അജ്മലിനെ ഏഴാം ക്ലാസിൽ വെച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. പല ക്ലാസുകളിലായി രണ്ടോ മൂന്നോ കൊല്ലം തോറ്റാണ് അജ്മൽ ഏഴാം ക്ലാസ് വരെയെത്തിയത്. മൂന്നാം ക്ലാസിൽ ഒരു കൊല്ലം. ഏഴിൽ രണ്ട് കൊല്ലം. പ്രായത്തിൽ മുതിർന്നവനായത് കൊണ്ട് കായികാധ്യാപകൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥി. കായിക മേളക്കും അങ്ങനെയുള്ള പല സന്ദർഭങ്ങളിലും എന്നും മുൻപന്തിയിലുണ്ടായിരുന്നവൻ. അന്നൊരു ദിവസം സുരേന്ദ്രൻ മാഷ് കുട്ടികളെ പല ബെഞ്ചുകളിലേക്കായി സ്ഥാനം മാറ്റിയപ്പോൾ ഞാൻ ഒന്നാമത്തെ ബെഞ്ചിൽ നിന്നും നാലാമത്തെ ബെഞ്ചിലെത്തി. അങ്ങനെ ആ സുദീർഘമായ സൗഹൃദത്തിന് ആരംഭമായി. വീണ്ടും ഒൻപതാം ക്ലാസിൽ തോറ്റപ്പോൾ അജ്മൽ പഠനം നിർത്തി കബനിയിൽ മണൽ വാരാൻ പോയി. പിന്നെ ഒരു പഴയ ഗുഡ്സ് ഓട്ടോ വാങ്ങി അതിലായിരുന്നു കറക്കം. കുറേക്കാലം കഴിഞ്ഞ് ടിപ്പറായി. അജ്മൽ വളർന്നു കൊണ്ടേയിരുന്നു. ഇപ്പോഴിതാ ഒരു പിതാവാകാൻ പോകുന്നു.
“പോക്സോ കേസില് ജയിലിൽ പോയവനാ….”
“അതാണോ രേണുവിൻ്റെ പ്രശ്നം? ആ പെണ്ണാ ഇപ്പോ അവൻ്റെ ഭാര്യയായി മീനങ്ങാടീലുള്ളത്. ആ പോങ്ങൻ ടിക് ടോക്കില് വീഡിയോ ചെയ്ത് അത് കണ്ട് കൂട്ടായ ഒരുത്തിയെ പ്രേമിച്ച് വിളിച്ചിറക്കി കൊണ്ട് വന്നു. അവര് റിച്ച് ടീമായത് കൊണ്ട് കേസു കൊടുത്തു. അത്രല്ലേ ഉള്ളൂ? വർഗീസ് ചേട്ടനൊക്കെ ഇടപെട്ട് അത് അന്നന്നെ തീരുമാനാക്കിയതല്ലേ”?
“എന്നാലും ആ പെണ്ണ് എന്ത് കണ്ടിട്ടാ”?
“ഇറ്റ് ഡിപ്പെൻഡ്സ്. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. അത് പാരൻ്റ്സിൻ്റെ പ്രശ്നാ രേണൂ. അവര് വളർത്തിയ രീതി ശരിയായില്ല. ഇവൾക്ക് അങ്ങനെ വലിയ സ്നേഹം ഒന്നും കിട്ടീട്ടില്ല. മേ ബി വല്ല ഫാദർ വൗണ്ടോ മദർ വൗണ്ടോ വേറെന്തേലും വൗണ്ടോ ഒക്കെണ്ടാവും. അജ്മല് ആ മുറിവുണക്കി. അതോണ്ട് അവൻ്റെ ഒപ്പം പോയി. ആരാ ശരിയെന്നറിയാൻ അവളെ മനസ്സറിയണം. അവളെ ഉപ്പ… ഹി ഈസ് സോ പെരിഫറൽ. സോ ഫാദർ വൗണ്ട് ഉണ്ടാവില്ല. യൂ കാൻ്റ് ഹാവ് എ വൗണ്ട് ഫ്രം സംതിങ് ദാറ്റ് വാസ് നെവർ ദേർ ഇൻ യുവർ മെൻ്റൽ ലാൻ്റ് സ്കേപ്പ്. അത് അവളുടെ ഉപ്പക്കൊരിക്കലും മനസ്സിലാവില്ല. ചിലപ്പോ ചാകുമ്പോ അറിയുമായിരിക്കും. അതെന്തായാലും നമ്മളെ ബാധിക്കുന്ന പ്രശ്നല്ലല്ലോ”
“അവനൊമ്പതാം ക്ലാസില് പഠിത്തം നിർത്തിയതല്ലേ?മുറിവൊണക്കാനാണേലും പഠിച്ച ആരേം കിട്ടീലെയാണാവോ”
“എന്നിട്ടെന്തിനാ? അവരായി.. അവരുടെ പാടായി. ആയിഷയുടെ കാര്യം ഇപ്പോ എന്താ? അന്ന് ഒളിച്ചോടുമ്പോ ജസ്റ്റ് പ്ലസ് ടു ആയിട്ടേണ്ടേന്നുള്ളൂ. സയൻസ്ന്ന് ഹ്യുമാനിറ്റീസിലേക്ക് മാറി മുടങ്ങിയപ്പോയ പ്ലസ് ടു ബത്തേരീന്നാ എഴുതിയെടുത്തത്. അവനല്ലേ അവളെ പഠിപ്പിച്ചത്. ഇപ്പോ ഇഗ്നോന്ന് ഡിഗ്രി ചെയ്യുന്നുണ്ട്. അപ്പഴാ പ്രഗ്നൻ്റായത്. പിന്നെ അവൻ്റെ വിദ്യാഭ്യാസം ആണേല്… ആറോ ഏഴോ ടൈപ്പ് ഇൻ്റലിജെൻസില്ലേ രേണൂ? അവന് അക്കാദമിക് ഇൻ്റലിജൻസില്ല. അതിപ്പോ ഒരു കുറവാണോ? പക്ഷേ ആ പെണ്ണുണ്ടല്ലോ രേണൂ…. അവളവൻ്റെ ഭാഗ്യാണ്. അന്ന് പ്രശ്നണ്ടായപ്പോ അവളെ ഉമ്മ പ്രാകീട്ടാ പോയത്. വീട്ടില് രാജകുമാരിയെ പോലെ ജീവിച്ചതല്ലേ… പണീം തൊരോന്നൂല്ലാത്തോൻ്റൊപ്പം പോയി നരകിച്ച് നട്ടം തിരിയൂന്ന്. ഇപ്പോ അജ്മലിൻ്റെ വീടും സെറ്റപ്പും ഒക്കെ ഒന്ന് കാണണം…. നമ്മക്ക് രണ്ടാൾക്കും കൂടെ ഒരു ദിവസം അവിടെ പോണം. അവളിപ്പോ പ്രെഗ്നൻ്റാ. അഞ്ച് മാസം. വീട്ടുകാര് തിരിഞ്ഞു നോക്കാത്തോണ്ട് പ്രസവം ഒക്കെ അവടെ തന്നെയാവും. എന്താന്നറിയില്ല… എനിക്കവളെ ഇന്ന് കണ്ടപ്പോ എന്തോ വല്ലാതിഷ്ടായി”
രേണുവിൻ്റെ കണ്ണുകൾ വിടർന്നു. പതുക്കെ നടന്ന് രേണു എൻ്റെ അടുത്ത് വന്ന് ഇരുന്നു.
“അങ്ങനെത്തെ ഇഷ്ടം അല്ല രേണൂ. അഡ്മിറേഷൻ. ആയിഷ തസ്നീം. എന്താല്ലേ പേര്. അവളിപ്പം രാജകുമാരിയല്ല. രാജ്ഞിയാണ്. സ്വയം രാജ്ഞിയാവണെങ്കില് ഭർത്താവ് ആദ്യം രാജാവാകണന്നുള്ള ബോധണ്ടേന്നു പെണ്ണിന്. വെറുതെ ടിപ്പറോടിച്ച് നടന്ന അജ്മല് ഇപ്പോ കാണുന്ന നിലേലെത്തീത് അവളൊരുത്തി ഉള്ളതോണ്ടാ. അങ്ങനെത്തെ ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം. ഓരോരുത്തരുടെ ഭാഗ്യം. അല്ലാതെന്താ”
