മണ്ണാങ്കട്ടയും കരിയിലയും – 2 2

 

“ഓനോരോ തെരക്കല്ലേ ഉമ്മാ… ല്ലേ കണ്ണാ”?

 

ആയിഷ ഉമ്മയുടെ അടുത്ത് വന്നിരുന്നു. അവരുടെ നിക്കാഹിന് കൂട്ടു നിന്ന എന്നെ ചത്താലും മറക്കില്ലെന്ന് പറഞ്ഞവളാണ് ഇപ്പോൾ ഗർഭിണിയായി അടുത്തിരിക്കുന്നത്.

 

“അതിനിപ്പോ ഞാനെന്താ പറയാ… അങ്ങനെ ഒക്കെ ആയി. അല്ലാതെന്താ. ഇന്നാണെങ്കില് അജ്മല് നിർബന്ധിച്ചപ്പോ പിന്നെ ഒന്നും നോക്കീല. പിന്നെ…. പ്രഗ്നൻ്റായ സ്ഥിതിക്ക് ഉപ്പേം ഉമ്മേം ഒക്കെ….”

 

ഞാൻ അയിഷയുടെ നേർക്ക് തിരിഞ്ഞിരുന്നു. അയിഷയുടെ ദുഃഖ സാന്ദ്രമായ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി. രണ്ട് വർഷമായിട്ടും അവരുടെ പിണക്കം മാറിയിട്ടില്ല. ആയിഷയുടെ പരപ്പനങ്ങാടിയിലെ പ്രമാണിയായ ഉപ്പയെ എനിക്കറിയാം. വായിൽ സ്വർണ കരണ്ടിയുമായി ജനിച്ച ആഢ്യയായ ഉമ്മയെയും. ഒരു കല്യാണത്തിനിടയിൽ വേങ്ങരയിൽ വെച്ചന്ന് അവരെ കണ്ടപ്പോൾ വെറുപ്പോടെ മുഖം തിരിച്ച് മാറിക്കളയും എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ ഒന്നുമുണ്ടായില്ല. അങ്ങനെ ഒരു മകളേ ഇല്ല എന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. ഇനി മകൾക്ക് ഒരു കുഞ്ഞുണ്ടായാൽ പ്പോലും അവർക്കൊരു മാറ്റവും ഉണ്ടാകാൻ സാധ്യതയില്ല.

 

വലിയ അഭിമാനികളായ അവർ കേസു കൊടുത്തതും ആയിഷക്ക് പതിനെട്ടാവാഞ്ഞത് കൊണ്ടുണ്ടായ പുകിലും ഒന്നും അങ്ങനെ മറക്കാൻ പറ്റുന്ന ഒന്നല്ല. ഒളിച്ചോട്ടം കേസായി. അച്ഛച്ഛൻ കാര്യമറിഞ്ഞു. വർഗ്ഗീസ് ചേട്ടൻ സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ സമയമായിരുന്നു. കേസിൽ ഞാനും ഉണ്ടായിരുന്നത് കൊണ്ട് അച്ഛച്ഛൻ ഇടപെട്ടു. എം എൽ എ യും വയനാട്ടിലെ ഡി സി സി പ്രസിഡൻ്റും ആയിരുന്ന കാലത്തെ വർഗ്ഗീസ് ചേട്ടൻ്റെ ബന്ധങ്ങളുപയോഗിച്ച് കേസ് ഒത്തു തീർപ്പാക്കി.

 

ഞാനില്ലായിരുന്നെങ്കിലും കേസ് നിലനിൽക്കില്ലായിരുന്നു. അതിന് ആയിഷയുടെ അന്നത്തെ മൊഴി മാത്രം മതിയായിരുന്നു. അജ്മൽ അത് സമ്മതിക്കില്ല. ആളിന് ആള് തന്നെ വേണമെന്നാണ് അവൻ്റെ പക്ഷം. ആയിഷയും അത് തന്നെ പറയുന്നു. അത് പോലെയുള്ള സാഹചര്യത്തിൽ എല്ലാം ആലോചിച്ചുറപ്പിച്ച് പെരുമാറാനും സംസാരിക്കാനും എങ്ങനെ എന്ത് പറയണമെന്ന് വ്യക്തമായി പറഞ്ഞ് കൊടുക്കാനും അവർക്ക് ഞാനുണ്ടായിരുന്നു. എല്ലാത്തിനും ഒപ്പം കൂട്ടായി അജ്മലിൻ്റെ ഉമ്മയുണ്ടായിരുന്നു. താത്തയും. അളിയാക്ക ഗൾഫിലാണ്. പക്ഷേ അവർക്കാർക്കും ആയിഷയുടെ ഉപ്പയേയും ഉമ്മയേയും നേരിടാനുള്ള ത്രാണിയൊന്നുമില്ല. അവർക്ക് ഇട്ട് മൂടാനുള്ള പണമുണ്ട്. ബന്ധങ്ങളും. അജ്മലിനെന്തുണ്ട്? ഒന്നുമില്ല.

 

ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഞാൻ പോയി തലയിട്ടതിന് അച്ഛച്ഛൻ കാര്യമായി വഴക്ക് പറഞ്ഞു. അതിന് എരിവ് കൂട്ടി കൊടുക്കാൻ രേണുവും. അജ്മലിൻ്റെ ജീവിതം എങ്ങനെയാവും എന്നെനിക്കറിയാമായിരുന്നു. ഞാനത് അച്ഛച്ഛനോട് പറഞ്ഞു. എല്ലാം പറഞ്ഞു. ഒരക്ഷരം പോലും പറയാതെ അച്ഛച്ഛൻ മുറിയിലേക്ക് മടങ്ങി. എന്തായിരുന്നു അച്ഛച്ഛൻ്റെ മനസ്സിൽ? പറഞ്ഞ് തന്നതെല്ലാം അതിൻ്റെ പൂർണതയിൽ പ്രയോഗിക്കാൻ ഞാൻ പഠിച്ചതിലുള്ള സന്തോഷമാണോ അതോ അച്ഛച്ഛൻ്റെ കാലശേഷം എല്ലാം ഞാൻ കേമമായി കൊണ്ട് നടക്കും എന്ന വിശ്വാസമാണോ? അതെന്തായാലും അത് കഴിഞ്ഞ് രണ്ട് മാസം കൂടിയേ അച്ഛച്ഛൻ ഉണ്ടായിരുന്നുള്ളൂ. ഒരു രാത്രി ഉറങ്ങാൻ കിടന്ന അച്ഛച്ഛൻ പിന്നെ എഴുന്നേറ്റില്ല. ഓരോന്നാലോചിച്ച് കാടുകയറിയ ചിന്തകൾ എന്നെ അസ്വസ്ഥനാക്കി.

 

“ടാ… കണ്ണാ…. എന്ത്ത്താത്? ഇയ്യെന്താ പെരുമ്പാമ്പെര മുണുങ്ങ്യേ മാതിരി ഇരിക്കണെ”?

 

ആയിഷ എന്നെ തട്ടി വിളിച്ചു. ഉമ്മ ഇരുന്ന് ചിരിക്കുന്നുണ്ട്. അവരെന്തൊക്കെയോ പറഞ്ഞത് ഞാൻ കേട്ടില്ല.

 

“ഓനപ്പറത്തെ സുന്ദരീനെ സ്വപ്നം കാണാവും”

 

അജ്മൽ കിട്ടിയ അവസരത്തിൽ എനിക്കിട്ട് താങ്ങി. ആയിഷയും ചിരി അടക്കാൻ പാടുപെടുന്നുണ്ട്. ആ പന്നൻ എല്ലാം ഭാര്യയോട് പറഞ്ഞിട്ടുണ്ടാവും.

 

“അതൊന്നും അല്ല. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചതാ. എൻ്റെ ഒരു ഫ്രണ്ടുണ്ട്. ഒപ്പം പഠിക്കണതാ. ജംഷീറ്. അവനും ഞാനും വേങ്ങരയില് ഒരു കല്യാണത്തിന് പോയേന്നു കഴിഞ്ഞ കൊല്ലം. അവിടെ വെച്ച് ആയിഷേടെ ഉപ്പയേം ഉമ്മയേം കണ്ടേന്നു. അപ്പോ അതിങ്ങനെ ഓർത്തതാ”

Leave a Reply

Your email address will not be published. Required fields are marked *