മൃഗം – 4

മുസ്തഫ പണം എണ്ണുന്നത് ദിവ്യ ഒളിഞ്ഞു നിന്നുനോക്കി. ഉം..ഇയാള്‍ ആള് കൊള്ളാം. നല്ല കരുത്തനാണ്. ആ കൈകള്‍ കണ്ടില്ലേ? ഞരമ്പുകള്‍ തെളിഞ്ഞു നില്‍ക്കുന്ന ഉറച്ച കൈകള്‍. അവനെ ഇയാള്‍ എടുത്തിട്ടു മെതിക്കും..അവള്‍ മനസ്സില്‍ പറഞ്ഞു.

“ഇറച്ചി വെട്ടുകാരനാ അയാള്‍” രതീഷ്‌ അവളോട്‌ പതിയെ പറഞ്ഞു. അതുകൂടി കേട്ടപ്പോള്‍ ദിവ്യയുടെ സന്തോഷം ഇരട്ടിച്ചു. അവനെ ഇയാള്‍ കൊന്നിരുന്നെങ്കില്‍ എന്ന് പോലും അവള്‍ ആശിച്ചു. രതീഷും രവീന്ദ്രനും അയാള്‍ പോകാന്‍ വേണ്ടി തിടുക്കപ്പെട്ടു നില്‍ക്കുകയായിരുന്നു; ദിവ്യയും.

പണം എണ്ണി തിട്ടപ്പെടുത്തി അരയിലെ ബെല്‍റ്റിനോട് ചേര്‍ന്നുള്ള ബാഗില്‍ വച്ച ശേഷം മുസ്തഫ എഴുന്നേറ്റു. അയാളുടെ നെഞ്ചുവിരിവും ക്രൂരമായ മുഖവും കണ്ടപ്പോള്‍ ദിവ്യക്ക് പേടി തോന്നി. ഭയങ്കരന്‍ ആണ് ഇയാള്‍. വാസു ഇന്ന് ചതഞ്ഞരയും! അവള്‍ മനസ്സില്‍ പറഞ്ഞു.

“എന്നാ ശരി സാറേ..വൈകിട്ട് അവന്റെ വിവരം തിരക്കി അറിഞ്ഞെക്കണേ..പിന്നെ പോലീസ് കേസോ മറ്റോ ആയാല്‍ സാറ് നോക്കിക്കോണം…” അവന്‍ പോകാനിറങ്ങിക്കൊണ്ട് പറഞ്ഞു.

“അത് നീ പേടിക്കണ്ട..കാര്യം ക്ലീനായി ചെയ്‌താല്‍ മാത്രം മതി..”

“സാറ് ധൈര്യമായി ഇരി..അമ്പതിന് ഒന്നിന്റെ പണി ഈ മുസ്തഫ ചെയ്യും”
അയാള്‍ പുറത്തേക്ക് ഇറങ്ങി; ഒപ്പം രവീന്ദ്രനും. അയാള്‍ പോയാലുടന്‍ കതകടച്ച് ഉള്ളില്‍ കയറാന്‍ വെമ്പുകയായിരുന്നു അയാളുടെ കാമവെറി പൂണ്ട മനസ്. മുസ്തഫ ബൈക്കില്‍ കയറി കിക്ക് അടിച്ച് സ്റ്റാര്‍ട്ട്‌ ആക്കി തിരിഞ്ഞപ്പോള്‍ ഒരു സ്കൂട്ടര്‍ അവിടേക്ക് കയറി വന്നു. രവീന്ദ്രന്‍ ഞെട്ടലോടെ നോക്കി! വാസു! അയാളുടെ ചുണ്ട് മന്ത്രിച്ചു.

“മുസ്തഫാ..ദാ ഇര ഇങ്ങോട്ട് വന്നിരിക്കുന്നു..അവനാ വാസു..” രവീന്ദ്രന്‍ മുസ്തഫയോട് പറഞ്ഞു.

മുസ്തഫ ബൈക്ക് ഓഫാക്കി വീണ്ടും സ്റ്റാന്റില്‍ വച്ചു നിവര്‍ന്നപ്പോള്‍ വാസുവിന്റെ സ്കൂട്ടര്‍ അവിടെത്തി നിന്നു. അവന്‍ അതില്‍ നിന്നും ഇറങ്ങി ഇരുവരെയും നോക്കി.

“എടീ ദോ അവന്‍ ഇവിടെയും വന്നിരിക്കുന്നു..ദൈവമേ ഇനി എന്ത് നടക്കുമോ എന്തോ?” ഉള്ളില്‍ നിന്നും വാസുവിനെ കണ്ട രതീഷ്‌ ഭീതിയോടെ ദിവ്യയോട് പറഞ്ഞു. അവളും നോക്കി. അവളുടെ ഞെട്ടല്‍ മുഖത്ത് പ്രകടമായിരുന്നു. താനിവിടെ ഉണ്ടെന്ന് അവനറിഞ്ഞാല്‍ അത് അച്ഛനും അമ്മയും അറിയും. ഇവന്‍ എങ്ങനെ ഇവിടെത്തി? എന്തായാലും അത് നന്നായി; അവനെ തന്റെ കണ്മുന്നില്‍ ഇട്ടു ചതയ്ക്കുന്നത് നേരില്‍ കാണാമല്ലോ…പക്ഷെ തന്നെ അവന്‍ കാണാന്‍ പാടില്ല.

“എടാ രതീഷേ ഞാന്‍ ആ മുറിയില്‍ ഒളിക്കാന്‍ പോവാ..അവനെന്നെ കണ്ടാല്‍ ആകെ പ്രശ്നമാകും..” ലിവിംഗ് റൂമിനോട് ചേര്‍ന്നുള്ള മുറിയിലേക്ക് ഭിത്തിയിലൂടെ നിരങ്ങി നീങ്ങി ദിവ്യ കയറി. രതീഷ് തലയാട്ടി. അവള്‍ ഉള്ളില്‍ കയറി ജനലിന്റെ കര്‍ട്ടനു സമീപം ചെന്ന് അതല്‍പ്പം നീക്കി പുറത്തേക്ക് നോക്കി.

“നീയാണോ മുസ്തഫ?” വാസു മുണ്ട് മടക്കിക്കുത്തി മുസ്തഫയുടെ മുന്‍പില്‍ നിവര്‍ന്നു നിന്നു ചോദിച്ചു.

“അതെ..നീ എന്റെ കടേല്‍ കേറി കളിച്ചു അല്ലെ..സാരമില്ല…പയ്യനല്ലേ..ഞാന്‍ ക്ഷമിച്ചേക്കാം..അവിടുന്നെടുത്ത കാശ് ഇങ്ങെടുക്ക്….” അവന്റെ പക്കല്‍ നിന്നും പണം വാങ്ങിയ ശേഷം മതി പണി എന്നാലോചിച്ചുകൊണ്ട് മുസ്തഫ പറഞ്ഞു.

“എന്റെ അച്ഛന്‍, ശങ്കരന്‍, നിനക്ക് രണ്ടുവര്‍ഷം മുന്‍പ് നല്‍കിയ പണം ചോദിക്കാനാണ് ഞാന്‍ വന്നത്..ഇരുപത് രൂപ നിന്റെ അനിയന്റെ കൈയില്‍ നിന്നും വാങ്ങി…ബാക്കി ഒന്ന് എണ്‍പത്..എപ്പോള്‍ തരും?” വാസു ചോദിച്ചു.

“അപ്പൊ നീ കാശ് വാങ്ങിക്കാന്‍ വന്നതാ അല്യോ?” മുസ്തഫ ചിരിച്ചു.

“അതെ..തന്നാല്‍ ഉടനെ അങ്ങ് പോയേക്കാം..”

“തരാല്ലോ..ഇന്നാ പിടിച്ചോ..”

പറഞ്ഞതും മുസ്തഫയുടെ വലതുകാല്‍ അവന്റെ നെഞ്ചിനു നേരെ ഊക്കോടെ ഉയര്‍ന്നു. നിമിഷനേരം കൊണ്ട് ഇടത്തേക്ക് ചുവടു വച്ചു മാറിയ വാസു ഇടതുകാല്‍ ഉയര്‍ത്തി അവന്റെ നെഞ്ചില്‍ ചവിട്ടി. മുസ്തഫ ബൈക്ക് മറിച്ചിട്ടുകൊണ്ട് നിലത്തേക്ക് വീണു.

“കള്ളക്കഴുവേറി..വീട്ടുമുറ്റത്ത് കേറി പോക്രിത്തരം കാണിക്കുന്നോടാ?”

സംഗതി പ്രശ്നമാണ് എന്ന് കണ്ട രവീന്ദ്രന്‍ കോപത്തോടെ വാസുവിന്റെ നേരെ ചീറിയടുത്തു. വാസു കടുവയെപ്പോലെ പിന്നിലേക്ക് പതുങ്ങി. കോപാധിക്യത്തോടെ പാഞ്ഞടുത്ത രവീന്ദ്രന്‍ അവന്റെ കഴുത്തിനു പിടിക്കാനായി മുന്‍പോട്ട് ആഞ്ഞപ്പോള്‍ വാസു വലത്തേക്ക് തെന്നി മാറി തിരിഞ്ഞ് പുറം കൈ കൊണ്ട് അയാളുടെ കരണത്ത് തന്നെ പ്രഹരിച്ചു. കണ്ണില്‍ നിന്നും തീപ്പൊരി പറക്കുന്നത് പോലെ അയാള്‍ക്ക് തോന്നി. കണ്ണില്‍ ഇരുട്ടുകയറിയ രവീന്ദ്രന്‍ തപ്പിത്തടഞ്ഞപ്പോള്‍ വാസുവിന്റെ കാല്‍ അയാളുടെ നെഞ്ചില്‍ ശക്തമായി പതിഞ്ഞു. അയാള്‍ മലര്‍ന്നടിച്ചു നിലത്തേക്ക് വീണു.

ഇതിനിടെ എഴുന്നേറ്റ് വന്ന മുസ്തഫയുടെ കാലില്‍ ബൈക്കിന്റെ സൈലന്‍സര്‍ കൊണ്ട് പൊള്ളി കുടുര്‍ന്നിരുന്നു. വേദനയും പകയും സഹിക്കാനാകാതെ അലറിക്കൊണ്ട് മുസ്തഫ വാസുവിന് നേരെ ചാടി വീണു. ഒഴിഞ്ഞുമാറിയ വാസു അയാളെ കൈകൊണ്ട് തട്ടി നിലത്തിട്ടു മുഖത്ത് ശക്തമായി ചവിട്ടി. മുസ്തഫയുടെ നാല് മുന്‍പല്ലുകള്‍ ഇളകി അയാളുടെ വായില്‍ വീണു. വാസു വീണ്ടും കാല്‍ ഉയര്‍ത്തിയതോടെ ഭയന്നു വിറച്ചു പോയ മുസ്തഫ കൈകൂപ്പി.

“അരുതേ..എന്നെ കൊല്ലല്ലേ..അയ്യോ എന്നെ ഒന്നും ചെയ്യല്ലേ….” അയാള്‍ ഉറക്കെ കരഞ്ഞു. അയാളുടെ വായില്‍ നിന്നും ചോരയൊഴുകി.

ഉള്ളില്‍ ഇത് കണ്ടു നില്‍ക്കുകയായിരുന്ന ദിവ്യ അന്തം വിട്ടു വായ പിളര്‍ന്നു പോയി. വാസു ആള് തല്ലും പിടിയും കൂടുന്നവനാണ് എന്നവള്‍ക്ക് അറിയാമായിരുന്നു എങ്കിലും അവന്‍ ഇത്രയ്ക്ക് ഭീകരനാണ് എന്നവള്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. ഈ മനുഷ്യനെ ആണ് താന്‍ ഭയമില്ലാതെ എന്നും അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടിരുന്നത്. ഓര്‍ത്തപ്പോള്‍ അവളുടെ നട്ടെല്ലിലൂടെ തണുപ്പ് അരിച്ചു കയറുന്നത് പോലെ തോന്നി. അവളെക്കാള്‍ ഭയന്നു ആലില പോലെ വിറയ്ക്കുകയായിരുന്നു രതീഷ്‌.

“എണീക്കടാ…”

വാസു മുസ്തഫയോട് ആജ്ഞാപിച്ചു. മുസ്തഫ വായില്‍ നിന്നും ചോര തുടച്ചു കളഞ്ഞ് ഇളകിപ്പോയ പല്ലുകള്‍ തുപ്പി കളഞ്ഞിട്ട് പ്രയാസത്തോടെ എഴുന്നേറ്റു.

“എന്റെ അച്ഛന്റെ പക്കല്‍ നിന്നും വാങ്ങിയ പണം എടുക്കടാ..കൃത്യം ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ..ഉം…” വാസു കൈനീട്ടി.

മുസ്തഫ അവന്റെ ബാഗിലേക്ക് കൈയിട്ട് അതിലുള്ള പണം മൊത്തം അവനു നല്‍കി.

“എത്രയുണ്ടെടാ ഇത്?”

“അറിയില്ല..എണ്ണി നോക്കിക്കോ..ബാക്കി ഇന്ന് തന്നെ തരാം.” മുസ്തഫ വിറച്ചുകൊണ്ട് പറഞ്ഞു.

വാസു പണം എടുത്ത് എണ്ണി.

“ഇത് എഴുപതിനായിരം..ബാക്കി ഒന്ന് പത്ത് എപ്പോള്‍ തരും?”

Leave a Reply

Your email address will not be published. Required fields are marked *