എന്നെ കണ്ടതോടെ അനു ഒരു മങ്ങിയ ചിരി ചിരിച്ചു. അവളിപ്പോഴും നല്ല ടെൻഷനിലാണെന്ന് ആ മുഖം കണ്ടപ്പോൾ തന്നെ എനിയ്ക്ക് മനസ്സിലായി. ഞാൻ വേഗം ചെന്ന് അവളിരിക്കുന്ന കസേരയുടെ അടുത്തേയ്ക്ക് കസേര നീക്കി ഇരുന്നിട്ട് അവളോട്: ” അനു ചേച്ചി പേടിക്കണ്ട അവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം.” ഞാൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ അനുവിന്റെ മുഖത്ത് ചെറിയൊരു ആശ്വാസം ഞാൻ കണ്ടു. ” എന്നാലും എനിക്ക് പേടിയാ ആദി അവൻ ഇനീം വരുമോന്ന്” അനു ടെൻഷൻ കലർന്ന സ്വരത്തിൽ ശബ്ദം ഇടറി പറഞ്ഞു. “ഇന്നവനങ്ങ് വരട്ടെ അവന്റെ ചൊറിച്ചിൽ ഞാൻ തീർത്ത് കൊടുത്തേക്കാം” ഞാൻ പല്ല് ഞെരിച്ച് പറഞ്ഞു. എന്റെ സംസാരം കേട്ട് അടുക്കളയിലായിരുന്ന രാഗിണി ആന്റി ഡൈനിംഗ് റൂമിലെത്തി. എന്നെ കണ്ടതോടെ ആന്റിയുടെ മുഖത്ത് ഒരാശ്വാസ ഭാവം തെളിഞ്ഞു. ആന്റി വന്നെന്റ തോളിൽ കൈ വച്ചിട്ട്: “ആദി മോൻ വന്നത് നന്നായി ഇപ്പോഴാ എന്റെ ശ്വാസം ഒന്ന് നേരെ വീണത്. മോൻ ഇന്നലെ ഇവളോട് പറഞ്ഞൂലേ ഇന്ന് ഓഫീസിൽ പോകുമ്പോ ബസ് കയറ്റി വിടാൻ കൂടെ ചെല്ലാന്ന്?” “അതിന് വേണ്ടിയാ ഞാനിങ് നേരത്തെ പോന്നത്. അങ്കിള് കോയമ്പത്തൂര് പോയിരിക്ക്യാണല്ലേ ആന്റി”? ” ഏട്ടൻ.. ഇന്നലെ രാവിലെ പോയതാ ഇനി രണ്ട് ദിവസം കഴിഞ്ഞേ വരൂ. പുള്ളി വർക്ക് ചെയ്യണ കമ്പനി എന്തോ പ്രോഡക്ട് ലോഞ്ച് ചെയ്യുന്നുണ്ട് അതിന്റെ ഫംഗ്ഷന് നടക്കുന്നത് അവിടെയാ ” കഴിച്ചെഴുന്നേറ്റ അനു വേഗം പോയി കൈ കഴുകി വന്നു. തിരിച്ചു വന്നപ്പോ തോളിൽ ഒരു ഹാൻഡ് ബാഗ് തൂക്കിയിട്ടാണ് വന്നത്. കഴുത്തിൽ ഒരു നീല ഷാൾ വട്ടം ചുറ്റിയിട്ട് തോളിൽ പിൻ ചെയ്ത് വച്ചിട്ടുണ്ട്.അവളെന്നേ നോക്കിയിട്ട്: “എന്നാ നമ്മുക്കിറങ്ങിയാലോ ആദി?” ” വാ പോകാം” ഞാൻ അനുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. രാഗിണി ആന്റിയോട് യാത്ര പറഞ്ഞ് ഞാനും അനുവും ഒരുമിച്ച് പുറത്തിറങ്ങി. അനു കാർ പോർച്ചിൽ അവളുടെ പച്ച യമഹാ ഫാസിനോ സ്ക്കൂട്ടർ സ്റ്റാർട്ട് ചെയ്ത് നിന്നിട്ട് ഞാൻ ബൈക്ക് എടുത്ത് മുന്നിൽ പോകാനായി കാത്ത് നിന്നു. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് അവളോട് എന്റെ മുൻപിൽ പോകാനായി പറഞ്ഞു. അതോടെ അവൾ സ്കൂട്ടറുമായി മുൻപിൽ പോയി തൊട്ടു പിറകിൽ ഞാനുമുണ്ട്. അനുവും ഞാനും ഹെൽമറ്റ് വച്ചിരിക്കുന്നത് കൊണ്ട് യാത്ര തുടങ്ങിയതു മുതൽ ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചിട്ടില്ല. അനു സ്കൂട്ടർ നല്ല വേഗത്തിൽ ആണ് ഓടിക്കുന്നത്. അവളുടെ തൊട്ട് പിറകെ ബൈക്കിൽ ഞാനുമുണ്ട്. ടൗൺ ഏരിയ എത്താറായപ്പോൾ അനുവിന്റെ സ്കൂട്ടറിന്റെ വേഗത കുറഞ്ഞു. അനു സ്ക്കൂട്ടറിന്റെ ഇടത്തെ ഇൻഡിക്കേറ്റർ ഇട്ട് സ്ക്കൂട്ടർ റോഡിന്റെ സൈഡിലേയ്ക്ക് ഒതുക്കി. ഇത് കണ്ടതോടെ ഞാനും ബൈക്ക് സൈഡാക്കിയിട്ട് അവളുടെ
അടുത്തേയ്ക്ക് നടന്നു. ഞാനടുത്തെത്തിയതോടെ അവൾ ഹെൽമറ്റ്
ഊരി സ്കൂട്ടറിന്റെ മിററിൽ കൊളുത്തിയിട്ടിട്ട് എന്നെ ടെൻഷനോടെ നോക്കിയിട്ട്: “എനിക്ക് പേടിയാവുണു ആദി അവനെന്നെ എന്തേലും ചെയ്യുമോന്ന് ഓർത്തിട്ട് എന്റെ കൈയ്യും കാലും വിറച്ചോണ്ടിരിക്ക്യാ “ഈ ഞാൻ കൂടെയുള്ളപ്പോ അനു ചേച്ചി എന്തിനാ പേടിക്കണെ?” സ്കൂട്ടറിന്റെ ആക്സിലേറ്ററിൽ പിടിച്ചിരുന്ന അവളുടെ കൈയ്യിൽ ഞാനെന്റ കൈ ചേർത്ത് പിടിച്ച് അവളുടെ കണ്ണിൽ നോക്കി പ്രണയാർദ്രമായാണ് ഞാനത് പറഞ്ഞത്. കുറച്ച് നേരം ഞാൻ അനൂന്റെ കണ്ണിൽ നോക്കി മതിമറന്നങ്ങനെ നിന്നു. അവളുടെ കൈ തണ്ടയിലെ എന്റെ പിടുത്തം മുറുകിയപ്പോ അനു പതിയെ എന്നെ വിളിച്ചു : “ആദി, ബസ് വരുന്ന സമയമാവുണു” അവളുടെ വിളി കേട്ടാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. അതോടെ ഞാൻ ചേർത്ത് പിടിച്ചിരുന്ന അനൂന്റെ കൈ വിട്ടിട്ട് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാൻ വേഗം ചെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്റർ ഒന്ന് റെയ്സ് ചെയ്ത് പിടിച്ചിട്ട്: ” അനു ചേച്ചി മുന്നിൽ പൊയ്ക്കോ ഞാൻ തൊട്ട് പിറകെ കൂടെ തന്നെയുണ്ടെ” ഞാൻ പറഞ്ഞത് കേട്ടതോടെ അവൾ എന്നെ നോക്കി പുഞ്ചിരിച്ചിട്ട് സ്ക്കൂട്ടറുമായി മുന്നിൽ പോയി. അവളുടെ തൊട്ട് പിറകെ ബൈക്കിലായി ഞാനും പോയി. പാർക്കിംഗ് ഏരിയയുടെ മുന്നിൽ എത്തിയപ്പോൾ അനു സ്ക്കൂട്ടർ നിർത്തി പരിഭ്രമം കലർന്ന മുഖത്തോടെ എന്നെ വീണ്ടും നോക്കി. ഞാൻ ചെറുതായി ചിരിച്ചിട്ട് അവളോട് കയറിക്കോ ഞാൻ കൂടെ തന്നെയുണ്ടന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. അനു സ്കൂട്ടറുമായി പാർക്കിംഗ് ഏരിയയിലേയ്ക്ക് കയറി. ഞാൻ ബൈക്ക് അവിടെ ഒതുക്കി വച്ചിട്ട് വേഗത്തിൽ പാർക്കിംഗിലേയ്ക്ക് നടന്നു. പെട്ടെന്നാണ് എന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. ഞാൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഡിസ്പ്ലേയിലേയ്ക്ക് നോക്കി നിയാസാണ് വിളിക്കുന്നത്. നിയാസ്: എടാ നിങ്ങളിതുവരെ എത്തിയില്ലേ? ഞങ്ങള് വന്നിട്ട് പത്ത് മിനിറ്റായിട്ടോ. “ഞാൻ പാർക്കിംഗ് ഏരിയയുടെ മുന്നിലുണ്ട്. അനു സ്കൂട്ടറ് വയ്ക്കാൻ അകത്തേയ്ക്ക് കയറിയിട്ടുണ്ട്, ഞാൻ ബൈക്കിവിടെ സൈഡിൽ വച്ചിട്ട് പിറകെ നടക്കുമ്പോഴാ നിന്റെ കോൾ വന്നത്.” നിയാസ്: അനു അകത്തേയ്ക്ക് സ്കൂട്ടറുമായി വന്നെന്ന് പറഞ്ഞിട്ട് ഞങ്ങള് കണ്ടില്ലാലോ. “കണ്ടില്ലാന്നോ?… ഇപ്പോ നിങ്ങളെവിടെയാ നിൽക്കുന്നെ?” നിയാസ്: ഞങ്ങള് പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗിൽ “എന്റെളിയാ അവിടെയല്ലാ KSRTC ബസ് സ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിലെ പാർക്കിംഗിലോട്ട് വേഗം വാ….” ഞാൻ ഫോണിൽ സംസാരിച്ചു കൊണ്ട് പാർക്കിംഗിലോട്ട് നടന്നു. അവിടെ പണി തീരാതെ കാട് കേറി കിടക്കുന്ന ബിൽഡിംഗിനടുത്തായി കുറേ ബൈക്കുകൾ പാർക്ക് ചെയ്തിട്ടുണ്ട്. കൈയ്യിലെ വാച്ചിലേയ്ക്കൊന്നു പാളി നോക്കിയപ്പോ സമയം 8.30 കഴിഞ്ഞു. അവിടെയുള്ള മറ്റു കടകളൊന്നും തന്നെ തുറന്നിട്ടില്ല ഞാൻ കുറച്ച് മുന്നിലോട്ട് നടന്നപ്പോൾ കുറച്ചകലേ നിന്ന് കണ്ടത് ജീൻസും പാന്റും ധരിച്ച് നിൽക്കുന്ന ഒരുത്തനോട് അനു കൈ ചൂണ്ടി കയർത്ത് സംസാരിക്കുന്നതാണ്
