“കൂട്ടുകാരിയൊക്കെണ്ട്. നീഹാരികാ മാത്തൻ. പക്ഷേ… എനിക്ക് മനസ്സിലാവത്തത് അതല്ല. എങ്ങനെയാ ഈ മാഞ്ഞ് പോണത്? അങ്ങനെ മായ്ച്ച് കളയാൻ പറ്റുന്ന ഒരാളാണോ അമ്മൂ നീ? ഒന്നോർത്ത് നോക്കേ…. നീ ശരിക്കും എവിടെയാന്നറിയോ?….എൻ്റെ മനസ്സില്? ഞാനിങ്ങനെ കണ്ണടക്കുമ്പോ എന്താ കാണുന്നതൂന്നറിയോ? ഒരു ആർച്ച്. സ്റ്റോൺ ആർച്ച്. ഉള്ളിലേക്ക് കല്ല് പതിച്ച ഒരു വഴി. പച്ചപ്പുല്ലും ചെടികളും പൂമരങ്ങളും. അല്ലെങ്കില് വേണ്ട. തിങ്ക് ആൻ ഓർച്ചേഡ്. അതിൻ്റെ നടൂക്കൂടെ കല്ല് പതിച്ച വഴി. ആ വഴിയിലൂടെ ഇങ്ങനെ നടക്കുമ്പോ മുന്നില് ഒരു ചെറിയ കുളം. കുളത്തിൻ്റെ കരയില് മരം കൊണ്ടുള്ള ഒരു തട്ട്. അതിൽ ഒരു ഗോൾഡൻ ലാംപ്. ലാംപില് വെളുത്ത സ്റ്റെഡി ആയിട്ടുള്ള ഫ്ലെയിം. ദ ഫ്ലെയിം ഓഫ് മൈ കോർ സെൽഫ് ആൻഡ് ദ റിഫ്ലക്റ്റീവ് വാട്ടർ ഓഫ് മൈ സബ് കോൺഷ്യസ് ആർ ബോത്ത് ദേർ. അവിടെ ആ കുളത്തിൻ്റെ വക്കത്ത് ഗോൾഡൻ ലാംപിൻ്റെ അടുത്ത് നീ കുളത്തിലേക്കും നോക്കി ഇരിക്കുമ്പോ ഞാനങ്ങനെ നടന്ന് വന്ന് നിൻ്റെ അടുത്തിരിക്കും. യൂ ആർ ദേർ. യൂ ആർ ഇൻ ദി സെൻ്റർ ഓഫ് മൈ ഇന്നർ വേൾഡ്. അപ്പോ പിന്നെ എങ്ങനെയാ ഞാൻ മറക്കണത്”?
“ഐ തോട്ട് യൂ മേ ഹാവ് ഫൊർഗോട്ടൺ മി..”
“ആൻഡ് ഐ തോട്ട് യൂ മേ ഹാവ് ഫോർഗോട്ടൺ മി”
“ക്ലാസിക് കേസ് ഓഫ് മിസ് കമ്മ്യൂണിക്കേഷൻ”
കാർത്തിക ചിരിച്ചു. ഞാനും.
“കണ്ണാ…. ഇവിടെ അടുത്തേ ഒരു ചിറയുണ്ട്. അതിൻ്റെ അപ്പറത്ത് ഒരു കുന്നും. സ്വിറ്റ്സർലൻഡിലേം മൂന്നാറിലേം ഒക്കെ പോലെയാ. ഇപ്പോ വേനൽക്കാലായോണ്ട് മൊട്ടക്കുന്നാവും. ഓണത്തിൻ്റെ സമയത്തൊക്കെ നല്ല പച്ചപ്പാ. ഏതോ പാട്ടൊക്കെ ഷൂട്ട് ചെയ്തിണ്ടവടെ. കുറച്ച് നേരം അവിടെ പോയി ഇരുന്നാലോ? ആ ചിറണ്ടല്ലോ.. ഈ തേരേറ്റണതും പൂജ ചെയ്യണതും ഒക്കെ കൊണ്ടോയി ഒഴുക്കൂലേ…. അങ്ങനെത്തെ സ്ഥലാണ്. അവിടന്നുള്ള ഒരു ടീച്ചറ് അമ്മേനോട് പറഞ്ഞത് കേട്ടതാ. അപ്പോ അവടെ ആൾക്കാരൊന്നൂണ്ടാവൂല്ല. ഒറ്റക്കിരിക്കാൻ നല്ലതാ”
“വല്ല ഗന്ധർവ്വനും കണ്ട് ഇഷ്ടപ്പെട്ട് നിൻ്റെ ഒപ്പം കൂടിയാലോ”?
“അപ്പോ പിന്നെ നീയെന്തിനാ കണ്ണാ? ബിസൈഡ്സ്… ഐ നോ യൂ നോ”
അവളുടെ ആ സംസാരം കേട്ടപ്പോൾ ചിരിയാണ് വന്നത്.
“എന്താ” ?
“അങ്ങനത്തെ സ്ഥലങ്ങള്. നിനക്കങ്ങനത്തെ പ്ലേസസൊക്കെ ഇഷ്ടാന്നെനിക്കറിയില്ലേന്നു”
“ഞാൻ പോവലൊന്നൂല്ല. എനിക്ക് പേടിയാ. പ്രേതം ഇല്ലേലും വെറെന്തേലും ഒക്കെണ്ടാവും. ഇത് നിനക്ക് അങ്ങനത്തെ സ്ഥലങ്ങളൊക്കെ ഇഷ്ടായതോണ്ടാ. ഒറ്റക്കാണേല് ഞാൻ പോവൂല. ഇപ്പോ ഒപ്പം ആളുണ്ടല്ലോ”
ചിറയിലേക്ക് തിരിയുന്ന മുക്കവലയിൽ ഒരാൾ ഐസ് ക്രീം വിൽക്കുന്നുണ്ടായിരുന്നു. കാർത്തികയുടെ മനസ്സ് വായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഐസ് ക്രീം ഞാൻ വാങ്ങി. ചിറയിൽ കുട്ടികൾ ചാടി തിമിർക്കുന്നു. വേനൽക്കാലമായത് കൊണ്ട് മണൽ ചാക്കുകൾ അടുക്കി വെച്ച് തടയണയുണ്ടാക്കി കെട്ടി നിർത്തിയ വെള്ളത്തിലാണ് അവരുടെ നീരാട്ട്. ഭൂതപ്രേതാദികളുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന ഒന്നും ആ പരിസരത്തെങ്ങും ഇല്ലായിരുന്നു. കാർത്തിക പറഞ്ഞതനുസരിച്ച് ഒഴിഞ്ഞ ഒരു സ്ഥലമാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ ചിറക്ക് ചുറ്റും ഒരുപാട് വീടുകളുണ്ട്. പലതും ഈ അടുത്ത കാലത്ത് ഉണ്ടാക്കി താമസം തുടങ്ങിയതാണ് എന്ന് കണ്ടാൽ തന്നെ മനസ്സിലാവും. സ്ഥിരമായി ആളുകൾ ഉപയോഗിക്കുന്ന ചിറയായത് കൊണ്ട് അത് പോലെയുള്ള സാധനങ്ങൾ ഒഴുക്കാൻ വരുന്ന ആളുകളെയും അവിടെ ഉള്ള മൂർത്തികളേയും ചിലപ്പോൾ നാട്ടുകാർ ഓടിച്ച് വിട്ടതുമായിരിക്കാം. അൽപ്പദൂരം കൂടി സഞ്ചരിച്ച് കുന്നിൻ്റെ മുകളിൽ ഒഴിഞ്ഞ ഒരു സ്ഥലത്ത് ഞാൻ വണ്ടി നിർത്തി. ഇരിക്കാൻ പറ്റിയ സ്ഥലമൊന്നുമില്ല. വണ്ടിയുടെ ബെഡിൽ കയറി ഞാൻ കാലു നീട്ടിയിരുന്നു.
“വാ… ഇവിടെരിക്കാം ”
” ആ പലക… ”
“അതൊരു സൈഡിലല്ലേ”?
ഞാൻ കാർത്തികയെ കൈ പിടിച്ച് കയറ്റി ഇരുത്തി. തണുത്ത ഐസ്ക്രീമിൻ്റെ സ്നിഗ്ദ്ധത ഊഷ്മളമായ ചില ഓർമ്മകളെ തഴുകി ഉണർത്തി. സംസ്കൃതം കലോത്സവം. എല്ലാ വർഷവും ആവർത്തിക്കുന്ന നാല് ദിനങ്ങൾ…. തലേ ദിവസത്തെ ഒരുക്കം…. ഏഴു മണിക്കു മുൻപേ സ്കൂളിലെത്താൻ അച്ഛച്ഛനോടൊപ്പം അതിരാവിലെയുള്ള യാത്ര…. കനത്ത മഞ്ഞിൻ്റെ മൂടുപടം അണിഞ്ഞ് നിൽക്കുന്ന പ്രകൃതി…. വഴിയിലെ ആനക്കൂട്ടം…. ഓർമ്മകൾക്ക് ജീവൻ വെക്കുന്നു. ഇന്നിവിടെ കാർത്തികയോടൊപ്പം ഇരിക്കുമ്പോൾ ഒരേയൊരു തവണ കൂടി ആ പഴയ കുട്ടി ആവാൻ മോഹം തോന്നി. ഒന്നിനും വേണ്ടിയല്ല. വെറുതെ. ഞാൻ വീണ്ടും വീണ്ടും ജീവിക്കാൻ കൊതിക്കുന്ന ദിനങ്ങളുടെ സ്മരണികകൾ ആനകളായി മുളങ്കാടുകളിൽ വിഹരിച്ചു നടന്നു. കണ്ണാടി കൊട്ടാരവും പാരിജാതം പൂക്കുന്ന ആരാമങ്ങളുമുള്ള ആ പരിശുദ്ധമായ ഭൂമികയിലൂടെയുള്ള തീർത്ഥാടനം ഒരേ സമയം മനസ്സിന് വിങ്ങലും സാന്ത്വനവുമായി മാറി.
