിനെ സഹായിക്കണ്ടേ..അവന്മാരുടെ കൈയില്‍ വടിവാളും ആയുധങ്ങളും ഉണ്ട്” ഒരു പോലീസുകാരന്‍ മറ്റുള്ളവരോട് ചോദിച്ചു.

“വേണ്ട..സി ഐ അറിഞ്ഞാല്‍ പ്രശ്നമാണ്..പൌലോസ് സാറിനു ട്രാന്‍സ്ഫറും സസ്പെന്‍ഷനും ഒന്നും ഒരു വിഷയമല്ല..ഇക്കൊല്ലം ഇത് മൂന്നാമത്തെ ട്രാന്‍സ്ഫര്‍ ആണ്…ഇയാള്‍ അവിടിരുന്നു കളി കണ്ടാല്‍ മതി…സാറ് പറഞ്ഞാല്‍ മാത്രമേ നമ്മളിതില്‍ ഇടപെടാവൂ….” മറ്റൊരു പോലീസുകാരന്‍ പറഞ്ഞു.

“വെട്ടി നുറുക്കടാ അവനെ..”

കത്തിയുമായി ചാടി വന്ന മുസ്തഫ ഗുണ്ടകളോട് അലറി. അവന്മാര്‍ വടിവാളുകള്‍ ഊരി പൌലോസിന് നേരെ കുതിച്ചു. ഒറ്റ സെക്കന്റ് കൊണ്ട് പൌലോസിന്റെ കൈയില്‍ സര്‍വീസ് റിവോള്‍വര്‍ പ്രത്യക്ഷപ്പെട്ടു. ഒരുത്തന്‍ കാല്‍മുട്ടിലെ അസ്ഥികള്‍ ചിതറി അലറി നിലത്ത് വീണു. മറ്റുള്ളവര്‍ അതുകണ്ട് ഞെട്ടി നിന്ന അതെ നിമിഷത്തില്‍ പൌലോസ് അവരെ ശക്തമായി ആക്രമിച്ചു. നിലത്തുണ്ടയിരുന്ന ഒരു വടിയെടുത്ത് അയാള്‍ തലങ്ങും വിലങ്ങും വീശി. ഗുണ്ടകള്‍ പല വഴിക്ക് ചിതറി വീണു. പൌലോസിന്റെ കൈയില്‍ രണ്ടു മൂന്നിടത്ത് വടിവാള്‍ കൊണ്ട് പോറലുകള്‍ ഏറ്റു ചോര ഒഴുകിയെങ്കിലും അവര്‍ എല്ലാവരെയും അയാള്‍ നിലം പരിശാക്കി കഴിഞ്ഞിരുന്നു. ഓടാനായി ശ്രമിച്ച മുസ്തഫയെ അയാള്‍ ഓടിച്ചിട്ട്‌ പിടിച്ച് വണ്ടിക്കരുകില്‍ എത്തിച്ചു.

“നിന്നെയും ഇവന്മാരെയും ഞാന്‍ അറസ്റ്റ് ചെയ്തിരിക്കുന്നു…പോലീസിനെ ആക്രമിച്ച കുറ്റത്തിന്…ഉം..കേറടാ വണ്ടിയേല്‍…” അവന്റെ കരണം തീര്‍ത്ത് പ്രഹരിച്ചുകൊണ്ട് പൌലോസ് പറഞ്ഞു.

“നിങ്ങള്‍ ഇവന്മാരെ അവരുടെ വണ്ടികളില്‍ സ്റ്റേഷനില്‍ എത്തിക്ക്….” പൌലോസ് കൂടെ ഉണ്ടായിരുന്ന പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പോലീസ് വാഹനവും സുമോകളും സ്റ്റേഷനിലേക്ക് കുതിച്ചു.

“എടൊ എസ് ഐ..താന്‍ ഇതിനനുഭവിക്കും..നോക്കിക്കോടോ” വണ്ടിയില്‍ ഇരുന്ന മുസ്തഫ പൌലോസിനോട്‌ പകയോടെ പറഞ്ഞു.

“മക്കളെ മുസ്തഫെ..പൌലോസ് ഇന്നോ ഇന്നലെയോ അല്ല നിന്നെപ്പോലെയുള്ളവന്മാരെ കാണാന്‍ തുടങ്ങിയത്..ഇമ്മാതിരി ഒന്നര ചക്രത്തിന്റെ വിലയില്ലാത്ത ഭീഷണി ഇങ്ങോട്ട് ഇറക്കല്ലേ….കൂടിവന്നാല്‍ നിന്റെ ഏമാന്‍ സി ഐ എന്നെ അങ്ങ് ട്രാന്‍സ്ഫര്‍ ചെയ്യുമായിരിക്കും..എനിക്ക് പുല്ലാടാ ട്രാന്‍സ്ഫര്‍..റിട്ടയര്‍ ആകുന്നതിനു മുന്‍പ് കേരളത്തിലുള്ള എല്ലാ സ്റ്റെഷനുകളിലും ജോലി എടുത്തേക്കാം എന്നൊരു നേര്‍ച്ച എനിക്കുണ്ട്..അതുകൊണ്ട് നീ വേറെ വല്ല വഴീം നോക്ക്”

Leave a Reply

Your email address will not be published. Required fields are marked *