മൃഗം – 4

വാസു കൈകഴുകി പുറത്തേക്ക് പോയപ്പോള്‍ അവള്‍ ആരും കാണാതെ അവന്‍ തിന്നതിന്റെ ബാക്കി അല്‍പം ഉണ്ടായിരുന്നത് എടുത്ത് കഴിച്ചു. പിന്നെ പുഞ്ചിരിയോടെ പാത്രങ്ങളുമായി ഉള്ളിലേക്ക് പോയി.

വാസു നേരെ ഗീവര്‍ഗീസ് അച്ചന്റെ അരികിലേക്ക് ആണ് പോയത്. അവന്‍ ചെല്ലുമ്പോള്‍ അച്ചന്‍ ആശ്രമ മുറ്റത്ത് ഉലാത്തുകയാണ്. അവന്റെ വേഷവിധാനവും വൃത്തിയും മെനയും ഒക്കെ കണ്ടപ്പോള്‍ അച്ചന്‍ അത്ഭുതത്തോടെ അവനെ നോക്കി.
“ഹിതാര്..വാസുവോ? നീ ആളാകെ അങ്ങ് മാറിയല്ലോടാ ചെറുക്കാ..” അച്ചന്‍ തന്റെ അത്ഭുതം മറച്ചു വയ്ക്കാതെ പറഞ്ഞു.

“ഓ..അച്ചനു തോന്നുന്നതാ..” വാസു തല ചൊറിഞ്ഞു.

“ങാ വാ….നീ വല്ലോം കഴിച്ചോ രാവിലെ?”

“ശകലം പുട്ട് കഴിച്ചു…”

“ശകലം പുട്ട്..അതും നീ! സത്യം പറയടാ..എത്ര കുറ്റി വിഴുങ്ങി?”

“ഓ..മൂന്നു കുറ്റിയെ കഴിച്ചുള്ളൂ…”

“അതെന്താ അത്രേ അവരുണ്ടാക്കിയുള്ളോ?”

വാസു ചിരിച്ചു.

“ഇഡ്ഡലി കഴിക്കുന്നോ…”

“വേണ്ട..”

“എന്നാ വാ ഇരി..വിശേഷങ്ങള്‍ ഒക്കെ പറ…”

വാസു തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ അച്ചനോട് പറയാന്‍ തുടങ്ങി. ശങ്കരന്‍ തന്നെ ബിസിനസില്‍ ഒപ്പം കൂട്ടിയതും ആദ്യ ദിനം തന്നെ താന്‍ മുസ്തഫയെയും മൊയ്തീനെയും കൈകാര്യം ചെയ്തതുമെല്ലാം അവന്‍ വിവരിച്ചു തുടങ്ങി.

ഈ സമയത്ത് ശങ്കരന്‍ പ്രഭാത ഭക്ഷണം കഴിച്ച ശേഷം തന്റെ ഓഫീസിലേക്ക് പോകാന്‍ ഇറങ്ങുകയായിരുന്നു. അയാളെ യാത്രയാക്കാന്‍ രുക്മിണിയും ദിവ്യയും പുറത്തേക്ക് ഇറങ്ങി വന്നു. ശങ്കരന്‍ സ്കൂട്ടര്‍ സ്റ്റാന്റില്‍ നിന്നും ഇറക്കി അതില്‍ ഇരുന്നപ്പോഴാണ് ഒരു പോലീസ് ജീപ്പ് ഇരമ്പലോടെ വന്നു മുറ്റത്ത് ബ്രെക്കിട്ടത്. അതില്‍ നിന്നും എസ് ഐ പൌലോസ് പുറത്തിറങ്ങി. അവധിയിലായിരുന്ന പൌലോസ് ചാര്‍ജ്ജ് എടുത്തിട്ടു രണ്ടു ദിവസം മാത്രമേ ആയുള്ളായിരുന്നു. ചെറുപ്പക്കാരനും ഒരാളെയും വക വയ്ക്കാത്തവനുമാണ് സബ് ഇന്‍സ്പെക്ടര്‍ പൌലോസ്. വണ്ടിയില്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

“വാസുവിന്റെ വീടല്ലേ?” അയാള്‍ മീശ ചെറുതായി പിരിച്ച് ശങ്കരനെ നോക്കി ചോദിച്ചു. അപ്രതീക്ഷിതമായി പോലീസിനെ കണ്ട ഞെട്ടലില്‍ ആയിരുന്നു ശങ്കരനും കുടുംബവും.

“അതെ സര്‍..എന്താ സര്‍ പ്രശ്നം?” ശങ്കരന്‍ സ്കൂട്ടര്‍ തിരികെ സ്റ്റാന്റില്‍ വച്ചിട്ട് ചോദിച്ചു.

“പ്രശ്നമല്ല, പ്രശ്നങ്ങള്‍..അത് പലതാണ്…ടൌണിലെ ഇറച്ചിക്കടയില്‍ കയറി അതിന്റെ ഉടമയെ തല്ലിയിട്ട് പണം പിടിച്ചു പറിച്ചു എന്നതാണ് ഒന്നാമത്തെ പ്രശ്നം..രണ്ട് അയാളുടെ ചേട്ടനെ ആക്രമിച്ച് അയാളുടെ പല്ലുകള്‍ കൊഴിക്കുകയും പണം പിടിച്ചു പറിക്കുകയും ചെയ്തു എന്നത്….മൂന്നാമത്തേത്‌ എന്റെ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന രവീന്ദ്രന്‍ എന്ന പോലീസുകാരനെ വീട്ടില്‍ കയറി തല്ലിയതാണ്….മൂന്നും നടന്നത് ഒരേ ദിവസം…വാസു മോനാണ് അല്ലെ?” പൌലോസ് വാസു ചെയ്ത കുറ്റങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ട് വികൃതമായ ഒരു ചിരിയോടെ ശങ്കരനോട് ചോദിച്ചു.

“അതെ സര്‍..പക്ഷെ സര്‍ അവന്‍ മുസ്തഫയുടെയോ മൊയ്തീന്റെയോ പണം പിടിച്ചു പറിച്ചിട്ടില്ല..റ്റ്വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ അവര്‍ക്ക് കൊടുത്ത പണം തിരികെ കിട്ടാതെ വന്നപ്പോള്‍ അല്പം ബലപ്രയോഗം നടത്തി വാങ്ങിയെന്നെ ഉള്ളു..”

“ഭ..പോക്രിത്തരം പറയുന്നോടാ റാസ്‌ക്കല്‍? പണം നല്‍കിയാല്‍ നീ ബലം പിടിച്ചു വാങ്ങും അല്ലെ? പിന്നെന്തിനാടാ ഞങ്ങള്‍ ഈ കോപ്പും ഇട്ട് അവിടെ ഇരിക്കുന്നത്? ചെരയ്ക്കാനോ? ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പരാതി എഴുതി തരണം..അതല്ലാതെ ഗുണ്ടായിസം കാണിക്കാന്‍ ഇറങ്ങിയാല്‍ ചവിട്ടി എല്ലൊടിക്കും ഞാന്‍..എവിടവന്‍..വിളിക്ക്..” പൌലോസ് ആക്രോശിച്ചു. ദിവ്യ ഭയന്നു വിറച്ചു. ഇയാള്‍ ക്രൂരനാണ്. വാസുവേട്ടനെ കൈയില്‍ കിട്ടിയാല്‍ ഇയാള്‍ ഇടിച്ചു ചതയ്ക്കും.

“അവനിവിടില്ല സാറേ..രാവിലെ എങ്ങോട്ടോ പോയി..”

“എവിടെ?”

“അറിയില്ല..”

“കള്ളക്കഴുവേറി സര്‍വീസില്‍ ഇരിക്കുന്ന പോലീസുകാരനെ ആണ് കൈ വച്ചത്..അവന്റെ പരിപ്പ് ഞാന്‍ എടുക്കും..വന്നാലുടന്‍ അവനോടു സ്റ്റേഷനില്‍ വരാന്‍ പറയണം…ഇനി ഒരിക്കല്‍ക്കൂടി അവനെ തേടി ഞാനിവിടെ വരാന്‍ ഇടയായാല്‍..മോന്റെ ചാവടിയന്തിരം നടത്താനുള്ള ഏര്‍പ്പാട് നിനക്ക് ചെയ്യേണ്ടി വരും കേട്ടോടാ…..”

ശങ്കരന്‍ ഭീതിയോടെ തലയാട്ടി. ഭയന്നു വിറച്ചു പോയിരുന്ന അയാള്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. മൂവരെയും രൂക്ഷമായി ഒന്ന് നോക്കിയിട്ട് പൌലോസ് ജീപ്പില്‍ കയറി അതിവേഗം പിന്നിലേക്ക് എടുത്ത് തിരിച്ചിട്ടു തിരികെപ്പോയി. ശങ്കരന്‍ തലയ്ക്ക് കൈയും കൊടുത്ത് വരാന്തയില്‍ കുന്തിച്ചിരുന്നുപോയി. ദിവ്യ അയാളുടെ അടുത്തേക്ക് ഓടിവന്നിരുന്നു.

“അച്ഛാ ഇനി എന്ത് ചെയ്യും? അയാളുടെ കൈയില്‍ വാസുവേട്ടനെ കിട്ടിയാല്‍ അയാള്‍ കൊല്ലും..എങ്ങനെയെങ്കിലും വാസുവേട്ടനെ രക്ഷിക്ക് അച്ഛാ….” ദിവ്യ കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നു.

“അതെ..ഇയാള്‍ മഹാ ക്രൂരനാണ്..എന്റെ കുഞ്ഞിനെ അയാള്‍ കൊല്ലും..” രുക്മിണിയും ഭീതിയോടെ പറഞ്ഞു.

“അവന്‍ എന്തിനാണ് ആ പോലീസുകാരനെ തല്ലിയത് എന്നാണ് എനിക്ക് മനസിലാകാത്തത്..അയാളെ ചൊടിപ്പിച്ചത് അതാണ്‌..മുസ്തഫയ്ക്ക് വേണ്ടി അയാള്‍ ഇത്ര ചൂടാകില്ല..കൂട്ടത്തില്‍ ഒരുത്തനെ തൊട്ടതല്ലേ..പക്ഷെ എന്നോട് അതെപ്പറ്റി ഒരക്ഷരം അവന്‍ പറഞ്ഞിരുന്നില്ല…” ശങ്കരന്‍ ആശങ്കയോടെ പറഞ്ഞു.

പെട്ടെന്ന് എല്ലാം പറയാന്‍ ദിവ്യ ആഞ്ഞതാണ്; പക്ഷെ പിന്നെയാണ് അതിന്റെ ഭവിഷ്യത്ത് അവള്‍ ഓര്‍ത്തത്. താന്‍ നേരില്‍ കണ്ടതാണ് എല്ലാം. പക്ഷെ ആരോടും പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ താന്‍ എങ്ങനെ അവിടെയെത്തി എന്നതാകും അടുത്ത പ്രശ്നം. പക്ഷെ പറയാതെ ഇരുന്നാല്‍ വാസുവേട്ടന്‍ അപകടത്തിലാകും. അവളുടെ മനസ്‌ വേഗം പ്രവര്‍ത്തിച്ചു. ഉടനടി എന്തെങ്കിലും ചെയ്യണം. അവള്‍ പലതും കണക്കുകൂട്ടി.
“ആ പോലീസുകാരനുമായിട്ടുള്ള പ്രശ്നം എന്താണ് എന്നറിയാന്‍ അവനെ കാണാതെ പറ്റില്ലല്ലോ..ഏതായാലും ഞാന്‍ കടയിലോട്ടു പോട്ടെ..അവനവിടെ വരുമല്ലോ..അപ്പോള്‍ ചോദിച്ചറിയാം..വേണ്ടി വന്നാല്‍ ഒരു വക്കീലിനെയും ഏര്‍പ്പാടാക്കാം”

ശങ്കരന്‍ എഴുന്നേറ്റ് പോകാനിറങ്ങി. രുക്മിണി എന്ത് പറയണം എന്നറിയാതെ ആശങ്കയോടെ നില്‍ക്കുകയായിരുന്നു. ദിവ്യ അച്ഛന്‍ പോയിക്കഴിഞ്ഞപ്പോള്‍ നേരെ തന്റെ മുറിയിലേക്ക് ചെന്നു മൊബൈല്‍ എടുത്തു.

————–

വാസു പറഞ്ഞത് കേട്ട് അച്ചന്‍ പുഞ്ചിരിച്ചു.

“കൊള്ളാം..പക്ഷെ മോനെ നീ സൂക്ഷിക്കണം. നീ നോവിച്ചു വിട്ടവര്‍ നിസ്സാരന്മാരല്ല..നിന്നോട് അവര്‍ പകരം ചോദിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും..പ്രത്യേകിച്ചും ആ പോലീസുകാരന്‍…” അച്ചന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *