സാംസൻ – 5 5അടിപൊളി  

 

“വിനില മോളെത്തിയോ….?” അന്നേരം ഒരു സ്ത്രീ വീട്ടില്‍ നിന്നും സിറ്റവുട്ടിലേക്ക് ഇറങ്ങി വന്നു കൊണ്ട്‌ സോഫ്റ്റ് ആയ ശബ്ദത്തില്‍ ചോദിച്ചു. അവരുടെ കൈയിൽ ദേവിയുടെ പ്രൊഫൈലിൽ കണ്ട കുഞ്ഞും ഉണ്ടായിരുന്നു.

 

അപ്പോൾ വിനിലയെ നോക്കി ആ സ്ത്രീ ഒരു നേര്‍ത്ത പുഞ്ചിരി ഉതിർത്ത ശേഷം പിന്നെയും ഗൗരവത്തിൽ തന്നെ നിന്നു.

 

അവരുടെ കൈയിലുള്ള ആ കുഞ്ഞിനെ കണ്ടതും എനിക്കെന്തോ സന്തോഷം തോന്നി. ആ കുഞ്ഞ് എന്നെ കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പോ ഞാൻ രണ്ട് കണ്ണും ചിമ്മി കാണിച്ചു. ഉടനെ അവളും എന്നെ അനുകരിക്കാൻ ശ്രമിച്ചത് കണ്ടപ്പോ ഞാൻ പുഞ്ചിരിച്ചു.

 

“സുഖമാണോ ആന്റി..?” വിനില ചോദിക്കുന്നത് കേട്ട് ഞാനും ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി.

 

“സുഖത്തിന് ഒരു കുറവുമില്ല, മോളെ.” അവർ ഗൗരവം മാറാതെ എന്റെ മുഖത്ത് തന്നെ നോട്ടം നട്ടാണ് പറഞ്ഞത്.

 

ശേഷം അവർ വിനിലയെ നോക്കി കുറ്റപ്പെടുത്തും പോലെ പറഞ്ഞു, “മോളെ കണ്ടിട്ട് കുറെ ആയല്ലോ…! ഈ വഴിയൊക്കെ മറന്നോ..?”

 

“മറന്നൊന്നുമില്ല ആന്റി. എനിക്ക് സമയം കിട്ടിയില്ല.” വിനില മറുപടി കൊടുത്തു.

 

“ശെരി പുറത്ത്‌ തന്നെ നില്‍ക്കാതെ കേറി വാ എല്ലാവരും.” ആ സ്ത്രീ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

 

പക്ഷേ എന്നിട്ടും എന്നോട് ഒരു അനിഷ്ട ഭാവം ഉള്ളതിനെ മാത്രം അവർ മറച്ചു വച്ചില്ല. ആ ഭാവം കൂടാതെ  കടുത്ത ഗൗരവം കൂടി ഉണ്ടായിരുന്നു. എന്നെ അവര്‍ക്ക് ഇഷ്ടപ്പെടില്ല എന്നത് വളരെ വ്യക്തമായി ഞാൻ കണ്ടു.

 

അവര്‍ക്ക് അറുപത് വയസ്സ് തോന്നിച്ചെങ്കിലും അത്രയും വയസൊന്നും ഉണ്ടാവില്ലെന്ന തോന്നല്‍ എനിക്കുണ്ടായി. നല്ല ഐശ്വര്യമുള്ള മുഖമാണ്. പക്ഷേ അവരുടെ മുഖത്ത് സന്തോഷമോ ചിരിയോ ഇല്ലാത്തത് കൊണ്ടും, എന്നെ അവര്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടും, അവരോട് ചെറിയൊരു അകല്‍ച്ചയും അസ്വസ്ഥതയുമാണ് എന്റെ മനസ്സിൽ ഉടലെടുത്തത്.

 

എന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന കാര്യത്തെ എന്നെ ബോധിപ്പിക്കണം എന്നപോലെ അവർ ഇടക്കിടക്ക് എന്നെ നോക്കി മനപ്പൂര്‍വ്വം മുഖം ചുളിക്കുകയും സംശയ ദൃഷ്ടിയോടെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

 

എന്നെ അവർ അപമാനിക്കും പോലെയാണ് തോന്നിയത്‌. വിനിലയുടെ കൈയിൽ നിന്നും താക്കോലിനെ തട്ടിപ്പറിച്ച് ഇവിടെ നിന്നും പോയാലോ എന്ന ചിന്ത ഉണ്ടായതും ഞാൻ വിനിലയെ നോക്കി.

 

പക്ഷേ എന്റെ മനസ്സിനെ വായിച്ചത് പോലെ അവൾ തലയാട്ടി എന്നെ പിന്തിരിപ്പിച്ചു.

 

“വരൂ ചേച്ചി.. വരൂ ചേട്ടാ, നമുക്ക് അകത്തിരിക്കാം.” എന്റെ അസ്വസ്ഥത മനസ്സിലാക്കിയതും ദേവി അല്‍പ്പം തിടുക്കത്തിൽ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

 

“വാ സാം.” വിനിലയും എന്റെ നിസംഗത മനസ്സിലാക്കി എന്റെ കൈ പിടിച്ചു വലിച്ചതും ഞാനും അല്‍പ്പം ബലം പിടിച്ചു കൊണ്ട്‌ അവള്‍ക്കൊപ്പം നടന്ന് ആ വലിയ വീട്ടില്‍ കേറി.

 

ആ കൂറ്റന്‍ ഹാളില്‍ നാല് പേര്‍ക്ക് വീതം ഇരിക്കാനുള്ള രണ്ട് വലിയ സോഫാസെറ്റും, ആറ് കുഷൻ ചെയറുകളും, അഞ്ച് മുളയുടെ കസേരകളും, ചിട്ടയോടെ അറേഞ്ച് ചെയ്തിട്ടിരുന്നു. അതിന്റെയൊക്കെ നടുവിലായി രണ്ട് വലിയ ടീപോയും ഒന്നിച്ച് ചേര്‍ത്തിട്ടിരുന്നു.

 

വിനിലയും ദേവിയും ആ സ്ത്രീയും കൂടി ഒരു സോഫയിൽ ആണിരുന്നത്.

 

പക്ഷേ അവരില്‍ നിന്നൊക്കെ മാറി കിടന്ന മുള കസേരകളുടെ അടുത്തേക്കാണ് ഞാൻ പോയത്. എന്നിട്ട് ഒരെണ്ണത്തിൽ കേറി ഞാൻ ഇരുന്നു. സുമി എന്റെ അടുത്തേക്ക് വന്നു, ഉടനെ അവളെ ഞാൻ എടുത്ത് എന്റെ മടിയിലിരുത്തി.

 

“അമ്മാ, ഇത് സാം ചേട്ടൻ, വിനില ചേച്ചിയുടെ കസിന്‍.” ദേവി ആ സ്ത്രീയോട് പറഞ്ഞിട്ട് എന്നെ നോക്കി. “സാം ചേട്ടാ, ഇവര്‍ എന്റെ ഭർത്താവിന്റെ അമ്മയാണ്.”

 

“ഹലോ ആന്റി….!” ഞാൻ പുഞ്ചിരിയോടെ പെട്ടന്ന് കൈ കൂപ്പി. കാര്യമില്ലാതെ എന്നോട് വെറുപ്പ് കാണിക്കരുത് എന്നപോലെ.

 

എന്റെ മനസ്സിനെ വായിച്ചത് പോലെ പെട്ടന്ന് അവരുടെ കണ്ണുകൾ ചെറുതായി വിടര്‍ന്നു പോയി. ഒരു കാര്യവും ഇല്ലാതെയാണ് എന്നോട് വെറുപ്പ് പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയ പോലെ അവരുടെ മുഖത്തിന് അല്‍പ്പം മാറ്റം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *