മണ്ണാങ്കട്ടയും കരിയിലയും – 2 2

 

“ഉമ്മച്ചി താത്താൻ്റോടെയാ. വൈന്നാരം വരും”

 

ആയിഷ ഉമ്മയെ കാണാത്തതിൻ്റെ കാരണം വിശദീകരിച്ചു. വന്ന വഴിയേ അജ്മൽ അടുക്കളയിലേക്ക് പോയി. എന്താണ് കറിയെന്ന് നോക്കാനാകും. കാര്യമെന്തായാലും അതിഥിയെ വേണ്ട വിധം സൽക്കരിക്കാതിരിക്കുന്നത് ഒരു കുറവ് തന്നെയാണ്. അൽപ സമയത്തിനകം മുറിയിൽ ചെന്ന് ഒരു കൈലി മുണ്ടും വാരി ചുറ്റി വന്ന് എനിക്കെതിരെയുള്ള കസേരയിൽ ഇരിപ്പുറപ്പിച്ചു.

 

മൂന്ന് വീട് താഴെയാണ് അജ്മലിൻ്റെ താത്തയുടെ വീട്. അവളെ ഇങ്ങോട്ടാണ് കല്യാണം കഴിച്ചത്. താത്ത വഴി അറിഞ്ഞാണ് ഈ സ്ഥലം അജ്മൽ വാങ്ങിയത്. കേസും കൂട്ടവുമായി ബത്തേരിയിൽ നിന്നൊന്ന് മാറാനൊരു വഴി നോക്കിയിരിക്കുമ്പോഴാണ് ഈ സ്ഥലം അജ്മലിൻ്റെ കയ്യിൽ പെട്ടത്.

 

“ശ്ശേ. പ്രെഗ്നൻ്റാന്ന് അറിഞ്ഞില്ല. കഷ്ടായി. നീ പറഞ്ഞില്ലല്ലോ. സാരല്ല. ഞാനേ രേണൂനേം കൊണ്ട് ഒരു ദിവസം വരണ്ട്”

 

“ഇയ്യ്… രേണൂനേം കൊണ്ട്… ഇപ്പോ തന്നെ പിടിച്ച പിടിയാലെ കൊണ്ടൊന്നോണ്ട് വന്നു. ഓൾക്കൊന്നും കൊണ്ടന്നില്ലേലും ഒരു കൊഴൊപ്പോല്ല. വന്ന് കണ്ടല്ലോ. അത് മതി”

 

“ന്നാ ഇഞ്ഞി ചോറ് കഴിച്ചിട്ട് വർത്താനം പറയാം. കഴിക്കാൻ വരീ. കണ്ണാ കൂട്ടാനൊന്നും ഇല്ലാട്ടോ. അന്നേം കൊണ്ട് വരണത് ഓര് പറഞ്ഞീല്ല”

 

ആയിഷ ചോറ് വിളമ്പി കഴിക്കാൻ വിളിച്ചു.

 

“എന്താടാ? പോത്തും കാല് മേശപ്പൊറത്തില്ലാഞ്ഞിട്ടാ? എനിക്ക് അല്ലേലും പുഴ മീനാ ഇഷ്ടം”

 

ആദ്യമായി ഞാൻ വീട്ടിൽ വന്നപ്പോൾ കാര്യമായ വിഭവങ്ങളൊന്നും ഇല്ലാത്തതിലുള്ള അജ്മലിൻ്റെ മുഖത്തെ മ്ലാനത മാറ്റാൻ ഞാൻ എൻ്റെ ഇഷ്ടം പറഞ്ഞു. കാരാപ്പുഴയിൽ നല്ല പുഴ മീൻ കിട്ടും. അതെൻ്റെ ഒരു ഇഷ്ട വിഭവമാണ്.

 

പയറുപ്പേരിയും മാങ്ങ ഇട്ട് വെച്ച മീൻ കറിയും പപ്പടവും ചാമ്പക്ക അച്ചാറും കൂട്ടി സുഭിക്ഷമായി ഊണു കഴിച്ച് തിരികെ ഹാളിലെ സെറ്റിയിൽ വന്നിരുന്നപ്പോഴേക്കും താത്തയുടെ വീട്ടിൽ നിന്നും ഉമ്മ തിരികെ എത്തി. അജ്മൽ ഫോൺ ചെയ്ത് പറഞ്ഞിട്ടാവും എന്നെനിക്ക് ഉറപ്പായിരുന്നു.

 

“ഇന്നലെ ഓര് രണ്ടാളും ചെക്കപ്പിന് പോയി വന്നപ്പോ പറയാൻ തൊടങ്ങീതാ അൻ്റെ കാര്യം. അന്ന് നിക്കാഹിന് കണ്ടതാ”

 

ഉമ്മ എന്നെ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നെനിക്ക് അറിയാമായിരുന്നു. അതിൽ അത്ഭുതമൊന്നുമില്ല. അന്ന് പ്ലസ് ടുവിൻ്റെ എക്സാം നടക്കുന്ന സമയമായിരുന്നു. അത് കഴിഞ്ഞതോടെ ഞാൻ ബത്തേരി വിട്ടു. എൻട്രൻസ് കോച്ചിങ്ങും പരീക്ഷകളുമായി തിരക്കായി. അതിനിടക്ക് രേണു കുറ്റിക്കാട്ടൂരിൽ വീട് വാങ്ങി. ജീവിതം പതുക്കെ മാറി കൊണ്ടിരുന്നു. കാർത്തികയുണ്ടായിരുന്നു എന്നും മനസ്സിൽ. പക്ഷേ ഇങ്ങോട്ട് വരണം. ഇവരെ ഒക്കെ കാണണം എന്നൊരിക്കലും എനിക്ക് തോന്നിയില്ല.

 

അജ്മലിൻ്റെ നിക്കാഹ്. സംഭവ ബഹുലമായ ചില സംഭവ പരമ്പരകളുടെ ആരംഭം ആ നിക്കാഹ് ആയിരുന്നു. മൂന്ന് കൊല്ലം മുമ്പുള്ള ഒരു ഫെബ്രുവരിയിലായിരുന്നു അത്. പ്ലസ് ടു പരീക്ഷയുടെ സ്റ്റഡി ലീവ്. കെമിസ്ട്രി പ്രാക്ടിക്കൽ എക്സാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അജ്മൽ പൂമുഖത്തിരിക്കുന്നു. അവൻ ടിക് ടോക്കിൽ ഓരോന്ന് ചെയ്യുന്നത് ഞാനും കാണാറുണ്ടായിരുന്നു. അത് കണ്ട് കൂട്ടായ ഒരു പെൺകുട്ടിയുമായി പ്രേമത്തിലായതും എന്നോട് പറഞ്ഞിരുന്നു. വൈകുന്നേരങ്ങളിൽ ഫുട്ബോൾ കളിക്കുമ്പോൾ അവനുമുണ്ടാകും. കളി കഴിഞ്ഞ് മൈതാനത്തിൻ്റെ അരികിലുള്ള വെയിറ്റിങ് ഷെഡ്ഡിലെ ഇലക്ട്രിക് പോസ്റ്റുകൾ പരത്തിയിട്ട ബെഞ്ചിലിരുന്ന് കാലി ചായയും കുടിച്ച് അവൻ്റെ കോപ്രായങ്ങളും കണ്ടിരിക്കുമ്പോഴാണ് ആയിഷയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നത്.

 

ഒരിടം വരെ പോകാൻ എന്നെ വിളിക്കാൻ വന്നതായിരുന്നു അവൻ. പരപ്പനങ്ങാടിയിലേക്കാണ് ആ യാത്ര എന്ന് അറിയാമായിരുന്നു. അതങ്ങനെ അത്ര പെട്ടെന്നാവും എന്ന് ഞാൻ ചിന്തിച്ചില്ല. മാനസിക സമ്മർദ്ദം ലഘൂകരിക്കാൻ യാത്രയിലുടനീളം അജ്മൽ വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. കർമ്മ ബന്ധങ്ങളുടെ ഭാരം സംസാരത്തിനിടയിൽ അവൻ്റെ മണൽ ചുമന്ന് തഴമ്പിച്ച കനത്ത തോളുകളിൽ അമർന്നൊടുങ്ങി. നടക്കാൻ പോകുന്നതിനെ കുറിച്ചോർത്തുള്ള സംഭ്രമം മറച്ച് പിടിക്കാനുള്ള വ്യഗ്രതയിലും വാക്കുകളിൽ മുഴച്ച് നിന്ന വിഹ്വലത ഉദ്വേഗപൂർണമായ ആ നിമിഷങ്ങളെ അനന്തമാക്കി. എത്ര വലിയ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലും ശാന്തനായിരിക്കുന്ന എൻ്റെ പ്രകൃതം അവന് വലിയ ആശ്വാസമായിരുന്നു. പിന്നീടൊരിക്കൽ ആയിഷ എന്നോട് പറഞ്ഞതാണ് അത്. പരപ്പനങ്ങാടിയിൽ ഉപ്പയുടെ ഐസ് ഫാക്ടറിക്ക് മുന്നിൽ ആയിഷയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *