മണ്ണാങ്കട്ടയും കരിയിലയും – 2 2

 

“ലെയ്ലാൻ്റാടാ. അൻ്റെ ഫേവറിറ്റ്. ഓരതെറക്കീട്ടൊന്ന് പോയാലോ”?

 

“പിന്നെപ്പഴേലും പോവാം. ഇപ്പോ സമയല്ലാത്തോണ്ടാ. ഞാനാ ശിൽപ്പം കൊണ്ടോവാൻ വന്നതാ. നേരത്തെ പോണം. ചെന്നിട്ട് പണീണ്ട്”

 

“ന്നാ ഞാനും വരാം. അല്ലെങ്കി ഒരാളേം കൂടി വിളിച്ചളാ. മരല്ലേ”

 

“എന്തിന്? അത്രക്ക് കനം ഒന്നൂല്ല. ഞാനത് പലകകളാക്കിയാണ്ടാക്കിയത്. വെക്കുമ്പോ ഒന്നിച്ച് കൂട്ടിച്ചേർത്താ മതി”

 

കൂട്ടിയിട്ട കൊട്ടത്തേങ്ങ ഒരു മൂലയിലേക്ക് മാറ്റി എല്ലുപൊടി നിറച്ച ചാക്കുകൾ മുറ്റത്തെ പോർച്ചിൽ ഫാമിലെ പണിക്കാർ അടുക്കി വെച്ചു കൊണ്ടിരുന്നു. ഞാനും അജ്മലും ശിൽപ്പമെടുക്കാനായി വീട്ടിലേക്ക് തിരിച്ചു.

 

പ്ലാവിൻ്റെ കാതലിൽ കൊത്തിയെടുത്ത ഒരു കുടുംബ ചിത്രം. അജ്മൽ ആ പലകകൾ വണ്ടിയിൽ എടുത്തു വെക്കാൻ സഹായിച്ചു.

 

“ഫാമിലി ഫോട്ടോ ഒക്കെ ആവുമ്പോ സാധാരണ പെയിൻ്റിങ്ങാ പതിവ്. ഇത് അയാളിങ്ങനെ പറഞ്ഞോണ്ടാ”

 

“എന്തായാലും സംഭവം വറൈറ്റി ആയീണ്ട്”

 

കൂടുതലൊന്നിനും സമയമില്ല. വൈദ്യരെ കാണണം. ഈ ശിൽപ്പം ഞാൻ തന്നെ പറ്റിയ ഒരിടത്ത് ഫ്രെയിം ചെയ്യേണ്ടി വരും. അപ്പോൾ അതും കഴിഞ്ഞിട്ട് വേണം രേണുവിൻ്റെ കാർ എടുക്കാൻ. മടങ്ങാൻ ഞാൻ തിടുക്കം കൂട്ടുന്നത് കണ്ടിട്ടും അജ്മലിന് യാതൊരു ഭാവവ്യത്യാസവുമില്ല.

 

“മീനങ്ങാടീക്കൂടെല്ലേ പോണതും വരണതും ? ഇന്നിട്ടിന്ന് വരെ ഇയ്യ് പെരേല് കേറീട്ട്ണ്ടോ”?

 

“അത് രാത്രി ആവുമ്പോ… ”

 

“ഇപ്പോ പകലല്ലേ? ഇന്നിയ്യവടെ കേറീട്ട് പോയാ മതി”

 

എൻ്റെ കാലിലെ കെട്ട് കണ്ട് അജ്മൽ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്നു. താഴെ മൂന്ന് പെഡലുകൾ. അജ്മൽ എൻ്റെ മുഖത്തേക്ക് നോക്കി.

 

“ഈ സാധനം ഓട്ടോമാറ്റിക് ഇല്ലേ”?

 

“അതൊരു സുഖം പോരാന്ന് തോന്നി. ഓഫ് റോഡിന് നല്ലത് മാനുവലല്ലേ”?

 

“കാല് കണ്ടപ്പോ കരുതി ഓട്ടോമാറ്റിക്കാന്ന്”

 

“അതിപ്പോ അച്ഛച്ഛൻ്റെ ജീപ്പില് ഒരു കൈയ്യോണ്ട് സ്റ്റിയറിങ് തിരിച്ച് ഗിയറ് മാറ്റി ഓടിച്ച് പഠിച്ചതാ. അപ്പോ ഈ പെഡല് ചവിട്ടി താഴ്ത്താൻ ഒരു കാല് പോരേ”?

 

“മറ്റേ കയ്യിനെന്തേ”?

 

“ഒന്നൂല്ല. വെറുതെ ഇങ്ങനെ സീറ്റിൻ്റെ മോളില് വെച്ച് രാജകീയമായി ഇരിക്കാലോ”

 

അജ്മൽ വണ്ടി സ്റ്റാർട്ടാക്കി. ഞാൻ വാതിൽ പൂട്ടി പലകകൾ എല്ലാം ഭദ്രമായി കെട്ടി വെച്ചിട്ടുണ്ടെന്ന് ഒന്നു കൂടി ഉറപ്പു വരുത്തി സെക്കൻ്റ് റോ സീറ്റിലേക്ക് കയറി കാൽ നീട്ടി വെച്ച് കിടന്നു.

 

“ഇരിക്കാനും കൂടെ വയ്യ. ന്നിട്ടാ വണ്ടീം കൊണ്ട് പോന്നത്”

 

“അതിപ്പോ ഒരത്യാവശ്യായി പോയില്ലേ. ഞാനിനി നേരെ അങ്ങനെ പോവും. നീ ഇനീങ്ങട്ട് തിരിച്ച് വരാനോ”?

 

“അതാപ്പോ വല്യ കാര്യം? ബൈക്കില്ലേ? അല്ലേ ആരേലും വിളിച്ചാ പോരേ? അല്ലെങ്കി ഇന്നിഞ്ഞിങ്ങട്ട് വരന്ന വാണ്ടാ”

 

മീനങ്ങാടി ലക്ഷ്യമാക്കി വണ്ടി ഉരുണ്ടു തുടങ്ങി.

 

“ഞാൻ ചോദിക്കണന്ന് വിചാരിച്ചിട്ട് കുറച്ചായി. എന്തേ മീനങ്ങാടീല്”?

“നാട്ടാര്. ഇവടള്ളോർക്കൊക്കെന്നെ അറിയും. അതോണ്ട്”

 

അവൻ മീനങ്ങാടിയിൽ വീട് വെക്കാനുണ്ടായ സാഹചര്യം സുദീർഘമായി വിവരിച്ചു. ബിസിനസും മറ്റു പരിപാടികളുമെല്ലാം യാത്രയിൽ സംസാര വിഷയമായി.

 

ഒരു വലിയ രണ്ട് നില വീടിൻ്റെ മുൻപിൽ ഞങ്ങളെത്തി. ആ വീടിനേക്കാൾ എന്നെ അമ്പരപ്പിച്ചത് അതിനടുത്തുള്ള വീടായിരുന്നു. കാർത്തിക മനസ്സിൽ ഒരു നോവായി മാറി. ഞാൻ അയലത്തെ വീടും നോക്കി സിറ്റൗട്ടിൽ ഒരു നിമിഷം നിന്നു.

 

“ന്നാലും ഇങ്ങള് നല്ല കൂട്ടേന്നില്ലേ? എന്തേണ്ടായേ”?

 

“അങ്ങനെ പറയാൻ മാത്രം ഒന്നൂല്ല. പ്ലസ്ടു കഴിഞ്ഞു. അവളിങ്ങോട്ട് പോന്നു. ബന്ധൊന്നൂല്ലാതെ ആയി. ഇടക്ക് ഒന്നോ രണ്ടോ പ്രാവശ്യം കണ്ടൂന്നൊഴിച്ചാൽ ഇപ്പോ രണ്ട് കൊല്ലായില്ലേ ശരിക്കും കണ്ടിട്ടും മിണ്ടീട്ടും ഒക്കെ. അതാ”

 

താഴെ നിന്നുള്ള ശബ്ദം കേട്ടിട്ടാവണം ആയിഷ പടികളിറങ്ങി വന്നു. ഗർഭിണിയാണ്. കിടക്കുകയായിരുന്നു എന്ന് തോന്നി. ഉമ്മയെ അവിടെ എങ്ങും കണ്ടില്ല. അവൾ നാരങ്ങ പിഴിഞ്ഞൊഴിച്ച് പെട്ടെന്ന് ഒരു വെള്ളമുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *