കൊണ്ട് പ്രത്യേകിച്ച് ടെൻഷനൊന്നുമില്ലാതെയാണ് ഞാൻ ഡ്രൈവ് ചെയ്തത്. ഇടയ്ക്ക് അവന്മാർക്ക് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് വണ്ടി നിർത്തിച്ചു ആശാൻമാർ രണ്ടും കാടിന്റെ ഉള്ളിൽ കയറി അതിനായി പോയി. മൂത്രമൊഴിച്ചു കഴിഞ്ഞു തിരിയുമ്പോൾ പാമ്പിനെ കണ്ടെന്നും പറഞ്ഞ് പേടിച്ചു നിലവിളിച്ച നിയാസ് സുന അകത്തേയ്ക്കു പോലും ഇടാതെ ഓടി കാറിനടുത്തേക്ക് വരുന്ന കാഴ്ച കണ്ട്
ഞാനും അമൃതും ചിരിച്ചു മറിഞ്ഞു. ഞങ്ങൾ ഓർമ്മിപ്പിച്ചപ്പോഴാണ് കക്ഷി ആകെ ചമ്മി സുന എടുത്ത് അകത്തേയ്ക്കിട്ടത്. അന്ന് ഊട്ടിയെത്തുന്നവരെ ഞങ്ങൾ കാറിനുള്ളിൽ അതും പറഞ്ഞ് അവനെ കളിയാക്കി. ഊട്ടിയിലെ പാരഡൈസ് റിസോർട്ടിലാണ് അന്ന് ഞങ്ങൾ സ്റ്റേ ചെയ്തത്. റിസോർട്ടിൽ തന്നെ ഒരു ഹോട്ടൽ സെറ്റപ്പുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ അവിടെ നിന്നും തന്നെ രാത്രി ഭക്ഷണം കഴിച്ചാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ ഞാൻ കുളിച്ച് ഡ്രസ്സ് മാറി അവന്മാരെയൊക്കെ വിളിച്ചുണർത്തി. ഫോണെടുത്ത് നോക്കിയപ്പോൾ പതിവ് പോലെ അനൂ വിഷ് ചെയ്ത് മെസ്സേജ് ചെയ്തിട്ടുണ്ട്. കൂടെ ഹാപ്പി ജേർണിയെന്നും കൂടി പറഞ്ഞ് കൊണ്ടാണവൾ മെസ്സേജ് ചെയ്തിട്ടുള്ളത്. ഞാനതിനും റിപ്ലൈയൊന്നും കൊടുക്കാൻ പോയില്ല. ഊട്ടി തടാകം, ഊട്ടി ബോട്ടാണിക്കൽ ഗാർഡൻ, ടോയ് ട്രെയിൻ പാർക്ക്, പൈക്കാര വെള്ളച്ചാട്ടം ഇത്രയും സ്ഥലങ്ങളിൽ പോകാമെന്ന് തീരുമാനിച്ച് കൊണ്ട് ഞങ്ങൾ അന്നേ ദിവസം റിസോർട്ടിലെ റും വെക്കേറ്റ് ചെയ്ത് കൊണ്ട് അവിടെ നിന്നിറങ്ങി.. അന്ന് രാത്രിയോടു കൂടി നാട്ടിലെയ്ക്ക് തിരിക്കണം അല്ലേൽ വീട്ടിൽ തിരിച്ചെത്തുമ്പോ അച്ഛന്റ വായിൽ നിന്ന് നല്ലത് കേൾക്കും ആ പേടി ഓർത്തിട്ടാണ് ഞാൻ അങ്ങനെ മതിയെന്ന് അവരോട് പറഞ്ഞത്. ആദ്യം പോയത് ഊട്ടി ലേയ്ക്കിലേക്കാണ് (തടാകം) തിങ്കളാഴ്ചയായതിനാൽ കാര്യമായ തിരക്കൊന്നും അവിടെ ഉണ്ടായിരുന്നില്ല. ടിക്കറ്റെടുത്ത് 4 സീറ്റുള്ള സ്പീഡ് ബോട്ടിൽ ഞങ്ങളെ കൂടാതെ അതിന്റെ ഓപ്പറേറ്ററും ഉണ്ടായിരുന്നു. ഞങ്ങളെല്ലാം ലൈഫ് ജാക്കറ്റ് ധരിച്ചാണ് ഇരുന്നിരുന്നത്. ഏകദേശം ഒരു മണിക്കൂറിനടുത്ത് ഞങ്ങൾ ആ തടാകത്തിലാകെ ബോട്ടിൽ ചുറ്റി കറങ്ങി. ബോട്ടിലിരുന്ന് തടാകത്തിന്റെയും ഞങ്ങൾ മൂന്നുപേരും ഒരുമിച്ചുള്ള സെൽഫി കളെടുക്കാനും ഞങ്ങൾ മറന്നില്ല. പിന്നെ പോയത് ഊട്ടി ബോട്ടാണിക്കൽ ഗാർഡനിലേയ്ക്കാണ് അവിടെ പല തരത്തിലുള്ള ചെടികളും പൂക്കളുമെല്ലാം മനോഹരമാം വിധം ഒരുക്കിയിട്ടുണ്ടായിരുന്നു. അവിടെയും കുറേ നേരം ചിലവഴിച്ചപ്പോഴെയ്ക്കും സമയം ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞിരുന്നു. ഇനി ഉച്ച ഭക്ഷണം കഴിച്ച ശേഷം ബാക്കിയുള്ള സ്ഥലങ്ങളിലേയ്ക്ക് പോകാമെന്നുറപ്പിച്ച ഞങ്ങൾ അത്യാവശ്യം കുഴപ്പമില്ലെന്ന് തോന്നിയ ഒരു ഹോട്ടലിൽ കയറി ചപ്പാത്തിയും പീസ് കറിയും കഴിച്ചു. ഭക്ഷണ ശേഷം ഞങ്ങൾ പോയത് ഊട്ടി ടോയ് ട്രെയിനിൽ കയറാനാണ്. അന്തരീക്ഷം അത്യാവശ്യം തണുപ്പ് പിടിച്ചിരിക്കുന്നതിനാൽ ഞങ്ങളെല്ലാവരും ഡ്രസ്സിന് മേലെ കൂടി ജാക്കറ്റും തലയിൽ മങ്കി ക്യാപ്പും എല്ലാം അണിഞ്ഞിരുന്നു. ടോയ് ട്രെയിനിൽ കയറി അവിടെയുള്ള തടാകത്തിന്റെ ചുറ്റിലൂടെ പോകുമ്പോൾ ഇട തിങ്ങി നിൽക്കുന്ന യൂക്കാലി മരങ്ങൾ കാണാനും നല്ല രസമായിരുന്നു. ഇടക്കിടെ തണുപ്പ് കാറ്റ് വീശുമ്പോൾ യൂക്കാലി മരങ്ങളുടെ അടുത്ത് നിന്ന് പ്രവഹിക്കുന്ന യൂക്കാലിയുടെ സുഗന്ധവുമെല്ലാം ഒരു പ്രത്യേക തരം അനുഭൂതിയാണ് ഞങ്ങൾക്ക് യാത്രയിൽ സമ്മാനിച്ചത്. അവസാനമായി ഞങ്ങൾ പോയത് പൈക്കാര വെള്ളച്ചാട്ടത്തിലേയ്ക്കാണ്. അവിടെ കുറച്ച് ആളുകളൊക്കെ ഇറങ്ങി കുളിക്കുന്നൊക്കെ ഉണ്ടായിരുന്നു. നല്ല
തണുപ്പുള്ളത് കൊണ്ട് ഞങ്ങൾ അതിൽ ഇറങ്ങി കുളിക്കാമെന്നുള്ള ആഗ്രഹം വേണ്ടെന്ന് വച്ചു. വെള്ള ച്ചാട്ടത്തിൽ ഇറങ്ങി കാല് നനച്ച് നിന്ന് കൊണ്ട് ഞങ്ങൾ
ഒരു പാട് പിക്ചേഴ്സ് ഫോണിൽ എടുത്തു. അവിടെയും കുറേ സമയം ചിലവഴിച്ച ശേഷം ഇനി നാട്ടിലേയ്ക്ക് മടങ്ങാമെന്നുറപ്പിച്ച ഞങ്ങൾ തിരിച്ച് വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു. “നാട്ടിൽ നിന്ന് പോന്നപ്പോൾ മുതൽ വണ്ടി ഓടിച്ചത് ഞാനാ ഇനി ആരെങ്കിലും ഓടിക്കെന്ന്” പറഞ്ഞ് ഞാൻ താക്കോലെടുത്ത് കാറിന്റെ ബോണറ്റിൽ വച്ചു. അതോടെ അമൃത് ഓടിക്കാമെന്ന് പറഞ്ഞ് അവൻ ഡ്രൈവിംഗ് സീറ്റിലേയ്ക്ക് കയറി ഇരുന്നു. ഞാൻ പിറകിലെ സീറ്റിലേയ്ക്കും നിയാസ് മുന്നിലും കയറി ചാരി കിടപ്പായി. വണ്ടി സ്റ്റാർട്ടാക്കി കൊണ്ട് അമൃത് അവന്റെ ഫോണിൽ നല്ല ബാസ് ബൂസ്റ്റ്ഡ് ആയിട്ടുള്ള പാട്ടുകൾ കാറിലെ മ്യൂസിക് സിസ്റ്റവുമായി പെയർ ചെയ്തിട്ട് നല്ല സൗണ്ടിൽ വച്ചിട്ട് വണ്ടി മുന്നോട്ടെടുത്തു. ഞാൻ കാറിൽ കയറിയ ഉടനെ പിറകിലെ സീറ്റിൽ കിടന്ന് ഉറങ്ങി. ഏകദേശം കേരള ബോർഡർ കഴിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറന്നത് നോക്കുമ്പോൾ ഡ്രൈവിംഗ് സീറ്റിൽ നിയാസാണ് അമൃത് മുന്നിലെ സീറ്റിൽ ചാരി കിടന്നുറങ്ങുന്നുണ്ട്. അത് കണ്ട് ഞാൻ നിയാസിനെ തോണ്ടി കൊണ്ട് ചോദിച്ചു. “എടാ നീയെപ്പോ മുതലാ ഓടിച്ച് തുടങ്ങിയെ?” “എന്റെമ്മോ നീയെഴുന്നേറ്റോ എന്ത് ഉറക്കമാടാ ആദി ഇത് ഇവിടെ നടന്ന സംഭവം വല്ലോം നീ അറിഞ്ഞോ?” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു. “എന്ത് സംഭവം?”ഞാൻ അമ്പരന്ന് കൊണ്ട് ചോദിച്ചു. “ഈ കിടന്നുറങ്ങണ മൈരൻ ഉറങ്ങി വണ്ടിയോടിച്ചിപ്പോ നമ്മളെ രണ്ടിനേം കൊന്നേനെ” സീറ്റിൽ ചാരി കിടന്നുറങ്ങുന്ന അമൃതിന് നേരെ കൈ ചൂണ്ടി കൊണ്ടാണവനിത് പറഞ്ഞത്. “എടാ എന്താ ശരിക്കുമുണ്ടായെന്ന് പറ.” ഞാൻ ആകാംക്ഷയിൽ അവനോട് ചോദിച്ചു. “വണ്ടിയിൽ ഒരു കുലുക്കം പോലെ തോന്നി ഞെട്ടി കണ്ണു തുറന്നപ്പോൾ ഞാൻ കണ്ടത് അമൃത് ഉറങ്ങി കൊണ്ട് സ്റ്റിയറിംഗിൽ പിടിച്ചിരിക്കുന്നു. വണ്ടിയാണെങ്കിൽ വെട്ടി വെട്ടി പോകുന്നുണ്ട്. ഞാനിവനെ കുലുക്കി വിളിച്ചതോടെ ഇവൻ പെട്ടെന്ന് ഞെട്ടിയുണർന്നിട്ട് വണ്ടി സഡൻ ബ്രേക്കിട്ട് നിർത്തി അല്ലേൽ നമ്മളിപ്പോ പരലോകത്ത് എത്തിയേനെ. പടച്ചോൻ കാത്തു നമ്മളെ” നിയാസ് ചിരിച്ചു കൊണ്ട് പറഞ്ഞു. “ഈശ്വരാ…” ഞാൻ നെഞ്ചിൽ കൈ വച്ച് കൊണ്ട് വിളിച്ചു പോയി അവൻ പറഞ്ഞത് കേട്ട്. “അതേ ഈശ്വരൻ തോന്നിപ്പിച്ചിട്ടാ ഞാൻ കണ്ണ് തുറന്നെ അല്ലേൽ കാണായിരുന്നു.” നിയാസ് ചിരിച്ച് കൊണ്ടു പറഞ്ഞു. “ഒരൊറ്റ ചവിട്ട് കൊടുക്കട്ടെ ഞാനീ തെണ്ടിയ്ക്ക്?” ഞാൻ അമൃതിനെ നോക്കി കൊണ്ട് നിയാസിനോട് ചോദിച്ചു. “ഇപ്പ അവൻ ഉറങ്ങയല്ലേ ഏണീക്കട്ടെ അപ്പോ കൊടുക്കാം നമ്മുക്ക്. മച്ചാനെ ഡീസലടിക്കാറായല്ലോ ഡാ ലൈറ്റ് കത്തി നിൽപ്പായിട്ടുണ്ട്.” “നീ അടുത്ത പമ്പ് കാണുമ്പോ കയറ്റ്. നമ്മള് ഫുൾ ടാങ്ക് ഇടുക്കീന്ന് ഊട്ടിയ്ക്ക് പോകുമ്പോ അടിച്ചിട്ട് ഇപ്പോഴെ ലൈറ്റ് കത്തിയുള്ളൂലെ ഇത്രയൊക്കെ ഓടീട്ടും. 13 ഒക്കെ മൈലേജ് ഉണ്ടെന്നാ തോന്നണെ” ഞാൻ സീറ്റിലേയ്ക്ക് ചാരി കിടന്നു
