മൃഗം – 4

“പുന്നൂസ് പറഞ്ഞോ..” അച്ചന്‍ കസേരയില്‍ ഒന്നിളകി ഇരുന്നുകൊണ്ട് പറഞ്ഞു.

“മോനെ വാസൂ, എനിക്ക് കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ട്. ദൈവകൃപയാല്‍ നല്ല ബിസിനസും നടക്കുന്നുണ്ട്. എന്റെ ഒരു ദിവസത്തെ വരുമാനം ലക്ഷങ്ങള്‍ ആണ്. ഞാനിത് പറയുന്നത് എന്റെ വലിപ്പം നിന്നെ അറിയിക്കാനല്ല, എന്റെ വ്യാപാരത്തിന്റെ വ്യാപ്തി അറിയിക്കാനും ഞാന്‍ അതില്‍ എത്രയധികം തിരക്കിലായിരിക്കും എന്നു മനസിലാക്കാനും വേണ്ടിയാണ്. ഈ നഗരങ്ങളില്‍ മൂന്നിലും എനിക്ക് കൂടെക്കൂടെ പോകേണ്ടി വരാറുണ്ട്. ഞാന്‍ തന്നെയാണ് ഈ സ്ഥാപനങ്ങള്‍ എല്ലാം നോക്കി നടത്തുന്നത്. മൂന്നിടത്തും എനിക്ക് വീടുകള്‍ ഉണ്ടെങ്കിലും എന്റെ കുടുംബം എറണാകുളത്താണ് താമസം. ആഴ്ചയില്‍ രണ്ടോമൂന്നോ ദിവസമേ ഞാനെന്റെ കുടുംബത്തിന്റെ കൂടെ കാണാറുള്ളൂ..ഇനി, ഞാന്‍ വിഷയത്തിലേക്ക് വരാം..”

മുന്‍പിലുള്ള ടീപോയില്‍ വച്ചിരുന്ന ഗ്ലാസില്‍ നിന്നും അല്പം വെള്ളം കുടിച്ച ശേഷം പുന്നൂസ് തുടര്‍ന്നു:

“വിഷയം പറയുന്നതിന് മുന്‍പ് എന്റെ ലേശം ചരിത്രം വാസു അറിയുന്നത് നല്ലതാണ്.. കല്യാണം കഴിഞ്ഞ് ഏറെക്കാലം എനിക്കും ഭാര്യയ്ക്കും കുട്ടികള്‍ ഉണ്ടായില്ല. ഞങ്ങള്‍ പല നേര്‍ച്ചകളും ചികിത്സകളും ഒക്കെ നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ നിരാശയില്‍ കഴിയുന്ന സമയത്താണ് വളരെ അവിചാരിതമായി ഈ വന്ദ്യനായ അച്ചനെ എനിക്ക് പരിചയപ്പെടാന്‍ ഇടയായത്. അദ്ദേഹവുമായി ഞാനെന്റെ വിഷമം പങ്കു വച്ചപ്പോള്‍ എനിക്ക് വേണ്ടി പ്രാര്‍ഥിക്കാം എന്നും ഒരു വര്‍ഷത്തിനുള്ളില്‍ എനിക്ക് ദൈവം ഒരു കുഞ്ഞിനെ നല്‍കും എന്നും അദ്ദേഹം എന്നെ ആശ്വസിപ്പിച്ച് പറഞ്ഞു. ഞാനത് അപ്പോള്‍ അത്ര കാര്യമായി എടുത്തിരുന്നില്ല എങ്കിലും ഒരു അത്ഭുതം പോലെ എന്റെ ഭാര്യ റോസ്‌ലിന്‍ അടുത്ത മാസം തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ അച്ചന്റെ വാക്കുകള്‍ എനിക്ക് ഓര്‍മ്മ വന്നു…” പുന്നൂസ് നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ മെല്ലെ തുടച്ചു.

വാസു അയാള്‍ പറയുന്നത് സാകൂതം കേള്‍ക്കുകയായിരുന്നു.

“അന്ന് തന്നെ ഞാന്‍ അച്ചനെ വന്നു കണ്ടു വിവരം അറിയിച്ചു. അങ്ങനെ വിവാഹം കഴിഞ്ഞ് ഏഴാം വര്‍ഷം ഞങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞു ജനിച്ചു. ഡോണ എന്ന് അവള്‍ക്ക് ഞങ്ങള്‍ പേരിടുകയും ചെയ്തു. ആണും പെണ്ണുമായി എനിക്കും റോസ്‌ലിനും അവള്‍ മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ അവള്‍ക്ക് എല്ലാ സ്നേഹവും നല്‍കിയാണ്‌ ഞങ്ങള്‍ വളര്‍ത്തിയത്. എന്റെ സ്വത്തുക്കളുടെ ഏക അവകാശിയും അവള്‍ മാത്രമാണ്. പക്ഷെ എന്റെ മകള്‍ ഈ സ്വത്തിലും പണത്തിലും ഒന്നും യാതൊരു ഭ്രമവും ഇല്ലാത്ത കുട്ടിയാണ്. ചെറുപ്പം മുതല്‍ തന്നെ വേറിട്ട ചിന്താഗതി വച്ച് പുലര്‍ത്തിയിരുന്ന അവള്‍ക്ക് മറ്റു മനുഷ്യരെ സഹായിക്കാനും, തിന്മകള്‍ക്ക് എതിരെ പ്രതികരിക്കനുമുള്ള ഒരു ത്വര ബാല്യം മുതല്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ അവളെക്കുറിച്ച് പല സ്വപ്നങ്ങളും കണ്ടു എങ്കിലും അവള്‍ക്ക് അവളുടേതായ ധാരണകളും ചിന്തകളും ഉണ്ടെന്നു മനസിലായപ്പോള്‍ അവളെ അവളുടെ ഇഷ്ടത്തിനു വിടാന്‍ ഞാനും ഭാര്യയും തീരുമാനിച്ചു..മോനെ…ഞാനിങ്ങനെ വിശദീകരിച്ചു പറയുന്നതില്‍ നിനക്ക് ബോറ് തോന്നുന്നുണ്ടോ?”

“ഇല്ല..സാറ് പറഞ്ഞോളൂ..” വാസു പുഞ്ചിരിയോടെ പറഞ്ഞു.

“എല്ലാം പറഞ്ഞെങ്കില്‍ മാത്രമേ നിനക്ക് കാര്യത്തിന്റെ ഗൌരവം അതിന്റെ ശരിയായ അളവില്‍ മനസിലാകൂ..അതുകൊണ്ടാണ് ഞാന്‍ വിശദമായി പറയുന്നത്. അങ്ങനെ ഒരു ഡോക്ടര്‍ ആക്കണം എന്ന് ഞാന്‍ ആശിച്ചിരുന്ന ഡോണ പക്ഷെ തിരഞ്ഞെടുത്ത വഴി സാമൂഹ്യ സേവനവും പത്ര പ്രവര്‍ത്തനവും ആണ്. ഒരു പ്രമുഖ പത്രത്തിന്റെയും ചാനലിന്റെയും റിപ്പോര്‍ട്ടര്‍ ആയ അവള്‍ ഒഴിവു വേളകളില്‍ പാവങ്ങളെ കണ്ടെത്തി സഹായിക്കാനും ശ്രമിക്കാറുണ്ട്. എല്ലാം അവള്‍ ചെയ്യുന്നത് സ്വന്ത വരുമാനം ചിലവാക്കിത്തന്നെയാണ്. അവള്‍ നല്‍കുന്ന വാര്‍ത്തകള്‍ ജോലി ചെയ്യുന്ന സ്ഥാപനം പുറത്ത് വിട്ടില്ല എങ്കില്‍, അവളത് മറ്റ് ഏതെങ്കിലും മാധ്യമം വഴി ജനത്തിന്റെ മുന്‍പിലെത്തിക്കുക തന്നെ ചെയ്യും. സ്വന്തമായി ഒരു പത്രം തുടങ്ങാന്‍ അവള്‍ക്ക് താല്‍പര്യം ഉണ്ടെങ്കിലും അതിനുള്ള സാമ്പത്തികം ഇപ്പോള്‍ അവള്‍ക്കില്ല. അവളുടെ ഇഷ്ടം നേടാനായി എന്റെ ഒരു ചില്ലിക്കാശുപോലും അവള്‍ വാങ്ങുകയുമില്ല..ഒരു പ്രത്യേകതരം സ്വഭാവക്കാരിയാണ്‌ എന്റെ മകള്‍.”

ഒന്ന് മുരടനക്കിയ ശേഷം പുന്നൂസ് തുടര്‍ന്നു:
“രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഭരിക്കുന്ന സര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ അവള്‍ നല്‍കിയ വാര്‍ത്ത വന്‍ കോളിളക്കം ഉണ്ടാക്കി. അതെ തുടര്‍ന്ന് അയാള്‍ക്ക് രാജി വയ്ക്കേണ്ടി വന്നു. അയാള്‍ പണ്ടൊരു ഗുണ്ട ആയിരുന്നു..അതിന്റെ പക അയാള്‍ക്ക് അവളോട്‌ ഉണ്ട്. ചവിട്ടേറ്റ മൂര്‍ഖന്‍ ആണ് അയാള്‍..രാജിയുടെയും വിവാദത്തിന്റെയും ചൂട് അടങ്ങാനായി അയാള്‍ കാത്തിരിക്കുകയാണ് അവള്‍ക്കെതിരെ പ്രവര്‍ത്തിക്കാനായി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ മിസ്റ്റര്‍ അലി ദാവൂദ് എന്റെ അടുത്ത സ്നേഹിതനാണ്. ഡോണയുടെ ജീവനു ഭീഷണി ഉണ്ടെന്ന് ഒരാഴ്ച മുന്‍പ് അലി എന്നെ വിളിച്ചു വരുത്തി എന്നോട് പറയുകയുണ്ടായി. അവള്‍ക്കെതിരെ കൊട്ടേഷന്‍ നല്‍കപ്പെട്ടിട്ടുണ്ട് എന്നും അത് നല്‍കിയിരിക്കുന്നത് അറേബ്യന്‍ ഡെവിള്‍സ് എന്ന രഹസ്യ പേരില്‍ അറിയപ്പെടുന്ന കൊച്ചിയിലെ ഏറ്റവും കുപ്രസിദ്ധമായ കൊട്ടേഷന്‍ സംഘത്തിനുമാണ് എന്ന് അവന്‍ പറഞ്ഞ നിമിഷം മുതല്‍ ഞാന്‍ ഒരൊറ്റ രാത്രി പോലും ശരിക്ക് ഉറങ്ങിയിട്ടില്ല”

വാസു ഒന്നിളകി ഇരുന്നു. സംഗതിയുടെ ഗൌരവം പതിയെ അവനു മനസിലാകാന്‍ തുടങ്ങിയിരുന്നു.

“അറേബ്യന്‍ ഡെവിള്‍സ് എന്നാല്‍ ഒരു സ്ഥാപനം അല്ല; അത് വെറുമൊരു പേര് മാത്രമാണ്. മൂന്നു ചെറുപ്പക്കാരാണ് അതിന്റെ സാരഥികള്‍ എന്നാണ് കമ്മീഷണര്‍ പറഞ്ഞത്. മൂവരും നല്ല സാമ്പത്തികമുള്ള വീടുകളിലെ അംഗങ്ങള്‍ ആണ്. കൊച്ചി നഗരം തങ്ങളുടെ വിരല്‍ത്തുമ്പില്‍ ഇട്ടു കളിക്കുക എന്ന മോഹമാണ് അവരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ച ഘടകം. ഒരാള്‍, ഒരു രാഷ്ട്രീയ നേതാവിന്റെ മകനാണ്. പേര് സ്റ്റാന്‍ലി. അടുത്തയാള്‍ ഒരു അധോലോക നായകന്‍റെ മകനാണ്; പേര് അര്‍ജുന്‍. മൂന്നാമന്‍ ഒരു കള്ളക്കടത്ത് ബിസിനസുകാരനായ യൂസഫ്‌ എന്ന ആളിന്റെ മകനായ മാലിക്ക് ആണ്. ഇവര്‍ക്ക് പണമല്ല മുഖ്യം എന്നതാണ് അവരെ ഏറ്റവും അപകടകാരികള്‍ ആക്കുന്നത്. തങ്ങള്‍ ഉദ്ദേശിക്കുന്ന എന്തും സാധിക്കണം എന്ന അധികാര ലഹരിയാണ് മൂവര്‍ക്കും ഉള്ളത്. അതിനു അവന്മാര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് ഇത്. പണവും പെണ്ണും അവന്മാര്‍ക്ക് നിസ്സാരങ്ങളായ കാര്യങ്ങളാണ്‌..തങ്ങളെ തടയാന്‍ ആര്‍ക്കും കഴിയില്ല എന്നും എതിര്‍ക്കുന്നവരെ തെളിവുകള്‍ യാതോന്നുമില്ലാതെ കൊന്നുകളയുന്നതും അവര്‍ക്ക് നിസ്സാരം”

Leave a Reply

Your email address will not be published. Required fields are marked *