മണ്ണാങ്കട്ടയും കരിയിലയും – 2 2

 

“നിങ്ങളും പോയേപ്പിന്നെ ഇങ്ങോട്ടൊന്നും വരാറില്ലല്ലോ”

 

“അത് ചേടത്തീ… രേണു… ഇവിടെ വന്നാല് അച്ഛച്ഛനേം അച്ഛനേം ഒക്കെ ഓർമ്മ വരൂന്ന്… അതാ വരാത്തെ”

 

എലിസബത്ത് ഇളയ പുത്രിയാണ്. രേണുവിൻ്റെ കൂട്ടുകാരി. ഒരാള് കൂടിയുണ്ട്. മേലെ തൊടിയിലെ നിർമ്മല ചേച്ചിയുടെ മകൾ രോഹിണി. ഡിഗ്രി വരെ അവർ മൂന്ന് പേരും ഒരുമിച്ചായിരുന്നു. രോഹിണി ചേച്ചി പോസ്റ്റ് ഗ്രാജ്വേഷന് സെയ്ൻ്റ് സ്റ്റീഫനിലേക്ക് പോയി. എം കോം കഴിഞ്ഞ് സി എ ചെയ്തു. കുറേക്കാലം ഡൽഹിയായിരുന്നു തട്ടകം. ഞങ്ങളുടെ ചാർട്ടേർഡ് അക്കൗണ്ടൻ്റ് ഇപ്പോൾ ചേച്ചിയാണ്. ബാലുശ്ശേരിക്കാരൻ ഒരു നേവൽ ഓഫീസറെയാണ് രോഹിണി ചേച്ചി കല്യാണം കഴിച്ചത്. ഇപ്പോൾ മാങ്കാവിലാണ് താമസം. കൂട്ടുകാരികളിൽ രോഹിണി ചേച്ചി മാത്രമാണ് ഭർത്താവും രണ്ട് കുട്ടികളുമായി നല്ല ഒരു കുടുംബ ജീവിതം നയിക്കുന്നത്. രേണു തനിച്ചാണ്. എലിസബത്തും. ദക്ഷിണ ധ്രുവത്തിൽ റിസേർച്ച് ചെയ്യുകയാണ് എലിസബത്ത്. വർഷത്തിൽ മൂന്ന് മാസം ദക്ഷിണ ധ്രുവത്തിലായിരിക്കും. മൂന്ന് മാസം കൊണ്ട് അൻ്റാർട്ടിക്കയിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഓസ്ട്രേലിയയിലെ ലാബിൽ വെച്ചാണ് വിശകലനം ചെയ്യുന്നത്. ഇന്ത്യയിൽ സൗകര്യം ഇല്ലാത്തതു കൊണ്ടാണ് എന്ന കാരണം മുഖവിലക്കെടുക്കാൻ പറ്റുന്ന ഒന്നല്ല. ഇന്ത്യയല്ല ഓസ്ട്രേലിയ എന്നെനിക്കറിയാം. എന്നാലും. ഒരു പക്ഷേ തറവാട്ട് മഹിമയും പാരമ്പര്യവും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന മാമൂൽ വാദികളായ അറുപഴഞ്ചൻ മാതാപിതാക്കളുടെ അനാവശ്യമായ കൈ കടത്തലുകളില്ലാത്ത ജീവിതം നയിക്കാൻ നല്ലത് ഓസ്ട്രേലിയയാണ് എന്ന തിരിച്ചറിവായിരിക്കാം രണ്ട് വർഷത്തെ റിസേർച്ചിനു പോയ എലിസബത്തിനെ അതു കഴിഞ്ഞിട്ടും മറ്റു പല റിസേർച്ചുകളുമായി അവിടെ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നത്.

 

എലിസബത്ത് രേണുവിനെ മിക്കപ്പോഴും വിളിക്കാറുണ്ട്. ലെസ്ബിയനാണ് എന്നാണ് ഞാനറിഞ്ഞത്. രേണു പറഞ്ഞുള്ള അറിവാണ്. വർഗ്ഗീസ് ചേട്ടൻ പ്രേമത്തിനൊന്നും എതിര് നിൽക്കുന്ന ആളല്ല. എന്നാലും ആ ഹൃദയത്തിന് ലെസ്ബിയൻ റിലേഷൻഷിപ്പ് ഉൾക്കൊള്ളാൻ മാത്രമുള്ള വിശാലതയുണ്ടെന്ന് ഞാൻ കരുതുന്നില്ല. അമ്മയായത് കൊണ്ട് അന്നാമ്മ ചേടത്തിക്കൊരു പക്ഷേ ഉണ്ടാകാം.

 

അന്നാമ്മ ചേടത്തി സംസാരിച്ചു കൊണ്ടേയിരുന്നു. മകളെ കുറിച്ചുള്ള പതം പറച്ചിലാണ്. ഞാനെല്ലാം കേട്ടിരുന്നു. അന്നാമ്മ ചേടത്തിയുടെ സങ്കടം മഴയായി പെയ്തിറങ്ങി. സ്പോഞ്ച് പോലെ ഞാനെല്ലാം ഉള്ളിലൊതുക്കി. രേണു…. സ്പോഞ്ചിന് ഒരു പരിധിയിൽ കൂടുതൽ ഉള്ളിലൊതുക്കാൻ കഴിയില്ലെങ്കിലും ഭാഗ്യത്തിന് കുതിർന്ന സ്പോഞ്ച് പിഴിഞ്ഞ് വെള്ളം കളഞ്ഞ് ഉണക്കിയെടുക്കാൻ രേണുവിന് അറിയാം. സന്ദർഭത്തിനും സാഹചര്യത്തിനും അനുസരിച്ച് സ്പോഞ്ചാവാനും താമരയിലയാവാനും എനിക്കുമറിയാം.

 

രാവിലെ വന്ന് വർഗ്ഗീസ് ചേട്ടനെയും കണ്ട് മൂന്ന് മണിക്ക് മുൻപ് കോഴിക്കോട്ടെത്തണമെന്നായിരുന്നു മനസ്സിൽ. പക്ഷേ അന്നാമ്മ ചേടത്തിയോട് യാത്ര പറഞ്ഞിറങ്ങിയപ്പോൾ തന്നെ ഉച്ചയായി സമയം.

 

വലിയ ഒരു ലോറി ആ ഇടുങ്ങിയ വഴിയിലൂടെ മുക്കിയും മൂളിയും കയറ്റം കയറി മുറ്റത്തെത്തി. എല്ലുപൊടിയുടെ ഗന്ധം ചുറ്റിലും പരന്നു. ഡ്രൈവിങ് സീറ്റിൽ നിന്നും അജ്മൽ ചാടിയിറങ്ങി. ഫാമിലുണ്ടായിരുന്ന ആറേഴ് പണിക്കാർ ചാക്കുകൾ ലോറിയിൽ നിന്നും ഇറക്കാൻ തുടങ്ങി.

 

“ബീച്ചില് കുതിരപ്പൊറത്ത് പോണ അൻ്റെ സ്റ്റാറ്റസ് കണ്ടിട്ട് അന്നെപ്പോങ്ങട്ട് കാണാനൊന്നും ഇല്ലാലോന്ന് ഇന്നലേം കൂടെ ആയിഷ പറഞ്ഞേള്ളൂ. എന്തേപ്പോ? ഇന്ന് പകലാണല്ലോ”?

 

പതിവില്ലാതെ എന്നെ കണ്ടതിലുള്ള അത്ഭുതമാണ് അജ്മലിന്. അവനാളാകെ മാറിയിരിക്കുന്നു. താടിയും മീശയും ഒക്കെയായി നല്ല പ്രായവും പക്വതയുമുള്ള ഒരാളെപ്പോലെയുണ്ട് ഇപ്പോൾ കാണാൻ. ഞാൻ ആ ലോറി ശ്രദ്ധിച്ചു. പുതിയതാണ്. നല്ല വലുപ്പമുണ്ട്. പതിന്നാല് ചക്രങ്ങളാണ്. അതെങ്ങനെ ആ ചെറിയ റോഡിലൂടെ വളച്ചെടുത്ത് കുന്നിൻ്റെ മുകളിലെത്തിച്ചു എന്നായിരുന്നു എൻ്റെ മനസ്സിൽ. ഞാൻ ലോറി നോക്കുന്നത് കണ്ട് ഒരു മുറി കൊട്ടത്തേങ്ങയും കടിച്ച് അജ്മൽ എൻ്റെ അടുത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *