മൃഗം – 4

അടുത്ത ദിവസം രാവിലെ നേരത്തെ തന്നെ ദിവ്യ എഴുന്നേറ്റു. ശങ്കരന്‍ രാത്രി എപ്പോഴോ വന്ന് പുറത്ത് നിന്നും പൂട്ടിയിരുന്ന അവളുടെ മുറി തുറന്നിരുന്നു. രാവിലെ പ്രഭാതകൃത്യങ്ങള്‍ ചെയ്ത് കുളിച്ച ശേഷം ദിവ്യ അടുക്കളയിലെത്തി. അമ്മ എഴുന്നേറ്റിട്ടില്ല എന്നവള്‍ മനസിലാക്കി. മെല്ലെ അവള്‍ അമ്മയുടെ മുറിയിലേക്ക് ചെന്നു. അച്ഛന്‍ പുറത്തായത് കൊണ്ട് അവള്‍ ധൈര്യമായി ഉള്ളില്‍ കയറി. രുക്മിണി തളര്‍ന്നു കിടക്കുകയായിരുന്നു. അവള്‍ അമ്മയുടെ അരികിലെത്തി ആ മുഖത്തേക്ക് നോക്കി.

“അമ്മെ..എന്ത് പറ്റി അമ്മെ..വാ എഴുന്നേല്‍ക്ക്..”

ദിവ്യ അവളെ വിളിച്ചു. രുക്മിണി നിര്‍ജീവമായ മുഖത്തോടെ അവളെ നോക്കി. അവളുടെ മനസിലെ ചിന്ത മനസിലാക്കാന്‍ ദിവ്യയ്ക്ക് സാധിച്ചില്ല. ആ കണ്ണുകളിലൂടെ കണ്ണീര്‍ ഒഴുകുന്നത് കണ്ടപ്പോള്‍ അവളുടെ കണ്ണുകളും നിറഞ്ഞു.

“അമ്മെ..അമ്മ കരുതുന്നത് പോലെ ഒന്നും നടന്നിട്ടില്ല..വാസുവേട്ടനെ ഞാനാണ്‌ മുറിയിലേക്ക് വിളിച്ചത്..ഞങ്ങള്‍ പരസ്പരം ചുംബിച്ചു എന്നത് സത്യമാണ്..പക്ഷെ അത് വെറും കാമം കൊണ്ട് ചെയ്തതല്ലമ്മേ..ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത് കൊണ്ട് ചെയ്തു പോയതാണ്..അത് നടക്കുന്ന നാള്‍ വരെ ഇനി എന്നെ തൊടില്ല എന്ന് പറഞ്ഞ വാസുവേട്ടനെ ആണ് അച്ഛന്‍ അടിച്ചിറക്കിയത്…” അവസാനം ദിവ്യ കരഞ്ഞു പോയിരുന്നു. രുക്മിണി മകള്‍ പറഞ്ഞത് ഞെട്ടലോടെയാണ് കേട്ടത്. അവള്‍ വേഗം എഴുന്നേറ്റിരുന്നു.

“എന്താ..എന്താ നീ പറഞ്ഞത്..വിവാഹമോ? നിങ്ങള്‍ തമ്മിലോ..”

“അതെ അമ്മെ..എല്ലാം നമുക്ക് അച്ഛന്‍ പോയ ശേഷം സംസാരിക്കാം..അമ്മ വാ..ഇങ്ങനെ കിടക്കാതെ..വാസുവേട്ടന്‍ അമ്മയെ ചതിച്ചിട്ടില്ല….ഏട്ടന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലമ്മേ..” ദിവ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രുക്മിണി ആശ്വാസത്തോടെ മകളെ നോക്കി.

“മോള് പോ..അമ്മ വരാം” അവള്‍ പറഞ്ഞു. ദിവ്യ കണ്ണുകള്‍ തുടച്ചുകൊണ്ട് അടുക്കളയിലേക്ക് ചെന്നു.

—–

പ്രഭാത പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ ഗീവര്‍ഗീസ് അച്ചന്‍ നേരം പുലര്‍ന്നു തുടങ്ങുന്ന ആ സമയത്ത് ആശ്രമ വരാന്തയില്‍ കിടന്നുറങ്ങുന്ന വാസുവിനെക്കണ്ട് ഞെട്ടി. അവന്‍ ഒരു ബാഗില്‍ തല വച്ച് വെറും നിലത്താണ് കിടക്കുന്നത്. ആ പുരോഹിതന്റെ മനസു വിങ്ങി. അദ്ദേഹം അവന്റെ അരികിലെത്തി അടുത്തിരുന്നു നോക്കി. അവന്‍ നല്ല ഉറക്കത്തിലാണ്. എപ്പോഴാണ് അവന്‍ വന്നത് എന്നദ്ദേഹം അത്ഭുതപ്പെട്ടു. എന്തോ പ്രശ്നമുണ്ട്; അതല്ലെങ്കില്‍ ഇതുപോലെ അവന്‍ വരില്ല. എന്തായാലും അവന്‍ ഉറങ്ങിക്കോട്ടെ എന്നദ്ദേഹം മനസ്സില്‍ കരുതി. അവന്റെ ശിരസില്‍ ചെറുതായി ഒന്ന് തലോടിയ ശേഷം അദ്ദേഹം തന്റെ മുറിയിലേക്ക് കയറി. രാവിലെയുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം അദ്ദേഹം അരമണിക്കൂര്‍ വീണ്ടും ഒന്ന് മയങ്ങും. പിന്നെ എഴുന്നേറ്റ് ആശ്രമത്തിന്റെ പറമ്പിലൂടെ കുറെ നേരം നടക്കുന്ന പതിവുണ്ട്. അതിനു ശേഷമാണ്‌ പ്രാതല്‍ കഴിക്കുക.

അരമണിക്കൂര്‍ മയക്കം കഴിഞ്ഞ് അച്ചന്‍ പുറത്ത് വന്നപ്പോള്‍ വാസു ഉണര്‍ന്നിരുന്നു.

“എപ്പഴാടാ നീ വന്നത്? കട്ടും പാത്തും ആണോടാ വന്നു കിടന്നുറങ്ങുന്നത്?”

വാസു ചിരിച്ചുകൊണ്ട് എഴുന്നേറ്റ് മൂരി നിവര്‍ന്നു.

“ങാ പോയി കുളീം ജപോം ഒക്കെ കഴിഞ്ഞിട്ട് വാ..തോര്‍ത്തോ സോപ്പോ വല്ലോം വേണോ?”

“സോപ്പ് വേണം..പിന്നെ ശകലം പേസ്റ്റും..”

അച്ചന്‍ മുറിയില്‍ കയറി പുതിയ ഒരു സോപ്പും ടൂത്ത് പേസ്റ്റും നല്‍കി. വാസു അതുമായി കുളിമുറിയിലേക്ക് പോയി.

“ഇനി പറ..എന്താ നിന്റെ ഈ അപ്രതീക്ഷിത വരവിന്റെ കാരണം?”

പുഴുക്കും ചമ്മന്തിയും കഴിച്ചു ചായയും കുടിച്ച ശേഷം വരാന്തയിലെ തന്റെ സ്ഥിരം ചാരുകസേരയില്‍ ഇരുന്നുകൊണ്ട് അച്ചന്‍ അവനോടു ചോദിച്ചു. വാസു താഴെ ഒരു തൂണില്‍ ചാരി ഇരിക്കുകയാണ്. കപ്പയും കാച്ചിലും ചേമ്പും കൂടി പുഴുങ്ങിയത് നന്നായി ചെലുത്തിയതിന്റെ ക്ഷീണം അവന്റെ മുഖത്തുണ്ടായിരുന്നു. അവന്‍ നടന്ന കാര്യങ്ങള്‍ അതേപടി ഒട്ടും വിടാതെ അച്ചനോട് പറഞ്ഞു; ദിവ്യയും അവനും തമ്മില്‍ ചുംബിച്ചത് ഒഴികെ. അച്ചന്‍ എല്ലാം മൂളിക്കേട്ട ശേഷം തല പിന്നോക്കം ചാരി ആലോചനയില്‍ മുഴുകി.

“ആ പെണ്ണ് നീ കാരണം മാറി എന്നറിയുമ്പോള്‍ നല്ല സന്തോഷം തോന്നുന്നു. അവളത് മനസ്സില്‍ തട്ടിത്തന്നെ പറഞ്ഞതാണ്‌…നിന്നെ അവള്‍ സ്നേഹിക്കുന്നുണ്ട്.. ആത്മാര്‍ഥമായി സ്നേഹിക്കുന്ന പുരുഷന് വേണ്ടി മാത്രമേ ഒരു പെണ്ണ് മാറൂ;നീയും അവളെ സ്നേഹിക്കണം..വിവാഹം കഴിക്കണം..നിനക്ക് ലോകത്തില്‍ കിട്ടാവുന്ന ഏറ്റവും നല്ല പെണ്ണ് അവള്‍ തന്നെയാണ്..” അല്‍പസമയത്തെ മൌനത്തിനു ശേഷം അച്ചന്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ വാസുവിന്റെ മുഖം വിടര്‍ന്നു.

“പക്ഷെ നിന്നെ മനസ്സിലാക്കാതെ അര്‍ദ്ധരാത്രി ഇറക്കിവിട്ട നിന്റെ വളര്‍ത്തച്ഛന്‍ നാളെ ഇതോര്‍ത്ത് പശ്ചാത്തപിക്കും..അതുവരെ നീ അവിടെ പോകരുത്..നീ നിന്റെ സ്വന്തം കാലില്‍ നിന്ന് അങ്ങേരെ കാണിക്കണം.ഒപ്പം നിന്നെ കാത്തിരിക്കുന്ന ആ പെണ്‍കുട്ടിക്ക് വേണ്ടി നീ ഉശിരോടെ ജീവിക്കണം.”

ഒന്ന് നിര്‍ത്തിയ ശേഷം അച്ചന്‍ തുടര്‍ന്നു:

“പിന്നെ..നിന്റെ ഈ വരവ് ഒരു ദൈവനിയോഗമാണ് എന്നു ഞാന്‍ കരുതുന്നു.. നിന്നെ ഇന്നൊന്നു കാണണം എന്ന് കരുതി ഇരിക്കുകയായിരുന്നു ഞാന്‍. പക്ഷെ നിന്റെ താമസ സ്ഥലമോ വിളിക്കാനുള്ള നമ്പരോ ഒന്നും ഇത്ര നാളായിട്ടും ഞാന്‍ ചോദിച്ചിട്ടുമില്ല, നീയൊട്ടു പറഞ്ഞിട്ടുമില്ല. അതുകൊണ്ട് നിന്നെ എങ്ങനെ കണ്ടെത്താന്‍ പറ്റും എന്നാലോചിച്ചു കൊണ്ടാണ് ഇന്നലെ ഞാന്‍ കിടന്നത്..രാവിലെ നിന്നെ ഇവിടെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു..കാരണം നിന്നോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം എനിക്ക് സംസാരിക്കാനുണ്ടായിരുന്നു..” അച്ചന്‍ പറഞ്ഞു.

വാസു താല്‍പര്യത്തോടെ അച്ചനെ നോക്കി.

“ഇന്നലെവരെ നിന്നോട് അത് പറഞ്ഞിട്ട് ഗുണമുണ്ടാകുമോ എന്നൊരു സന്ദേഹം എനിക്കുണ്ടായിരുന്നു; എന്നാല്‍ ഇന്ന് നീ അതിനു സമ്മതിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു; കാരണം ഇന്നലത്തെ നീയല്ല ഇന്നെന്റെ മുന്‍പില്‍ ഇരിക്കുന്ന നീ”

“അച്ചന്‍ എന്ത് പറഞ്ഞാലും ഞാന്‍ കേള്‍ക്കും എന്നറിയാമല്ലോ..പിന്നെന്താ ഈ സംശയം?” വാസു ചോദിച്ചു.

“സാഹചര്യം കൂടി നോക്കണമല്ലോ മോനെ….ഇന്നലത്തെ നിന്റെ സാഹചര്യം ഇന്ന് മാറി..അത് ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഞാന്‍ കാര്യത്തിലേക്ക് വരാം. എറണാകുളത്ത് എന്റെ ഒരു പരിചയക്കാരന്‍ ഉണ്ട്. പരിചയക്കാരന്‍ എന്ന് പറഞ്ഞാല്‍ എന്നോട് വളരെ വിധേയത്വവും സ്നേഹവും ഉള്ള ഒരാള്‍. വര്‍ഷങ്ങളായി ഞങ്ങള്‍ തമ്മില്‍ അറിയും. ഇടയ്ക്കിടെ തിരക്കുകള്‍ മാറ്റി വച്ച് പുള്ളി എന്നെ കാണാനും വരാറുണ്ട്. പേര് പുന്നൂസ് വള്ളിക്കാടന്‍..നീ കേട്ടിട്ടുണ്ടാകും; വലിയ ഒരു ബിസിനസുകാരനും അല്‍പസ്വല്‍പം രാഷ്ട്രീയവും ഒക്കെയുള്ള ആളാണ്‌..പുന്നൂസ് ഇന്നലെ എന്നെ കാണാന്‍ വന്നിരുന്നു. അയാള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ട്. അതിന് എന്റെ ഒരു സഹായം തേടിയാണ് അയാള്‍ എത്തിയത്. അയാളുടെ ആവശ്യം കേട്ടപ്പോള്‍ എനിക്ക് നിന്നെയാണ് ആദ്യം ഓര്‍മ്മ വന്നത്… നിന്നെ കണ്ടുകിട്ടിയാല്‍ അയാളെ വിവരം അറിയിക്കാമെന്നും അറിഞ്ഞാലുടന്‍ തന്നെ എത്തിക്കോളാം എന്നും അയാള്‍ എന്നോട് പറഞ്ഞിട്ടാണ് പോയത്. നിനക്ക് സമ്മതമാണ് എങ്കില്‍ നിനക്കൊരു ജോലിയുമാകും അയാള്‍ക്ക് ഒരു വലിയ ആശ്വാസവും..എന്ത് പറയുന്നു…” അച്ചന്‍ അവനോടു ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *