സമയം 1.30 നോടടുക്കുന്നു. ഞാൻ അനൂനെ തോണ്ടി വിളിച്ചിട്ട്: “അനു നമ്മുക്ക് ലഞ്ച് കഴിച്ചാലോ? സമയം ഒന്നരയാകുന്നു എന്റെ വയറ് കത്തി തുടങ്ങിയിട്ടുണ്ടെ” ഞാൻ വയറ്റിൽ കൈ വച്ച് കൊണ്ടാണവളോടിത് പറഞ്ഞത്.
അനു ഇരുന്നിരുന്ന കസേരയിൽ നിന്ന് എഴുന്നേറ്റ് നിന്നിട്ട്: ” ഇവിടെ വന്ന് സമയം പോയതറിഞ്ഞില്ല, എന്നാ കഴിക്കാൻ പോകാംലേ നമ്മുക്ക്?” അവൾ കസേരയിൽ നിന്ന് എഴുന്നേറ്റത് കണ്ടതോടെ ഞാനും എഴുന്നേറ്റിട്ട്: “അനു ഇവിടെ അടുത്ത് sea food ഐറ്റംസ് ഒക്കെ കിട്ടുന്ന നല്ലൊരു റെസ്‌സ്റ്റോറന്റുണ്ട് നമ്മുക്കവിടെ പോയാലോ?” ” കുറേ നാളായിട്ട് വിചാരിക്കുന്നതാ കൊച്ചി സൈഡിലേയ്ക്ക് വരുമ്പോ നല്ല സീ ഫുഡ് ഐറ്റംസ് കഴിക്കണമെന്നത്. ഇന്നെന്തായാലും ആദീടെ കൂടെ വന്നപ്പോ അത് നടക്കുമല്ലോ” അനു നല്ല സന്തോഷത്തോടെ ആണിത് പറഞ്ഞത്. ഭക്ഷണം കഴിച്ച് തിരിച്ചു വന്നിട്ട് ബിനാലെ നടക്കുന്ന ബാക്കിയുള്ള ഭാഗങ്ങളിലേയ്ക്ക് പോകാമെന്ന് തിരുമാനിച്ചുറപ്പിച്ച ഞങ്ങൾ ആസ്പിൻ വാളിന്റെ പുറത്തെത്തി. അവിടെ ബൈക്ക് പാർക്കിംഗിൽ നിന്ന് ബൈക്കെടുത്ത് സീ-ഫുഡ് റെസ്റ്റോറന്റായ ‘ഓഷ്യൻ ബ്ലൂ’ ലേയ്ക്ക് ഞങ്ങൾ പുറപ്പെട്ടു. രാവിലെ ബൈക്കിൽ കയറിയപ്പോൾ അകന്നിരുന്ന് എന്റെ തോളിൽ കൈ വച്ചിരുന്ന അനു ഇപ്പോ എന്നോട് ചേർന്നിരുന്ന് എന്നെ വലത് കൈ കൊണ്ട് വട്ടം കെട്ടി പിടിച്ചാണ് ഇരിക്കുന്നത്. ഇന്നത്തെ ഒരൊറ്റ ദിവസത്തെ സംഭവ വികാസങ്ങൾ കൊണ്ട് ഞങ്ങൾ മനസ്സ് കൊണ്ട് പരസ്പരം ഒരു പാട് അടുത്തു. സംസാരത്തിനിടയിൽ അവരവരുടെ ഇഷ്ടാനിഷ്ടങ്ങളൊക്കെ പരസ്പരം പറയാനും ചിരിയും കളികളുമൊക്കെയായി ഞാൻ ഉള്ളിലുള്ള ഇഷ്ടം അവളോട് എങ്ങനെയെങ്കിലും തുറന്ന് പറയണമെന്നുറപ്പിച്ച് നട്ടുച്ചയ്ക്ക് ചുട്ടു പൊള്ളുന്ന റോഡിൽ കൂടി എന്നോട് ബൈക്കിൽ ചേർന്നിരിക്കുന്ന എന്റെ പ്രാണനായ അനുവുമായി റെസ്റ്റോറന്റ് ലക്ഷ്യമാക്കി നീങ്ങി. അങനെ ബിനാലെ നടക്കുന്ന ആസ്പിൻ വാളിൽ നിന്ന് ഏകദേശം ഒന്നര കിലോ മീറ്റർ അകലെയുള്ള “ഓഷ്യൻ ബ്ലൂ” റെസ്റ്റോറന്റിൽ ഞങ്ങൾ എത്തി. വെയ്റ്റർ വന്ന് ഓർഡർ ചോദിച്ചപ്പോ മേശമേൽ വച്ച മെനു കാർഡ് നോക്കി ഞാൻ ലെമൺ റൈസ്സും അവിടത്തെ സ്പെഷ്യൽ ഐറ്റമായ ടൂണ ഫിഷ് ഗ്രിൽഡ് ചെയ്തതും പിന്നെ മീൻ വറുത്തരച്ച കറിയും രണ്ട് പ്ലേറ്റ് പറഞ്ഞു. അനുവിനും അത് തന്നെ മതിയെന്ന് പറഞ്ഞത് കൊണ്ട് എല്ലാം രണ്ട് പ്ലേറ്റ് ഞാൻ ഓർഡർ പറഞ്ഞു. ഭക്ഷണത്തിനായി കാത്തിരിക്കുന്ന സമയം അനു എന്നോടായി ചോദിച്ചു: “ആദി ഇതിന് മുൻപ് ഈ റെസ്റ്റോറന്റിൽ വന്നിട്ടുണ്ടല്ലേ? ” ഫ്രണ്ട്സിന്റ കൂടെ കൊച്ചിയ്ക്ക് വരുമ്പോ മിക്കപ്പോഴും ഇവിടെയാണ് കയറി കഴിക്കാറ്, ഇവിടത്തെ ഫുഡ് അടിപൊളിയാ” ഞാൻ അനൂനോടായി പറഞ്ഞു. ” മുൻപൊക്കെ അച്ഛൻ ഔട്ടിംഗിന് കൊണ്ടു പോവായിരുന്നു ഇപ്പോ അച്ഛന് ഓഫീസിലെ തിരക്ക് കാരണം അതിനൊന്നും നേരം കിട്ടണില്ലാന്നേ” അനു ചെറിയൊരു നിരാശയോടെയാണിത് പറഞ്ഞത്. “അതിനെന്താ ഇനി ഞാൻ കൊണ്ട് പോവാലോ അനൂനെ ഔട്ടിംഗിന്” അനൂനെ നോക്കി ഞാൻ പ്രണയാർദ്രമായാണ് പറഞ്ഞത് ” ആദീടെ കൂടെ ഔട്ടിംഗിന് വരാൻ ഞാൻ എപ്പഴെ റെഡി” അനു എന്റെ വായിൽ നിന്നത് കേൾക്കാൻ കാത്തിരുന്ന പോലെയാണത്
ചിരിച്ചു കൊണ്ട് പറഞ്ഞത്. ഓർഡർ ചെയ്ത ഭക്ഷണം കൊണ്ടു വച്ചപ്പോൾ ഞങ്ങളത് കഴിച്ച് തുടങ്ങി. കഴിക്കുന്നതിനിടയിൽ അനൂ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞ് സംസാരിച്ചു കൊണ്ടിരുന്നു. ഞാനതൊക്കെ പുഞ്ചിരിയോടെ കേട്ടിരുന്നു. ചില കാര്യങ്ങളൊക്കെ സംസാരിച്ച് ഞങ്ങൾ ഒരുമിച്ചിരുന്ന് ചിരിക്കാനും തുടങ്ങി.
അങ്ങനെ ഭക്ഷണം കഴിച്ച് ഒരുമിച്ച് കൈ കഴുകി വന്ന ഞാൻ ബില്ല് കൊടുക്കാനായി കൗണ്ടറിലേയ്ക്ക് നീങ്ങിയപ്പോൾ അനു ഓടി വന്ന് പറഞ്ഞു: “ആദി ഈ ബില്ല് ഞാൻ കൊടുക്കും ഇന്നത്തെ ട്രീറ്റ് എന്റെ വക” യാന്ന് പറഞ്ഞ് കൊണ്ടവൾ ഹാൻഡ് ബാഗ് തുറന്ന് ഡെബിറ്റ് കാർഡ് കൗണ്ടറിലിരുന്ന കക്ഷിയ്ക്ക് കൊടുത്തു. നിമിഷ നേരം കൊണ്ട് ബില്ലടച്ച് പുറത്തിറങ്ങിയ ഞങ്ങൾ വീണ്ടും ബിനാലെ നടക്കുന്ന ആസ്പിൻ വാളിൽ തിരിച്ചെത്തി. ആസ്പിൻ വാളിന്റെ പ്രവേശന കവാടം വഴി കയറി ചെല്ലുംമ്പോൾ കാണുന്നത് പിള്ളേച്ചൻ ആർക്കോ ഫോൺ ചെയ്യുന്നതാണ്. ഞങ്ങളെ കണ്ടതോടെ ഫോണിലെ സംസാരം അവസാനിപ്പിച്ചിട്ട് പുള്ളി ചിരിച്ചു കൊണ്ട് അടുത്തേയ്ക്ക് വന്നിട്ട്. ” നിങ്ങള് ഫുഡ് കഴിക്കാൻ പോയേക്കു വായിരുന്നല്ലേ?” ” ഞാൻ പോകുന്ന നേരം പിള്ളേച്ചനേയും കഴിക്കാൻ വിളിക്കാന്ന് കരുതി ഫോണിൽ രണ്ട് വട്ടം വിളിച്ച് നോക്കീര്ന്നു. അപ്പോ പിള്ളേച്ചൻ ആർക്കോ വിളിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് കോൾ കണക്ടായില്ല”. “വീട്ടീന്ന് വൈഫ് വിളിച്ചോണ്ടിരിക്കായിരുന്നു. അവളാണേൽ ഫോൺ ചെയ്തു തുടങ്ങിയാലൊട്ട് നിർത്തത്തുമില്ല. അതാ നീ വിളിച്ച സമയം കോൾ കണക്ടാവാഞ്ഞെ.” ആട്ടെ … നിങ്ങളെവിടെയാ പോയി കഴിച്ചേ?” പിള്ളേച്ചൻ ചിരിച്ചു കൊണ്ട് ചോദിച്ചു. ” ഞങ്ങള് ‘ഓഷ്യൻ ബ്ലൂ’ ലാണ് പോയത്. എന്നിട്ട് പിള്ളേച്ചൻ കഴിച്ചായിരുന്നോ?” ” ഞങ്ങൾ സ്റ്റാഫിന് ഇവിടെ ക്യാന്റീൻ ഉണ്ടെടാ ഞാൻ കഴിച്ചു. നല്ല ഒന്നാം തരം മീൽസ് ആയിരുന്നു ഇന്നത്തേ. പിള്ളേച്ചൻ ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാനും പിള്ളേച്ചനും തമ്മിലുള്ള സംസാരം നോക്കി കൊണ്ടിരുന്ന അനൂന് നേരെ തിരിഞ്ഞിട്ട് പിള്ളേച്ചൻ അവളോട് ചോദിച്ചു. “ഹായ്, നമ്മള് തമ്മിൽ ശരിക്കും പരിചയപ്പെട്ടിട്ടില്ല എന്താ മോള്ടെ പേര്?” പിള്ളേച്ചൻ ചോദിച്ചത് കേട്ട് അവൾ എന്റെ അടുത്തേയ്ക്ക് കയറി നിന്നിട്ട് “ഹായ്, ഞാൻ അനുരാധ. വീട് ആദീടെ വീടിന്റെ ഒപ്പോസിറ്റ് തന്നാ” അവള് ചെറുതായി പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു. ” ഞാൻ ‘ രാഗേഷ് പിള്ള’ ഇവൻമാരൊക്കെയെന്നെ പിള്ളേച്ചാന്നാ വിളിക്കുന്നെ. പിള്ളേച്ചൻ കുലുങ്ങി ചിരിച്ചു കൊണ്ട് അനൂന് നേരെ ഷേക്ക് ഹാൻഡ് കൊടുക്കാനായി കൈ നീട്ടി. പിള്ളേച്ചൻ ഷേക്ക് ഹാൻഡ് കൊടുക്കാനായി നീട്ടിയ കൈയിൽ അനു കൈ ചേർത്തിട്ട് ചിരിച്ചിട്ട് പറഞ്ഞു. ” ആദി പറഞ്ഞു പിള്ളേച്ചനെ കുറിച്ച്” “അനുരാധ ഇൻഫോ പാർക്കിലാ വർക്ക് ചെയ്യുന്നതല്ലേ?” പിള്ളേച്ചൻ അവളോട് ചോദിച്ചു. ” ഞാൻ സോഫ്ടെക്കിലാ വർക്ക് ചെയ്യുന്നെ” അനു പിള്ളേച്ചന് ഷേക്ക് ഹാൻഡ് കൊടുത്തിട്ട് ചേർത്ത് പിടിച്ചിരുന്ന കൈ പിൻവലിച്ചിട്ട് പറഞ്ഞു. ” ഇത്തവണത്തെ നമ്മുടെ ബിനാലെ ഇൻസ്റ്റലേഷനുകൾ ഒക്കെ കൊള്ളാമോ? പിള്ളേച്ചൻ അവളോട് ചോദിച്ചു. ഞാനത് കേട്ട് ഇടയിൽ കയറി പിള്ളേച്ചനോട് ചിരിച്ചു കൊണ്ട് പറഞ്ഞു: “എന്റെ പിള്ളേച്ചാ ചില ഇൻസ്റ്റ്ലേഷൻ കണ്ടിട്ട്
