അജ്മലിൻ്റെ മുഖം വലിഞ്ഞു മുറുകി. അവൻ ആയിഷയെ ദേഷ്യവും നിരാശയും കലർന്ന ഒരു നോട്ടം നോക്കി.
“ന്നിട്ടെന്തേ? ഓരന്നോടെന്തേലും പറഞ്ഞോ”?
“ഇല്ലെടാ. അങ്ങനെത്തെ ഒരു ഇൻസിഡൻ്റേ നടന്നിട്ടില്ലാത്ത പോലേന്നു അവരുടെ പെരുമാറ്റം. ഒരു മകനും കൂടെണ്ടല്ലോ. ആ പാവത്തിൻ്റെ കാര്യോർത്ത് എനിക്കപ്പോ സങ്കടാ തോന്നിയത്. ഉപ്പേം ഉമ്മേം ഹൈപ്പർ കൺട്രോളിങ്ങാല്ലേ? അങ്ങനെ പറഞ്ഞാ മനസ്സിലാവ്ണ്ടാവില്ല. ഇപ്പോ എങ്ങനെയാ പറയാ… കൂട്ടിലടച്ച കിളിയെ പോലെയല്ലേ വളർത്തിയത്”?
“അതനക്കറിയൂലേ കണ്ണാ? നിക്കാഹ് കഴിഞ്ഞ് ഇക്കാൻ്റൊപ്പം ജീവിച്ച് തൊടങ്ങീട്ടാ ഞാങ്ങനെ….”
“അതെനിക്കറിയാലോ. കളിച്ച് ചിരിച്ച് നടക്കാൻ തുടങ്ങിയതല്ലേ? ഞാനുണ്ടായിരുന്നല്ലോ കൂടെ. ഒഫ് കോഴ്സ് ഐ നോ എവരിതിങ്. എനിക്കെല്ലാം അറിയാം. അതോണ്ടാ പറഞ്ഞത്. ആവശ്യല്ലാത്തതോർത്ത് സങ്കടപ്പെടണ്ട. ആ വീട്ടീന്ന് പുറത്ത് വന്നപ്പോ എന്താ തോന്നിയത്? നല്ല സമാധാനല്ലേ തോന്നിയത്? ചില ആൾക്കാര് ജീവിതത്ത്ന്ന് പോയി കിട്ടുമ്പോ സമാധാനാണ് തോന്നുന്നെങ്കില് എന്താ മനസ്സിലാക്കേണ്ടത്? അപ്പോ ഉപ്പയേം ഉമ്മയേം ഓർത്ത് വെറുതെ വിഷമിക്കണ്ട”
“ഓൾക്കാ ചിന്തന്നല്ല. അന്നെ കാണാഞ്ഞിട്ടേന്നു എടങ്ങേറ്. പിന്നെ ഇയ്യോൾക്ക് കൊടുത്ത ആ രണ്ട് ലക്ഷോണ്ടല്ലോ”
അജ്മൽ ഭാര്യയെ പിന്താങ്ങി. ഞാൻ പിന്നീടൊരിക്കലും വരാഞ്ഞതിലുള്ള പരിഭവമായിരുന്നു ആയിഷക്ക്. അജ്മൽ വീട്ടിലേക്ക് നിർബന്ധിച്ച് ക്ഷണിച്ചതിൻ്റെ കാരണം എനിക്ക് മനസ്സിലായി. ആയിഷയുടെ മുഖത്തൊരു ചെറു മന്ദഹാസം വിരിഞ്ഞു. അവൾക്ക് ഇവിടെ ജീവിക്കുന്നത് തന്നെയാണ് കൂടുതൽ ഇഷ്ടം. അജ്മലിൻ്റെ ഒപ്പമാണ് ഞാനവളെ ഏറ്റവും സന്തോഷവതിയായി കണ്ടിട്ടുള്ളത്.
“അതെന്തിനാ ഇവിടെ പറയണത്? അത് വെഡ്ഡിങ് ഗിഫ്റ്റല്ലേ? പറയാനാണേല് വണ്ടീലുള്ള ആ പലക കൂട്ടി ചേർത്താല് ഇപ്പോ എട്ട് ലക്ഷം കിട്ടും. അത് പോലെയേ ഉള്ളൂ അതും”
“എടീ… ഇയ്യിത് കേട്ടോ? വെഡ്ഡിങ് ഗിഫ്റ്റായി കൂട്ട്യാ മതീന്ന്. ഓനത് വാണ്ട”
അജ്മൽ എഴുന്നേറ്റ് ആയിഷയുടെ അടുത്ത് വന്നിരുന്നു.
“അങ്ങനെ ഞാനെപ്പളാ പറഞ്ഞത്? എനിക്കത് കിട്ടീട്ട് അത്യാവശ്യൊന്നൂല്ല. അല്ലെങ്കില്… അതിന് പകരം എനിക്ക് വേറെന്തേലും മതി”
“വേറെന്താ”?
“എനിക്ക് നിങ്ങളെ മതി”
“അതിയ്യ് പറഞ്ഞിട്ട് വേണോ”?
“അങ്ങനെയല്ല. ഞാനിപ്പോ ചെറുതല്ലേ? കുറേക്കാലം ജീവിച്ചിരിക്ക്ണ്ടാവല്ലോ. എന്തെങ്കിലും എന്നെങ്കിലും ഉണ്ടാവുമ്പോ നിങ്ങളുണ്ടായാ മതി”
“ഇക്കാ… നോക്കീക്കാതെ ഓൻ്റെ മോന്തെക്കൊന്ന് കൊടുക്കീ. പറയണതെന്താന്ന്ള്ള ബോധല്ല ഓന്. ഓരോന്ന് പറഞ്ഞിട്ടെന്തേലും പറ്റ്യാലോ”
അജ്മൽ കളിയായി കൈകൾ കൂട്ടി തിരുമ്മി എഴുന്നേറ്റു. ഞാൻ കവിളുകൾ രണ്ടും പൊത്തിപ്പിടിച്ചു.
“അവടെരിക്കെടാ… എന്ത് വർത്താനാ കണ്ണാദ്? അനക്കും കൂടെ ദുആ ചൊല്ലണോരാ ഞങ്ങള്”
അത്രയും സമയം എല്ലാം കേട്ടിരുന്ന ഉമ്മ ദേഷ്യപ്പെട്ടു. ഉമ്മയെ അത് വേദനിപ്പിക്കുമെന്ന് ഞാൻ ചിന്തിച്ചില്ല. ആ ഒരു ഉദ്ദേശത്തിലല്ല ഞാൻ പറഞ്ഞതും. ജുമൈലത്തും കാർത്തികയുമായിരുന്നു എൻ്റെ മനസ്സിൽ. ആയിഷക്ക് അത് മനസ്സിലായി എന്ന് തോന്നുന്നു. അവളുടെ ഭാവത്തിലും നോട്ടത്തിലുമെല്ലാം ഒരു പ്രത്യേക സ്നേഹമുള്ളത് പോലെ.
“എന്താ”?
“അതെന്നേക്കും ചോദിക്കാള്ളേ. എന്താ ഒരു ചിരിയൊക്കെ? ഇഞ്ഞിപ്പോ അനക്കിങ്ങട്ട് വരാനൊരു കാരണായീലേ? ഇല്ലേ കണ്ണാ”?
“ആരുണ്ടായീട്ടും ഒന്നൂല്ല. ഓൻ വരൂല്ല. അതെന്താടാ അങ്ങനെ”?
അജ്മൽ. സാമദ്രോഹി. വീണു കിട്ടിയ അവസരം ഭാര്യയും ഭർത്താവും നന്നായി ഉപയോഗിക്കുന്നത് കണ്ട് തൽക്കാലം മിണ്ടാതിരിക്കുകയല്ലാതെ മറ്റ് വഴിയൊന്നുമില്ല.
പതിവ് കുശലാന്വേഷങ്ങളും കളിചിരി തമാശകളുമായി സമയം പോയതറിഞ്ഞില്ല. മൂന്നരയായപ്പോഴാണ് എനിക്ക് സമയം വൈകിയിരിക്കുന്നു എന്ന ബോധം വന്നത്.
