സാംസൻ – 5അടിപൊളി  

 

“അമ്മാ, ഇത് സാം ചേട്ടൻ, വിനില ചേച്ചിയുടെ കസിന്‍.” ദേവി ആ സ്ത്രീയോട് പറഞ്ഞിട്ട് എന്നെ നോക്കി. “സാം ചേട്ടാ, ഇവര്‍ എന്റെ ഭർത്താവിന്റെ അമ്മയാണ്.”

 

“ഹലോ ആന്റി….!” ഞാൻ പുഞ്ചിരിയോടെ പെട്ടന്ന് കൈ കൂപ്പി. കാര്യമില്ലാതെ എന്നോട് വെറുപ്പ് കാണിക്കരുത് എന്നപോലെ.

 

എന്റെ മനസ്സിനെ വായിച്ചത് പോലെ പെട്ടന്ന് അവരുടെ കണ്ണുകൾ ചെറുതായി വിടര്‍ന്നു പോയി. ഒരു കാര്യവും ഇല്ലാതെയാണ് എന്നോട് വെറുപ്പ് പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയ പോലെ അവരുടെ മുഖത്തിന് അല്‍പ്പം മാറ്റം സംഭവിച്ചു.

 

പക്ഷേ എന്റെ പുഞ്ചിരിക്ക് പകരമായി അവർ ചിരിക്കുക പോലും ചെയ്തില്ല.  പിന്നെ വല്യ സ്വീകാര്യതയും ആ കണ്ണുകളില്‍ ഇല്ലായിരുന്നു. ഞാൻ വെറും നിഷ്‌ഫലത്വം ആണെന്ന പോലെ അവർ തല ഒന്ന് ചെറുതായി ആട്ടി മാത്രം കാണിച്ചു.

 

ഞാൻ ഇവിടെ വന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല എന്നത് ശരിതന്നെ. പക്ഷേ എന്നാലും ഇതുപോലെ നോട്ടം കൊണ്ടും ഭാവം കൊണ്ടും അപമാനിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.

 

അങ്ങനെയൊക്കെ ഞാൻ ചിന്തിച്ചപ്പോ എന്റെ മുഖത്തും അതിന്‌ അനുസരിച്ചുള്ള ഭാവങ്ങള്‍ മാറുന്നതിനെ പോലും അവർ സൂക്ഷ്മമായി നിരീക്ഷിക്കുന്നിനെ ഞാൻ കണ്ടു.

 

എന്റെ ഭാവവും ചിന്തകളും മനസ്സിലാക്കിയ പോലും അവർ കുറെ നേരം എന്നെ നോക്കി. അവസാനം ചെറിയൊരു അംഗീകാരം പോലെ അവരുടെ മുഖത്ത് മിന്നിമറഞ്ഞപ്പോ എനിക്ക് ഇത്തിരി ആശ്വാസം കിട്ടി.

 

ഒടുവില്‍ ഞാൻ അവരുടെ മുഖത്ത് നിന്നും നോട്ടം മാറ്റി വിനിലയെ നോക്കിയതും — അവരെ കാര്യമാക്കേണ്ട, ആണുങ്ങളോട് അവർ അങ്ങനെയാണ്‌… എന്നപോലെ വിനിലയുടെ മുഖത്തൊരു ഭാവം ഉണ്ടായിരുന്നു. ഒരു ചെറിയ നെടുവീര്‍പ്പോടെ ഞാൻ തലയാട്ടി.

 

ആ സ്ത്രീയുടെ സ്വഭാവം അറിയാമെങ്കില്‍ പിന്നേ എന്തിനാണ് വിനില എന്നെ ഇങ്ങോട്ട് കൊണ്ട്‌ വന്നതെന്ന്‌ എനിക്ക് മനസ്സിലായില്ല.

 

എന്തായാലും ഈ സ്ത്രീയോട് വളരെ സൂക്ഷിച്ച് സംസാരിക്കാന്‍ ഞാൻ തീരുമാനിച്ചു. എന്റെ ഭാഗത്ത് നിന്നും അറിയാതെ പോലും ചെറിയൊരു തെറ്റ് സംഭവിച്ചാല്‍, ഒരു കൂസലുമില്ലാതെ അവരെന്നെ ചവുട്ടി പുറത്താക്കുമെന്ന് എന്റെ മനസ്സ് താക്കീത് നല്‍കി. സാധാരണയായി എന്റെ മനസ്സിന്റെ താക്കീതിനെ ഞാൻ അവഗണിക്കാറില്ല.

 

തലയാട്ടി കൊണ്ട്‌ ഞാൻ നോക്കിയത് ദേവിയുടെ മുഖത്തായിരുന്നു. അവളുടെ അമ്മായിയുടെ തണുപ്പൻ സ്വീകരണത്തിന്, അവർ പ്രകടിപ്പിച്ച വെറുപ്പിനും വേണ്ടി ക്ഷമ ചോദിക്കും പോലെയാണ്‌ അവളെന്നെ നോക്കി ഇരുന്നത്.

 

അത് സാരമില്ല എന്നപോലെ ഞാൻ പുഞ്ചിരിച്ചതും ദേവിയുടെ മുഖത്ത് ചെറിയൊരു ആശ്വാസം പടർന്നു.

 

“പിന്നെ അമ്മയുടെ കൈയിലുള്ളത് എന്റെ മോളാണ്. രണ്ടര വയസ്സായി. അവള്‍ക്ക് വേറെ പേര് ഉണ്ടെങ്കിലും അവളെ കിങ്ങിണി എന്ന ഞങ്ങൾ വിളിക്കാറ്.” ദേവി അവളുടെ മോളെയും എനിക്ക് പരിചയപ്പെടുത്തി.

 

ഒന്നും മിണ്ടാതെ ഞാൻ തലയാട്ടുക മാത്രം ചെയ്തു.  അന്നേരം സുമി ഇറങ്ങി ആന്റിയുടെ അടുത്തേക്ക് പോയതും ആന്റി കിങ്ങിണിയേ തറയില്‍ ഇറക്കി വിട്ടു. അതോടെ അവർ രണ്ടുപേരും അവരുടെ പാട്ടിന് ഹാളാകെ ഓടി നടന്ന് കളിക്കാന്‍ തുടങ്ങി.

 

“കുടിക്കാന്‍ ഞാൻ എടുത്തോണ്ട് വരാം.” അതും പറഞ്ഞ്‌ ദേവി എഴുനേറ്റ് പോയി.

 

എന്റെ ശ്രദ്ധ അപ്പോൾ സുമിയും കിങ്ങിണി യുടെ മേലും വീണു. ആ കുഞ്ഞുങ്ങളുടെ കൊഞ്ചലും ചിരിയും ഹാളാകെ നിറയുന്നത് കേട്ടപ്പോ എന്റെ മനസ്സിൽ ഒരു വിഷമം നിറഞ്ഞു. ഉള്ളില്‍ എവിടെയോ ഒരു കോച്ചിവലിയും ഉണ്ടായി.

 

“നിന്റെ പേര് വെറും സാം എന്നാണോ..?” പെട്ടന്ന് ആന്റിയുടെ ഗൗരവത്തോടെയുള്ള ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.

 

ഞാൻ ആന്‍റിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷേ പുള്ളിക്കാരി ഇപ്പോഴും ഭയങ്കര ഗൗരവത്തിൽ തന്നെയായിരുന്നു. ഞാൻ അവരുടെ മരുമകളെ ഹാളില്‍ കിടത്തി കളിക്കാനായി ഒളിച്ചും പാത്തും വന്നത് പോലെയാണ് അവരുടെ നോട്ടവും ഭാവവും.

 

സത്യത്തിൽ അങ്ങനെ ഒരു ആഗ്രഹം എന്റെ മനസ്സിൽ ഇല്ലാതില്ല. അതിനെ ആലോചിച്ച് എന്റെ ഉള്ളില്‍ ഞാൻ ചിരിച്ചു പോയി.

 

“എന്റെ മുഴുവന്‍ പേര് സാംസൻ ജോർജ് എന്നാണ്. എന്റെ പപ്പയുടെ പേരാണ് ജോർജ്. പപ്പ ഒരു ചെറിയ ബിസിനസ്സ് ചെയ്യുന്നു. ഞാൻ ചെറിയൊരു മാൾ നടത്തുന്നു. ഞാൻ ആരെയും പറ്റിച്ചിട്ടില്ല ചതിച്ചിട്ടില്ല കൊന്നിട്ടില്ല. ഞാൻ വെറും പാവമാണ്.”

 

ഞാൻ പറഞ്ഞതൊക്കെ കേട്ട് ആന്റി അന്തിച്ചു പോയി. എന്നിട്ട് പെട്ടന്ന് വിനിലയെ അവർ ഒന്ന് നോക്കി. ശേഷം എന്തോ കാര്യമായി ചിന്തിക്കും പോലെ ചുണ്ടില്‍ വിരലും കൊടുത്തിരുന്നു.

 

വിനിലയാണെങ്കിൽ വായും പൊത്തി ചിരിക്കുന്നതാണ് ഞാൻ കണ്ടത്. അന്നേരം വലിയ ഒരു ട്രേയുമായി കിച്ചനിൽ നിന്നും ഹാളിലേക്ക് കാല്‍ എടുത്തു വച്ച ദേവി പോലും അവിടെതന്നെ നിന്നിട്ട് ശബ്ദം ഇല്ലാതെ ചിരിക്കുന്നത് കണ്ടു. അതുകാരണം ഗ്ലാസ്സിൽ നിന്നും ജ്യൂസ് തുളുമ്പി ട്രേയിൽ ചിന്തി.

 

“ഇത്രയും കാലം ഞാൻ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന എന്റെ എല്ലാ രഹസ്യങ്ങളും ഞാൻ ആന്റിയോട് പറഞ്ഞില്ലേ…! പക്ഷെ ആന്റിയുടെ പേരിന്‍റെ ആദ്യ അക്ഷരം പോലും ആന്റി എന്നോട് പറഞ്ഞില്ലല്ലോ..!!”

 

ഞാൻ പറഞ്ഞത് കേട്ട് ആന്റിയുടെ മുഖത്ത് പെട്ടന്ന് ഒരു നേര്‍ത്ത ചിരി മിന്നിമറഞ്ഞു. പക്ഷേ അവരുടെ മുഖം കണ്ടിട്ട് അവർ ഉള്ളില്‍ ചിരിക്കുന്നത് പോലെയാണ് തോന്നിയത്‌.

 

“എന്റെ പേരിനെ പോലെ ആന്റിയുടെ പേരിനേയും രഹസ്യമായിട്ടാണ് വച്ചേക്കുന്നതെങ്കിൽ പറയേണ്ട, സാരമില്ല..!” അത്രയും ഞാൻ പറഞ്ഞു കഴിഞ്ഞതും വിനിലയും ദേവിയും അല്‍പ്പം ഉറക്കെ ചിരിച്ചുപോയി.

 

അന്നേരം ആന്റിയുടെ ഗൗരവം ഒന്ന് മാറുകയും കുപ്പിവള കിലുക്കിയത് പോലെ ചിരിക്കുകയും ചെയ്തു. പക്ഷേ രണ്ടുമൂന്നു സെക്കണ്ടിൽ തന്നെ ആന്റിയുടെ ആ ചിരി മാറുകയും അവരുടെ ഗൗരവം തിരികെ വരികയും ചെയ്തു.

 

പക്ഷേ ഇപ്പൊ എന്നോടുള്ള വെറുപ്പും സംശയവും എല്ലാം മാറിയിരുന്നു.

 

ആന്റി അങ്ങനെ ചിരിച്ചത് കണ്ടതും ദേവിയും വിനിലയും ആശ്ചര്യത്തോടെ പരസ്പരം നോക്കി.

 

“ദേവാംഗന, അതാണ് എന്റെ പേര്‌.” ആന്റിയുടെ സോഫ്റ്റ് ശബ്ദം പറഞ്ഞു. ശേഷം ഒരു പുഞ്ചിരി പിന്നെയും ആ മുഖത്ത് മിന്നിമറഞ്ഞു.

 

അന്നേരം എന്റെ മുന്നില്‍ ദേവി ട്രേയുമായി എത്തിയിരുന്നു. അവളുടെ മുഖത്തും കണ്ണിലും അപ്പോഴും ചിരിയുടെ ലാഞ്ചന ഉണ്ടായിരുന്നു.

 

അവസാനം ഒരു പുഞ്ചിരിയോടെ കൈയിലുള്ള ട്രേ താഴ്ത്തി തന്നതും അതിൽ നിന്നും ഒരു ഗ്ളാസ് ജ്യൂസ് മാത്രം ഞാൻ എടുത്തു. അതിൽ ഉണ്ടായിരുന്ന സ്വീറ്റ് കേക്ക് ഞാൻ എടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *