മൃഗം – 4

“എനിക്ക് ഒരു ജോലി വേണം അച്ചോ..എന്ത് ജോലി ആണേലും ഞാന്‍ തയാറാണ്..” വാസുവിന് അതില്‍ ആലോചിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല.

“എല്ലാം പുന്നൂസ് നേരിട്ട് നിന്നോട് പറയട്ടെ..അത് കേട്ട ശേഷം നീ ആലോചിച്ചു തീരുമാനം എടുത്താല്‍ മതി..എന്നെ നീ ഓര്‍ക്കണ്ട.. നിനക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം നീ അങ്ങേരോട് സമ്മതം മൂളിയാല്‍ മതി..എന്നാല്‍ ഞാന്‍ അങ്ങേരെ വിവരം അറിയിക്കട്ടെ..”

“വിളിക്ക് അച്ചാ..ഞാന്‍ അപ്പോഴേക്കും ഒന്ന് കറങ്ങിയിട്ട് വരാം..” വാസു എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“നീ എങ്ങും പൊയ്ക്കളയരുത്..അങ്ങേര്‍ ഒന്നൊന്നര മണിക്കൂറിനകം ഇങ്ങെത്തും…”

“ഇല്ല..ഞാനുടന്‍ വരാം..ദൂരെ എങ്ങും പോകുന്നില്ല”

“ശരി..എന്നാല്‍ പോയേച്ചു വാ..”

———-

ശങ്കരന്‍ പോയ ശേഷം രുക്മിണി മകളുടെ ഒപ്പമിരുന്ന് പ്രാതല്‍ കഴിച്ചു. പിന്നെ രണ്ടാളും കൂടി മുന്‍പിലെ മുറിയിലെത്തി ഇരുന്നു. അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ രുക്മിണി ആകാക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

“അമ്മെ..ഞാന്‍ പറയുന്നത് അമ്മ ക്ഷമയോടെ കേള്‍ക്കണം. ഇത് ഒരു മകളുടെ കുമ്പസാരമാണ്..എനിക്കിത് അമ്മയോട് പറഞ്ഞില്ലെങ്കില്‍ ഈ ജന്മം സമാധാനം കിട്ടില്ല..എല്ലാം അമ്മ അറിയണം..എല്ലാം…”

ദിവ്യ പറഞ്ഞു തുടങ്ങി. തന്റെ വഴിപിഴച്ച ചിന്തകളും ജീവിതവും, രതീഷുമായി തനിക്ക് ഉണ്ടായിരുന്ന ബന്ധവും അവനെ വീട്ടില്‍ വരുത്തിയതും ഉള്‍പ്പെടെ തന്റെ ജീവിതത്തില്‍ നടന്ന എല്ലാം അവള്‍ അമ്മയോട് പറഞ്ഞു. അവസാനം രതീഷിന്റെ വീട്ടില്‍ വച്ച് വാസു തന്നെ കണ്ടതും തന്നെ ഉപദേശിച്ചതും താക്കീത് നല്കിയതും, ആ വ്യക്തിത്വത്തോട് തനിക്ക് തോന്നിയ വിധേയത്വം അനുരാഗമായി മാറിയതും അവള്‍ തുറന്ന് പറഞ്ഞു. തന്റെ ജീവിതത്തെ അത്രയ്ക്ക് സ്വാധീനിച്ച് തന്നെ അടിമുടി മാറ്റിയ വാസുവിനെ താന്‍ അഗാധമായി സ്നേഹിക്കുന്നു എന്നും അവനില്ലാതെ തനിക്കിനി ഒരു ജീവിതമില്ല എന്നും പറഞ്ഞാണ് അവള്‍ നിര്‍ത്തിയത്. അവസാനം അവള്‍ ഇതും പറഞ്ഞു:

“വഴി തെറ്റി കുറെയേറെ സഞ്ചരിച്ചെങ്കിലും എന്റെ ചാരിത്ര്യം ഇതുവരെ ഞാന്‍ കളഞ്ഞു കുളിച്ചിട്ടില്ലമ്മേ..”

നിറകണ്ണുകളോടെയാണ് രുക്മിണി അവളുടെ കഥ കേട്ടിരുന്നത്. സ്വന്തം മകള്‍ നടത്തിയ തുറന്ന കുമ്പസാരം അവളെ ഒരേസമയം ഞെട്ടിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്തു. വാസുവിനെ വിവാഹം കഴിക്കാനുള്ള അവളുടെ തീരുമാനം മാത്രമാണ് രുക്മിണിയില്‍ ആശങ്ക ഉളവാക്കിയത്. കാരണം മറ്റൊന്നുമല്ല..ശങ്കരേട്ടന്‍ അതിനു സമ്മതിക്കുമോ എന്നതായിരുന്നു അവളുടെ ശങ്ക. തന്റെ മകള്‍ക്ക് വാസുവിനെക്കാള്‍ നല്ലൊരു പയ്യനെ ലഭിക്കില്ല എന്ന് അവനെ വളര്‍ത്തിയ രുക്മിണിയെപ്പോലെ വേറെ ആര്‍ക്കാണ് അറിയാവുന്നത്? പക്ഷെ ശങ്കരേട്ടന്‍..

“മോളെ..നിന്റെ തീരുമാനം നല്ലതാണ്. നീ അവനു വേണ്ടി മാറി എന്നത് തന്നെ ഇത് ഈശ്വര നിശ്ചയമായതിന്റെ പേരിലാണ്..പക്ഷെ നിന്റെ അച്ഛന്‍…”

“സമയം ആകുമ്പോള്‍ എല്ലാം ഭഗവാന്റെ ഇഷ്ടം പോലെ തന്നെ നടക്കും അമ്മെ..അമ്മ നോക്കിക്കോ അച്ഛന്‍ പൂര്‍ണ്ണ മനസോടെ ഇതിനു സമ്മതിക്കും” ദിവ്യയ്ക്ക് അക്കാര്യത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

“എന്നാലും എന്റെ മോന്‍..അവനിപ്പോള്‍ എവിടാണാവോ..” രുക്മിണി കണ്ണുകള്‍ തുടച്ചു.

“അമ്മ ആശങ്കപ്പെടാതെ..ഏട്ടന്‍ സാധാരണക്കാരനല്ല…ഈ ഭൂമിയില്‍ എവിടെയും ജീവിക്കാനുള്ള കഴിവ് വാസുവേട്ടനുണ്ട്.” ദിവ്യ അവളെ ആശ്വസിപ്പിച്ചു.

————

വാസു ചുറ്റിക്കറങ്ങി തിരികെ എത്തിയപ്പോള്‍ വെട്ടിത്തിളങ്ങുന്ന കടും നീല നിറമുള്ള ഒരു ബി എം ഡബ്ലിയു അവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടാണ്‌ ആശ്രമ വളപ്പിലേക്ക് കയറിയത്. അച്ചന്‍ പറഞ്ഞ ആളെത്തി എന്നവനു മനസിലായി. വാസു ചെല്ലുമ്പോള്‍ അച്ചനും അയാളും വരാന്തയില്‍ രണ്ടു കസേരകളില്‍ ഇരുന്നു സംസാരത്തിലാണ്.

“ങാ വന്നല്ലോ..പുന്നൂസേ..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..വാസു..”

അച്ചന്‍ അയാള്‍ക്ക് വാസുവിനെ പരിചയപ്പെടുത്തി. അവന്‍ അയാളെ നോക്കി കൈകള്‍ കൂപ്പി. പുഞ്ചിരിയോടെ അയാളും. വാസു അയാളെ മൊത്തത്തില്‍ ഒന്ന് നോക്കി. വണ്ടി കണ്ടാലേ അറിയാം ആളൊരു കോടീശ്വരന്‍ ആണെന്ന്. പക്ഷെ അയാളുടെ വേഷത്തിലോ ഭാവത്തിലോ അങ്ങനെ ഒരു ലക്ഷണമേ ഇല്ല. ഏകദേശം ആറടിക്ക് അടുത്ത് ഉയരം. അധികം വണ്ണം ഇല്ലാത്ത ശരീരം. നര കയറിയ മുടിയും മീശയും. മുഖത്ത് നല്ല കുലീനത്വമാണ്. മുണ്ടും ഷര്‍ട്ടും ആണ് വേഷം. ദേഹത്ത് യാതൊരു ആഭരണങ്ങളും ഇല്ല; വാച്ച് പോലും കെട്ടിയിട്ടില്ല. വാസുവിന് ഒറ്റ നോട്ടത്തില്‍ തന്നെ ചെറിയ ഒരു മതിപ്പ് അയാളെക്കുറിച്ച് തോന്നി.

“വാസു വാ..ഇരിക്ക്..” പുന്നൂസ് പുഞ്ചിരിച്ചുകൊണ്ട് അവനെ ക്ഷണിച്ചു. വാസു നിലത്ത്, അച്ചന്റെ കസേരയ്ക്ക് സമീപം ഇരുന്നു.

“എടാ ഒരു കസേര ഇട്ടിരിക്ക്..നീ എന്നാത്തിനാ താഴെ ഇരിക്കുന്നത്?” അച്ചന്‍ അവനോടു ചോദിച്ചു.

“ഇവിടാ ഇരിക്കാന്‍ സുഖം” വാസു പറഞ്ഞു.

“അതല്ല പുന്നൂസേ കാര്യം..ഇവന്‍ എന്റെ ഒപ്പം കസേരയില്‍ ഇരിക്കില്ല..ഭയങ്കര ബഹുമാനം അല്യോ..” അച്ചന്‍ അവന്റെ ശിരസില്‍ തലോടിക്കൊണ്ട് പറഞ്ഞു.

“നല്ലത്..വിനയം ശക്തന്മാരുടെ ലക്ഷണമാണ്..” പുന്നൂസ് പറഞ്ഞു.

“ഇനി..പുന്നൂസ് വന്ന കാര്യം ഇവനോട് പറ..എല്ലാം ഇവന്‍ കേള്‍ക്കട്ടെ..പിന്നെ നമുക്ക് അവന്റെ തീരുമാനം എന്താണെന്നു നോക്കാം..അതുപോട്ടെ..പുന്നൂസിന് ഇവനെ കണ്ടിട്ട് എന്ത് തോന്നി?” അച്ചന്‍ ചോദിച്ചു.

പുന്നൂസ് ഒന്ന് പുഞ്ചിരിച്ചു; പിന്നെ അച്ചന്റെ കണ്ണിലേക്ക് നോക്കി.

“ഇദ്ദേഹം സാധാരണക്കാരനല്ല..ഉന്നത കുലജാതനായ വ്യക്തിയാണ് എന്ന് ആ കണ്ണുകളില്‍ നിന്നും എനിക്ക് ഊഹിക്കാന്‍ പറ്റും..മനസിനെ ഉദ്ദേശിക്കുന്ന രീതിയില്‍ നിസ്സാരമായി നിയന്ത്രിക്കാന്‍ കഴിവുള്ള ചുരുക്കം ചിലരില്‍ ഒരാള്‍..ഭയം എന്ന വാക്ക് അറിഞ്ഞു കൂടാത്ത വ്യക്തി…..”

പുന്നൂസിന്റെ വാക്കുകള്‍ വാസുവിനെ ഞെട്ടിച്ചു. വളരെ കൃത്യമായ ഒരു അവലോകനം ആണ് അവനെക്കുറിച്ച് ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ നടത്തിയിരിക്കുന്നത്. ഇയാള്‍ നിസ്സാരനല്ല എന്ന് വാസു മനസ്സില്‍ പറഞ്ഞു. പക്ഷെ അവന്‍ ഒന്നും മിണ്ടിയില്ല.

“പുന്നൂസ് പറഞ്ഞത് കുറഞ്ഞു പോയെങ്കിലെ ഉള്ളു..എന്തായാലും ഈ നിരീക്ഷണം എന്നെയും ഞെട്ടിച്ചു എന്ന് പറയാതെ വയ്യ..ഇനി വന്ന കാര്യത്തിലേക്ക് കടന്നാട്ടെ”

ചാരുകസേരയിലേക്ക് ചാരിക്കൊണ്ട് അച്ചന്‍ പറഞ്ഞു. പുന്നൂസ് സംസാരത്തിന്റെ മുന്നോടിയായി മുരടനക്കി കണ്ഠശുദ്ധി വരുത്തി. എന്താണ് അയാള്‍ പറയാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷയോടെ വാസു അയാളെ നോക്കി.
“അച്ചനോട് വിവരങ്ങള്‍ എല്ലാം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്..അതുകൊണ്ട് ഇപ്പോള്‍ ഈ പറയുന്നത് വാസുവിനോടായിട്ടാണ്..അച്ചന്‍ ബോറാകില്ലല്ലോ..” പുന്നൂസ് അച്ചനെയും അവനെയും നോക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *