സാംസൻ – 5അടിപൊളി  

 

“ശെരി ചേട്ടാ, ഞാൻ വിളിച്ചത് ബുദ്ധിമുട്ടായെങ്കിൽ ഞാൻ വെച്ചേക്കാം…!!” അവള്‍ നിരാശയോടെ പറഞ്ഞപ്പോൾ ആണ്‌ കുറച് നേരമായി ഒന്നും മിണ്ടാതെ ഞാൻ വെറുതെ നിന്നിരുന്ന കാര്യം പോലും എനിക്ക് കത്തിയത്.

 

“യേയ്, എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ലേ..!” ഞാൻ അല്‍പ്പം ധൃതിയില്‍ പറഞ്ഞു. “ഞാൻ പെട്ടന്ന് ഞങ്ങളുടെ പ്രണയ കാലത്തെ കുറിച്ച് ചിന്തിച്ചു പോയി.” ഞാൻ തമാശ പോലെ പറഞ്ഞതും ദേവി ചിരിച്ചു.

 

ആ ചിരിയില്‍ നിരാശ മാറി ആശ്വാസം ഉണ്ടായിരുന്നു.

 

“പിന്നേ എന്റെ അമ്മായിയുടെ സ്ഥിരമായ ഗൗരവ ഭാവത്തിന് മറ്റം കൊണ്ടു വന്നതിനും താങ്ക്സ് പറയാൻ കൂടിയ ഞാൻ വിളിച്ചത്.” ആശ്ചര്യവും ബഹുമാനവും കലര്‍ന്ന സ്വരത്തിലാണ് ദേവി പറഞ്ഞത്.

 

അതുകേട്ട് ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്.

 

“ഇന്നലെ നിങ്ങൾ പോയ ശേഷം ചേട്ടന്റെ പുരാണം തന്നെയാ അമ്മ പാടി കൊണ്ടിരുന്നത്.” ദേവി പറഞ്ഞു.

 

“ആന്റി കരുതുന്ന പോലെ ഞാൻ അത്ര മാന്യന്‍ ഒന്നുമല്ല, കേട്ടോ..!!” പകുതി തമാശയായും പകുതി സീരിയസ്സായും ഞാൻ പറഞ്ഞപ്പോ ദേവി ചിരിച്ചു.

 

“ഒരു മനുഷ്യനും നൂറു ശതമാനം നല്ലവരാവാൻ കഴിയില്ല ചേട്ടാ. ഏതെങ്കിലും സാഹചര്യത്തിൽ എന്തെങ്കിലും തെറ്റിനെ ചെയ്തു പോകും. പക്ഷേ മറ്റുള്ളവരോട് ചേട്ടൻ എങ്ങനെ എന്നൊന്നും എനിക്ക് നോക്കേണ്ട കാര്യമില്ല, എന്നോട് ചേട്ടൻ ഏതു രീതിയില്‍ പെരുമാറുന്നു എന്ന കാര്യത്തെ മാത്രം എനിക്ക് നോക്കിയാൽ മതി. പിന്നെ ഇതുവരെ ചേട്ടൻ എന്നോട് ഒരു കുറ്റവും കാണിച്ചിട്ടില്ല. എനിക്ക് അതുമാത്രം മതി.” ദേവി കാര്യമായി പറഞ്ഞു.

 

“സത്യം പറയാമല്ലോ ദേവി… നിന്നെ ആദ്യമായി സ്കൂളിൽ വെച്ച് കണ്ടപ്പോ നിന്റെ ഐശ്വര്യവും ലക്ഷണവും സൗന്ദര്യവും എല്ലാം കണ്ടിട്ട് പെട്ടന്നൊരു ഇഷ്ട്ടവും അടുപ്പവുമാണ് ആദ്യം തോന്നിയത്. കൈകൂപ്പി നിൽക്കാൻ പോലും തോന്നിയതാണ്. പക്ഷേ അന്ന് നിന്റെ ജാടയും സംസാര രീതിയും കാരണം ശെരിക്കും നിന്നോട് അകല്‍ച്ച തോന്നി പോയി. പിന്നെ നിന്റെ പ്രൊഫൈലിൽ കണ്ട കുഞ്ഞിനെ കുറിച്ച് തിരക്കിയപ്പോ നി അവോയ്ഡ് ചെയ്യുകയും കൂടിയായപ്പോ ശെരിക്കും വെറുത്തു പോയിരുന്നു.”

 

ഞാൻ പറഞ്ഞത് കേട്ട് സ്തംഭിച്ചു പോയത് പോലെ മറുവശത്ത്‌ നിന്നും സംസാരം ഒന്നും വന്നില്ല. ഏകദേശം ഒരു മിനിറ്റ് വരെ അവള്‍ മിണ്ടാതിരുന്നു. അവളുടെ പ്രതികരണം അറിഞ്ഞിട്ട് ഇനി സംസാരിച്ചാൽ മതിയെന്ന് ഞാനും തീരുമാനിച്ചു. അവസാനം ഒരു നെടുവീര്‍പ്പ് ഞാൻ കേട്ടു.

 

“ഇപ്പോഴും ആ അകല്‍ച്ചയും വെറുപ്പും നിങ്ങള്‍ക്ക് എന്നോട് തോന്നുന്നുണ്ടോ..?” അല്‍പ്പം നിരാശയോടേയാണ് ദേവി ചോദിച്ചത്‌.

 

“യേയ്, ഇപ്പൊ ദേവിയെ കുറിച്ചും ആന്റിയെ കുറിച്ചും നിങ്ങളുടെ ജീവിതത്തെ കുറിച്ചും കൂടുതൽ അറിഞ്ഞപ്പോള്‍ എനിക്ക് ആ ചിന്തകൾ മാറി. ഇപ്പൊ പിന്നെയും കൈകൂപ്പി നിൽക്കാൻ തോന്നുന്നു.” ഞാൻ അങ്ങനെ പറഞ്ഞതും ദേവി പെട്ടന്ന് ചിരിച്ചു.

 

“ഇപ്പൊ എനിക്ക് സമാധാനമായി.” ചിരി നിർത്തിയിട്ട് ദേവി പറഞ്ഞു.

 

“ദേവിക്ക് സാരി നല്ല ചേര്‍ച്ചയാണ് കേട്ടോ..! ഒരു സെൽഫി അയച്ച് തന്നിരുന്നെങ്കിൽ, അന്ന് സാരിയിൽ കണ്ടപ്പോ ഉണ്ടായിരുന്ന അതേ ചൈതന്യം ഇന്നും ഉണ്ടോ എന്ന് താരതമ്യം ചെയ്യാമായിരുന്നു.”

 

എന്റെ പറച്ചില്‍ കേട്ട് ദേവി ഒന്ന് ചിരിച്ചു…. ഞാൻ ആവശ്യപ്പെട്ടതിനെ എന്നെ വേദനിപ്പിക്കാതെ നിരസിക്കും പോലെയാണ് ആ ചിരി എനിക്ക് അനുഭവപ്പെട്ടത്.

 

“ശെരി ചേട്ടാ, എന്റെ ഫ്രീ ടൈം കഴിഞ്ഞു. ഞാൻ പിന്നേ വിളിക്കാം.” അതും പറഞ്ഞ്‌ അവള്‍ കട്ടാക്കി.

 

ച്ചേ… എന്തൊരു പൊട്ടനാണ് ഞാൻ..? വെറുതെ സെൽഫി ചോദിച്ച് എന്റെ സ്വന്തം വില ഞാന്‍തന്നെ കളഞ്ഞു. അവളായിട്ട് വലിഞ്ഞു വന്ന് എന്നോട് സംസാരിച്ചതാണ്… പക്ഷേ ഇനി അവളായിട്ട് തന്നെ എന്നെ ഒഴിവാക്കും എന്നതിൽ സംശയം ഇല്ല.

 

സ്വയം കുറ്റപ്പെടുത്തി എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്ന സമയം ഒരു മെസേജസ് വന്ന ശബ്ദം കേട്ട് മൊബൈലില്‍ ഞാൻ നോക്കി.

 

ദേവിയുടെ മെസേജ് ആയിരുന്നു. അതൊരു ഫോട്ടോ ആണെന്ന് മനസ്സിലായതും ഞാൻ വെപ്രാളം പിടിച്ച് തുറന്നു നോക്കി.

 

പെട്ടന്ന് ഞെട്ടലും സന്തോഷവും എല്ലാം ഒരുമിച്ചുണ്ടായി.

 

ഒരു ഓറഞ്ച് കളർ സാരി ഉടുത്ത് സ്റ്റാഫ് റൂമിൽ നില്‍ക്കുന്ന ദേവിയുടെ ഫോട്ടോ ആയിരുന്നു അത്. അര വരെ മാത്രം കാണാം. അവളുടെ ആകര്‍ഷകമായ ചിരി കണ്ടിട്ട് മനസ്സൊന്നിളകി. അവളുടെ ചുണ്ടിന്റെ മുകളിലുള്ള ആ കുഞ്ഞ് പൊട്ട് പിന്നെയും എന്നെ ആകര്‍ഷിച്ചു.

 

അവളെ നേരിട്ട് കാണുന്ന ഭംഗി ഫോട്ടോയിൽ ഇല്ലായിരുന്നു. പക്ഷേ എന്റെ മനക്കണ്ണിൽ അവളുടെ യാഥാര്‍ത്ഥ രൂപം നിറഞ്ഞു നിന്നു.

 

ഒരു പുഞ്ചിരിയോടെ ഞാൻ അവളുടെ ഫോട്ടോ തന്നെ നോക്കി നിന്നു. പക്ഷേ ഒരു മിനിറ്റ് കഴിഞ്ഞതും അപ്പുറത്ത് നിന്നും ദേവി ആ ഫോട്ടോയേ ഡിലീറ്റ് ചെയ്തു.

 

ഞാൻ ദുരുപയോഗം ചെയ്യുമെന്ന് അവള്‍ ഭയന്നു കാണും.

 

നിരാശ തോന്നിയെങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. വാട്സാപ് ക്ലോസ് ചെയ്ത അതേ സമയം സാന്ദ്രയുടെ കോൾ വന്നു.

 

ഹോ, ഇപ്പോഴെങ്കിലും പിണക്കം മാറിയല്ലോ എന്ന് സന്തോഷിച്ചു കൊണ്ട്‌ കോൾ എടുത്തു.

 

“ചേട്ടൻ പെട്ടന്ന് ഇങ്ങോട്ട് വരു” അല്‍പ്പം ധൃതിയിലാണ് സാന്ദ്ര പറഞ്ഞത്.

 

“എന്തുപറ്റിയടി മോളെ..?” ആധിപിടിച്ച് ഞാൻ ചോദിച്ചു.

 

“ചേട്ടൻ വരൂന്നേ, നേരിട്ട് പറയാം. ക്യാമ്പസില്‍ നിന്നും അല്‍പ്പം മാറിയുള്ള ബസ് സ്റ്റോപ്പ് ഷെഡ്ഡിൽ വന്നാല്‍ മതി.” സാന്ദ്ര ധൃതി കൂട്ടി.

 

“ഇതാ എത്തി.” എന്നും പറഞ്ഞ്‌ ഞാൻ കട്ടാക്കിയ ശേഷം കാലുകൾ നീട്ടി വച്ച് വേഗം പുറത്തേക്ക്‌ നടന്നു.

 

ബൈക്കും എടുത്ത് അവള്‍ പറഞ്ഞ ആ ബസ് സ്റ്റോപ്പ് ഷെഡ്ഡിൽ എത്തിയപ്പോ അവിടെ സാന്ദ്രയും ദീപ്തിയും പിന്നേ ഷസാനയും ഇരിക്കുന്നത് കണ്ടു.

 

ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് പിന്നിലുള്ള ചുമരില്‍ തലയും ചാരി കണ്ണും പൂട്ടിയാണ് ഷസാന ഇരുന്നത്. കണ്ടാൽ തന്നെയറിയാം അവള്‍ക്ക് തീരെ വയ്യെന്ന്. സാന്ദ്രയും ദീപ്തിയും അവളുടെ ഇരു വശത്തായി ഇരുന്നുകൊണ്ട് എന്തൊക്കെയോ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു.

 

“ഷസാനയ്ക്ക് എന്തുപറ്റി..? ഹോസ്പിറ്റലിൽ പോണോ…?” ചോദിച്ചു കൊണ്ട്‌ ഞാൻ ഷെഡ്ഡിൽ കേറി അവരെ സമീപിച്ചതും സാന്ദ്രയും ദീപ്തിയും എഴുനേറ്റ് എന്നെ നോക്കി.

 

എന്റെ ശബ്ദം കേട്ട് ഷസാന കണ്ണുതുറന്നു നോക്കി.

 

“അവള്‍ക്ക് ഹോസ്പിറ്റലിൽ പോകേണ്ട പോലും.” ദീപ്തി പറഞ്ഞു.

 

“അവള്‍ക്ക് മൈഗ്രേൻ ഉണ്ട്. പക്ഷെ പനിയും വന്നപ്പോ അവളുടെ ഒരു വശം അല്‍പ്പം തളര്‍ന്ന പോലെ തോനുന്നു എന്ന പറഞ്ഞത്. ഇടയ്ക്കിടെ അവള്‍ക്ക് അങ്ങനെ വരാറുള്ളത് കൊണ്ട്‌ റസ്റ്റ് മാത്രം എടുത്താല്‍ മാറും എന്നാണ് ഷസാന പറഞ്ഞത്.” സാന്ദ്ര വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *